Image

പിഎം കിസാന്‍ പദ്ധതി: അര്‍ഹരല്ലാത്ത കര്‍ഷകരില്‍ നിന്ന് തുക തിരിച്ചുപിടിക്കും

Published on 20 July, 2021
പിഎം കിസാന്‍ പദ്ധതി: അര്‍ഹരല്ലാത്ത കര്‍ഷകരില്‍ നിന്ന്  തുക തിരിച്ചുപിടിക്കും


ന്യൂഡല്‍ഹി: പിഎം കിസാന്‍ പദ്ധതി പ്രകാരം അര്‍ഹതയില്ലാത്ത 42 ലക്ഷം കര്‍ഷകര്‍ക്ക് വിതരണം ചെയ്ത 3000 കോടി രൂപ തിരിച്ചുപിടിക്കാനൊരുങ്ങി കേന്ദ്രം. പിഎം കിസാന്‍ പദ്ധതി പ്രകാരമുളള ധനസഹായം ലഭിക്കുന്നതിന് കര്‍ഷകര്‍ വരുമാന നികുതി അടയ്ക്കുന്നവരായിരിക്കരുത് എന്നതുള്‍പ്പടെയുളള മാനദണ്ഡങ്ങളുണ്ട്. എന്നാല്‍ നിലവില്‍ പദ്ധതി പ്രകാരം പണം ലഭിക്കുന്നവരില്‍ 42 ലക്ഷത്തോളം കര്‍ഷകര്‍ അര്‍ഹതയില്ലാത്തവരാണെന്ന് കണ്ടെത്തിയിരിക്കുന്നത്. കൃഷിമന്ത്രിയായ നരേന്ദ്ര സിങ് തോമര്‍ ചൊവ്വാഴ്ച പാര്‍ലമെന്റില്‍ അറിയിച്ചതാണ് ഇക്കാര്യം. 

പ്രധാനമന്ത്രി കിസാന്‍ പദ്ധതി പ്രകാരം വര്‍ഷാവര്‍ഷം മൂന്നുതുല്യ ഗഡുക്കളായി ആറായിരം രൂപയാണ് കേന്ദ്രം രാജ്യത്തെ കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നത്. 42.16 ലക്ഷം കര്‍ഷകര്‍ക്കായി വിതരണം ചെയ്ത 2,992 കോടി രൂപ തിരിച്ചുപിടിക്കുന്നതിനുളള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞെന്നാണ് മന്ത്രി പാര്‍ലമെന്റില്‍ അറിയിച്ചത്. 

പിഎം കിസാന്‍ പദ്ധതി പ്രകാരം ധനസഹായം ലഭിച്ചവരില്‍ ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ അസമില്‍ നിന്നുളളവരാണ്. 8.35 ലക്ഷം പേര്‍. തമിഴ്‌നാട്ടില്‍ നിന്നും 7.22 ലക്ഷം, പഞ്ചാബില്‍ നിന്ന് 5.62 ലക്ഷം, മഹാരാഷ്ട്രയില്‍ നിന്ന് 4.45 ലക്ഷം, ഉത്തര്‍പ്രദേശില്‍ നിന്ന് 2.65 ലക്ഷം, ഗുജറാത്തില്‍ നിന്ന് 2.36 ലക്ഷം കര്‍ഷകരും ധനസഹായം കൈപ്പറ്റിയിട്ടുണ്ട്. ഇവര്‍ക്ക് പണം തിരികെ അടയ്ക്കുന്നത് സംബന്ധിച്ച് നോട്ടീസ് അയച്ചിട്ടുണ്ട്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക