Image

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

ജോബിന്‍സ് തോമസ് Published on 20 July, 2021
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
പീഡനക്കേസ് ഒത്തുതീര്‍ക്കാന്‍ ശ്രമം നടത്തിയതെന്ന ആരോപണത്തെ തുടര്‍ന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ വിവാദത്തില്‍. എന്‍സിപി സംസ്ഥാന കമ്മിറ്റി അംഗത്തിനെതിരെ ഉയര്‍ന്ന പീഡന പരാതിയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവുമായി മന്ത്രി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തു വന്നു. മന്ത്രി രാജിവയ്ക്കണമെന്നും അല്ലെങ്കില്‍ മുഖ്യമന്ത്രി അദ്ദേഹത്തെ പുറത്താക്കണമെന്നും പ്രതിപക്ഷവും ബിജെപിയും ആവശ്യപ്പെട്ടു. എന്നാല്‍ പീഡന പരാതിയാണെന്നറിയാതെയാണ് ഇടപെട്ടതെന്നാണ് മന്ത്രിയുടെ വിശദീകരണം. 
*********************************************
കേന്ദ്ര മന്ത്രിമാരും രാഹുല്‍ ഗാന്ധിയും മാധ്യമപ്രവര്‍ത്തകരുമടക്കം നിരവധി പേരുടെ ഫോണ്‍ ഇസ്രായേല്‍ ചാര സോഫ്റ്റ്‌വെയറുപയോഗിച്ച് ചോര്‍ത്തിയെന്ന ആരോപണത്തില്‍ പാര്‍ലമെന്റിന്റെ രണ്ടു സഭകളും ഇന്നും സ്തംഭിച്ചു.വിഷയത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ ബഹളം. എന്നാല്‍ ആരോപണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നിഷേധിച്ചു. 
*********************************************
ബക്രീദിനേനുബന്ധിച്ച് സംസ്ഥാനത്ത് മൂന്നുദിവസത്തെ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ഇളവുകള്‍ നല്‍കുന്നത് പരിതാപകരമാണെന്നു പറഞ്ഞ കോടതി ഇതിന്റെ ഭവിഷ്യത്ത് കേരളം തന്നെ അനുഭവിക്കണമെന്നും കാന്‍വാര്‍ യാത്രയുമായി ബന്ധപ്പെട്ട് കോടതി പറഞ്ഞതെല്ലാം ഇക്കാര്യത്തിലും ബാധകമാണെന്നും പറഞ്ഞു. 
**************************
ബക്രീദിനോടനുബന്ധിച്ച് സംസ്ഥാനത്ത് പ്രഖ്യാപിച്ച മൂന്നു ദിവസത്തെ ലോക് ഡൗണ്‍ ഇളവുകള്‍ ഇന്നവസാനിക്കും. സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ഇളവുകള്‍ ഉണ്ടാകില്ല. സുപ്രീംകോടതി വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് ഇളവുകള്‍ വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.
*******************************************
ടി.പി. ചന്ദ്രശേഖരന്റെ മകനും ആര്‍എംപി സംസ്ഥാന സെക്രട്ടറി എന്‍.വേണുവിനും വധഭീഷണി. കെ.കെ. രമ എംഎല്‍എയുടെ ഓഫീസിലേയ്ക്കാണ് ഭീഷണിക്കത്ത് വന്നത്. ടിപിയെ 51 വെട്ടിനാണ് കൊന്നതെന്നും ടിപിയുടെ മകനെ 100 വെട്ടിന് കൊല്ലുമെന്നും എ.എന്‍ ഷംസീര്‍ പങ്കെടുക്കുന്ന ചാനല്‍ ചര്‍ച്ചയില്‍ ആര്‍എംപി പ്രതിനിധികള്‍ പങ്കെടുക്കരുതെന്നും കത്തില്‍ പറയുന്നു. എന്നാല്‍ ഓലപ്പാമ്പ് കാണിച്ചു ഭീഷണിപ്പെടുത്തേണ്ടെന്നായിരുന്നു കെ.കെ.രമയുടെ പ്രതികരണം. 
******************************
സംസ്ഥാനത്ത് ഇന്ന് 16848 പേര്‍ക്ക കോവിഡ് സ്ഥിരീകരിച്ചു. 11.91 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1,41,451 സാംപിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത്. ഇന്ന് എട്ട് ജില്ലയിലാണ് ആയിരത്തിലധികെ രോഗികളുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 104 മരണങ്ങള്‍ കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 
*****************************************************
ടോക്കിയോ ഒളിംമ്പിക്‌സില്‍ കോവിഡ് ഭീതി ഒഴിയുന്നില്ല. ടോക്കിയോ നഗരത്തിലടക്കം കോവിഡ് വര്‍ദ്ധിച്ചുവരികയാണ്. ഒളിംമ്പിക്‌സിന് ഇനി മൂന്നുനാള്‍ മാത്രം അവശേഷിക്കെ ഒളിംമ്പിക്‌സ് റദ്ദാക്കാനുള്ള സാധ്യത അവസാനം നിമിഷം വരെ ഉണ്ടെന്ന് സംഘാടക സമിതി അറിയിച്ചു. 
*******************************************
വിവാദമായ മരംമുറിക്കേസിലെ രേഖകള്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ ഉദ്യോഗസ്ഥയ്‌ക്കെതിരായ സര്‍ക്കാരിന്റെ പ്രതികാര നടപടി അവസാനിക്കുന്നില്ല. ഡെപ്യൂട്ടി സെക്രട്ടറി ഒ.ജി. ശാലിനിയെ സെക്രട്ടേറിയറ്റില്‍ നിന്നും മാറ്റി പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ അസിസ്റ്റന്റ് ഡയറക്ടറായി നിയമിച്ചു. ആദ്യം നിര്‍ബന്ധിത അവധിയില്‍ വിട്ട ശാലിനിയുടെ ഗുഡ് സര്‍വ്വീസ് എന്‍ട്രിയും നേരത്തെ റദ്ദാക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക