Image

രാമായണം - 2 മര്യാദരാമന്‍ (വാസുദേവ് പുളിക്കല്‍)

വാസുദേവ് പുളിക്കല്‍ Published on 20 July, 2021
രാമായണം - 2 മര്യാദരാമന്‍ (വാസുദേവ് പുളിക്കല്‍)
വാല്മീകി രാമായണം എഴുതുന്നതിനു മുമ്പ് നാരദനാട് ചോദിച്ചു, 'നരദാ, നിങ്ങള്‍ ലോകം മുഴുവന്‍ ചുറ്റിക്കറങ്ങിയി ട്ടുള്ള  ഒത്തിരി അനുഭവസമ്പത്തുള്ള ആളല്ലേ, നിങ്ങളുടെ അഭിപ്രായത്തില്‍ ഏറ്റവും നല്ല മനുഷ്യന്‍ ആരാണ്? 'രാമന്‍' എന്നു നാരദന്‍ മറുപടി പറഞ്ഞു. വാല്മീകി രാമകഥ പറഞ്ഞപ്പോള്‍ സര്‍വ്വഗുണങ്ങളോടു കൂടിയ ഉത്തമപുരുഷനായി ട്ടാണ്് രാമനെ അവതരിപ്പിക്കാന്‍ ശ്രമിച്ചത്. എന്നാല്‍, മനുഷ്യന്‍ പൂര്‍ണ്ണനല്ല. മനുഷ്യജന്മം കിട്ടുന്നത് വളരെ പ്രയാസം. കിട്ടിയാലും സമ്പൂര്‍ണ്ണനായ ഒരു മനുഷ്യനായി ജീവിക്കാന്‍ പ്രയാസം. ഒരു നല്ല മനുഷ്യനായി ജീവിക്കാന്‍ തീരുമാനിച്ചാലും സത്യമായ ധര്‍മ്മോപദേശം ലഭിക്കാന്‍ പ്രയാസം. എത്ര നല്ല ധര്‍മ്മോപദേശം കേട്ടാലും അതുകൊണ്ട് പ്രബുദ്ധരായിത്തീര്‍ന്നവര്‍ അപൂര്‍വ്വമേ ഉണ്ടാകാറുള്ളൂ. മേല്‍പ്പറഞ്ഞ സാമാന്യതത്ത്വത്തിന്റെ അടിസ്ഥാനത്തില്‍ രാമനെ വിലയിരുത്തിയാല്‍ രാമന്റ അയനത്തില്‍ എത്രയോ പാകപ്പിഴകള്‍ സംഭവിച്ചിട്ടുള്ളതായി കാണാന്‍ സാധിക്കും. 'സത്യത്തെ ലംഘിക്കയില്ലൊരുനാളും' എന്ന് ഒരിക്കല്‍ രാമന്‍ നാരദന് കൊടുത്ത വാക്ക് സീതയുടെ കാര്യത്തില്‍ പാലിക്കാനായില്ല. സത്യവും അസത്യവും തിരിച്ചറിയാന്‍ സാധിക്കാതിരുന്ന രാമനു എങ്ങനെ സത്യത്തെ രക്ഷിക്കാന്‍ സാധിക്കും. രാമന് പൂര്‍ണ്ണതയില്ലെന്നും പോരായ്മകള്‍ മനുഷ്യസഹജമാണെന്നും രാമനു സംഭവിച്ച ചില വീഴ്ച്ചകളിലൂടെ വാല്മീകി തെളിയിക്കുന്നു. രാമന്റെ വീഴ്ച്ചകളെ പലരും അവരവരുടെ മനോഗതമനുസരിച്ച് വ്യാ്യാനിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നുണ്ടെങ്കിലും രാമന്‍ എന്ന മനുഷ്യന്റെ, രാജാവിന്റെ ധര്‍മ്മാധര്‍മ്മളെ കുറിച്ചുള്ള ചിന്തയുടെ അടിസ്ഥാനത്തില്‍ വേണം രാമനെ വിലയിരുത്താന്‍ എന്നാണ് വല്മീകി ആഗ്രഹിച്ചിരു ന്നത് എന്നു വാല്മീകിരാമായണം വായിക്കുമ്പോള്‍ മനസ്സിലാക്കാന്‍ സാധിക്കും.

രാമനില്‍ രണ്ടു പേരെ കാണാം. ഒന്ന് സ്‌നേഹസമ്പന്നനും പരിശുദ്ധനുമായ മനുഷ്യന്‍. പിന്നൊന്ന് ആര്യസാമൂഹികതയുടെ കീഴ്‌വഴക്കങ്ങള്‍ക്ക് സര്‍വ്വദാ വിധേയനായിരിക്കുന്ന 'മര്യാദരാമന്‍'. മര്യദരാമന്‍ എന്നു പറഞ്ഞാല്‍ സങ്കീര്‍ണ്ണതയും സാമൂഹിക പ്രിയതയും സമ്മേളിച്ചിരിക്കുന്ന രാമന്‍ എന്നര്‍ത്ഥം. ഈ രണ്ടു വ്യക്തിത്വങ്ങളും ചിലപ്പോഴെല്ലാം ഇണങ്ങി നില്‍ക്കാറുണ്ട്. പിണങ്ങമ്പോള്‍ രാമന്‍ 'സ്‌കിസോഫേനിയ' ബാധിച്ച മാനസിക രോഗികളെപ്പൊലെ ഉന്മത്തനാണ്. 'സ്‌കിസോഫേനിയ' എന്നു ആധുനിക മനഃശാസ്ര്തജ്ഞന്മാര്‍ പറയാറുള്ളത് ഉന്മത്തരാമനെപ്പോലുള്ളവര്‍ക്ക് ഉള്‍ക്കാമ്പിലുണ്ടാകുന്ന ഇടര്‍ച്ചയെയാണ്. ഇവിടെ ഇതാ, രാമന്റെ അകവും പുറവും ഇണങ്ങി നില്‍ക്കുന്ന അവസരം. രാമന്‍ മാതാവിനോടു പറയുന്നു: 'അമ്മേ എന്നെ പ്രജാരക്ഷയ്ക്കച്'നിങ്ങേര്‍പ്പെടുത്തിനാന്‍, അഭിഷേകമെനിക്കുണ്ടാം നാളെയച്'ന്റെയാജ്ഞയാല്‍, ഞാനുമിസ്സീതയും കൂടിയിരാവുപവസിയ്ക്കണം, നാളത്തെയഭിഷേകത്തിന്നെന്തല്ലാമിങ്ങു വേണമോ, ആ മംഗളങ്ങള്‍ ചെയ്യിക്കിന്നെനിക്കും മൈഥിലിക്കുമേ'.  പറഞ്ഞറിയിക്കാന്‍ സാധിക്കാത്തവിധം സീതയുമൊത്തുള്ള അഭിഷേകത്തില്‍ രാമന്‍ അതീവ സന്തുഷ്ടനാണ്. രാമന്‍ കാണിക്കുന്ന ഹൃദയവാര്‍ജ്ജകമായ സ്‌നേഹം ഉല്‍കൃഷ്ടം തന്നെ. എന്നാല്‍ സീതയെ ഉപേക്ഷിക്കുമ്പോള്‍ രാമന്റെ സ്വഭാവത്തിന്റെ സങ്കീര്‍ണ്ണത വെളിപ്പെടുന്നു. 'ദുഷ്‌കീര്‍ത്തി പരന്നിതു നാട്ടിലെല്ലാം, ദുഷ്‌കിര്‍ത്തി കളവാനായി, മഹാകാനനേ ജാനകിയെത്തന്നെക്കൊണ്ടുക്കളഞ്ഞു പോന്നീടു നീ' എന്നു രാമന്‍ ദൃഢചിത്തനായി ലക്ഷ്മണനോട് ആജ്ഞാപിക്കുന്നു. സീത കാട്ടിലെറിയപ്പെടുന്നു. സീതയോടു യാതൊരു കാരുണ്യവും രാമന്‍ കാണിക്കുന്നില്ല. ആര്യസഹജമായ ദാര്‍ഷ്ട്യത ഇവിടെ വെളിപ്പെടുന്നുണ്ട്. സ്ര്തീകളില്ലാതെ വിദേശത്തു നിന്നും 
കുതിരപ്പുറത്തു വന്ന ആര്യന്മാര്‍ ഭാരതത്തിന്റെ തനതായ സംസ്‌കാരത്തില്‍ കഴിഞ്ഞിരുന്ന ദ്രാവിഡ സ്തീകളെ ഗാന്ധര്‍വ വിവാഹമെന്ന് പേരിട്ട് കൂടെ താമസിപ്പിച്ച് പീഡിപ്പിച്ചതും അവര്‍ ഉണ്ടാക്കിയ സതി എന്ന നിയമത്തിന്റെ അടിസ്ഥാനത്തില്‍  ഭര്‍ത്താവ് നഷ്ടപ്പെട്ട സ്ര്തീകളെ ജീവനോടെ ചുട്ടെരിച്ച ദാര്‍ഷ്ടതയുടെ കഥയും ചരിത്രത്തില്‍ വായിക്കുന്നു.

യേശു ശിഷ്യരോടു പറഞ്ഞു, 'രണ്ടു ദിവസം കഴിഞ്ഞാല്‍ പെസഹ ആണ്. ദൈവപുത്രന്‍ ക്രൂശിക്കപ്പെടുന്നതിനായി ഏല്‍പ്പിക്കപ്പെടും'. ഈ പ്രതീക്ഷയുടെ സാക്ഷാത്ക്കാരം എന്നതു പോലെയാണ് തുടര്‍ന്നു വരുന്ന അതിദാരുണമായ കഥ. യേശുവിനെ ക്രൂശിക്കാന്‍ കാരണമായിരുന്നത് റോമന്‍ ഗവര്‍ണ്ണറായിരുന്ന പീലാത്തോസ് ആയിരുന്നില്ല. യേശുവിന്റെ ജന്മശത്രുവായിരുന്ന ഹെറോദാ രാജാവായിരുന്നില്ല. യേശുവിനെ ഒറ്റിക്കൊടുത്ത യുദാസ് ആയിരുന്നില്ല. യുദാസിനുണ്ടായിരുന്നു എന്നു പറയുന്ന ലോഭമായിരുന്നില്ലാ. യേശു പുരോഹിതവര്‍ഗ്ഗത്തോടും കപടഭക്തന്മാരോടും പറഞ്ഞിട്ടുള്ള നിര്‍വ്വചനങ്ങളായിരുന്നില്ല. യേശു പോലും ആയിരുന്നില്ല. പിന്നയോ? ഈശ്വരനിശ്ചയം. തന്റെ ഏകജാതനായ പുത്രന്‍ ക്രൂശിതനാകണമെന്നും, ക്രൂശിലെ ബലിദാനമായി വരുന്ന രക്തംകൊണ്ട് മനുഷ്യപാപം കഴുകിക്കളയപ്പെടണമെന്നുള്ളത്  ദൈവനിശ്ചയമായിരുന്നു. അതുപോലെ എഴുത്തച്'ന്‍ രാമന്റെ വനവാസത്തിനുള്ള കാരണം പറയുന്നതു ശ്രദ്ധിക്കുക: 'ആദ്യനജന്‍ പരമാത്മാ പരാപരന്‍ രാവണ നിഗ്രഹാര്‍ത്ഥം വിപിനത്തിന് ദേവഹിതാര്‍ത്ഥം ഗമിക്കുന്നതിന്‍ കാരണം മന്ഥരയല്ല, കൈകേകിയല്ലാരും ഭ്രമിക്കായ്ക രാജാവുമല്ലല്ലോ വിഷ്ണുഭഗവാന്‍ ജഗന്മയന്‍ മാധവന്‍'.   ഒരു മനുഷ്യകഥയുടെ സവിശേഷത നല്‍കി വാല്മികി രാമായണം അവതരിപ്പിക്കുമ്പോള്‍ എഴുത്തച്'ന്‍ മൂലകൃതിയില്‍ നിന്ന് വ്യതിചലിച്ച് രാമനെ ഈശ്വരീതയുടെ പരിവേഷം നല്‍കി അവതരിപ്പിക്കുന്നു. 'നാരായണന്‍ പുരുഷോത്തമനവ്യയന്‍ വിഷ്ണുഭഗവാന്‍ ജഗന്മയന്‍ മാധവന്‍' എന്നൊക്കെയാണ് എഴുത്തച്'ന്‍ പറഞ്ഞു വെച്ചിരിക്കുന്നത്. എങ്കിലും ജീവിതത്തില്‍ അഭിമുീകരിക്കുന്ന പ്രശ്‌നങ്ങളെ തരണം ചെയ്യാന്‍ നാരായണനായിട്ടും രാമന് സ്വയം സാധിക്കുന്നില്ല എന്നത് ഒരു വിരോധാഭാസമായി തോന്നിയേക്കാം. ഈശ്വരന്‍ സര്‍വ്വവ്യാപിയും സര്‍വ്വജ്ഞനും സര്‍വ്വശക്തനുമാണ്. ഈശ്വരനറിയായാതെ ഒന്നും സംഭവിക്കുന്നില്ല. ഒരു മുടിനാരിഴപോലും അവനറിയാതെ വളരുകയോ  കൊഴിയുകയോ ചെയ്യുന്നില്ല. എല്ലാം ദൈവനിശ്ചയത്തിന് അധീനമാണെന്ന് വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്യുമ്പോള്‍ കൈകേകിയുടെ സ്വാര്‍ത്ഥതയാണ് രാമന്റെ വനവാസത്തിന് കാരണമായത് എന്ന ചിന്താഗതിക്ക് സാരമായ  വ്യതിയാനമുണ്ടാകും.

സീതയെ വേള്‍ക്കാന്‍ കൊതിക്കുന്നവന്‍ ചെയ്യേണ്ടിയിരുന്നത് അസാധാരണമായ ഒരു വില്ലിനെ എടുത്തു ഞാണേറ്റുക എന്നതാണ്. മഹാത്മാവായ പരമശിവന്റെ ശ്രേഷ്ഠധനുസ്സാണത്. ശിവന്റെ വില്ലൊടിച്ച് രാമന്‍ സീതയെ വേട്ടു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് വാല്മീകി മിശ്രവിവാഹത്തിന്റെ ആശയം കൊണ്ടു വന്നു. ആര്യപുത്രനായ രാമനും മണ്ണിന്റെ മകളായ സീതയും (ജാനകി) തമ്മിലുള്ള വേഴ്ച ഭാരതത്തിലെ ആര്യദ്രാവിഡ സംസ്‌ക്കാരങ്ങളുടെ വിവാഹം കൂടിയായിരുന്നു.  ഒരു മിശ്രവിവാഹം. ഉറപ്പില്ലാത്ത വിവാഹം. അടികളുടേയും തിരിച്ചടികളുടേയും ഇടയില്‍ കൂടി ജീവിക്കേണ്ടി വന്ന വിവാഹം. ഇപ്പോഴും മിശ്രവിവാഹത്തില്‍ ഏര്‍പ്പെടുന്നവരില്‍ നല്ലൊരു ശതമാനം പ്രശ്‌നങ്ങളെ അഭികുീകരിച്ചുകൊണ്ടാണ് മുന്നോട്ടു പോകുന്നത്. രാമന്‍ സീതയെ ഉപേക്ഷിച്ചത് ഒരു രജകന്റെ വൃഥാഭാഷണം രാമനെ ഭയപ്പെടുത്തിയതുകൊണ്ടോ, അതോ മഹാരാജാവിന്റെ പട്ടമഹിഷിയായിരിക്കാന്‍ ഒരു നാടന്‍ പെണ്ണിനു യോഗ്യതയില്ലെന്നുള്ള ബ്രാഹ്മണമതമോ? രണ്ടുമാകാം. സീതയെ ഉപേക്ഷിച്ചെങ്കിലും രാമന്‍ ഏകപത്‌നിവൃതം അനുഷ്ഠിച്ചിരുന്നു. രാജാക്കന്മാര്‍ക്ക് എത്ര ഭാര്യമാര്‍ വേണമെങ്കിലും ആകാമെന്ന പരിതസ്ഥിതിയില്‍ രാമന്റെ ഏകപത്‌നിവൃതം ശ്ലാഘനീയമായി കാണാമെങ്കിലും തന്റെ പത്‌നിയോട് നീതി പുലര്‍ത്തുന്നതായിരുന്നോ രാമന്റെ മനോഭാവം എന്നത് നിരൂപണം ചെയ്യേണ്ടതു തന്നെ. ഭാരതത്തില്‍ ഏകപത്‌നിവൃതമെന്നും ചാരിത്ര്യമെന്നും വിശേഷിപ്പിച്ചു പോരുന്ന സ്ര്തീപുരുഷ പാരസ്പര്യത്തെ സാമൂഹികമര്യാദയുടേയും അദ്ധ്യാത്മജീവിതത്തിന്റേയും ആണിക്കല്ലായി ജനം അംഗീകരിക്കുന്നു. സാധാരണക്കാരന് ഒരു ചെറിയ കുന്നുപോലും കയറാന്‍ കഴിയാത്തപ്പോള്‍ പര്‍വ്വതാരോഹണക്കാരന്‍ എവറസ്റ്റിന്റെ മുകളില്‍ കയറി എന്നു പറഞ്ഞാല്‍ അവന്‍ ജനങ്ങളെ അതിശയിപ്പിക്കും. ജനത്തിന്റെ ആദരവിനു പാത്രമായി ഭവിക്കുകയും ചെയ്യും. അതുപോലെ, സാധാരണക്കാരന്‍ നൈസ്സര്‍ഗ്ഗികമായ കാമത്തിനു വിധേയനാകുമ്പോള്‍ രാമനെപ്പോലെ ഒരുവന്‍ ഏകപത്‌നിവൃതത്തില്‍ ഉറച്ചു നില്‍ക്കുന്നത് ഭാരതീയ മനസ്സില്‍ അത്യാദരവും അത്ഭുതവും ഉണര്‍ത്തുന്ന ഒരു നൈതിക എവറസ്റ്റാരോഹണമാണ്. ഏകപത്‌നിവൃതം തനിക്കു മാത്രമല്ല മറ്റുള്ളവര്‍ക്കും ഉണ്ടാകുമെന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കാനുള്ള സാമാന്യബുദ്ധി രാമനുള്ളതായി കാണുന്നില്ല എന്ന് ലക്ഷ്മഷണന്‍ സ്വീകരിക്കുമെന്നു  ധരിപ്പിച്ച് ശൂര്‍പ്പണയെ ലക്ഷ്മണന്റെ അടുത്തേക്ക് പറഞ്ഞുവിട്ടതില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. ഭാര്യ കൂടെയില്ലെങ്കിലും ലക്ഷ്മണനും ഏകപ്ത്‌നിവൃതത്തിന്റെ കാര്യത്തില്‍ പിന്നിലല്ല എന്നു രാമന്‍ മനസ്സിലാക്കിയില്ലല്ലോ.

കാട്ടിലെത്തിയ രാമന്‍ നിഷാദനായ ഗുഹനോടു കാണിക്കുന്നത് ഹൃദയവാര്‍ജ്ജകമായ സ്‌നേഹമാണ്. എന്നാല്‍, ഗുഹന്‍ അന്നപാനാദികളും പലഹാരങ്ങളും ഒക്കെക്കൊണ്ടുവന്ന് അത്യാദരവോടെ കൊടുത്തിട്ടും രാമന്‍ ലക്ഷ്മണന്റെ കൈകൊണ്ടു കൊടുത്ത ജലം മാത്രമേ കഴിച്ചുള്ളൂ. ഹിന്ദുമതത്തിന്റെ നാരായവേരുവരെ വ്യാപിച്ചുനില്‍ക്കുന്ന അസ്പര്‍ശ്യതയായിരിക്കാം ഇതിനു കാരണം. ഒരു വശത്ത് രാജാധിരാജന്‍ ആയിരിക്കേണ്ട സാക്ഷാല്‍ ഈശ്വരന്‍ തന്നെയായിരിക്കുന്ന രാമന്റെ സൂപ്പര്‍ ഈഗോയും അഹംഭാവവും ഗുഹനെ ഒപ്പെമെന്ന് അംഗീകരിക്കാന്‍ അനുവദിക്കുന്നില്ലായിരിക്കാം. രാമരാജ്യത്തിന്റെ സാക്ഷാത്ക്കാരത്തിനു വേണ്ടി എന്നും മോഹിക്കുകയും ജീവിക്കുകയും ചെയ്ത മഹാത്മഗാന്ധി ഒരിക്കല്‍ വെളിപ്പെടുത്തിയ ജീവിതരഹസ്യമുണ്ട്. അദ്ദേഹം ഒരിക്കല്‍ പോലും ഒരു ക്രിസ്ത്യാനിയുടേയോ മുസ്ലിമിന്റേയോ വീട്ടില്‍ പാകം ചെയ്ത് ആഹാരപദര്‍ത്ഥം കഴിച്ചിട്ടില്ലത്രെ. മഹാത്മഗാന്ധിയെ നിഷ്പക്ഷതയുടെ മൂര്‍ത്തീ ഭാവമായിക്കണ്ട് ആദരിച്ചിരുന്നവര്‍ ഒരു തിരുത്തലിനെപ്പറ്റി ചിന്തിക്കുമായിരിക്കും. ഗുഹന്‍ രാമനെ ഗംഗ കടത്താന്‍ തോണിയിറക്കുന്നു. സര്‍വ്വജനത്തേയും സംസാരസാഗരത്തിന്റെ അക്കരെ എത്തിക്കാന്‍ രാമന്‍ കണ്ണ് ഒന്നു ചുളിച്ചാല്‍ മതി. അങ്ങനെയുള്ള രാമനാണ് ഗംഗ കടക്കാന്‍ ഗുഹന്റെ തോണി ആവശ്യമായി വന്നിരിക്കുന്നത്. രാമന്‍ കടത്തുകൂലി കൊടുത്തപ്പോള്‍ ഗുഹന്‍ പറഞ്ഞു, 'കടത്തുകൂലി നേരത്തെ തന്നു പോയല്ലോ. ഇങ്ങോട്ട് കടത്തുന്നതിനു മുമ്പു തന്നെ  എന്റെ സര്‍വ്വപാപവും എന്റെ സര്‍വ്വദുഃവും എന്റെ സര്‍വ്വദാരിദ്ര്യവും അവിടെന്ന് ദുരീകരിച്ചുവല്ലോ. ഇന്ന് എനിക്ക് പൂര്‍ണ്ണമായും കൂലി കിട്ടി.' ഗുഹനറിയാതെ തന്നെ രാമന്‍ ഗുഹനൊരു സമ്മാനം നല്‍കി; അവന്റെ ഹൃദയത്തില്‍ നിന്നും ഒരിക്കലും കെട്ടുപോകാത്ത ശ്രദ്ധ. 

കൈകേകിയുടെ വാക്കുകള്‍ മാത്രം കേട്ട് ആരോടും ആലോചിക്കാതെ രാമന്‍ വനവാസസത്തിനു പോകാന്‍ സ്വയം തീരുമാനിക്കുകയാണ് ചെയ്തത്. സത്യാവസ്ഥ മനസ്സിലാക്കാതെ രാമന്‍ സ്വന്തം തീരുമാനത്തില്‍ എത്തുമ്പോള്‍ രാമന്‍ ശരിയും യുക്തവുമായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവില്ലാത്ത ഒരു മന്ദബുദ്ധിയാണെന്നു തോന്നും. ദശരഥന്‍ രാമനോട് വനവാസത്തിനു പോകാന്‍ ആജ്ഞാപിച്ചിട്ടില്ല. താന്‍ ചെയ്യുന്നത് തികഞ്ഞ അനീതിയാണെന്ന് കാണ്ണീരോടെ ഏറ്റു പറയുന്നു. എന്നല്ല, തന്നെ ധിക്കരിച്ചുകൊണ്ട് രാമനു പോകാതിരിക്കാം. എന്നിട്ടും രാമന് അപ്രകാരം ചെയ്യാന്‍ സാധിക്കുന്നില്ല. ദശരഥന്റെ കൊട്ടാരത്തില്‍ കൈകേയി ഒരൊറ്റ സ്ര്തീ മാത്രമേ രാമന്റെ വനയാത്ര കാണാന്‍ ആഗ്രഹിച്ചിരുന്നുള്ളു. ബാക്കി എല്ലാവരും ആവുന്നത്ര ശ്രമിച്ചിട്ടും രാമന്റെ മനസ്സു മാറ്റാന്‍ കഴിഞ്ഞില്ല. മറ്റുള്ളവര്‍ എന്തു ചിന്തിക്കുമെന്നു കരുതി അതില്‍ വേവലാതിപ്പെടുന്നതെന്തിന്?. ജീവിക്കുക എന്നു പറഞ്ഞാല്‍ ബഹുമാന്യനായി ജീവിക്കുക എന്നല്ല; സത്യസന്ധമായി ജീവിക്കുക എന്നാണ് അര്‍ത്ഥം. ചരിത്രത്തിലേക്കു നോക്കിയാല്‍ ഇത്തരം വ്യക്തികളെ പരിചയപ്പെടാന്‍ സാധിക്കും. സിദ്ധാര്‍ത്ഥരാജകുമാരനെ ആരും സ്ഥാനഭൃഷ്ടനാക്കിയില്ല. രാജാവായി കൊട്ടാരത്തില്‍ തന്നെ വാഴിക്കാന്‍ ശുദ്ധോദനമഹാരാജാവ് വേണ്ടതൊക്കെ ചെയ്തിരുന്നു. ആ ബന്ധത്തിനു വിധി തന്നെ ഏര്‍പ്പെടുത്തിക്കൊടുത്ത ശുദ്ധരാഗമായിരുന്നു യശോധരയുടേത്. എന്നിട്ടും സിദ്ധാര്‍ത്ഥന്‍ രാത്രിയുടെ മുന്നാം യാമത്തില്‍ എല്ലാം ഉപേക്ഷിച്ചുപോയി. ജയിലിലടക്കപ്പെട്ട സോക്രട്ടീസിനെ രക്ഷിക്കാന്‍ ക്രൈറ്റൊ ഉള്‍പ്പെടെ ഒട്ടേറെ സുഹൃത്തുക്കള്‍ വേണ്ടുന്നതെല്ലാം ചെയ്തു. ജയിലിന്‍ നിന്ന് ഒളിച്ചുപൊകാമായിരുന്നു. എന്നാല്‍, സോക്രട്ടീസിന് തന്റെ മനഃസാക്ഷിയില്‍ നിന്ന് ഒളിച്ചു പോകാനാകുമായിരുന്നില്ല. ഇനിയും ഇതാ, ക്രൂശില്‍ തറക്കപ്പെടുന്നതിനായി ദൈവം തന്നെ തെരഞ്ഞെടുത്ത പുത്രന്‍ യേശുക്രിസ്തു. അസത്യത്തില്‍ നിന്നും മനസ്സിനെ വിടര്‍ത്താന്‍ കഴിയുന്നവര്‍ മാത്രം ഉണര്‍ന്നവനായി ഭവിക്കുന്നു. ലൗകികസുങ്ങളില്‍ നിന്നും മുക്തനാകാതെ മനസ്സ് ഉണര്‍ന്നു എന്നു പറഞ്ഞു കൂട. രാമന്റെ മനോഗതം എന്തെന്നു നോക്കൂ: 'ഞാനോ സീതയേയും നാടുമിഷ്ടപ്രാണധനങ്ങളും, ഭ്രാതാവാം ഭരതനേകും', ഇതു കേട്ട് സീതയും രാമനെ ചോദ്യം ചെയ്യുന്നുണ്ട്. 'ഭാര്യയെ നട്ടവന്‍പോലെ അന്യര്‍ക്ക് നല്‍കാന്‍ പോകുന്നു രമാ നീ' എന്നു പറയാന്‍ സീതക്ക് ഒരു മടിയുമില്ല. 'കൊട്ടാരത്തില്‍ രാജാധികാരിയായിരിക്കേണ്ട ആള്‍ പിതൃനിയോഗത്താല്‍ ഇപ്പോള്‍ ആരണ്യവാസിയായി. അങ്ങു ധരിച്ചിരിക്കുന്ന ജഡയും വല്‍ക്കലവും തപസ്വികള്‍ക്ക് ചേരുന്നതാണ്. അതോടൊപ്പം വില്ലും ശരവും കൊണ്ടുനടക്കുന്നത് ക്ഷത്രിയനു ശോഭയെങ്കിലും താപസ്സനു നിഷിദ്ധമാണ്'. സീതയുടെ ഈ വാക്കുകളെ നിഷേധിക്കാനാവാതെ രാമന്‍ മൗനം പാലിച്ചു. ഇതുപോലെ, ബാലിയെ മറഞ്ഞിരുന്ന് അമ്പെയ്തു വീഴ്ത്തിയപ്പോള്‍, വീരനെങ്കില്‍ നേരെ പൊരുതണം, മറഞ്ഞിരുന്ന് അമ്പെയ്യുന്നത് ഭീരുത്വമാണെന്ന് ബാലി രാമനെ കുറ്റപ്പെടുത്തിയപ്പോഴും അതിനു യുക്തമായ മറുപടി പറയാനാകാതെ രാമന്‍ നിശബ്ദനായിരുന്നിട്ട് പിന്നെ തന്റെ പ്രവൃത്തിയെ ന്യായീകരിക്കാന്‍ വേണ്ടി ബാലിയെ കുറ്റം പറയാന്‍ തുടങ്ങി. രാമന്‍ ധര്‍മ്മനിര്‍വ്വഹണമാണ് ചെയ്യുന്നതെന്ന് സ്വയമേ വിശ്വസിക്കുന്നു. കര്‍മ്മത്തിന്റെ സ്വരൂപം അറിയാന്‍ വയ്യാതെ പണ്ഡിതന്മാര്‍ പോലും കുഴങ്ങുന്നു എന്ന് ഭഗവദ്ഗീതയില്‍ പറയുന്നു. രാമായണത്തിലും മഹാഭാരതത്തിലും പലയിടത്തും അധര്‍മ്മത്തെ ധര്‍മ്മത്തിന്റെ മും മൂടിവച്ച് അലങ്കരിച്ചിരിക്കുന്നതു കാണുമ്പോള്‍ ധര്‍മ്മാധര്‍മ്മവിവേചനം ചെയ്യാന്‍ ഈശ്വരന്മാര്‍ക്കു പോലും കഴിയുന്നില്ല എന്നു തോന്നിപ്പോകും. ഇവിടെ രാമന്‍ നാടും ധനവും എല്ലാം ഭരതനു കൊടുത്തേക്കാം എന്നു പറയുന്നതിനെ ന്യായീകരിക്കാമെങ്കിലും സീതയേയും കൊടുത്തേക്കാമെന്ന് പറയുന്നത് ഒരു ദുഃസൂചനയായിത്തോന്നുന്നു. വിഷയാസക്തിയുടെ കാര്യത്തില്‍ രാമന്‍ പിന്നിലാണെന്ന് വേണമെങ്കില്‍ ധരിക്കാം. സീതാസ്വയംവരസമയത്ത് എന്നും സീത രാമന്റെ പിരിയാത്ത നിഴലായിരിക്കുമെന്നു പറഞ്ഞാണ് ജനകന്‍ സീതയെ രാമനു ഏല്പ്പിച്ചുകൊടുക്കുന്നത്. കൈകേയിയോട് ദശരഥന്‍ സത്യവാനായിരിക്കുന്നതു പോലെ രാമന്‍ സീതയോടും സത്യവാനായിരിക്കേണ്ടതാണ്. സ്വന്തമായ ഒരു ആത്മാവും മനസ്സും വിചാരവും വികാരവുമുള്ള മറ്റൊരു വ്യക്തിയാണ് സീത. അടിമയൊന്നുമല്ലല്ലൊ. പിന്നെ എങ്ങനെയാണ് മറ്റൊരാള്‍ക്ക് കൊടുത്തിട്ടു പോവുക? രാമന്‍ ഔചിത്യബോധമില്ലാത്ത മന്ദബുദ്ധിയായിപ്പോയി. രാമന്റെ പിരിയാത്ത സോദരനാണ് ലക്ഷ്മണന്‍. രാമന്‍ മന്ദബുദ്ധിയായി പെരുമാറുമ്പോഴൊക്കെ വസ്തുതയെ വേണ്ടവണ്ണം നോക്കിക്കണ്ട് രാമന് അനുകൂലമായി പ്രവര്‍ത്തിക്കാന്‍ ലക്ഷ്മണന്‍ തയ്യാറാകുന്നുന്നുണ്ട്. രാമരാവണയുദ്ധത്തില്‍, ഏഴു ദിവസം നീണ്ടു നിന്നിട്ടും രാവണനെ വധിക്കാന്‍ ഏതു അസ്ര്തം പ്രയോഗിക്കണമെന്നറിയാതെ വിഷമിച്ചു നില്‍ക്കുമ്പോള്‍ തെരാളി മാതലി പറഞ്ഞു കൊടുത്തു, 'മുന്നമഗസ്ത്യതപോധനനാദരാല്‍ തന്ന ബാണം കൊണ്ടു കൊല്ലാം' എന്ന്. അപ്പോഴാണ് രാമനു ബോധോദയമുണ്ടായത്. മാതലി പറഞ്ഞപ്രകാരം രാമന്‍ അസ്ര്തപ്രയോഗം ചെയ്ത് രാവണന്റെ നെഞ്ചു പിളര്‍ത്തു. രാവണന്‍ നിലം പതിച്ചു. തക്കസമയത്ത് ഉചിതമായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാതെ പോകുന്ന രാമന്റെ ബുദ്ധിമാന്ദ്യത്തിന്റെ മറ്റൊരു ഉദാഹരണം. 

സീതയെ ഉപേക്ഷിക്കാന്‍ രാമന്‍ കാരണമായി കണ്ടെത്തുന്നത് സീത രാജ്യത്ത് ദുഷ്‌കീര്‍ത്തി പരത്തിയെന്നതാണ്. സീതയെ കാട്ടിലെറിയൂ എന്ന് രാമന്‍ ലക്ഷ്മണനോടെ ആജ്ഞാപിക്കുന്നു. രാജകല്‍പന നിഷേധിക്കാനാവില്ലല്ലോ. സീത കാട്ടിലെറിയപ്പെട്ടു. 'ക്ഷത്രിയാണമതിശ്രേഷ്ഠമാം ധര്‍മ്മം പ്രജാപരിപാലണം' ഒരു പ്രജയോടു നീതി പുലര്‍ത്തിയപ്പോള്‍ മറ്റൊരു പ്രജയായ സീതയോട് രാമന്‍ നീതി പുലര്‍ത്തിയില്ല എന്നു പറയേണ്ടിയിരിക്കുന്നു. സീതയെ പരിത്യജിച്ചപ്പോള്‍ രാമനു സംഭവിച്ചത് ധര്‍മ്മഗ്ലാനിയാണ്. രാജനീതിയിലും സമൂഹത്തെ ഭരിക്കുന്ന മാനവമൂല്യങ്ങളിലുമാണ് ധര്‍മ്മഗ്ലാനി സംഭവിക്കുന്നത്. ഇതിന്റെ അടിസ്ഥാനമായ കാരണവും ദോഷവും ആത്മജ്ഞാനത്തിനുണ്ടായിട്ടുള്ള തകര്‍ച്ചയാണ്. ആത്മാവില്‍ നാനാത്വമില്ല. എല്ലാഭൂതങ്ങളേയും തന്റെ ആത്മാവിലും, തന്റെ ആത്മാവിനെ എല്ലാ ഭൂതങ്ങളിലും കാണാന്‍ കഴിയുന്നവര്‍ക്ക് നീതിയും നന്മയും ഒരിക്കലൂം ഉപേക്ഷിക്കാന്‍ കഴിയുകയില്ല. രാമന്‍ ആത്മജ്ഞാത്തിന്റെ മഹത്വമറിയാത്ത വെറും ഭൗതികജീവിയായിപ്പോയി. രാമന്‍ ഉത്തമനായ രാജാവാണെന്നും രാജനീതി പാലിച്ചു എന്നും വാദിക്കുന്നവര്‍, എന്തു രാജനീതിയാണ് രാമന്‍ സീതയോട് പാലിച്ചതെന്നു ചിന്തിക്കുന്നതുചിതമായിരിക്കും. എന്നാല്‍, അവര്‍ രാമനെ പുകഴ്തൂന്നതിനു മാത്രമേ താല്‍പര്യം കാണിക്കുന്നുള്ളൂ. കൈകേകിയുടെ വാക്കുകള്‍ മത്രം കേട്ട് രാമന്‍ വനവാസത്തിനു പോകാന്‍ സ്വയം തീരുമാനിച്ചത് രാമന്റെ സത്യപരായണത വെളിപ്പെടുത്തുന്നുവെന്നും സതിയും സത്യവതിയുമായ സീതയെ ഗര്‍ഭിണിയായിരുന്നപ്പോള്‍ കാട്ടിലെറിഞ്ഞു കളഞ്ഞത് ധര്‍മ്മവ്യസനിത്വം ആണെന്നും രാമഭക്തന്മാര്‍ ഘോഷിക്കുന്നു. 'അതു സത്യപരായണതാമിതു ധര്‍മ്മവ്യസനിത്വമൊന്നു മാം പൊതുവില്‍ ഗുണമാക്കീടാം ജനം, ചതുരന്മാരുടെ ചാപലങ്ങളും' അങ്ങനെ പോകുന്നു പുകഴ്ത്തു പാട്ടുകള്‍. നിഷ്പക്ഷമായ ഒരു തീരുമാനം രാമന്റെ പക്ഷത്തു നിന്നും ഉണ്ടായില്ല എന്നു സമ്മതിച്ചു തരാന്‍ രാമഭക്തന്മാര്‍ക്ക് സാധ്യമായെന്നു വരില്ല. 
(തുടരും)

Join WhatsApp News
Hanuman 2021-08-08 21:52:34
സത്യാവസ്ഥ മനസ്സിലാക്കാതെ രാമന്‍ സ്വന്തം തീരുമാനത്തില്‍ എത്തുമ്പോള്‍ രാമന്‍ ശരിയും യുക്തവുമായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവില്ലാത്ത ഒരു മന്ദബുദ്ധിയാണെന്നു തോന്നും. ദശരഥന്‍ രാമനോട് വനവാസത്തിനു പോകാന്‍ ആജ്ഞാപിച്ചിട്ടില്ല. ലേഖകൻ രാമനെ നിശിതമായി വിമര്ശിച്ചിരിക്കുന്നു. രാമഭക്തനായ ഈ ഹനുമാന് അത് സഹിക്കുന്നില്ല. എന്റെ ഹിന്ദു സുഹൃത്തുക്കൾ ഇത് കണ്ടില്ലേ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക