Image

എസ്എംസിഎ കുവൈറ്റ് നോര്‍ത്ത് അമേരിക്കയുടെ ഔപചാരിക ഉല്‍ഘാടനം ചരിത്രമുഹൂര്‍ത്തമായി.

ജീമോന്‍ റാന്നി Published on 20 July, 2021
 എസ്എംസിഎ കുവൈറ്റ് നോര്‍ത്ത് അമേരിക്കയുടെ ഔപചാരിക ഉല്‍ഘാടനം  ചരിത്രമുഹൂര്‍ത്തമായി.
ഹൂസ്റ്റണ്‍: സിറോ മലബാര്‍ സഭയിലെ ഏറ്റവും വലിയ അല്‍മായ കൂട്ടായ്മയായ എസ്എംസിഎയുടെ, എസ്എംസിഎ കുവൈറ്റ് നോര്‍ത്ത് അമേരിക്കയിലെ വിശ്വാസ സമൂഹത്തിന്റെ കുടുംബകൂട്ടായ്മയുടെ ഉല്‍ഘാടനം ആശീര്‍വാദങ്ങളുടെയും ആശംസകളുടെയും പെരുമഴ പെയ്തിറങ്ങിയ ആഘോഷങ്ങളുടെ ഒരു അസുലഭ നിമിഷമായിരുന്നു.

ജൂണ്‍ 26ന്  ശനിയാഴ്ച രാവിലെ 9 മണിക്ക് (ഹൂസ്റ്റണ്‍ സമയം / 10 മണി - ടൊറോന്റോ സമയം) സൂം  പ്ലാറ്റ് ഫോമിലാണ് ഉല്‍ഘാടന സമ്മേളനം നടത്തപ്പെട്ടത്.    

പ്രസിഡന്റ് ചെറിയാന്‍ മാത്യുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജനറല്‍ സെക്രട്ടറി ജോമോന്‍ ഇടയാടി അംഗങ്ങളെ സ്വാഗതം ചെയ്തു. കര്‍ത്താവിന്റെ വഴികള്‍ നേരെയാക്കുവിന്‍ എന്ന് മരുഭൂമിയില്‍ വിളിച്ചു പറയുന്നവന്റെ ശബ്ദമാണ് എസ്എംസിഎ ഏറ്റെടുത്തു തുടര്‍ന്നു പോരുന്ന ദൗത്യമെന്നു അദ്ദേഹം എടുത്തു പറഞ്ഞു. പ്രസിഡന്റ് ചെറിയാന്‍ മാത്യു തന്റെ അധ്യക്ഷ പ്രസംഗത്തില്‍ എസ്എംസിഎ ഇടയനില്ലാതെ ചിതറിപ്പോയ അജഗണത്തിനു പകല്‍ മേഘത്തണലായും രാത്രിയില്‍ ദീപസ്തംഭവുമായും സഭയുടെ ചിറകിന്റെ കീഴില്‍ ഒരുമിച്ചുകൂട്ടിയ മഹത് പ്രസ്ഥാനമാണ് എന്ന് ഊന്നി പറഞ്ഞു.
സംഘടയുടെ സഹ രക്ഷാധികാരിയും ചിക്കാഗോരൂപത സഹായമെത്രാനുമായ മാര്‍ ജോയ് ആലപ്പാട്ട് ഉത്ഘാടനം നിര്‍വഹിച്ചു. എസ്എംസിഎ എന്നത് അപ്പസ്‌തോലന്മാരും പ്രവാചകന്മാരുമാകുന്ന അടിത്തറമേല്‍ പണിതുറപ്പിക്കപ്പെട്ട വരാണ് നിങ്ങളെന്നും ആ അടിത്തറയുടെ മൂലക്കല്ല് ക്രിസ്തുവാണെന്നും മാര്‍ ആലപ്പാട്ട് ഉത്ഘാടന പ്രസംഗത്തില്‍ ഉത്ബോധിപ്പിച്ചു. ട്രഷറര്‍ ജോസ് തോമസ് നാളിതുവരെ എസ്എംസിഎ സഭക്കും സമൂഹത്തിനും ചെയ്തു പോരുന്ന പ്രധാന നാഴികക്കല്ലുകളുടെ വിശദ വിവരങ്ങള്‍ നല്‍കുകയുണ്ടായി.

സംഘടനയുടെ രക്ഷാധികാരിയും ചിക്കാഗോ രൂപതാധ്യക്ഷനുമായ മാര്‍ ജേക്കബ് അങ്ങാടിയത് അനുഗ്രഹ പ്രഭാഷണം നടത്തി. എസ്എംസിഎ വളരെ ശ്രദ്ധേയമായ സംഭാവനകള്‍ സഭക്ക് നല്‍കി വരുന്നതെന്ന് അദ്ദേഹം പറഞ്ഞു. എസ്എംസിഎ ചെയ്തുവരുന്ന സ്‌നേഹ ശുശ്രുഷയും ഉപവി പ്രവര്‍ത്തനങ്ങളും വളരെയധികം പ്രശംസനീയമാണെന്നു അദ്ദേഹം തന്റെ പ്രഭാഷണത്തില്‍ എടുത്തു പറയുകയുണ്ടായി.

സംഘടനയുടെ രക്ഷാധികാരിയും മിസ്സിസ്സാഗ രൂപതാധ്യക്ഷനുമായ മാര്‍ ജോസ് കല്ലുവേലില്‍ മുഖ്യ പ്രഭാഷണം നടത്തി. എസ്എംസിഎ എന്ന മരം ഏതു പ്രതിസന്ധിയിലും ഏതു കാറ്റും മഴയും വന്നാലും തളരാതെ തകരാതെ ഒടിയാതെ ഉണര്‍ന്നു നില്‍ക്കുന്ന അനുഗ്രഹീതമായ ഒരു കൂട്ടായ്മയാണ് എന്ന് അദ്ദേഹം ഉത്ബോധിപ്പിച്ചു. മക്കളെയും പേരക്കിടാങ്ങളെയും വിശ്വാസത്തിലും പാരമ്പര്യത്തിലും വളര്‍ത്തി വരും തലമുറക്ക് വേണ്ടി പ്രയത്നിക്കണമെന്നു
അദ്ദേഹം ഉത്ബോധിപ്പിച്ചു.

സംഘടനയുടെ നേതൃത്വത്തില്‍ നോര്‍ത്ത് അമേരിക്കയിലെ വിവിധ ഇടവകകളില്‍ ചെയ്യുന്ന വിശിഷ്ടസേവനങ്ങളെ  പിതാക്കന്മാര്‍ അഭിനന്ദിച്ചു.

നിറഞ്ഞ കൈകളുമായി ദുരിത ഭൂമിയില്‍ എന്നും കൈത്താങ്ങായി എസ്എംസിഎ അന്നും ഇന്നും സഭക്കൊപ്പം നിലനിന്നു പോരുന്നു. പതിതര്‍ക്കും അശരണര്‍ക്കും ആലംബമായി ഭവനരഹിതര്‍ക്കു നാളിതു വരെ 633 വീടുകളും, ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലും അത്യാഹിത വേളയില്‍ ആശ്വാസമായും
സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും വറ്റാത്ത ഉറവയായി എസ്എംസിഎ
നിലകൊള്ളുന്നു.

ഷംഷാബാദ് രൂപതാധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടില്‍ സംഘടനയുടെ ലോഗോ പ്രകാശനം ചെയ്തു. എസ്എംസിഎ ആന്തം രചിച്ചു ഈണം നല്‍കിയ ഫാ. സിറിയക് കോട്ടയില്‍, എസ്എംസിഎ കുവൈറ്റ് പ്രസിഡന്റ് ബിജോയ് പാലാകുന്നേല്‍, കുവൈറ്റ് റിട്ടേര്‍ണീസ് ഫോറം പ്രസിഡന്റ് ജേക്കബ് പൈനാടത്, എസ്എംസിഎ കുവൈറ്റ് മുന്‍ പ്രസിഡന്റ് തോമസ് കുരുവിള എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സംഘാടനംഗങ്ങളും മക്കളും ചേര്‍ന്നു അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന വിവിധ കലാപരിപാടികള്‍ സമ്മേളനത്തിന് മാറ്റ് കൂട്ടി. ജോനാ ജോര്‍ജും റീത്തു സെബാസ്ത്യനും പരിപാടികള്‍ ഏകോപിപ്പിച്ചു.

വൈസ് പ്രസിഡന്റ് തോമസ് വിതയത്തില്‍ എല്ലാവര്ക്കും കൃതജ്ഞത നേര്‍ന്നു. മാര്‍ തട്ടില്‍ പിതാവിന്റെ സമാപന ആശീര്‍വാദത്തോടെ സമ്മേളനം പര്യവസാനിച്ചു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക