Image

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക കണ്‍വന്‍ഷന്‍: ഗ്രാന്റ് കാന്യന്‍ കാണാന്‍ അവസരം ഒരുക്കും

പി. ശ്രീകുമാര്‍ Published on 20 July, 2021
 കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക കണ്‍വന്‍ഷന്‍: ഗ്രാന്റ് കാന്യന്‍ കാണാന്‍ അവസരം ഒരുക്കും
ഫിനിക്സ്: അരിസോണയില്‍ നടക്കുന്ന കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഗ്ലോബല്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രകൃതിദത്ത ലോകാത്ഭുതങ്ങളില്‍ ഒന്നായ ഗ്രാന്റ് കാന്യന്‍ കാണാന്‍ അവസരം. കണ്‍വന്‍ഷനില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് പ്രത്യേക പാക്കേജായിട്ടാണ് ഗ്രാന്റ് കാന്യന്‍ യാത്ര ഒരുക്കുക. ആഗസ്റ്റ് 10 നു മുന്‍പ് രജിസ്ട്രര്‍ ചെയ്യുന്നവര്‍ക്ക് യാത്ര പൂര്‍ണ്ണമായും സൗജന്യമായിരിക്കുമെന്ന് കെഎച്ച്എന്‍എ പ്രസിഡന്റ് ഡോ സതീഷ് അമ്പാടി അറിയിച്ചു. 

കൊളറാഡോ നദിയുടെ ഇരു കരകളിലുമായി 446 കിലോമീറ്റര്‍ നീളത്തില്‍ 29 കിലോമീറ്റര്‍ വീതിയില്‍ 600 അടി താഴ്ച്ചയിലുളള  ഗ്രാന്റ് കാന്യന്‍, ഏഴു ലോകാത്ഭുതങ്ങളില്‍ ഒന്നായി വിശേഷിപ്പിക്കപ്പെടുന്ന പ്രകൃതിയുടെ മായാജാലമാണ്. ലോകത്തെ ഏറ്റവും വലിയ പര്‍വ്വതനിരകളിലൊന്നായ റോക്കി മൗണ്ടന്‍സ്, ഹിമാലയത്തിന്റെ സൗന്ദര്യം ആവാഹിച്ച കൊളോറാഡോ നിരകള്‍, സമ്പൂര്‍ണ്ണ സമതലങ്ങള്‍, നിരനിരയായ കുന്നുകള്‍, കാടുകള്‍ തിങ്ങിയ പര്‍വ്വതങ്ങള്‍, ഒന്നിനു പുറകെ ഒന്നായി നില്‍ക്കുന്ന 58 കൊടുമുടികള്‍, ഉപേക്ഷിക്കപ്പെട്ട ഖനിമേഖല, മലകള്‍ രണ്ടായി പിളര്‍ന്ന് ആറായിരം അടി താഴ്ച്ചയില്‍ 29 കിലോമീറ്റര്‍ വീതിയില്‍ അഗാധ ഗര്‍ത്തം. തവിട്ട്, പച്ച, നീല, വെള്ള തുടങ്ങി വിവിധ വര്‍ണങ്ങളുള്ള സുന്ദരമായ പാറകളുടെ അടുക്കുകള്‍ ചേര്‍ത്ത് വച്ച കലാസൃഷ്ടി, അതിലൂടെ ഒഴുകുന്ന പുഴ. ഗര്‍ത്തത്തിന്റെ ശിലാഭിത്തികളില്‍ ലോകത്തിലെ എല്ലാത്തരം ശിലകളേയും മാതൃകകളായി കാണാവുന്ന ശില്പങ്ങള്‍, അഗാധമായ നിശബ്ദത, ആകാശവും ഭൂമിയും പാതാളവും ലയിക്കുന്നതായുള്ള തോന്നല്‍.  

പ്രകൃതിയെന്ന ശില്പി തീര്‍ത്ത ഈ മഹാനിര്‍മിതിയുടെ സൗന്ദര്യവും, ഗംഭീര്യവും, ബാഹുല്യവും വിശദികരിക്കാന്‍  ഭാഷക്കോ, ചിത്രത്തിലാക്കാന്‍ ചിത്രകാരനോ സാധിക്കില്ല. അതാസ്വദിക്കണമെങ്കില്‍ നേരില്‍ കാണുക തന്നെ വേണം. അതിനുള്ള അവസരമാണ് കെഎച്ച്എന്‍എ  ഒരുക്കുന്നത്

2021 ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ടുവരെ അരിസോണ ഗ്രാന്റ് റിസോര്‍ട്ടിലാണ്  കണ്‍വന്‍ഷന്‍. രണ്ടുവര്‍ഷം കൂടുമ്പോള്‍ നടത്തി വരുന്ന ആഗോള ഹിന്ദു സംഗമം കോവിഡ് വ്യാപന സാഹചര്യം മുന്‍നിര്‍ത്തി 2021 ജൂലൈയില്‍ നിന്നും ഡിസംബര്‍ 30 ലേക്ക് നീട്ടിവെക്കുകയായിരുന്നു.

പൊതുസമ്മേളനം, ആദ്ധ്യാത്മിക പ്രഭാഷണം, സാംസ്‌കാരിക സമ്മേളനങ്ങള്‍, സദ്സംഗങ്ങള്‍,സെമിനാറുകള്‍, കലാപരിപാടികള്‍, ചര്‍ച്ചകള്‍ തുടങ്ങിയവ കണ്‍വെന്‍ഷന്റെ  ഭാഗമായി നടക്കും.കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രര്‍ ചെയ്യാനും www.namaha.org   സന്ദര്‍ശിക്കുക.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക