Image

മാലിക്കിന്റെ രാഷ്ട്രീയം

അനിൽ പെണ്ണുക്കര Published on 19 July, 2021
മാലിക്കിന്റെ രാഷ്ട്രീയം
'അലി മരണപ്പെട്ടെന്ന് വിശ്വസിക്കാൻ സിനിമ അവസാനിച്ചിട്ടും കഴിഞ്ഞില്ല. മുഴങ്ങിക്കേട്ട ബൈത്തുകളിൽ അയാൾ ഓർമ്മകളിലേക്കെവിടെയോ മാഞ്ഞു പോവുകയായിരുന്നു'

മാലിക് ഒരു നല്ല സിനിമയാണ്. മികച്ച ക്രാഫ്റ്റുകളിലൂടെ മലയാളസിനിമാ ലോകത്ത് എക്കാലവും ചർച്ച ചെയ്യപ്പെടേണ്ട ഒന്ന്. മഹേഷ്‌ നാരായണൻ എന്ന എഡിറ്ററുടെ എല്ലാ കണക്കുകൂട്ടലുകളും കൃത്യമായി വരച്ചിട്ട മാലിക് പക്ഷെ ചരിത്രത്തിൽ എവിടെയോ വീണുപോയിട്ടുണ്ട്. ഇനിയും കൂട്ടിച്ചർക്കാത്തത് കൂടി ചേർന്നാൽ മാത്രം പൂർത്തിയാകുന്ന ഒരു കഥയാണ് മാലിക് എന്ന സിനിമയുടേത്.  ഓരോ സീനുകളും ഒന്നിനൊന്ന് മികച്ചു നിൽക്കുന്നുണ്ട്. ക്യാമറ മുതൽക്ക് എല്ലാ ടെക്നിക്കൽ വശങ്ങളും ഒരുപോലെ ഒത്തിണങ്ങിയ ഒരു സിനിമ ഈയടുത്ത കാലത്തൊന്നും മലയാളത്തിൽ ഉണ്ടായിട്ടില്ല.

സാങ്കല്പികമാണെന്ന് പറയുന്നുണ്ടെങ്കിലും ബീമാ പള്ളിയിൽ സർക്കാരും പോലീസും ചേർന്ന് നടത്തിയ ഒരു കൂട്ടക്കുരുതിയുടെ രക്ത ഗന്ധമുണ്ട് മാലിക്കിന്. മാലിക്കിൽ നിന്ന് വീശിയടിക്കുന്ന ഓരോ കാറ്റിനും ബീമാപ്പള്ളിയിലെ ജനങ്ങളുടെ കണ്ണുനീരിന്റെയും നിലവിളിയുടെയും പകർപ്പാണ്. എവിടെയൊക്കെയോ സംവിധായാകന് അതിൽ പിഴവ് സംഭവിച്ചിട്ടുണ്ടോ എന്നത് ഇപ്പോഴും ചർച്ചയായ്ക്കൊണ്ടിരിക്കുകയാണ്.

ഫഹദ് ഫാസിൽ തന്നെയാണ് മാലിക്കിന്റെ ഒരു വലിയ ഘടകം. ഫഹദിന്റെ ബിഗ് ബജറ്റ് സിനിമയെന്ന പേരിലാണ് മാലിക്ക് ആദ്യം തന്നെ മലയാള സിനിമയിൽ ചർച്ചയായിതുടങ്ങിയത്. ടേക്ക് ഓഫിലും, സി യു സൂണിലും മഹേഷ്‌ നാരായണൻ ഫഹദിനെ വച്ച് കാണിച്ച മാജിക് തന്നെയാണ് മാലിക്കിന്റെ പ്രതീക്ഷകൾ ഊട്ടിയുറപ്പിച്ചതും. തിയേറ്ററിൽ മാത്രമേ റിലീസ് ചെയ്യൂ എന്നുറപ്പിച്ചിട്ടും കോവിഡ് കാരണം ആമസോൺ പ്രൈം സിനിമയെ സ്വീകരിക്കുകയായിരുന്നു.

അഭിനയിച്ച ഓരോരുത്തരും അവരുടെ വേഷങ്ങൾ അതിഭംഗിയാക്കി എന്നത് തന്നെയാണ് മാലിക്കിന്റെ പ്രത്യേകത. ഫഹദിന്റെ മകളായി അഭിനയിച്ച പെൺകുട്ടിയൊഴിച്ചാൽ മറ്റെല്ലാവരും ഒന്നിനൊന്ന് മികച്ചു തന്നെയാണ് സിനിമയിൽ നിൽക്കുന്നത്. നിമിഷയും, വിനയ് ഫോർട്ടും, സലിം കുമാറും, ഇന്നസെന്റും, തുടങ്ങി എല്ലാ കഥാപാത്രങ്ങളും അവരവരുടേതായ വ്യക്തിത്വത്തിലൂന്നിയാണ് സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്.

ഫഹദിന്റെ മൂന്ന് കാലഘട്ടങ്ങളാണ് സിനിമ സംസാരിക്കുന്നത്. ഓഖിയും സുനാമിയും തുടങ്ങി സാമൂഹിക പ്രശ്നങ്ങൾ അടക്കം ചർച്ച ചെയ്യുന്ന മാലിക് മികച്ച ഒരു അനുഭവം തന്നെയാണ് പ്രേക്ഷകർക്ക്. സൂക്ഷിൻ ശ്യാമിന്റെ ബാഗ്രൗണ്ട് സ്കോറും, പാട്ടുകളും മാലിക്കിന്റെ യാത്രകളെ അത്രത്തോളം ഹൃദയമാക്കുന്നുമുണ്ട്.

മാലിക്കിന്റെ രാഷ്ട്രീയം വ്യക്തമാണ്, ഒരു സമുദായത്തെ, ഒരു പ്രദേശത്തെ, ഒരു വ്യക്തിയെ എങ്ങനെയാണ് രാഷ്ട്രീയ നേതാക്കളും ഭരണകൂടവും ആയുധമാക്കി മാറ്റുന്നത് എന്നതാണ് മാലിക് സംസാരിക്കുന്നത്. ഒന്നിച്ചു നിന്നവരെ ഭിന്നിപ്പിച്ച് ഒരു നാടിനെ തന്നെ സ്വന്തമാക്കാൻ ശ്രമിക്കുന്ന ഭരണകൂടത്തെയാണ് മാലിക് തുറന്നു കാണിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക