മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എമ്പുരാന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം കോവിഡിനെ തുടര്‍ന്നാണ് മാറ്റി വയ്ക്കേണ്ടി വന്നത്. ഇപ്പോഴിതാ എമ്പുരാന്റെ ബജറ്റിനെ കുറിച്ച് രസകരമായ വിശേഷം പങ്കു വയ്ക്കുകയാണ് പൃഥ്വിരാജ്.
''രാജൂ, അമ്പത് കോടിക്ക് എമ്പുരാന് തീരുമായിരിക്കും അല്ലേ?'' എന്ന നിര്‍മ്മാതാവ് ആന്റിണി പെരുമ്പാവൂരിന്റെ ചോദ്യം കേട്ട് കണ്ണും തുറിച്ച് നോക്കി ആകാംക്ഷയോടെ നില്ക്കുന്ന താന്‍ എന്നാണ് പൃഥ്വി കുറിച്ചത്.
30 കോടിയായിരുന്നു ലൂസിഫറിന്റെ ബജറ്റ്. ഏതാണ്ട് 200 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്. ലൂസിഫറിന്റെ പ്രാരംഭ ചര്‍ച്ചകള്‍ ആരംഭിച്ച സമയത്തു തന്നെ ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം വിറ്റു പോയിരുന്നു. പതിനഞ്ച് കോടിക്കു മുകളില്‍ നല്‍കിയാണ് ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശം ആമസോണ്‍ പ്രൈം സ്വന്തമാക്കുന്നത്. കൂടാതെ ചിത്രത്തിന്റെ ഓഡിയോ, വീഡിയോ(ട്രെയിലര്‍, ഗാനങ്ങള്‍) അവകാശവും വന്‍തുകയ്ക്കാണ് ഗുഡ്വില് എന്റര്ടെയ്ന്മെന്റ് സ്വന്തമാക്കിയത്. ചുരുക്കത്തില്‍ ചിത്രം റിലീസ് ചെയ്യുന്നതിനു മുമ്പു തന്നെ മുടക്കു മുതല്‍ നിര്‍മ്മാതാവിന് തിരിച്ചു പോക്കറ്റിലാക്കാന്‍ കഴിഞ്ഞു.
അതേ സമയം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണം ഹൈദരബാദില്‍ പുരോഗമിക്കുകയാണ്. ജൂലൈ 20നാണ് മോഹന്‍ലാല്‍ സൈറ്റില്‍ ജോയിന്‍ ചെയ്യുന്നത്. ആന്റിണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.