Image

വേണോ ഒരു അമേരിക്കൻ മലയാള സാഹിത്യം? (ഭാഗം – 3**) സുധീർ പണിക്കവീട്ടിൽ

Published on 19 July, 2021
വേണോ ഒരു അമേരിക്കൻ മലയാള സാഹിത്യം? (ഭാഗം – 3**) സുധീർ പണിക്കവീട്ടിൽ

(Protected by copyright  Law)

അമേരിക്കൻ മലയാളസാഹിത്യം എന്നൊന്ന് വേറിട്ട് വേണമോ? മലയാളസാഹിത്യം എല്ലാം ഒന്നല്ലേ എന്ന് ചിന്തിക്കുന്നവരും അതുകൊണ്ട്  അമേരിക്കൻ മലയാളസാഹിത്യം എന്ന ഒരു പ്രസ്ഥാനം വേണ്ട  എന്നു ആധികാരികമായി പറയുന്നവരും ഉണ്ട്. ആധികാരികത എന്ന് പറയുന്നത് നാട്ടിലെ ഏതെങ്കിലും പ്രസിദ്ധീകരണങ്ങളിൽ വല്ലതും എഴുതിയതോ അല്ലെങ്കിൽ നാട്ടിലെ മുഖ്യധാരയിൽ എണ്ണപ്പെടുന്നവർ എന്ന യോഗ്യതയുള്ളവരോ  ഒക്കെയാകാം. പിന്നെ അമേരിക്കയിലെ അംഗീകരിക്കപ്പെട്ട എഴുത്തുകാർ എന്നഭിമാനിക്കുന്നവരും അമേരിക്കൻ മലയാളസാഹിത്യം വേറിട്ട് വേണ്ടെന്നു പറയുന്നത് കേട്ടിട്ടുണ്ട്.

അവർക്കെല്ലാം നാട്ടിലെ മലയാള സാഹിത്യത്തിന്റെ ഒരു ഭാഗമായിരിക്കാൻ താൽപ്പര്യം. അവിടത്തെ അംഗീകാരങ്ങളും അവാർഡുകളും അവിടത്തെ എഴുത്തുകാരുടെ തലോടലും വേണമെന്ന ആഗ്രഹം. ആയിക്കോട്ടെ അതൊക്കെ ഓരോരുത്തരുടെ താൽപ്പര്യം. പക്ഷെ അത് മുഴുവൻ എഴുത്തുകാർക്കും ബാധകമാകണമെന്ന നിർബന്ധം ശരിയാണോ എന്നറിയില്ല. അമേരിക്കൻ മലയാളിഎഴുത്തുകാരിൽ  കുറേപേർ നാട്ടിലെ പ്രശസ്തരായ എഴുത്തുകാരെ അനാവശ്യമായി ആദരിക്കുകയും അവരുടെ വാക്കുകൾ അതേപ്പടി അനുസരിക്കാൻ വ്യഗ്രത കാട്ടുന്നവരുമാണ്. എന്തിനാണ് ഇവർ ഇങ്ങനെ നാട്ടിലെ എഴുത്തുകാരെ ദൈവത്തെപോലെ കൊണ്ടുനടക്കുന്നത് എന്നറിഞ്ഞുകൂടാ.  നാട്ടിലെ എഴുത്തുകാരെ ഇവിടെ കൊണ്ടുവന്നു സൽക്കരിച്ച് സമ്മാനങ്ങൾ ഒക്കെ നൽകി വിടുന്നു എന്നും കേൾക്കാറുണ്ട്.

ഷാജി കൈലാസിന്റെ സിനിമയിലെ സുരേഷ് ഗോപി ഡയലോഗ് ഉപയോഗിക്കുന്നില്ല. അത് കുറച്ച് കടുപ്പമാണെന്നു അറിയാം. എങ്കിലും ഒന്ന് മയപ്പെടുത്തി പറയാതെ വയ്യ. നാട്ടിൽ നിന്നും വരുന്നവർ ഇവിടെയുള്ള പാവത്താന്മാരായ എഴുത്തുകാരുടെ ആതിഥ്യമൊക്കെ സ്വീകരിച്ച് നാട്ടിൽ പോയി ചില്ലറ പ്രത്യുപകാരങ്ങൾ ചെയ്യാറുണ്ടെന്നു കേട്ടിട്ടുണ്ട്.  ആരാണ് അവർക്ക് തിന്നാനും കുടിക്കാനും കൊടുത്ത് ഏമ്പക്കം ഇടുവിച്ചത്  അവരും അവർ പറയുന്നവരും മാത്രമാണ് അമേരിക്കൻ മലയാളി എഴുത്തുകാർ എന്ന് ഈ അതിഥികൾ  അവരുടെ പുസ്തകങ്ങളിലും ലേഖനങ്ങളിലും എഴുതും. ഈ നാണംകെട്ട പരിപാടിയെക്കുറിച്ച് കുറേപേർ അജ്ഞരാണ്.  കാരണം അവർ വായിക്കുന്നില്ല. തിന്നച്ചോറിനു നന്ദികാണിക്കുന്ന ഇവർ  ചെയ്യുന്ന ദ്രോഹം   പല എഴുത്തുകാരുടെയും പേരുകൾ വിട്ടുകളയുന്നുവെന്നാണ്. വാസ്തവത്തിൽ അവർ വിട്ടുകളയുന്നതല്ല മറിച്ച് ആതിഥേയർ അവരെ അറിയിക്കാത്തതാണ്. ആതിഥേയരെ തൊഴുതു നിൽക്കാത്തവരെ അവർ അവഗണിക്കുന്നു.  ചില എഴുത്തുകാർ  കൈനിറയെ സമ്മാനങ്ങളും വയർനിറയെ ഭക്ഷണവും കൈപ്പറ്റി നാട്ടിൽ പോയി ആലുവ മണൽപ്പുറത്ത് വച്ചുകണ്ട പരിചയം പോലും നടിച്ചില്ലെന്ന ആവലാതി പറയുന്നതും കേട്ടിട്ടുണ്ട്.

ഈ ലേഖകൻ എപ്പോഴും ആവർത്തിക്കുന്നപോലെ വീണ്ടും ആവർത്തിക്കുന്നു. എന്തുകൊണ്ട് അമേരിക്കൻ മലയാളി എഴുത്തുകാർക്ക് സ്വതന്ത്രരായി നിന്നുകൂടാ. അമേരിക്കൻ മലയാളസാഹിത്യം എന്നപേരിൽ അമേരിക്കൻ മലയാളി എഴുത്തുകാരുടെ പ്രസ്ഥാനത്തിന്  നിലനിൽപ്പുണ്ടാക്കിക്കൂടേ. എന്തിനാണ് നക്കാപിച്ച കാശിനോ പാരിതോഷികങ്ങൾക്കോ കൈനീട്ടുന്ന നാട്ടിലുള്ള പ്രശസ്തരുടെ സ്വാർത്ഥതാൽപ്പര്യങ്ങൾക്ക്  യെസ് മൂളാൻ പോകുന്നു. എന്തിനവരെ ആശ്രയിക്കുന്നു.? എന്തിനവരെ ഇവിടെ ആനയിച്ചുകൊണ്ടുവരുന്നു. നാട്ടിലെ അവാർഡുകൾക്കു ഒന്നിനും അമേരിക്കൻ മലയാളി എഴുത്തുകാരെ പരിഗണിക്കുന്നില്ല. ചിലർക്കൊക്കെ ചുരുക്കം അംഗീകാരങ്ങൾ കിട്ടിയതായി മാദ്ധ്യമങ്ങളിൽ കണ്ടിട്ടുണ്ട്. അവരുടെ അർഹതയെപ്പറ്റി തർക്കങ്ങൾ നടക്കുന്നതും കാണുന്നുണ്ട്. എല്ലായിടത്തും ഡോളർ മഹാദേവൻ സംരക്ഷിക്കാനും സംഹരിക്കാനും നിൽക്കുന്നു  എന്ന സങ്കൽപ്പത്തിന്റെ മറവിൽ  ശിവരാത്രി ആഘോഷത്തിന്  കഞ്ചാവടിച്ച ശിവഭക്തരെപോലെ  പലരും ജയ് ജയ് ശിവശങ്കർ എന്ന് പാടി രസിക്കുന്നതും കാണാറുണ്ട്. 

നാട്ടിലെ  മുഖ്യധാര മാധ്യമങ്ങളിൽ അമേരിക്കൻ മലയാളി എഴുത്തുകാരുടെ  പലരുടെയും രചനകൾ വരുന്നില്ല. അമേരിക്കൻ മലയാളി എഴുത്തുകാരുടെ രചനകൾക്ക്  സാഹിത്യമൂല്യമില്ലെന്ന ഒഴികഴിവാണു അതിനുത്തരമായി പറയുന്നത്. അപ്പോൾ പിന്നെ എന്തിനാണ് നാട്ടിലെ എഴുത്തുകാരെയും അവിടത്തെ പത്രക്കാരെയും പ്രസാധകരെയും ആശ്രയിക്കാൻ പോകുന്നത്.?

പരിമിതമായ അറിവുള്ളവർ ഏതെങ്കിലും മഹാന്മാരുടെ വാക്കുകൾ കാണാപാഠം പഠിച്ച് കാച്ചി വിടുന്നത് അറിവിന്റെ ബഹിർസ്ഫുരണം എന്ന് ധരിച്ച് അവരെ തോളിലേറ്റി കൊണ്ടുനടക്കുന്ന കാഴ്ച്ച സമൂഹത്തിൽ അപൂർവമല്ല.  തോളിലിരുന്ന് ചെവി തിന്നുന്ന ഈ പാവം മനുഷ്യൻ   പറയുന്നത് ശരിയെന്ന് മൂളി സാഹിത്യത്തിലെ മുഖ്യവിഭാഗമായ നിരൂപണം ഇവിടെയില്ലെന്ന്  വിശ്വസിക്കാനും ചിലർക്ക് കഴിയുന്നു. നിരൂപണമെന്നാൽ എഴുത്തുകാരെ തെറി വിളിക്കുകയാണെന്നും  (അധിക്ഷേപിക്കുക) അല്ലാത്തതൊക്കെ പുറം ചൊറിയൽ ആണെന്നും പറയുന്ന വ്യക്തിക്ക് തലകുലുക്കി കൊടുക്കുന്നു കുറച്ചുപേർ.

അവരെ കുറ്റപ്പെടുത്താൻ കഴിയില്ല. കാരണം ന്യുയോർക്കിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന മലയാളം പത്രം എന്ന വാരികയിൽ പ്രശസ്ത നിരൂപകൻ എം. കൃഷ്ണൻ നായർ ഇവിടത്തെ എഴുത്തുകാരെക്കുറിച്ച് എഴുതിയിരുന്ന അഭിപ്രായങ്ങൾ മാത്രമാണ് അവർ ജീവിതത്തിൽ ആദ്യമായി വായിച്ചത് എന്ന് വിശ്വസിക്കാൻ നമ്മൾ നിർബന്ധിതരാകുന്നു. ശ്രീ കൃഷ്ണൻ നായർ എഴുതിയിരുന്നത് പക്ഷെ  ശരിയായ നിരൂപണങ്ങൾ ആയിരുന്നില്ല. ഇവിടത്തെ കുറച്ചുപേരുടെ രചനകൾ വായിച്ച് അവ അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ നല്ലതാണെന്നു എഴുതിയിരുന്നത് മറക്കുന്നില്ല. മറ്റുള്ളവരുടെ രചനകൾ  നിലവാരം  കുറഞ്ഞതായിരിക്കാം പക്ഷെ വ്യക്തിഹത്യ ചെയ്യാൻ അല്ലെങ്കിൽ അസംബന്ധങ്ങൾ  വിളിച്ചുപറയാൻ ശ്രീ നായർക്കെന്നല്ല ആർക്കും അധികാരമില്ല. (ഒരു പി എച് ഡി ക്കാരൻ എഴുതിയ കഥക്ക് വന്ന കമന്റ്.. ഡോക്ടർക്ക് രോഗികളെ ചികിൽസിച്ചു ആസ്പത്രിയിൽ കഴിഞ്ഞാൽ പോരെ എന്തിനു പേന എടുക്കുന്നു) അതുകൊണ്ട് അമേരിക്കൻ മലയാളികളിൽ ചിലരെങ്കിലും നിരൂപണമെന്നാൽ തെറി വിളി എന്ന്  അനുമാനിച്ചു. തെറിയല്ലാത്തതൊക്കെ പുറം ചൊറിയലാണെന്നു ഒരു വ്യക്തി  പ്രഖ്യാപിക്കുകയും ചെയ്തപ്പോൾ ഒരു വിഭാഗം ജനത്തിനെ അതു  ലഹരി പിടിപ്പിച്ചു.
 
അമേരിക്കൻ മലയാള സാഹിത്യം എന്ന ഒന്നുവേണ്ട എന്ന് നാട്ടിലെ പ്രമാണിമാരും അവർക്ക് സ്തുതി പാടുന്നവരും  പറയുന്നതിന് എന്തിനു കാതോർക്കണം? ഇവിടത്തെ ഏതോ പ്രസിദ്ധീകരണത്തിൽ വായിച്ചതാണ് - നാട്ടിലെ ഒരു പ്രശസ്ത എഴുത്തുകാരൻ പറഞ്ഞുവത്രേ നിങ്ങൾ  അമേരിക്കൻ മലയാളികൾ ഇവിടത്തെ  ആമ്പൽക്കുളങ്ങളെപ്പറ്റിയും, യുവതീയുവാക്കളുടെ പ്രണയത്തെപ്പറ്റിയും 
ഗൃഹാതുരവമുളവാക്കുന്ന രചനകൾ എഴുതേണ്ട. അതൊക്കെ ഞങ്ങൾ എഴുതും. നിങ്ങൾ അവിടത്തെ പശ്ചാത്തലത്തിൽ എഴുതുക. ഇവിടത്തെ സാഹിത്യസംഘടനകളോ സാഹിത്യനേതാക്കളോ അതിനനുകൂലമായി പ്രതികരിക്കുന്നതാണു കണ്ടത്. ഒരു എഴുത്തുകാരൻ എന്തെഴുതുമെന്നു അവൻ തീരുമാനിക്കും. പണത്തിനുവേണ്ടി എഴുതുന്ന കോളങ്ങൾ ഉണ്ടായിരിക്കാം. എന്നാൽ ഒരാളുടെ സർഗ്ഗഭാവനകളിൽ ഉദിക്കുന്ന രചനകൾ എങ്ങനെയായിരിക്കണമെന്ന് മറ്റൊരാൾ തീരുമാനിക്കുമ്പോൾ അവിടെ അടിമത്തം നിലവിൽ വരുന്നു.
 
നാട്ടിലെ സാഹിത്യവുമായി കിടപിടിക്കുന്ന രചനകൾ സൃഷ്ടിക്കാൻ കഴിവുള്ള  ഇവിടെയുള്ള സർഗ്ഗധനരായ എഴുത്തുകാർ നാട്ടിൽ മാത്രം എഴുതുകയും നാടുമായ് ബന്ധം തുടരുകയും ചെയ്യുന്നത് അവരുടെ താൽപ്പര്യം. അതിനു അമേരിക്കൻ മലയാള സാഹിത്യം എന്തിനു കൂട്ട് നിൽക്കുന്നു. ഇവിടെ എഴുതുന്നവർ ഇവിടെ പ്രസിദ്ധീകരിക്കുന്നവർ അവർ വേറിട്ട് നിൽക്കണം. ആരുടെയും ഓശാരം ഇല്ലാതെ. അവരുടെ രചനകൾക്ക് വിപണിയിൽ ചിലവില്ലെങ്കിൽ വേണ്ടെന്നു വയ്ക്കണം. അല്ലെങ്കിൽ തന്നെ ധാരാളം എഴുത്തുകാരിൽ ചുരുക്കം പേരുടെ രചനകളാണ് എല്ലായിടത്തും അംഗീകരിക്കപ്പെടുന്നത്.  അതുകൊണ്ട് അമേരിക്കൻ മലയാളി എഴുത്തുകാർ എഴുതുന്നൊക്കെ അംഗീകരിക്കണം അവർ നല്ലത് മാത്രമേ എഴുതാവൂ എന്നൊക്കെ നിശ്ചയിക്കാനും നിർബന്ധം പിടിക്കാനും പോകേണ്ട ആവശ്യമില്ല. നല്ലതും ചീത്തയും സാഹിത്യത്തിലും ഉണ്ടാകും.
 
അമേരിക്കയിൽ ഇരുന്നൂറോളം എഴുത്തുകാർ ഉണ്ടെന്നു വിശ്വസിക്കുന്നു. അവർ സാഹിത്യത്തിലെ പല വിഭാഗങ്ങളും കൈകാര്യം ചെയ്തു. കഥ, കവിത, നോവൽ, നർമ്മം, ഓർമ്മക്കുറിപ്പുകൾ, സഞ്ചാരസാഹിത്യം, നിരൂപണം, ആത്മകഥ, ചിത്രീകരണങ്ങൾ, മിനി കഥകൾ, ഗദ്യകവിതകൾ, വിശ്വസാഹിത്യത്തിലെ കൃതികളെ പരിചയപ്പെടുത്തൽ അങ്ങനെ പോകുന്നു അമേരിക്കൻ മലയാളി എഴുത്തുകാരുടെ സംഭാവനകൾ. എന്നിട്ടും അതൊന്നും അംഗീകരിക്കാതെ,  അറിയാതെ ഇവിടത്തെ മലയാളി സമൂഹം ആനന്ദകരമായ അജ്ഞതയിലാണ് (blissful ignorance). കാരണം അവരിൽ പലർക്കും ഞങ്ങൾക്ക് ഞങ്ങളുടെ അച്ചായൻ പറയുന്നത് കാര്യമെന്ന നിലപാടാണ്. സത്യം അറിയാൻ ശ്രമിക്കുന്നില്ല.

എന്തുകൊണ്ടാണ് അമേരിക്കൻ മലയാള സാഹിത്യം വേറിട്ടു  വേണമെന്ന വാദം ഉയർത്തുന്നതു എന്ന് വിശദീകരിക്കാം. അമേരിക്കൻ മലയാളികൾ പ്രവാസികളല്ല. അവർ കുടിയേറ്റക്കാരാണ്. അമേരിക്കയിലെ പൗരത്വം സ്വീകരിച്ചവരാണ്.  അവരുടെ മാതൃഭാഷ മലയാളമായതുകൊണ്ട് അവരുടെ രചനകൾ ആ ഭാഷ സംസാരിക്കുന്ന അവരുടെ ജന്മനാട്ടിലെ കൊടികെട്ടിയവർ വിലയിരുത്തുമെന്നത് വെറും ഭോഷത്വമാണ്. അവർ വിലയിരുത്തുകയോ വിലയിടിക്കുകയോ ചെയ്തോട്ടെ. ആര് അതൊക്കെ ശ്രദ്ധിക്കണം. അമേരിക്കൻ മലയാളി എഴുത്തുകാർ സ്വതന്ത്രരായി നിൽക്കണം. അമേരിക്കൻ സാഹിത്യവും ആദ്യകാലങ്ങളിൽ ഇംഗളീഷ് (ബ്രിട്ടീഷ്) സാഹിത്യത്തിന്റെ ചുവട് പിടിച്ച് നിന്നിരുന്നു. പിന്നെ അവർ സ്വന്തമായി അമേരിക്കൻ സാഹിത്യത്തിന് വിത്ത് പാകി.  ഈ സന്ദർഭത്തിൽ അമേരിക്കൻ സാഹിത്യത്തെക്കുറിച്ച് ചുരുക്കമായി പറയാൻ താൽപ്പര്യമുണ്ട്.

1492 ൽ ക്രിസ്റ്റോഫർ കൊളംബസ് അമേരിക്കയിൽ വന്നിറങ്ങുമ്പോൾ തദ്ദേശ്ശിയരായ ഒരു ജനവിഭാഗം ഉണ്ടായിരുന്നു. അവരെ റെഡ് ഇന്ത്യൻസ് എന്ന് അദ്ദേഹം വിളിച്ചു. അവർക്ക് അവരുടേതായ സാഹിത്യമുണ്ടായിരുന്നെങ്കിലും അവർ വരമൊഴിയെക്കാൾ വാമൊഴിയെ ആശ്രയിച്ചു. യൂറോപ്യൻ അധിനിവേശം ആരംഭിച്ചപ്പോൾ റെഡ് ഇന്ത്യൻസിന്റെ സാന്നിധ്യം നാമാവശേഷമായി.  പതിനാറും പതിനേഴും നൂറ്റാണ്ടുകളിൽ യൂറോപ്പിൽ നിന്നും ക്രമാതീതമായ കുടിയേറ്റമുണ്ടായി.  അറ്റലാന്റിക്കിന്റെ തീരത്ത് പതിമൂന്നു ബ്രിട്ടീഷ് കോളനികൾ സ്ഥാപിക്കപ്പെട്ടു. ബ്രിട്ടനിലെ മതപീഡനത്തിൽ നിന്നും രക്ഷപ്പെട്ടു  വന്നവരിൽ രണ്ട് വിഭാഗങ്ങൾ ഉണ്ടായിരുന്നു. പ്യൂരിറ്റൻസും പിൽഗ്രിമസും (puritans & pilgrims). പ്യൂരിറ്റൻസ് അമേരിക്കൻ സാഹിത്യത്തിൽ മതപരമായ രചനകൾക്ക് പ്രാധാന്യം നൽകി. പിന്നെ വിപ്ലവകാലം ആരംഭിച്ചു. 1776 ഇൽ അമേരിക്കൻ സ്വാതന്ത്ര്യം നേടി. ഒരു പുതിയ യുഗം ആരംഭിച്ചു. ധാരാളം രചനകൾ ഉണ്ടായി. അതുവരെ അവർ ബ്രിട്ടീഷ് എഴുത്തുകാരുടെ രചനാശൈലികളെ പിന്തുടർന്നിരുന്നു. അമേരിക്ക സ്വാതന്ത്രയായതിനു ശേഷം  അമേരിക്കൻ സാഹിത്യം എന്ന സ്വതന്ത്രമായ സാഹിത്യം നിലവിൽ വന്നു. തന്നയുമല്ല അമേരിക്കൻ ലിറ്ററേച്ചർ ഇൻ സ്പാനിഷ്, ഇറ്റാലിയൻ എന്നിവയുമുണ്ടായി. അവർ ഇറ്റലിയും സ്പെയിനുമായി അല്ലെങ്കിൽ ലാറ്റിൻ അമേരിക്കയുമായി അവരുടെ രചനകളെ കൂട്ടിച്ചേർക്കുന്നു എന്നറിയില്ല. നമുക്കും അമേരിക്കൻ ലിറ്ററേച്ചർ ഇൻ മലയാളം എന്ന ഒരു വിഭാഗത്തിന് നാന്ദികുറിച്ചുകൊണ്ട് നാട്ടിലെ എഴുത്തുകാരുടെ അല്ലെങ്കിൽ അവിടത്തെ സർക്കാരിന്റെ ഔദാര്യങ്ങളിൽ നിന്നും മോചനം പ്രാപിക്കണം.

നാട്ടിലെ മുഖ്യധാര സാഹിത്യത്തിൽ ഇവിടത്തെ എഴുത്തുകാരെ പങ്കെടുപ്പിക്കുന്നില്ല. കാരണമായി കേൾക്കുന്നത് അമേരിക്കൻ മലയാളി എഴുത്തുകാരുടെ രചനകൾക്ക് നിലവാരമില്ല അല്ലെങ്കിൽ അവർ പണം കൊടുത്ത് എഴുതിപ്പിക്കുന്നു.  എല്ലാ അപവാദങ്ങൾക്കും അവധി കൊടുത്ത് അമേരിക്ക നൽകിയ നന്മ ആസ്വദിച്ചുകൊണ്ട് അമേരിക്കൻ മലയാള സാഹിത്യം എന്ന പ്രസ്ഥാനത്തിൽ ഉറച്ച് നിൽക്കുക. വളരേ ലജ്‌ജാകരമായി കാണുന്നത് ഇവിടെ ഒരു സാഹിത്യപരിപാടി ഒരുക്കുമ്പോൾ ആ വേദിക്ക് നാട്ടിലെ ജീവിച്ചിരിക്കുന്ന അല്ലെങ്കിൽ മൺമറഞ്ഞുപോയ എഴുത്തുകാരുടെ പേരിടുന്നതാണ്. എന്തുകൊണ്ട് ഇവിടത്തെ എഴുത്തുകാരുടെ പേരിട്ടുകൂടാ. അമേരിക്കൻ മലയാളി എഴുത്തുകാരെ ഒരു കുടക്കീഴിൽ നിറുത്തുന്ന സംഘടനയുടെ വേദിക്കും നാട്ടിലെ എഴുത്തുകാരുടെ പേര് തന്നെ. ഇതൊരു തരം അടിമത്തമാണ്. ഇ-മലയാളി സംഘടിപ്പിക്കുന്ന പരിപാടികളിൽ നാട്ടിൽ നിന്നും ആരെയും കൊണ്ടുവരുന്നില്ലെന്നുള്ളത് അഭിമാനകരമാണ്. അവരുടെ അവാർഡ് ദാനചടങ്ങു (ജൂലായ് 31, 2021) അരങ്ങേറുന്ന വേദിക്ക് യശ്ശശരീരനായ ജോസഫ് പടന്നമാക്കലിന്റെ പേര് കൊടുത്ത് അവർ മാതൃക കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇതു ഇ-മലയാളിയുടെ ആറാമത്തെ അവാർഡ് ദാനചടങ്ങാണ്.  പത്രാധിപരുടെ അനുഭവപരിചയവും നിസ്വാർത്ഥ സേവനവും മൂലം എഴുത്തുകാർ അംഗീകരിക്കപ്പെടുന്നു.  മലയാള ഭാഷയെയും സംസ്കാരത്തെയും വളർത്താൻ സൃഷ്ടിച്ചെതെന്നു അഭിമാനിക്കുന്ന ഇവിടെയുള്ള കാക്കത്തൊള്ളായിരം സംഘടനകൾ ഇ-മലയാളി അംഗീകരിക്കുന്ന എഴുത്തുകാർക്ക് പ്രോത്സാഹനമോ, ക്യാഷ് അവാർഡോ അല്ലെങ്കിൽ ഇ-മലയാളിയുടെ ചടങ്ങിന് ചിലവുകളോ വഹിക്കുന്നില്ല.  യാതൊരുവിധ ആർജ്ജവമോ സ്വഭാവശുദ്ധിയോ ഇല്ലാത്ത നാട്ടിലെ പല രാഷ്ട്രീയക്കാരെ ഇവർ ഇവിടെ എഴുന്നള്ളിച്ചുകൊണ്ട് നടക്കുന്നത് മാധ്യമങ്ങളിൽ നിന്നും അറിയുമ്പോൾ അത്ഭുതം തോന്നുന്നു.  ഭാഷയും സംസ്കാരവും തമ്മിൽ പിണഞ്ഞു കിടക്കുന്നു. അതിൽ നിന്നും ഭാഷയെ മാറ്റുന്നത് സാഹസമാണ്. ഭാഷയെ വളർത്തുന്ന ഇ-മലയാളിപോലുള്ള സ്ഥാപനങ്ങളെ പരിഗണിക്കണം.

നാട്ടിലെ സാഹിത്യ അക്കാദമിയുടെ അവാർഡിനേക്കാൾ ഇതിനു വിലയുണ്ടെന്ന് എഴുത്തുകാർ മനസ്സിലാക്കണം. നാട്ടിലെ അവാർഡുകൾ ഇപ്പോൾ കിട്ടുന്നത് തന്നെ അപമാനകാരമെന്നു പലരും അഭിപ്രായപ്പെടുന്നു. പണവും രാഷ്ട്രീയവും തീരുമാനിക്കുന്ന അവാർഡുകളെ ഇവിടെയുള്ള എഴുത്തുകാർ ബഹിഷ്കരിക്കണം. നിങ്ങൾ കുടിയേറിയ ഭൂമിയിൽ നിങ്ങളുടെ ഭാഷ വളർത്തുക. എന്തിനാണ് ക്ഷണിക്കാത്ത സദ്യക്ക് വലിഞ്ഞുകയറുന്നവരെപോലെ നാട്ടിലെ വമ്പന്മാരുടെ മുന്നിൽ ഓച്ഛാനിച്ച് നിൽക്കുന്നത്. എല്ലാം ഇവിടെ, ഇവിടെ. എഴുത്തുകാർ പരസ്പരം സ്പർദ്ധ ഒഴിവാക്കുക, നല്ല സൗഹൃദം പുലർത്തുക. അവരുടെ രചനകൾ ചർച്ച ചെയ്യുക. ആരുടെയും കാൽക്കീഴിൽ നിൽക്കാതെ സ്വന്തം കാലിൽ നിൽക്കുക. അവാർഡ് കിട്ടാൻ വേണ്ടി കാല് പിടിച്ചും സേവ പിടിച്ചും നടക്കേണ്ട കാര്യമില്ല. ശരിയാണ് സ്വാര്ഥതാല്പര്യമുള്ളവർ അര്ഹതയുള്ളവർക്ക് അംഗീകാരങ്ങൾ കൊടുക്കില്ല. അത്തരം ക്ഷുദ്രജീവികളെ സംഹരിക്കാൻ എല്ലാവരും ഒരുമിച്ച് നിൽക്കണം. കാല് നക്കുന്നവർ ഇല്ലയെന്നറിയുമ്പോൾ. അംഗീകാരങ്ങൾ കൊടുക്കാൻ അതിനു നിയോഗിക്കപ്പെട്ടവർ തയ്യാറാകും. ഒരിക്കലും എം എ കാരുടെ പരീക്ഷ പേപ്പർ പരിശോധിക്കാൻ കിൻഡർഗാർട്ടൻ കാരെ ഏൽപ്പിക്കരുത്.

ആദർശധീരരായി  നിൽക്കണമെന്നുള്ളത് കൊണ്ട് വിവക്ഷിക്കുന്നത് സ്വന്തമായ അഭിപ്രായമുണ്ടാകണമെന്നാണ്. അത് തുറന്നു പറയാൻ ധൈര്യമുണ്ടാകണം. സംഘടനകൾ ഉണ്ടാകാതിരിക്കട്ടെ. സംഘടന മതി. അല്ല, ഞങ്ങൾക്ക് നാട്ടിലെ ജന്മിമാരുടെ മുന്നിൽ അടിയാന്മാരായി നിന്നാലേ വല്ലതും കിട്ടുകയുള്ളു എന്ന് എഴുത്തുകാർ ചിന്തിച്ചാൽ അമേരിക്കൻ മലയാള സാഹിത്യം മുരടിച്ച് പോകും. അങ്ങനെയുള്ളവരെ   ബോധവത്കരിക്കുക.
ശുഭം
**(ഭാഗങ്ങൾ ഒന്നും രണ്ടും വായിക്കാൻ PDF ക്ലിക്ക് ചെയ്യക..നന്ദി)

 
Join WhatsApp News
എ സി ജോർജ്, 2021-07-19 08:16:14
ശ്രീ സുധീർ പണിക്കവീട്ടിൽ എഴുതിയ ഈ ലേഖനത്തിലെ ആശയങ്ങളോട് ഏതാണ്ട് പൂർണമായും ഞാൻ യോജിക്കുന്നു. അമേരിക്കയിലെ ഭാഷാസാഹിത്യ സംഘടനകാരും സാമൂഹ്യ സാംസ്കാരിക സംഘടനകാരും ഒന്നുരണ്ടുവട്ടം മനസ്സിരുത്തി ഈ ലേഖനം വായിക്കുന്നത് വളരെ നല്ലതാണ്. ഇതിൽ പരാമർശന വിധേയരായ സംഘടനക്കാരും എഴുത്തുകാരും എഴുത്തുകാർ എന്ന് സ്വയം നടിക്കുന്നവരും കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ അനവധിയാണ്. അവർക്ക് നാട്ടിലെ എഴുത്തുകാരെയും രാഷ്ട്രീയ നേതാക്കളെയും ചിന്തകരെയും മാത്രം മതി. അവർ പറയുന്നത് എന്തും ഞാൻ സൂചിപ്പിച്ച വർക്ക് വേദവാക്യം.. എന്ത് അറുബോറൻ ആശയങ്ങൾ പറഞ്ഞാലും അവരെ തോളിലേറ്റാൻ ഇവിടെ മലയാളികൾ ഉണ്ട്. അവരിൽ നിന്നൊക്കെ എത്ര അവഗണനയും ചവിട്ടും കൊണ്ടാലും അവരുടെ കാൽ നക്കാൻ ഇവിടെ ആളുകളുണ്ട്. പ്രത്യേകിച്ച് വെർച്ച്വൽ മീറ്റിങ്ങുകളിൽ അവരെ വരുത്തി അവർ പറയുന്ന എന്ത് അബദ്ധവും വിഴുങ്ങാൻ ഇവിടെ ആളുകളുണ്ട്. ആഴ്ചതോറും നാട്ടിൽ നിന്നുള്ള സെലിബ്രിറ്റികളെ വരുത്തി അവരെ ആദരിക്കലും അവരുടെ വിഡ്ഢിത്തം നിറഞ്ഞ ആശംസകൾ ശ്രദ്ധിക്കുന്നത് മാത്രമായി നമ്മൾ തരംതാണ കഴിഞ്ഞു. നമ്മുടെ ഇവിടുത്തെ അവാർഡുകൾ നിശ്ചയിക്കുന്നതും തരുന്നതും അവിടെ ഉള്ളവരാണ്. അല്ലെങ്കിൽ അവിടെ പോയി കാശു കൊടുത്തു അവാർഡ് സംഘടിപ്പിച്ച ഇവിടെ വന്നു വലിയ പബ്ലിസിറ്റി കൊടുത്ത് വമ്പന്മാരായി നടിക്കും. എം എ കാരന് എസ് എൽ സി കാരൻ മാർക്കിടുന്ന മാതിരിയാണ്. നാട്ടിലുള്ളവർക്ക് നാട്ടിലെ സംസ്കാരം മാത്രമേയുള്ളൂ. എന്നാൽ ഇവിടെയുള്ള നമുക്ക്, അമേരിക്കൻ മലയാളികൾക്ക് അ നാട്ടിലെയും ഇവിടുത്തെയും സംസ്കാരവും അറിവും ഉണ്ട്. പിന്നെന്തിന് എല്ലാകാര്യത്തിനും നാട്ടിലുള്ളവരെ കൂടുതൽ ആശ്രയിക്കുന്നു, തലയിൽ എടുത്തു വയ്ക്കുന്നു പൂജിക്കുന്നു. അതിനാൽ നാട്ടിലെ ദിവ്യന്മാർ ഉണ്ട് എന്ന് അറിയുന്ന മീറ്റിങ്ങുകളിൽ ഞാൻ അധികം സംബന്ധിക്കാൻ പോകാറില്ല. പങ്കെടുക്കാൻ കൂടുതൽ ഉത്സാഹം കാണിക്കാറില്ല. ഇവിടെയും ചിലപ്പോഴൊക്കെ ചിലരെയൊക്കെ പൊക്കി തലയിൽ വയ്ക്കുന്നത് കാണാം. കാര്യമായി ഒന്നും എഴുതാത്ത ആളെ പിടിച്ച് വലിയ എഴുത്തുകാരൻ, എഴുത്തുകാരെ കണ്ടുപിടിക്കുന്ന ജഡ്ജിമാർ ആക്കി വയ്ക്കുന്നത് കാണാം. നമ്മൾ ഓർക്കുന്നോ. കേരളത്തിലെ ജനകീയ എഴുത്തുകാരനായ മുട്ടത്തുവർക്കി സാറിനെ. മുറ്റത്തെ വർക്കി എന്നുപറഞ്ഞ് അധിക്ഷേപിച്ചു. എന്നിട്ടു മുട്ടത്തുവർക്കിയുടെ ചെരിപ്പിന് വാറഴിക്കാൻ പോലും യോഗ്യമല്ലാത്ത ചിലരെയൊക്കെ പിടിച്ച് സാഹിത്യ വമ്പന്മാർ ആക്കി അവരുടെ മേൽ അവാർഡുകളുടെ പെരുമഴ വാർഷിച്ചത് . ഞാൻ പറഞ്ഞു വരുന്നത് നിങ്ങൾക്ക് മനസ്സിലായി എന്ന് ഞാൻ വിശ്വസിക്കുന്നു. ഇത്രയൊക്കെ മാത്രമല്ല ശ്രീ സുധീർ സാർ ഇവിടെ എഴുതിയിരിക്കുന്നത്.. നമ്മൾ വായിച്ചു മനസ്സിലാക്കേണ്ട ഒത്തിരി ഒത്തിരി കാര്യങ്ങൾ അദ്ദേഹം ഈ ലേഖനത്തിൽ കവർ ചെയ്തിരിക്കുന്നു. അമേരിക്കൻ മലയാളികളുടെ ഒരു അടിമത്തം, ആത്മധൈര്യം ഇല്ലായ്മ, ഒരുതരം പാപ്പരത്തം അദ്ദേഹം ഒന്നു തുറന്നു വ്യക്തമാക്കിയിരിക്കുന്നു. ശ്രീ സുധീർ പണിക്കവീട്ടിൽ, എന്ന നിർഭയനായ എഴുത്തുകാരനോട് ആർക്കും നീരസം തോന്നേണ്ടതില്ല. അതുപോലെ അദ്ദേഹത്തിൻറെ ഈ ആശയങ്ങളെ പിന്താങ്ങുന്ന ഈ എളിയവനോടും വിഷമം തോന്നേണ്ടതില്ല. ഉള്ളത് പറയുമ്പോൾ തുള്ളേണ്ടതും ഇല്ല.. ശ്രീമാൻ സുധീർ സാർ നല്ല മൂർച്ചയുള്ള അങ്ങയുടെ തൂലിക ഇനിയും ശക്തമായി ചലിക്കട്ടെ അഭിനന്ദനങ്ങൾ.
Easow Mathew 2021-07-19 14:16:33
Congratulations to Sri Sudhir Panickaveettil for a very informative article.
ജോണ്‍ വേറ്റം 2021-07-19 14:25:34
അര്‍ത്ഥമുള്ളആശയം വ്യക്തമാക്കിഅവതരിപ്പിച്ചു!
വളയാത്ത മലയാളി 2021-07-19 15:05:54
ഉള്ളത് പറഞ്ഞാൽ ഉലക്കയും വളയും എന്നാലും വളയാത്ത മലയാളി കേട്ടില്ല കണ്ടില്ല എന്ന് നടിച്ചു വലഞ്ഞു നടക്കും. താങ്ക്സ് ശ്രീ. സുധീർ. വെൽ റിട്ടൺ കമൻറ്ററി & അനാലിസിസ് - ചാണക്യൻ
JOSEPH ABRAHAM 2021-07-19 15:26:42
വളരെ നന്നായി പറഞ്ഞു ഒപ്പം അമേരിക്കൻ സാഹിത്യ ചരിത്രവും. അഭിനന്ദനങ്ങൾ
Varghese Abraham Denver 2021-07-20 00:07:53
Well said Sir.
jose cheripuram 2021-07-20 01:16:37
An overview of facts which many a time crossed my mind , there are better written stories , articles by malayalee writers in America. Is this happening because American writers has no masters in Malayalam ? I would like know what is the scale by which you compare American Malayalee writers to writers in Kerala? At least Mr,Sudhir had the courage to spill out some facts . Thank you well done.
വിദ്യാധരൻ 2021-07-20 04:04:25
ജീവിതഗന്ധിയായ സാഹിത്യം എന്നും മലയാളഭാഷയ്ക്ക് ഒരു മുതൽക്കൂട്ടായിരിക്കും. അമേരിക്കയിൽ കുടിയേറിവർക്ക് ധാരാളം ജീവിതഗന്ധിയായ കഥകൾ പറയാൻ കഴിയും - പക്ഷെ അവർ പറയില്ല. അമേരിക്കൻ സ്വപ്നങ്ങൾ സാക്ഷാൽക്കരിച്ചവരുടെ ജീവിത കഥകൾ ആത്മാർത്ഥത നിറഞ്ഞതാണ് അത് പറയുന്നതിന് അവർക്ക് മടിയുമില്ല . എന്നാൽ അമേരിക്കൻ മലയാളി കഥ പറയുമ്പോൾ , അവൻ തുടങ്ങുന്നത് 'എന്റെ ഉപ്പാപ്പക്കൊരു ആനയുണ്ടായിരുന്നു എന്ന് പറഞ്ഞാണ് ' പിന്നത്തെ കഥ ഞാൻ പറയാതെ തന്നെ അറിയാമല്ലോ . ജീവനില്ലാത്ത കഥയുമായി അവൻ പിന്നെ ഓടുകയാണ് -കേരളത്തിലേക്ക് . അവിടെ പോയി നാട്ടുകാരുടെ സ്വീകരണം, തിരുവനന്തപുരത്തു സമ്മേളനം. പിന്നെ അവാർഡുകളുടെ പ്രളയം . അവന്റെ ജീവിതം അവസാനിക്കുന്നതോടെ അവന്റെ 'കഥയും ' തീരും . ശുദ്ധ സാഹിത്യത്തെ അമേരിക്കൻ മലയാള സാഹിത്യമെന്നോ , കേരള സാഹിത്യമെന്നോ വേർതിർക്കേണ്ട ആവശ്യമില്ല . അതിന് അവാർഡുകളുടെ പിൻബലമില്ലാതെ അതിർത്തി വരമ്പുകൾ താണ്ടി എഴുത്തുകാരന്റെ കാലശേഷവും നില നിൽക്കും . അമേരിക്കയിൽ വായനക്കാരെക്കാളും എഴുത്തുകാരാണ് കൂടുതലെന്നു ഈ ലേഖകൻ എഴുതി കണ്ടിട്ടുണ്ട് . അതും വായിക്കാതെ എഴുതുന്നത് മറ്റുള്ളവർ വായിക്കണം എന്ന് പറയുന്നതം ശരിയല്ല . കേരളത്തിലെ സാഹിത്യകാരന്മാരെ നോക്കി സാഹിത്യ സൃഷ്ടികൾ ഉണ്ടാക്കിയാൽ അതെന്തായി തീരുമെന്ന് ഊഹിക്കാവുന്നതേയുള്ളു . 'നിഷ്ക്കാമ കർമ്മ' . പ്രതിഫലേച്ഛ കൂടാതെ എഴുതുക. നല്ലൊരു ലേഖനം വായിക്കാൻ കഴിഞ്ഞതിൽ സന്തോഷം . ലേഖകന് അഭിനന്ദനം
കോരസൺ 2021-07-22 01:18:46
ശ്രീ .സുധിർ സാർ ശക്തമായ ഭാഷയിൽ ഇവിടെ കുറിച്ച വരികൾക്ക് സത്യത്തിന്റെ തിളക്കമുണ്ട്. അമേരിക്കൻ മലയാള സാഹിത്യം എന്ന സാഹിത്യ കൈവഴി നാട്ടിലെ സാഹിത്യകാരന്മാർ അംഗീകരിക്കില്ല. ഒളശ്ശ സാഹിത്യം കുമരകം സാഹിത്യം അങ്ങനെയൊന്നും മലയാള സാഹിത്യത്തെ വേർതിരിക്കാനാവില്ല എന്ന് പറയുന്നത് ഒട്ടകപക്ഷി തല മണ്ണിൽ പൂഴ്ത്തിവയ്‌ക്കുന്നതിനു തുല്യമാണ്. അമേരിക്കയിൽ വേരോടുന്ന മലയാള സാഹിത്യത്തിന് മറ്റൊരു താളമുണ്ട് തലമുണ്ട് എന്ന് അംഗീകരിക്കാനും മനസ്സിലാക്കാനും വിമുഖത കാട്ടുന്നതിൽ സുധീർസാർ ചൂണ്ടിക്കാട്ടിയപോലെ ചില തല്പര കക്ഷികളുടെ താല്പര്യങ്ങൾഉണ്ട്. അമേരിക്കയിലെ മലയാള സാഹിത്യകാരന്മാർ പരസ്പരം പൊതുവേ അംഗീകരിക്കാൻ തയ്യാറാകുമ്പോഴും അതൊക്കെ ആരുടെ ക്യാമ്പിൽ പെട്ടവർ ആണെന്ന് നോക്കിയാണ് ചെയ്യുന്നത്. നാട്ടിലെ അല്പത്തരം വിളമ്പുന്ന സാഹിത്യനായകരെ എഴുനെള്ളിച്ചു അവരോടൊപ്പം നിന്നു പുളകിതരാകുന്ന അമേരിക്കൻ മലയാള സാഹിത്യകാരന്മാർക്കു ഈ എഴുത്തു ഒരു തിരുത്തലാകട്ടെ എന്ന് ആശിക്കുന്നു. - കോരസൺ .
Sudhir Panikkaveetil 2021-07-22 18:54:03
ലേഖനത്തിന്റെ ഉദേശശുദ്ധി മനസ്സിലാക്കി പ്രതികരിച്ച എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി. നാട്ടിലെ എഴുത്തുകാരിൽ നിന്നും സാഹിത്യം പഠിക്കാനാണ് അവരെ കൊണ്ടുവരുന്നത് എന്ന് ചിലർ ഉയർത്തുന്ന ന്യായം ലജ്ജാകരം. നൈസർഗ്ഗികമായ സർഗ്ഗശക്തി ഉള്ള എഴുത്തുകാരന് അവന്റെ വായനയിലൂടെ അറിവ് നേടാം. അവനവൻ എഴുതിയത് മാത്രമേ വായിക്കു, വായിച്ചാൽ തന്നെ അത് നാട്ടിലുള്ളവരുടെ മാത്രം എന്ന് വാശിയുള്ളവർക്ക് നാട്ടിലെ എഴുത്തുകാരുടെ വായിൽ നിന്നും വീഴുന്നത് നോക്കിയിരിക്കേണ്ട ഗതികേട് വരുന്നത് സ്വാഭാവികം. അമേരിക്കൻ മലയാളി എഴുത്തുകാർ നാട്ടിലുള്ള എഴുത്തുകാരെ ചാരി നിൽക്കാതെ സ്വയം നിൽക്കണം. ഇവിടെയുള്ള എഴുത്തുകാരുടെ രചനകൾ തന്നെ ധാരാളം ചർച്ച ചെയ്യാനുണ്ടല്ലോ. അത് കഴിഞ്ഞിട്ട് പോരെ നാട്ടിലെ ഏമാന്മാരെ വന്ദിക്കാൻ പോകുന്നത്. ഇവിടെയുള്ള എഴുത്തുകാരുടെ രചനകളെക്കുറിച്ചുള്ള നിരൂപണങ്ങൾ അതെഴുതുന്ന വ്യക്തിയോടുള്ള അസൂയ മൂലം ഇവിടെ നിരൂപണമില്ലെന്നു ഒരാൾ പറയുമ്പോൾ അയാളുടെ മുന്നിൽ വാക്കൈ പൊത്തിനിൽക്കാതെ എല്ലാവരും നിസ്വാർത്ഥമായി എഴുത്തുകാരുടെ രചനകളെക്കുറിച്ച് ചർച്ചകൾ തുടരണം.അപ്പോഴാണ് അമേരിക്കൻ മലയാള സാഹിത്യം വളരുക. ഇപ്പോൾ മറ്റു പലരും നിരൂപണങ്ങൾ എഴുതുന്നുണ്ടല്ലോ. അപ്പോൾ പ്രസ്തുത വ്യക്തിയെ വിട്ട് അവരുടെ നിരൂപണങ്ങൾ ഏറ്റെടുത്ത് എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാമല്ലോ. കുറച്ച് എഴുത്തുകാരെങ്കിലും സത്യം മനസ്സിലാക്കി സ്വാതന്ത്രരാകുമെന്നു പ്രതീക്ഷിക്കുന്നു. സത്യം തുറന്നു പറയുമ്പോൾ ചൊറിഞ്ഞു, മാന്തിയെന്നൊക്കെ എഴുതി സ്വയം അപഹാസ്യരാകാതിരിക്കാനും ശ്രമിക്കണം. ഒരിക്കൽ കൂടി എല്ലാവര്ക്കും നന്ദി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക