Image

മാലിക്കിനായി മുതല്‍ മുടക്ക് 27 കോടി ; ആമസോണ്‍പ്രൈം നല്‍കിയത് 22 കോടി: മഹേഷ് നാരായണന്‍

Published on 18 July, 2021
മാലിക്കിനായി മുതല്‍ മുടക്ക്  27 കോടി ; ആമസോണ്‍പ്രൈം നല്‍കിയത് 22 കോടി:  മഹേഷ് നാരായണന്‍
ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ജൂലൈ 15നാണ് മാലിക് ഒടിടി റിലീസായി ആമസോണ്‍ പ്രൈമിലൂടെ പ്രേക്ഷകരിലേക്ക് എത്തിയത്. തിയേറ്ററില്‍ റിലീസ് ചെയ്യാനായിരുന്നു അണിയറപ്രവര്‍ത്തകരുടെ ആദ്യ തീരുമാനമെങ്കിലും കോവിഡും ലോക്ക്ഡൗണും പിടിമുറുക്കിയതോടെ ചിത്രം ഒടിടിയിലേക്ക് മാറ്റുകയായിരുന്നു.

27 കോടി മുതല്‍ മുടക്കുളള ചിത്രം ഒടിടി റിലീസിലൂടെ ലാഭമുണ്ടാക്കുമോ എന്ന ആശങ്ക ആരാധകര്‍ക്കിടയില്‍ നിലനിന്നെങ്കിലും എത്ര രൂപയ്ക്കാണ് ചിത്രം ഒടിടിയില്‍ വിറ്റുപോയതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ മഹേഷ് നാരായണന്‍. 22 കോടി രൂപയാണ് ഒടിടി റിലീസിലൂടെ നിര്‍മ്മാതാവിന്റെ കൈയ്യിലെത്തിയതെന്ന് മഹേഷ് പറയുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ടേക് ഓഫ്, സി യൂ സൂണ്‍ എന്നീ സിനിമകളുടെ സംവിധായകന്‍ മഹേഷ് നാരായണന്റെ മൂന്നാം സംവിധാന സംരംഭമായിരുന്നു മാലിക്. സിനിമയുടെ രചനയും സംവിധാനവും എഡിറ്റും മഹേഷ് നാരായണനാണ് നിര്‍വഹിച്ചിരിക്കുന്നത്. അന്‍പതു കഴിഞ്ഞ സുലൈമാന്‍ എന്ന കഥാപാത്രമായാണ് ഫഹദ് ചിത്രത്തില്‍ വേഷമിടുന്നത്.

 തീരദേശജനതയുടെ നായകനായാണ് ഫഹദ് ചിത്രത്തില്‍ അഭിനയിക്കുന്നത്. സുലൈമാന്റെ ഇരുപതു വയസുമുതല്‍ അന്‍പത്തിയഞ്ചു വയസ്സുവരെയുള്ള കാലഘട്ടം സിനിമയില്‍ കാണിക്കുന്നുണ്ട്. 20 കിലോയോളം ഭാരം കുറച്ച്‌ ഫഹദ് പ്രേക്ഷകരെ ഞെട്ടിച്ചു.

ഫഹദ് ഫാസിലിനെ കൂടാതെ നിമിഷ സജയന്‍, ജോജു ജോര്‍ജ്, മാല പാര്‍വതി, ദിലീഷ് പോത്തന്‍ തുടങ്ങി നീണ്ട താരനിരയും ചിത്രത്തിലുണ്ട്. മുപ്പത് കോടി രൂപ മുതല്‍മുടക്കില്‍ ആന്റോ ജോസഫ് ഫിലിം കമ്ബനി നിര്‍മിക്കുന്ന മാലിക് ഫഹദിന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന മുതല്‍മുടക്കിലൊരുങ്ങുന്ന ചിത്രമാണ് 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക