Image

ഹൃദയ പാഥേയം (മൃദുമൊഴി 17: മൃദുല രാമചന്ദ്രൻ)

Published on 18 July, 2021
ഹൃദയ പാഥേയം (മൃദുമൊഴി 17: മൃദുല രാമചന്ദ്രൻ)
നെൽകൃഷി കാലങ്ങളിൽ ഏറ്റവും ഭംഗിയുള്ള കാലമാണ് ഞാറു പറിച്ചു നടുന്നകാലം.പ്രത്യേകം ഒരുക്കിയെടുത്ത സ്ഥലത്ത് വിത്തു പാകി ആദ്യം ഞാറു മുളപ്പിക്കണം.അത് അൽപ്പം വളർന്ന് നല്ല കരിംപച്ച നിറമാകുമ്പോൾ പറിച്ചുനടണം. കൂട്ടമായി വളർന്നു നിൽക്കുമ്പോൾ കടുംപച്ചയായി തോന്നുന്ന ഞാറ്,പറിച്ചു പകുത്തു നുരിയായി നടുമ്പോൾ കിളിപച്ച നിറമാകും.ഞാറ് നട്ട് നിറഞ്ഞപാടം കാണാൻ വല്ലാത്തൊരു ചന്തമാണ്.ഈ പണിയൊക്കെ മഴക്കാലത്ത് ആണ് ഉണ്ടാകുക.
മഴ ചാറിയും, കൂടിയും, ചാഞ്ഞും, ചരിഞ്ഞും കാര്യസ്‌ഥിയായി എപ്പോഴും പാടത്ത് ഉണ്ടാകും.രാവിലെ ചേച്ചിമാർ പണിക്ക് ഇറങ്ങാൻ വരുമ്പോൾ ഇടാൻ ഒരു പഴയഷർട്ടും, മഴ നനയാതെ ഇരിക്കാൻ പ്ളാസ്റ്റിക് കൊണ്ട് ഉണ്ടാക്കിയ, തലയും, ഉടലും മൂടുന്ന നീളത്തിലുള്ള ഒരു 'ഉറ' യും,നീണ്ട ഒരു തൂക്കു പാത്രത്തിൽകഞ്ഞിയും കൊണ്ടുവരും.പത്ത്, പത്തരയോടെ കഞ്ഞി കുടിക്കാൻ കേറും.നനഞ്ഞു
പതുത്ത പുല്ല് മൂടിയ പാടവരമ്പിൽ ആണ് ഇരിക്കുക.മുകളിൽ മഴനൂല് നിറയുന്നആകാശം, ചുറ്റിലും മണ്ണിന്റെയും, ജലത്തിന്റെയും ഗന്ധം. പാത്രത്തിൽ ,പോരുമ്പോൾ അടുപ്പത്ത് നിന്ന് കോരിയിട്ട ചൂട് കഞ്ഞി, മുകളിൽ പാളയം കോടൻകായയോ, കൊപ്പക്കായയോ, ചീരയോ, വാഴക്കല്ലയോ ഉപ്പേരി കാച്ചിയത്, തിടുക്കത്തിൽ ഉണ്ടാക്കിയ  ഒരു പുളി തിരുമ്പിയത്, ചിലപ്പോ ഗമക്ക് ഒരു
കൊണ്ടാട്ടം മുളക്, അത് ഒരു കുഞ്ഞു വാഴയിലക്കീറിൽ ആകും വച്ചിട്ടുണ്ടാകുക.കഴിച്ചു കഴിഞ്ഞാൽ അപ്പുറത്തുള്ള തോട്ടിൽ പോയി കയ്യും, വായും, പാത്രവും കഴുകും, പാത്രം വലിയ വരമ്പത്ത് കമിഴ്ത്തി വയ്ക്കും.ഞാൻകഴിച്ചതിൽ വച്ച് ഏറ്റവും രുചിയുള്ള ആഹാരം ഈ കഞ്ഞിയാണ്.മഴ നീലച്ച ആകാശത്തിന്റെ, പച്ച നിറയുന്ന വയലിന്റെ രുചിയോർമയാണ് ഇത്...

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഒരു വർഷത്തെ ബി.എഡ് കോഴ്‌സ് ആറു മാസംവീതമുള്ള രണ്ട് സെമസ്റ്റർ ആക്കി മുറിച്ചു പഠിപ്പിച്ച ഒരേ ഒരു വർഷത്തിൽആണ് ഞാൻ ബി.എഡ് ചെയ്തത്.ആദ്യ സെമസ്റ്ററിൽ മൂന്ന് ദിവസം ഉള്ള സഹവാസ ക്യാമ്പ് ഉണ്ടായിരുന്നു. കോളേജിൽ തന്നെ താമസവും, ഭക്ഷണവും ഒക്കെ.ആദ്യത്തെ ദിവസം രാത്രി കഴിക്കാൻ കൊണ്ട് വന്നത് ചോറ്‌ ആണ്.കഴിച്ചിട്ട് ബാക്കി വന്ന
ചോറും, മാങ്ങാക്കറിയും,കാളനും, പപ്പടത്തിന്റെ പൊട്ടും പൊടിയും ഒക്കെ ഭദ്രമായി അടച്ചു ക്‌ളാസ് റൂമിൽ തന്നെ വച്ചു.രാവിലെ പ്രാതൽ കൊണ്ടു വന്ന പാത്രങ്ങൾ തിരികെ കൊണ്ടു പോകുമ്പോഴേ ഇതും തിരിച്ചു കൊണ്ടു പോകൂ.രാവിലെ വെള്ളേപ്പവും സ്റ്റൂവും ആയിരുന്നു. പാത്രവും കൊണ്ട് അപ്പം തിന്നാൻ എത്തിയ ആരുടെ കണ്ണിലാണ് അടച്ചു വച്ച ചോറും, കൂട്ടാനും പെട്ടത് എന്ന് അറിയില്ല.വെള്ളം ഒഴിച്ചിട്ട ചോറ്‌ ഊറ്റി എടുത്ത്, അതിന്റെ മുകളിൽ കുരു കുരാ അരിഞ്ഞു, മുളകിട്ടു ചോപ്പിച്ച എണ്ണയൂറുന്ന മാങ്ങാകറിയും,പുളിയുള്ള കാളനും ,പൊട്ടിയ പപ്പട തുണ്ടുകളും കൂട്ടി ആദ്യം ആരാണ് കഴിച്ചു തുടങ്ങിയത്
ആവോ! "വെള്ളച്ചോറോ? ഞാനോ?" എന്നൊക്കെ ആദ്യം ജാട കാണിച്ചവർ കൂടി കഞ്ഞിക്കലം തുടച്ചു വറ്റിക്കുന്നത് ആണ് പിന്നീട് കണ്ടത്.മഞ്ഞു നീങ്ങി , പുലരി വെളിച്ചം പടർന്ന് പൊഴിയുന്ന ആ സ്‌കൂൾ വരാന്തയിൽ ഇരുന്ന് കഴിച്ച ആ സവിശേഷ പ്രാതലിന്റെ  രുചി സൗഹൃദം ആയിരുന്നു.

ഡിഗ്രി അവസാന വർഷത്തെ , കുടക്-ബാംഗ്ലൂർ കോളേജ് ടൂർ എന്റെ ജീവിതത്തിൽ അനവധി ആദ്യങ്ങളെ സമ്മാനിച്ച യാത്രയാണ്.ആദ്യത്തെ ഒരു രാത്രി നീണ്ട ബസ്യാത്ര, വീട്ടുകാരില്ലാത്ത ആദ്യ ഹോട്ടൽ താമസം അങ്ങനെ ഒരുപാട് ആദ്യങ്ങൾ ഉണ്ടായിരുന്നു അതിൽ.വൈകുന്നേരം ആണ് ഞങ്ങൾ കോളേജിൽ നിന്ന് പുറപ്പെട്ടത്.അന്നത്തെക്കുള്ള അത്താഴം എല്ലാവരും കയ്യിൽ കരുതിയിരിക്കുകയായിരുന്നു.കുറച്ചു ദൂരം ചെന്ന്, ഒരു പെട്രോൾ പമ്പിന്റെ അടുത്തുള്ള ഒരു ഒഴിഞ്ഞ സ്ഥലത്ത് ന്യൂസ് പേപ്പർ വിരിച്ചു വട്ടത്തിൽ ഇരുന്ന് ആണ് കഴിച്ചത്.ചോറ്‌, പുലാവ്, ചപ്പാത്തി, ഒറട്ടി..കുറെ കൈ പകർന്ന്, പകർന്ന് വന്ന് ആരുടെയൊക്കെയോ പൊതികളിൽ നിന്ന് സ്വാതന്ത്ര്യത്തോടെ എടുത്തു രുചിച്ച ആഹാരം.ലോകത്തിലെ ഏറ്റവും ആഹ്ലാദവതികൾ
ആയ കുറച്ചു പെണ്കുട്ടികളെ സാകൂതം നോക്കി കൊണ്ട് ചന്ദ്രൻ ഉദിച്ചുയരുന്നുണ്ടായിരുന്നു.പിന്നെ ഇന്ത്യയുടെ ഉദ്യാനനഗരത്തിൽ എത്തിയ പുലർച്ചയോളം ഏറെ നേരം, ദൂരം ഞങ്ങളുടെ കൂടെ വരികയും ചെയ്തു ശൃംഗാര ചന്ദ്രൻ.

ആ ചെറിയ ഓടിട്ട വീടിനെ മൂടി പൊതിഞ്ഞ് ഇട മുറിയാത്ത മഴയായിരുന്നു.അടുക്കളയിൽ തേച്ചു മിനുക്കിയ ഒരു ഓട്ടു വിളക്കും, ഒരു കുപ്പി വിളക്കും കത്തിച്ചു വച്ചിട്ടുണ്ട്. മണ്ണെണ്ണ വിളക്ക് കത്തുമ്പോൾ
ഉള്ള മണം അടുക്കളയിൽ നിറച്ചുണ്ട്.പലമുട്ടിയിൽ ആണ് ഇരിപ്പ്.മാമമ്മയും, അച്ചാച്ചയും കൂടെയുണ്ട്.ഒരു കുഴികിണ്ണത്തിൽ ചൂടുള്ള ചോറ്‌ പരത്തിയിട്ടിട്ടുണ്ട്, ചുവന്ന നിറമുള്ള ഉള്ളി ചമ്മന്തി, മുതിര ചാറ്,
അപ്പോൾ കനൽ ഇളക്കി ചുട്ട പപ്പടം...ഓർമയുടെ ഏതോ ഒരു തുമ്പിൽ ഈ അത്താഴത്തിന്റെ ഓർമ തിളങ്ങി നിൽക്കുന്നുണ്ട്.അന്ന് ആ അടുക്കളയിൽ അതീവ വിശുദ്ധമായ എന്തോ ഒന്ന് ഉണ്ടായിരുന്നു, അത് സ്നേഹമല്ലാതെ മറ്റ് എന്താകാൻ ?

ഞാൻ ജീവിതത്തിൽ ഇന്നോളം കഴിച്ച ഏറ്റവും രുചിയുള്ള ആഹാരത്തെ പറ്റിയാണ് എഴുതിയത്.ഭക്ഷണം ഒരിക്കലും  അതിന്റെ രുചി മാത്രമല്ല. അത് അതിനെ ചുറ്റി നിൽക്കുന്ന മനുഷ്യരെയും, കാലത്തെയും, വികാരങ്ങളെയും പറ്റിയുള്ള തീവ്രമായ ഓർമകൾ കൂടിയാണ്. ഹൃദയത്തിന്റെ വിശപ്പ് കൂടി ശമിപ്പിച്ച രുചികൾ ആണ് ഓർമകൾ ആയി ചിരംജീവികൾ ആകുന്നത്.


ഹൃദയ പാഥേയം (മൃദുമൊഴി 17: മൃദുല രാമചന്ദ്രൻ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക