America

പായസത്തുള്ളികളും ചുട്ടുപഴുത്ത ലോഹപ്പാത്രവും*  (ശ്രീകുമാർ എഴുത്താണി, കഥാമത്സരം -140)

Published

on

ഒട്ടും ശബ്ദമുണ്ടാക്കാതെയാണ് ലീല കടന്നുവന്നതെങ്കിലും, ചട്ടുകത്തിലുള്ള പിടി ഒന്നയച്ച് മദനൻ പിന്തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് അവളെയാണ്.
ഉഷ്ണവും ചൂടും കൊണ്ട് അവളാകെ വിയർപ്പിൽ കുളിച്ചിരുന്നു. ഇരുട്ടിലൂടെയോ കാട്ടിലൂടെയോ ഏറെ നടന്നു വന്നതുപോലെ ഒരു പരിഭ്രമവും അവളിൽ അയാൾ കണ്ടു.

ഷർട്ടാണ് ഇട്ടിരിക്കുന്നത്. കണങ്കാലിന് മേൽ വെച്ച് ലുങ്കിയുമുടുത്തിട്ടുണ്ട്. ഇളം കറുപ്പ് നിറമുള്ള കാലിലെ  വെള്ളിപ്പാദസരങ്ങൾ പശിമയുള്ള മണ്ണിലൂടെ പതഞ്ഞൊഴുകുന്ന തെളിനീർച്ചോല പോലെ അഴകിൽ തെളിഞ്ഞു കാണാം.

പകൽനേരത്തെ തൊഴിലുറപ്പിനു പോകുമ്പോഴും ഇവളെ ഇതുപോലെ വിയർപ്പിൽ കുളിച്ച് കണ്ടിട്ടുണ്ട്. അപ്പോൾ മുഖമൊക്കെ വെയില് കൊണ്ട് കരിവാളിച്ചിട്ടുണ്ടാവും. ഇപ്പോൾ അങ്ങനെയല്ല.

ലീല മദനനെയും ശ്രദ്ധിച്ചു. വിറകടുപ്പിൽ നിന്നുയരുന്ന തീയും പുകയും കാരണം അയാളുടെ കണ്ണുകൾ ഒരു കാട്ടാളന്റേതുപോലെ ചുവന്നിരിക്കുന്നു. എപ്പോഴും കാണാറുള്ള ശാന്തഭാവം ഇപ്പോൾ ആ മുഖത്ത് കാണാനില്ല.

"അണ്ണനെ ഇവിടെ ഏൽപ്പിച്ചിട്ട് എല്ലാരും മുങ്ങിയോ?" അവൾ ചുറ്റും നോക്കിക്കൊണ്ടു ചോദിച്ചു.

"ആ, അവന്മാരൊക്കെ കെടന്ന് ഒറക്കമായി. എനിക്കങ്ങനങ്ങ് പോകാനൊക്കുമോ? പായസമായോണ്ട് ഞാൻ വൈകിട്ട് കുളിയൊക്കെ കഴിഞ്ഞ് ഒന്ന് കെടന്നൊറങ്ങി. നീയും വേണേ ആ ബെഞ്ചേലോട്ട് കെടന്നോ. പേടിക്കേണ്ട. ഞാനില്ലേ ഇവിടെ?"

"ഓ. അതാ എന്റെ പേടി," എന്ന് പറഞ്ഞുകൊണ്ട് അവൾ  ഒരു സ്‌കൂൾകുട്ടിയെപ്പോലെ ഒതുങ്ങിക്കൂടി ആ ബെഞ്ചിലിരുന്നു. പിന്നെ കടക്കണ്ണിട്ട്  അയാളെ ഒന്ന് നോക്കി. തന്നെ ശ്രദ്ധിക്കുന്നില്ല എന്ന് കണ്ട് അവൾ അയാളുടെ ശ്രദ്ധ പിടിച്ചുപറ്റാനെന്നോണം പൊട്ടിച്ചിരിച്ചു.

മദനൻ തിരിഞ്ഞു നോക്കി. കൈക്കുമ്പിളിലെടുത്ത കുടിനീർ തുളുമ്പുന്ന പോലെ തീരെ പതിഞ്ഞ ശബ്ദത്തിലാണെങ്കിലും  കേൾക്കാനിമ്പമുള്ള ചിരി. അയാളുടെ  ഉള്ളിൽ അത് ചെറുതായെങ്കിലും പൂക്കൾ വിതറി
"ഞാൻ ഇവിടെയുണ്ടെന്നെങ്ങിനെ അറിഞ്ഞു?" അയാൾ  ചോദിച്ചു

"മാധവി പറഞ്ഞു, അണ്ണൻ പായസത്തിന്റെ പണിയിലായിരിക്കുമെന്ന്. പിന്നെ ഇതിലേ പോയപ്പോ നല്ല മണവും വന്നു." അവൾ മൂക്ക് വിടർത്തി വീണ്ടും ആ മണം ആസ്വദിച്ചു.

"എന്നിട്ട് അവളെന്തിയേ, മാധവി?"
"അവൾക്ക് നല്ല  ഒറക്കക്ഷീണം. അപ്പുറത്തെ ഷെഡിൽ കെടന്ന് ഒറക്കമായിക്കാണും. എനിക്കൊറക്കം വരുന്നില്ല. ഞാനിവിടിരിക്കാം, അണ്ണന്റെ ജോലി നടക്കട്ട്."

"ഒറങ്ങുന്നില്ലേൽ വെറുതെ അവിടെ കുത്തിയിരിക്കാതെ ഇത് വന്നൊന്ന് ഇളക്ക്."  തിരിഞ്ഞ് അവളെ നോക്കാതെ അയാൾ പറഞ്ഞു.

അത് കേൾക്കാത്ത താമസം അവൾ ബെഞ്ചിൽ നിന്നും പിടഞ്ഞെണീറ്റ് ഷർട്ടിന്റെ കയ്യൊക്കെ തെറുത്ത് കയറ്റി അയാളുടെ കയ്യിൽ നിന്നും ചട്ടുകം വാങ്ങി ഉരുളിയിലെ പായസത്തിൽ താഴ്ത്തി. 

ഉടഞ്ഞുപോയ ചേങ്ങിലയുടെ അപശബ്ദത്തോടെ ചട്ടുകം പായസം നിറഞ്ഞ ഉരുളിയുടെ അടിയിൽ ചെന്ന് മുട്ടി. അത് പാടില്ലെന്ന് ആരോ തന്നോട് പറയുന്നത് പോലെ അവൾക്ക് തോന്നി. പക്ഷെ ഈ ചട്ടുകത്തിന് എന്തൊരു ഭാരം. ഒരു ഇരുമ്പ് പാരയുടെ ഇരട്ടി വരും 

മദനൻ തോളിലെ തോർത്തെടുത്ത് മുഖം തുടച്ചു. പിന്നെ അതിന്റെ തന്നെ അറ്റം രണ്ടു കയ്യിലുമായി പിടിച്ച് കറക്കി സ്വയം ഒന്ന് വീശി. ആ കാറ്റ് അയാളുടെ ഉഛ്വാസ വായുവിനോടൊപ്പം അവളുടെ മുതുകിൽ തൊട്ടു കടന്നുപോയി.  

 ഈറൻ കാറ്റു വീശിയതുപോലെ അവൾ കുളിർചൂടി.

"ബാലേ! സദ്ഗുണലോലേ, മംഗലശീലശാലിനി, കേൾ നീ.
പ്രാലേയരുചിമുഖി, ദമയന്തി, മാലകൊണ്ടൊരുവനെ വരിച്ചീടു നീ."

സ്‌കൂളിന്റെ മറുവശത്തുനിന്ന് മൈക്കിലൂടെ ചെണ്ടയുടെയും ചേങ്ങിലയുടെയും അകമ്പടിയോടെ നളചരിതത്തിലെ  വരികൾ വീണ്ടും മുഴങ്ങിത്തുടങ്ങി.

ലീല പുറത്തേയ്ക്ക് നോക്കി. കൂരിരുട്ടിൽ നിറയെ പൂത്ത്നിൽക്കുന്ന ഒരു ചെമ്പകമരത്തിനും അപ്പുറത്തതാണ് കഥകളിപ്പദത്തിന്റെ വേദി. പല്ലനയിൽ ആദ്യമായാണ് ജില്ലാതല സ്‌കൂൾ യുവജനോത്സവം നടക്കുന്നത്.

"ഓ, തൊടങ്ങിയോ കഥകളി! പാവം, ആ കുട്ടികള് രാവിലെ മുതല് ചുട്ടീം കുത്തി ഇരിക്കുവാ." അയാൾ ഇരുളിലേയ്ക്ക് നോക്കി പറഞ്ഞു.
"ഓ എവിടുന്ന് ! ഇതതിന്റെ പാട്ടു മാത്രമാ. ഹൈദരാലി വേദിയില്. എന്തോന്നാ ആ പാട്ടിന്റെ പേര്?" അവൾ തല ചൊറിഞ്ഞു.

"കഥകളിപ്പദം." മദനൻ എന്തോ ഓർത്തിട്ടെന്നപോലെ ചിരിച്ചു.
"ങാ അതുതന്നെ. ഞാനതിന്റെ പേര് എപ്പഴും മറന്നുപോകും.  അണ്ണാ, വേറെ ദേഹണ്ഡക്കാരുടെ ഐറ്റമൊക്കെ കഴിഞ്ഞോ? അണ്ണന്  ഈ പായസം മാത്രമേ ഒള്ളോ?"

"പിന്നല്ലാതെ! ലീല അന്തർജ്ജനത്തിന് പാത്രം മോറൽ തന്നല്യേ, ഇപ്പളും! ഉവ്വോ?" അയാൾ മിമിക്രി കാണിക്കും പോലെ ചോദിക്കുന്നു.

കളിയാക്കിയതാണെങ്കിലും ലീലയ്ക്കും ചിരി വന്നു.

"പിന്നെ, ഞാനിപ്പോ വിറകും കൊറേ കീറി." അത് പറഞ്ഞു കഴിഞ്ഞതും അടി വാങ്ങാൻ വടി കൊടുത്തതാണെന്ന് അവൾക്ക് തോന്നി.  പാചകം പോലെ, ചിരിപ്പിക്കുന്നതിലും അയാൾ മിടുക്കനെങ്കിലും കലി കയറിയും അയാളെ അവൾ കണ്ടിട്ടുണ്ട്.

"ഓ പ്രോമോഷം ഒക്കെ ആയോ. എന്നാ ഇങ്ങനെ ഇളക്കിയാ പോരാ, കേട്ടോ. ചട്ടുകം ഉരുളിയേടെ അടിയിൽ മുട്ടാതെ ഇളക്കണം. നാളെ പായസത്തി ഓട് ചെവച്ചാ അന്തർജ്ജനം വെറകു കീറിയതിന്റെ കൊറവാന്നല്ല,  ദേഹണ്ഡക്കാരന്റെ  കൊഴപ്പമാണെന്നേ വരൂ."

"എന്നാ, തന്നെ ഇങ്ങോട്ടു വന്ന് എളക്കിക്കൊ. ഹോ, നടുവൊടിഞ്ഞ്. " അതും പറഞ്ഞ് അവൾ പിൻവാങ്ങി.
മദനൻ അവളുടെ കയ്യിൽ നിന്നും ചട്ടുകം വാങ്ങി തിളച്ചു കൊണ്ടിരുന്ന പാൽപായസത്തിലിട്ട് മെല്ലെ ഇളക്കാൻ തുടങ്ങി. അയാളുടെ കയ്യിലും തോളിലും പേശികൾ ഉയർന്നു താഴുന്നത് അവൾ കൊതിയോടെ നോക്കി നിന്നു.

"സ്വപ്നം കാണാതെ അങ്ങോട്ട് മാറി നിക്ക്. ഇതിലെങ്ങാണം ഒറങ്ങി വീണാ നാളെ ഉച്ചയ്ക്ക് കുട്ടികൾക്ക് വിളമ്പാനുള്ളതാ."

അവൻ അവളെ തള്ളി മാറ്റി. അവൾ വീഴാൻ തുടങ്ങി. വിയർപ്പിൽ നനഞ്ഞ അവന്റെ മുതുകിൽ അവൾ ഒരടിയും കൊടുത്തു.

സ്റ്റേജിൽ അടുത്ത കഥകളിപ്പദഗായകന്റെ പ്രകടനം വീണ്ടും കേട്ടു. ഒരു നിമിഷം ലീല അത് ശ്രദ്ധിച്ചു. നല്ല രസമുള്ള താളം. അത് ശ്രദ്ധിച്ചുകൊണ്ട് അവൾ വീണ്ടും ബെഞ്ചിൽ കയറിയിരുന്നു.

"നിരവധി മാരാധിനീരധിയിലേ നീന്തി
നിയതം നീ തളരൊല്ലാ പിളരൊല്ലാമനമിനി.
രാജപുംഗവ, തവ വാചാ, കൗശലത്താലേ"

അത്രയുമായപ്പോഴേക്കും ലീല തന്റെ പാദം ഇളക്കി മെല്ലെ താളം പിടിച്ചു. ഇതുപോലെ എന്തോ കുടുംബശ്രീയുടെ വാർഷികത്തിന് തിരുവാതിരയായി കളിച്ചത് അവൾ ഓർത്തു.

കല്യാണം കഴിഞ്ഞതിൽ പിന്നെ പാട്ടും ഡാൻസുമൊക്കെ മടക്കിവെച്ചതായിരുന്നു. കെട്ടിയോൻ രോഗം വന്നു മരിച്ചപ്പോഴാ പിന്നെ പുറത്തിറങ്ങാൻ പോലും സാധിച്ചത്.

 സ്‌കൂളിൽ വെച്ച് പാട്ടിലും ഡാൻസിലുമൊക്കെ അവൾ മത്സരിച്ചിരുന്നു.  മദനനെ നോക്കി അവിടെ ഇരുന്നപ്പോൾ   പണ്ട്‌ സ്‌കൂൾ വാർഷികത്തിന് രമണൻ ടാബ്ളോ ആയി അവതരിപ്പിച്ചത് ഓർത്തുപോയി. അന്ന് അൽപനേരം സ്റ്റേജിൽ അയാളെ തൊട്ടു നിന്നതിന് അച്ഛൻ കുറെ തല്ലി.

അവൾ  മദനനിൽ നിന്നും കണ്ണെടുത്ത് മുറ്റത്തേയ്ക്ക് നോക്കി.  പാചകപ്പുര കെട്ടാൻ വന്നവർ പറമ്പ് വൃത്തിയാക്കിയ കൂട്ടത്തിൽ മാവിൽ പടർന്നു കിടന്ന മുല്ലവള്ളി വലിച്ചു താഴെയിട്ട് ചുരുട്ടിക്കെട്ടി വെച്ചിരിക്കുന്നു. എന്നിട്ടും അതിൽ പൂക്കൾ വിടരുന്നുണ്ട്.

"പേശലാംഗി തന്നുടെ ആശയമറിഞ്ഞേൻ,
ആചാരൈരറികയല്ലാ ആശ നിങ്കലെന്നതും
വാചാപി പറയിച്ചൊന്നിളക്കിവച്ചുറപ്പിച്ചേൻ"

മദനനും അത് ശ്രദ്ധിക്കുന്നത് കണ്ടപ്പോൾ അവൾക്ക് കൗതുകമായി.

"ദേ അവിടേം എന്താണ്ടൊ ഇളക്കിവെച്ചുറപ്പിക്കുന്നു. അവിയലായിരിക്കും," മദനൻ അത് പറഞ്ഞത് കേട്ട് അവൾ പിന്നെയും ചിരിച്ചു. അയാളുടെ കണ്ണിലെ ചുവപ്പ് എങ്ങോ പോയി മറഞ്ഞിരിക്കുന്നു. കാട്ടാളലക്ഷണം ഇല്ല.   മദനന്റെ മുഖത്തും വന്നു ഒരു പുഞ്ചിരി.

"ഇനി ഇതിൽ എന്തൊക്കെ ചേർക്കണം?" അയാളെക്കൊണ്ട് എന്തെങ്കിലും പറയിക്കാനായി അവൾ ചോദിച്ചു

"അതൊക്കെ ദേ വറുത്ത് വെച്ചിട്ടുണ്ട്," അയാൾ ഒരു ചരുവം ചൂണ്ടിക്കാട്ടി.

അവൾ അതിന്റെ മൂടി തുറന്ന് രണ്ട് അണ്ടിപ്പരിപ്പെടുത്തത് കൊറിച്ചു.

"ഇത് ചേർക്കാറായോ?" അവൾ ചോദിച്ചു.

"എവിടുന്ന്! ഒന്നുമായില്ല. കൊറേ കുറുകണം. നേരം വെളുക്കും. അതല്ലേ ഞാൻ ഒന്നൊറങ്ങീട്ടു വന്നത്. എനിക്കറിയാം എല്ലാം കൂടെ എവിടേലും പോയിക്കിടന്ന് ഒറങ്ങുമെന്ന്. ഒറക്കം വന്നാൽ പിന്നെ അടുപ്പിന്റെടുത്ത് പെരുമാറുന്നത് അപകടമാ." ഉറക്കത്തിൽ പാമ്പിനെ ചുരുട്ടി തലയിണയാക്കി വെയ്ക്കുന്ന വിഡ്ഢികളെക്കുറിച്ച് ഏഴാം ക്‌ളാസ്സിലോ മറ്റോ പഠിച്ചത് അയാൾ ഓർത്തു.

"അല്ലെങ്കിലേ എനിക്കീ വലിയ അടുപ്പിലെ തീ കാണുമ്പോ പേടിയാകും. ഞങ്ങടെ വീട്ടിനടുത്ത് ഒരു വലിയ തീ പിടുത്തം ഉണ്ടായാരുന്നു. രണ്ടു പേര് ചാവുകേം ചെയ്തു," ലീല പറഞ്ഞു.

"എന്ന്?" മദനൻ ഗൗരവത്തിൽ ചോദിക്കുന്നു.

"ഓ, വളരെ പണ്ട്. അമ്മ പറഞ്ഞു കേട്ടതാ." പണ്ട് കേട്ട ആ കഥ പിന്നൊരിക്കലും  മറന്നിട്ടില്ലല്ലോ എന്ന് ചിന്തിച്ച്‌ കൊണ്ട് അവൾ പറഞ്ഞു.

"നിങ്ങടെ വീട്ടിനടുത്തോ?" മദനൻ എന്തോ ഓർത്തെടുക്കാൻ ശ്രമിക്കുന്നു. അവളുടെ ഉള്ളിലുള്ളതെന്തോ ആണ് അയാൾ ചികഞ്ഞെടുക്കുന്നതെന്ന് അവൾക്ക് തോന്നി. അവളറിയാതെ ഇടതു കൈ നെഞ്ചിൽ വെച്ചു.

"അടുത്തല്ല. കൊറേ കൂടി പോണം." അവൾ പറഞ്ഞു 

"ഓ അതോ! അതിപ്പോ പത്തറുപത് കൊല്ലമായില്ലേ? ആരാ അന്ന് മരിച്ചേന്നറിയാമോ?" മദനന്റെ മുഖത്ത് മറന്നത് വീണ്ടും ഓർമ്മയിൽ  തെളിഞ്ഞതിന്റെ സന്തോഷം.

പിന്നെ അയാൾ മിണ്ടാതെ നിൽക്കുന്നത് കണ്ടപ്പോൾ അവൾക്കു തോന്നി അയാൾ താൻ കേൾക്കുന്ന കഥകളിപ്പാട്ട് ശ്രദ്ധിക്കുകയാവുമെന്ന്. ആ പാട്ടിന്റെ ശരിക്കുള്ള പേര് പിന്നെയും അവൾ മറന്നുപോയി. 

അവർക്കിടയിലെ നിശ്ശബ്ദതയിൽ ഇമ്പമാർന്ന സ്വരത്തിൽ വീണ്ടും ഒരു കഥകളിപ്പദം ഉയർന്നു കേട്ടു.

"സന്ധിപ്പിച്ചേൻ തവ ഖലു മനംഭൈമിതൻ മാനസത്തോടിന്ദ്രൻതാനേ

വരികിലിളകാ; കാ കഥാന്യേഷു രാജൻ?

ചിന്തിക്കുമ്പോൾ വരുവനിഹ നിന്നന്തികേ നിർണ്ണയം

ഞാനെന്നും ചൊല്ലി ഖഗപതിപറന്നംബരേ പോയ്മറഞ്ഞാൻ"

എത്ര ശ്രദ്ധിച്ചിട്ടും പല വാക്കുകളും മനസ്സിലാകുന്നില്ല. എങ്കിലും ഏതാണ്ടൊരർത്ഥം മനസ്സിലാകുന്നുമുണ്ട്.

"ആരാ അന്ന് ചത്തതെന്ന് അറിയാമോ?"

മദനന്റെ ചോദ്യം വീണ്ടും കേട്ടപ്പോഴാണ് അയാൾ അവളുടെ ഉത്തരത്തിന് കാത്തതാണെന്ന് ലീലയ്ക് മനസ്സിലായത്.

"ഞങ്ങക്കൊന്നും അറിയാത്തോരാ. അവിടെങ്ങും ഉള്ളവരല്ല," അവൾ താത്പര്യമില്ലാത്തതു പോലെ പറഞ്ഞു.

ചരുവത്തിൽ നിന്ന് അണ്ടിപ്പരിപ്പെടുത്തു കൊറിക്കണമെന്നുണ്ട്. അയാൾ എന്ത് കരുതും എന്നോർത്ത് അവൾ അത് വേണ്ടെന്നു വെച്ചു. 

മദനൻ തുടർന്നു.

"അതേ, ഞങ്ങടെ വകേലൊരു ബന്ധുവായിരുന്നു. നളിനിയമ്മായി. മറ്റേത് ദേഹണ്ഡത്തിനു വന്നതാ, ദിവാകരൻ. ഇതുപോലെ പാചകപ്പുരയിലെ തീ രാത്രിയിൽ പടർന്നതാ. കല്യാണവീടായിരുന്നു. നളിനിയമ്മായിയുടെ ചേച്ചീടെ മൂത്ത മോടെ കല്യാണം. അന്ന് മൊടങ്ങിയതാ. പിന്നെ ആ പെണ്ണിനെ കെട്ടാൻ ആരും വന്നില്ല."  മദനൻ  പറഞ്ഞു നിർത്തി.

ലീല അത് കേട്ടെങ്കിലും അവളുടെ മനസ്സ് ആ കഥകളിപ്പദങ്ങൾക്കൊപ്പം ചടുലമായി ചലിച്ചുകൊണ്ടിരുന്നു. മദനനും നളനെപ്പോലെ പാചകത്തിലാണ് സാമർഥ്യം എന്നുമവളോർത്തു.

"കാമനോ സോമനോ നീ? നിന്നാഗമനം കിന്നമിത്തം?"

 പാട്ടുകാരൻ ഒട്ടും മോശമല്ല. നല്ല ഇമ്പമുണ്ട് കേൾക്കാൻ. കാർത്തികപ്പള്ളി താലൂക്ക് കുടുംബശ്രീ യൂണിറ്റിന്റെ വാർഷികത്തിന്  ഒരു  വലിയ സ്റ്റേജിൽ തിരുവാതിര കളിച്ചത്  വീണ്ടും അവളുടെ ഉള്ളിൽ തെളിഞ്ഞു. മന്ത്രിയൊക്കെ വന്നിരുന്നു. ഇന്ന് ഇവിടെ തിരുവാതിര ഉണ്ടെങ്കിൽ ഒരെണ്ണമെങ്കിലും ഒന്ന് പോയി കാണണം.

"നീ ഒറക്കമായോ, വല്ലോം പറഞ്ഞോണ്ടിരിക്ക്. വേണേൽ ആ അണ്ടിപ്പരിപ്പ് രണ്ടെടുത്ത് കൊറിച്ചോ."

അയാൾ അത് പറഞ്ഞപ്പോൾ അവൾക്ക് അതിലുള്ള കൊതി പോയി. എന്ത് പറയണെമെന്നറിയാതെ അവൾ കുഴങ്ങി. കിട്ടാത്തതിനൊക്കെയാണ് സത്യത്തിൽ എപ്പോഴും രുചി കൂടുതൽ.

"ചേച്ചീടെ മോൾക്ക് പായസം വലിയ ഇഷ്ടമാ. ഞാൻ ഉണ്ടാക്കിക്കൊടുത്താ കഴിക്കില്ല. അമ്പലത്തിലെത്തന്നെ വേണം. വീട്ടിൽ ഉരുളിയൊന്നുമില്ല. അതാരിക്കും, എന്തൊക്കെ ചേർത്താലും അത്രേം രുചി  കിട്ടത്തില്ല. മിൽക്ക് മെയ്‌ഡൊക്കെ വാരിയൊഴിച്ചു നോക്കി."

എന്തോ തമാശ കേട്ട പോലെ മദനൻ ചിരിച്ചു. കഥകളിപ്പാട്ടിനെക്കുറിച്ച് അയാൾ വല്ലോം തമാശ പറഞ്ഞേക്കുമെന്ന് അവൾ കരുതി. എന്താണ് അപ്പോൾ പാടുന്നതെന്ന് അവളും ശ്രദ്ധിച്ചു.

"തവ മുഖമഭിമുഖം കാണ്മേൻ, തന്വി,
തളിരൊളിമെയ്യിതൊന്നു പൂണ്മേൻ
ധന്യനായതു ഞാനോ പാർമേൽ, ഏവ-
മൊന്നല്ല മനോരഥം മേന്മേൽ,"

അതിലെ ഒന്ന് രണ്ടു വാക്കുകൾ അവൾക്ക് മനസ്സിലായി. തളിരൊളി, മനോരഥം. സ്‌കൂളിൽ പണ്ട്  മറ്റേതോ വാക്കുകളുടെ പര്യായമായി പഠിച്ചിട്ടുണ്ട്. ഏവം എന്നാൽ ഇതുപോലെ എന്നും അറിയാം. ഇതുപോലെയൊരു രാവോ ഇതുപോലെയൊരു പാചകപ്പുരയോ പിടിതരാത്തൊരു ഓർമയായി ഇരുളിലെ നിഴൽ പോലെ എങ്ങോ മറഞ്ഞിരിക്കുന്നു എന്നവൾ ചിന്തിച്ചു.

ആ വരികളെക്കുറിച്ച് തമാശയായിരിക്കില്ല, കാര്യമായ വല്ലതും അയാൾ പറഞ്ഞേക്കുമെന്ന് അവൾ  പ്രതീക്ഷിച്ചു.  അത്ര ഗൗരവം അയാളുടെ മുഖത്തുണ്ടായിരുന്നു.

അയാളെ നോക്കാൻ ധൈര്യമില്ലാതെ അവൾ ദൂരേയ്ക്ക് നോക്കി.

പുറത്ത് വെട്ടം വീണു തുടങ്ങിയിരുന്നു. ഇനിയെങ്കിലും ഒന്ന് കിടന്നുറങ്ങണം.

"ലീലേ!"

അയാൾ വിളിച്ചത് കേട്ടപ്പോൾ അവളുടെ മയക്കം എവിടെയോ പോയ്മറഞ്ഞു. അയാളെപ്പോലെ വേറെ ആരും അവളുടെ പേര് ഇത്ര മധുരമായി വിളിച്ച് അവൾ കേട്ടിട്ടില്ല.

"നല്ല ഒന്നാംതരം പാൽപ്പായസം അലുമിനിയം പാത്രത്തിലും ഒണ്ടാക്കാം. കുറച്ച് പഞ്ചസാര കരിച്ച് അതിൽ ചേർത്താൽ മതി. അമ്പലപ്പുഴ പാൽപായസം പോലിരിക്കും."

"ഒള്ളതാണോ?" അവൾക്കത് പുതിയ അറിവായിരുന്നു.

"പിന്നേ? ഇനി പാൽപായസം ഒണ്ടാക്കുമ്പോ അങ്ങനെ ഒന്ന് ചെയ്തു നോക്ക്. എന്നിട്ട്  പറ."

അയാൾക്ക് പായസം ഇളക്കാൻ പ്രയാസം തോന്നിത്തുടങ്ങി. അത് കണ്ടപ്പോൾ പായസം നന്നായി കുറുകി എന്ന് അവൾക്കും മനസ്സിലായി.

"നീ ആ വറത്തു വെച്ചതിങ്ങെടുത്തേ." മദനൻ കൈ നീട്ടി.

അവൾ വീണ്ടും പിടഞ്ഞെണീറ്റ് ചരുവം എടുത്ത് മൂടി തുറന്ന് അയാൾക്ക് നേരെ നീട്ടി. അയാൾ അത് വാങ്ങി. അവൾ അയാളുടെ കയ്യിൽ പിടിച്ച് മെല്ലെ തടഞ്ഞു.

"ഒന്ന് നിന്നേ!"

എന്തോ ഓർത്തിട്ടെന്ന പോലെ അയാൾ ആ പാത്രം തിരിച്ച് അവൾക്കു നേരെ നീട്ടി. അവൾ അതിൽ നിന്നും വിരലുകൾ കൊണ്ട് കുറച്ച്  കോരിയെടുത്തു. മോതിരവിരലിനു കുറുകേ തെളിഞ്ഞ് നിന്ന അധികം മങ്ങാതെ ഒരു വെളുത്ത പാട് അയാൾ ശ്രദ്ധിച്ചു. വിവാഹമോതിരം കിടന്നതിന്റെ ആ പാട് കണ്ടപ്പോൾ അയാൾക്കുള്ളിൽ ഒരു നെടുവീർപ്പുയർന്നു.

കുറുകിയ പായസത്തിൽ വീണ അണ്ടിപ്പരിപ്പും മറ്റും ആദ്യം ഒട്ടും മുങ്ങാതെ കിടന്നു. പിന്നെ, കാലത്തിന്റെ കയ്യിൽ പെട്ട്  കണ്ണിൽ നിന്നും മറഞ്ഞു പോകുന്ന ജന്മങ്ങൾ പോലെ, ചട്ടുകത്തിന് വഴങ്ങി അവ പെട്ടെന്ന് എവിടെയോ മറഞ്ഞു.

അയാൾ കുനിഞ്ഞ്  അടുപ്പിലെ വിറക് പകുതിയും പുറത്തേയ്ക്ക് നീക്കിവെച്ച് കുറെ വെള്ളം അതിൽ കുടഞ്ഞ് തീ കുറച്ചു.

അത് കണ്ട്, പണ്ട്  അമ്മ പറഞ്ഞു കേൾപ്പിച്ച കഥയിലെ ആളിക്കത്തുന്ന വീട്ടിനു മുകളിൽ ആൾക്കാർ വെള്ളം കോരി ഒഴിക്കുന്ന രംഗം അവളുടെ ഉള്ളിൽ  തെളിഞ്ഞു.  

അതോടൊപ്പം ഒരു ചിന്തയും അവളെ പൊതിഞ്ഞു. അത്ര വിശദമായൊന്നും ഒരിക്കലും അവൾ ആ കഥ കേട്ടിട്ടുണ്ടായിരുന്നില്ല. എന്നിട്ടും  ആ രംഗം വ്യക്തമായി മനസ്സിൽ തെളിയുന്നു.

അഴിച്ചു മാറ്റിയ ഉടുപ്പുകളുടെ ഗന്ധം ദേഹത്തു തങ്ങി നിൽക്കുന്ന പോലെ ആ കഥകൾ ഓർമകളായി അവളെ പൊതിഞ്ഞു നിന്നു.

ഒരു പേപ്പർ കപ്പിൽ ചൂടുള്ള പായസവുമായി അയാൾ അവളുടെ അടുത്ത് വന്ന് ചേർന്നിരുന്നു. അയാളുടെ ദേഹത്തിന്റെ ചൂര് പാൽപായസത്തിലും ഹൃദ്യമായി അവൾക്ക് തോന്നി. തീയും പുകയും നിറഞ്ഞ ആ ഓലഷെഡിൽ പുലർമഞ്ഞ്  പെട്ടെന്ന് വന്നു നിറഞ്ഞതു പോലെ.

അയാൾ പേപ്പർ കപ്പിനുള്ളിലേയ്ക്ക് നോക്കി. കപ്പിന്റേതു പോലെ വേർതിരിച്ചറിയാനാകാത്ത വിധം മങ്ങിയ ഒരു  വെള്ളനിറം പായസത്തിനും വന്നിരിക്കുന്നു.  മൂപ്പ് കൃത്യമായിക്കാണണം. നല്ല മണവുമുണ്ട്. ഇനി രുചിയും കൂടി നോക്കണം.

കപ്പിനോട് എന്തോ അടക്കം പറയുന്ന ശബ്ദത്തിൽ പായസം പകുതി കുടിച്ചിട്ട് ബാക്കി അയാൾ അവൾക്ക് കൊടുത്തു. അവളതു ചുണ്ടോടടുപ്പിച്ചു. മറന്നു പോകാനിടയുള്ളതെന്തോ മറക്കാതെ ചെയ്ത് തീർത്ത പോലെയൊരു തൃപ്തി ഇരുവർക്കുമുണ്ടായി.

കപ്പിലെ പായസത്തിന്റെ ബാക്കി അവൾ കുടിക്കുന്നത് നോക്കിയിരുന്നപ്പോൾ അത്രയും നല്ല പാൽപായസം  എന്നോ കുടിച്ചതായി തോന്നിയെങ്കിലും എവിടെയെന്നോ എന്നെന്നോ ഓർത്തെടുക്കാൻ അയാൾക്ക് കഴിഞ്ഞില്ല.

പാൽപായസത്തിന്റെ രുചിയിൽ കണ്ണുകൾ പാതിയടച്ച് എല്ലാം മറന്നിരുന്ന ലീല അവൾ കേൾക്കുന്ന പാട്ടുകളുടെ പേര് കഥകളിപ്പദങ്ങൾ എന്നാണെന്ന് ഓർത്തെടുത്തു.  അർത്ഥം അത്രയൊന്നും അറിയില്ലെങ്കിലും അതിന്റെ വരികൾ അവൾക്ക് ഇപ്പോൾ ഏറെ ഹൃദ്യമായി  അനുഭവപെട്ടു.     

"നാഥാ, നിന്നോടു വേർപിരികിലോ പെരുതേ വേദന
നഹി മേ സന്താപമന്തം വരികിലോ,
സ്മർത്തവ്യമിതു നിത്യവും, ഇഹ കഥ്യത ഇതു നിസ്ത്രപം,
പ്രസ്ഥിതാസ്മി തത്ര ഞാൻ യത്ര വാസി കുത്ര വാ,"

'ഉറക്കം വരുന്നേൽ നീയും പോയിക്കെടന്നുറങ്ങിക്കോ' എന്ന് മദനൻ പറഞ്ഞപ്പോഴാണ്  അടഞ്ഞ കണ്ണുകൾ ലീല മെല്ലെ മെല്ലെ  തുറന്നത്.

അപ്പോഴേക്കും അവസാനത്തെ മത്സരാർത്ഥിയും അരങ്ങൊഴിഞ്ഞിരുന്നു. അടുത്ത കലാപ്രകടനമോ  നൃത്തനൃത്യങ്ങളോ  കാണാനും കേൾക്കാനും  സദസ്സിൽ പുതിയൊരു കൂട്ടം ആളുകളുമെത്താൻ തുടങ്ങി.

____________________________________________________________

"വഹ്നി സന്തപ്ത ലോഹസ്ഥാംബു ബിന്ദുനാ 

സന്നിഭം മര്‍ത്ത്യജന്മം ക്ഷണഭംഗുരം'' 

(തുഞ്ചത്ത് രാമാനുജനെഴുത്തച്ഛൻ) 

______________________________________________________________

ശ്രീകുമാർ കെ. തൂലികാനാമം ശ്രീകുമാർ എഴുത്താണി 

വഴുതക്കാട്, തിരുവനന്തപുരം 

ഇംഗ്ലീഷ് സാഹിത്യത്തിലും വിദ്യാഭ്യാസത്തിലും ബിരുദനന്തര ബിരുദങ്ങൾ. ഋഷിവാലി, കൊടൈ ഇന്റർനാഷണൽ തുടങ്ങി വിവിധ സ്കൂളുകളിലായി  മൂന്ന് പതിറ്റാണ്ട് അദ്ധാപകനായിരുന്നു. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ആനുകാലികങ്ങളിൽ നിരൂപണം, കഥ, കവിത എന്നിവ എഴുതുന്നു. ഇരുഭാഷകളിലുമായി 12 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. 

Dr. കെ ജി എസ് നായരുടെ Adventures on an Empty Stomach എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ശശി തരൂരിന്റെയും മറ്റും പ്രശംസ നേടി. ഹിന്ദു ദിനപ്പത്രത്തിൽ ബുക്ക് വിവ്യൂ കോളം കൈകര്യം ചെയ്തിരുന്നു. ഹിന്ദു പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളിലും എഴുതാറുണ്ട്. ന്യൂ യോർക്ക് യൂണിവേഴ്‌സിറ്റിയിലെ Dr. Charles Fishman എഡിറ്റ് ചെയ്ത Veils, Halos and Shackles എന്ന അന്താരാഷ്ട്ര കവിതാസമാഹാരത്തിൽ News Review എന്ന കവിത ഉൾപ്പെടുത്തിയിട്ടുണ്ട്. Literary Vibes എന്ന ഓൺലൈൻ വാരികയുടെ 100 എഡിഷനുകളിലെ ഏറ്റവും നല്ല കഥയായി The Inverted Cross തെരഞ്ഞെടുത്തിരുന്നു. Fifth Element എന്ന ഫിലിം പ്രൊഡക്ഷൻ കമ്പനിയിൽ പാർട്ണർ ആണ്. എഴുത്താണി എന്ന പേരിൽ കഥാസാഹിത്യ പഠനത്തിനായി ഒരു ബ്ലോഗും അതേ പേരിൽ ആഴ്ചതോറും കഥാശിൽപ്പശാലകളും നടത്തുന്നു. 

Facebook Comments

Comments

  1. Sabu Jose

    2021-07-18 15:55:30

    ആസ്വാദ്യകരമായ നല്ലൊരു കഥ.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

സമകാലികം (കവിത: മുയ്യം രാജൻ)

അഭയം ( കവിത : ജിത്തു ധർമ്മരാജ് )

A light blue sky (Poem:Lebrin Paruthimoottil)

പുളവയുടെ തീർപ്പ് (ഇളപറഞ്ഞ കഥകൾ -അധ്യായം 8: ജിഷ.യു.സി)

മര്‍ഡര്‍ ഇന്‍ മാള്‍ട്ട -6 (അവസാന ഭാഗം: ജോസഫ് ഏബ്രഹാം)

കോവിഡോണം (ഇബ്രാഹിം മൂർക്കനാട്, കവിത)

മാനസം (ജാനി, കവിത)

തീർത്ഥയാത്ര..(കഥ: നൈന മണ്ണഞ്ചേരി)

പാമ്പും കോണിയും: നിർമ്മല - നോവൽ - 65

വി. അന്തോണീസ് പുണ്യാളന്റെ കൃപ [കഥ: സിസിൽ മാത്യു കുടിലിൽ]

ആമോദിനി എന്ന ഞാൻ : പുഷ്പമ്മ ചാണ്ടി - നോവൽ -15

ഓർമ്മയിലെ ഓണം (നജാ ഹുസൈൻ, അഞ്ചൽ)

ഓണത്തിന്നോർമ്മകൾ കുമ്മിയടിക്കുമ്പോൾ (രജനി ഹരിദാസ്-കഥ)

ഓണപ്പൊട്ടൻ (മധു നായർ-കവിത)

മൃതിയുടെ ചിരി (കവിത: അശോക് കുമാര്‍.കെ)

മനസ്സറിയാതെ (കഥ : രമണി അമ്മാൾ)

യാത്രാന്ത്യം : (കവിത : സലാം കുറ്റിച്ചിറ )

വായിക്കാത്ത കത്ത്: (കഥ, നജാ ഹുസൈൻ)

ആകാശമെന്ന വാക്ക് (കവിത: സിന്ധു ഗാഥ)

കാലമിങ്ങനെ (കവിത: ഡോ.എസ്‌.രമ)

പ്രിന്റർ (കഥ: അജയ്)

മര്‍ഡര്‍ ഇന്‍ മാള്‍ട്ട (നീണ്ടകഥ- 5: ജോസഫ് ഏബ്രഹാം)

ഇരുട്ട് (കവിത : ജിത്തു ധർമ്മരാജ് )

കാത്തിരിപ്പ് (കവിത: ഇയാസ് ചുരല്‍മല)

പാമ്പും കോണിയും : നിർമ്മല - നോവൽ - 64

ജാലകചില്ല് (കവിത: സണ്ണി ചെറിയാൻ, വെണ്ണിക്കുളം)

ആമോദിനി എന്ന ഞാൻ : പുഷ്പമ്മ ചാണ്ടി - നോവൽ - 14

സീതായനം (കഥ: സരിത സുനിൽ)

ഒരു പ്രണയം (ഇള പറഞ്ഞ കഥകൾ-7: ജിഷ.യു.സി)

പെങ്ങൾ (കഥ: പി. ടി. പൗലോസ്)

View More