Image

രാമായണം രാമന്റെ യാത്രയാണ് (രാമായണ ചിന്തകൾ 1, മിനി വിശ്വനാഥൻ)

Published on 16 July, 2021
രാമായണം രാമന്റെ യാത്രയാണ് (രാമായണ ചിന്തകൾ 1, മിനി വിശ്വനാഥൻ)

ആധിവ്യാധികൾക്കിടയിലും ഇത്തവണയും കർക്കിടക സംക്രമത്തോടെ രാമായണമാസം കടന്നുവരികയായി. പണ്ട് കാലത്ത്  വീടും പരിസരവും വൃത്തിയാക്കിയും ധൂപം പുകച്ചും നിലവിളക്ക് കൊളുത്തിയും കർക്കിടകത്തെ സ്വീകരിക്കുവാൻ എല്ലാവരും തയ്യാറാവും.  പഞ്ഞക്കർക്കിടകമെന്ന വിശേഷണത്തോടൊപ്പം പുണ്യമാസമെന്ന ആദരവും കൂടിയുണ്ടല്ലോ കർക്കിടകത്തിന്.

കാട്ടാളനാൽ അമ്പേറ്റ് പിടയുന്ന പ്രണയികളായ ഇണപ്പക്ഷികളിലൊന്നിന്റെ ദീനമായ കാഴ്ചയിൽ നിന്നാണ് ആദ്യകാവ്യമായ രാമായണം പിറവിയെടുക്കുന്നത്.

വാൽമീകി മഹർഷി  തൻ്റെ ശിഷ്യനായ ഭാരദ്വാജമുനിയോടൊപ്പം സന്ധ്യാവന്ദനത്തിനായി പുഴക്കരയിൽ എത്തിയപ്പോൾ അവിടെ കണ്ട ശോകകരമായ ഒരു അവസ്ഥ ശ്ലോക രൂപത്തിൽ പരിണമിച്ചതാണ് രാമായണ കഥ രചിക്കാനുണ്ടായ സാഹചര്യം.

കർക്കിടകവും രാമായണവുമായി കാര്യമായ ബന്ധമൊന്നുമില്ലെങ്കിലും രാമായണ പാരായണത്തോടെയാണ് കർക്കിടകമാസത്തെ മലയാളികൾ സ്വാഗതം ചെയ്യുന്നത്. രാമായണം രാമന്റെ യാത്രയാണ്. തിന്മകളാവുന്ന ശത്രുക്കളെ സംഹരിക്കാനുള്ള യാത്രക്കൊപ്പം വീരനായ വിരഹിയുടെ യാത്ര കൂടിയാണത്.

കർക്കിടകത്തിലെ ചുറ്റുപാടും ഇരുൾപരത്തി കോരിച്ചൊരിയുന്ന മഴക്കാലത്ത് കേരളത്തിലെ ഹിന്ദു ഗൃഹങ്ങളുടെ പരിസരം എഴുത്തച്ഛവിരചിതമായ അദ്ധ്യാത്മ രാമായണത്തിന്റെ ഈണത്താൽ മുഖരിതമാവും. എഴുത്തച്ഛന്റെ രാമൻ വാത്മീകിയുടെ  രാമനിൽ നിന്ന് വിഭിന്നമായി പുരുഷോത്തമനാണെന്നാണ് സങ്കല്പം.

സാധാരണ ഒരു മനുഷ്യനുണ്ടാവുന്ന സകല ചാഞ്ചല്യങ്ങളും , നന്മകളും ആദർശങ്ങളും, പ്രണയവും വീരവും നിസ്സഹായതയും ഒത്തുചേർന്നതാണ് എഴുത്തച്ഛന്റെ രാമൻ . രാമായണത്തിൽ രാമനൊപ്പമോ സ്ഥൈര്യത്തിൽ  അതിനേക്കാളുപരിയോ നിൽക്കുന്ന കഥാപാത്രമാണ് സീത. തന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്നത് ഈശ്വരതുല്യനായ സ്വഭർത്താവ് തന്നെയാണെന്നതിൽ ദു:ഖിക്കുകയും പരിഭവിക്കുകയും ചെയ്യുന്നതിനു പകരം അമ്മയായ പ്രകൃതിയിലേക്ക് മടങ്ങിപ്പോവുകയാണ് ചെയ്യുന്നത്.  സീതാപരിത്യാഗം എഴുത്തച്ഛൻ എന്ന മഹാകവിയിൽ ഏല്പിച്ച നിരാശയാവാം ചിലപ്പോൾ രാമായണത്തിന്റെ കൂട്ടിച്ചേർക്കലെന്ന് സംശയിക്കുന്ന ഉത്തരരാമായണത്തിന്റെ രചനക്ക് തന്നെ കാരണമായത്. ഉത്തമനായ പുരുഷനൊപ്പം തന്റേടിയായ സ്ത്രീയുടെ കൂടി കഥയായതു കൊണ്ടാവാം രാമായണത്തിന് കേരളത്തിലെ വീടുകളിലെ സ്വീകാര്യതക്ക് കാരണവും.

"കർക്കിടകത്തിൽ ആനത്തോലുണക്കാം " എന്ന പഴഞ്ചൊല്ലിന്നു കാരണം സൂര്യൻ ഉച്ചസ്ഥായിലുണ്ടെന്നതാണ്. പക്ഷേ കേരളത്തിന്റെ വരദാനമായ മഴക്കാലം സൂര്യ കിരണങ്ങളുടെ കാഠിന്യം കുറയ്കുന്നുവെന്നേയുള്ളൂ. കാലാവസ്ഥയുടെ ഈ ദ്വന്ദ്വഭാവം ശരീരത്തിനു വരുത്താനിടയുള്ള ദൂഷ്യങ്ങൾ അകറ്റാനാണ് കർക്കിടകമാസം ആരോഗ്യ പരിപാലനത്തിന്റെ കാലം കൂടിയായത്. കാർഷികവൃത്തിയിൽ ഉപജീവനം തേടിയിരുന്ന പഴമക്കാർക്ക്  മഴയ്ക്മുന്നേയുള്ള കഠിനാദ്ധ്വാനത്തിന് ശേഷമുള്ള വിശ്രമകാലം കൂടിയാണിത്.

ലോകം രണ്ട് വർഷം കൊണ്ട് എത്രയോ മാറിക്കഴിഞ്ഞിരിക്കുന്നു. മറ്റുള്ളവരുടെ സന്തോഷങ്ങൾ കെടുത്തുന്ന കാട്ടാളൻ മനുഷ്യ മനസ്സാണെങ്കിലും രോഗപീഢകളാണെങ്കിലും നമ്മുടെ പരിസരത്തു നിന്ന് അകറ്റിയേ മതിയാവൂ.
അതിനാൽ നമുക്ക് ചാരുശീലയായ പൈങ്കിളിപ്പെണ്ണിനെ കർക്കിടകത്തിനൊപ്പം വീടുകളിലേക്ക് സ്വാഗതം ചെയ്യാം.

"അദ്ധ്യാത്മപ്രദീപകമത്യന്തം രഹസ്യമി-
തദ്ധ്യാത്മരാമായണം മൃത്യുശാസനപ്രോക്തം
അദ്ധ്യായനംചെയ്തീടും മർത്ത്യജന്മികൾക്കെല്ലാം
മുക്തിസാധിക്കുമസന്ദിഗ്‌ദ്ധമിജ്ജന്മംകൊണ്ടേ.
ഭക്തികൈക്കൊണ്ടു കേട്ടുകൊളളുവിൻ ചൊല്ലീടുവ-
നെത്രയും ചുരുക്കി ഞാൻ രാമമാഹാത്മ്യമെല്ലാം.
ബുദ്ധിമത്തുക്കളായോരിക്കഥ കേൾക്കുന്നാകിൽ
ബദ്ധരാകിലുമുടൻ മുക്തരായ്‌ വന്നുകൂടും"

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക