Image

സ്വപ്നങ്ങള്‍ സ്വര്‍ഗ്ഗകുമാരികള്‍ (ലേഖനം: സാം നിലമ്പള്ളില്‍)

Published on 16 July, 2021
സ്വപ്നങ്ങള്‍ സ്വര്‍ഗ്ഗകുമാരികള്‍ (ലേഖനം: സാം നിലമ്പള്ളില്‍)

സ്വപ്നങ്ങളാണ് മനുഷ്യനെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന ഒറ്റമൂലി., അതില്ലെങ്കില്‍  ഒരുവന്റെ ജീവിതം മരുഭൂമിപോലെ വരണ്ടതായിരിക്കും. നാളെ ഇന്നത്തേതിനേക്കാള്‍ നല്ലതായിരിക്കും എന്നവിശ്വാസമാണ് അവനെ മുവന്‍പോട്ട് നയിക്കുന്നത്. ഇന്ന് നല്ലതാണെങ്കില്‍ ഇനിയും പിറന്നിട്ടില്ലാത്ത നാളെയെ ഓര്‍ത്ത് വിഷമിക്കന്നതെന്തിനെന്ന് ഓമര്‍ ഖയ്യാം ചോദിക്കുന്നു. പക്ഷേ, നാളെയോ ഓര്‍ക്കാതിരിക്കാന്‍ മനുഷ്യന് ആവില്ല. ഇന്നത്തെ സമ്പത്തിക പ്രയസങ്ങളെല്ലാം നാളെമാറും, പ്രൊമോഷന്‍കിട്ടും, രോഗം നാളെ സുഹപ്പെടും, മകളുടെ കല്യാണം മംഗളകരമായിനടക്കും., ഇങ്ങനെയുള്ള സ്വപ്നങ്ങളല്ലേ നമുക്ക് ആശ്വാസം പകരുന്നത്.

 ഉറക്കത്തില്‍ കാണുന്നത് മാത്രമല്ല സ്വപ്നങ്ങള്‍, ഉണര്‍ന്നിരുന്നും സ്വപ്നം കാണാറുണ്ടല്ലൊ.  ഉറക്കത്തില്‍ കാണുന്ന സ്വപ്നങ്ങളും നല്ലതുതന്നെ. പലതും നമ്മള്‍ ഉണര്‍ന്നുകഴിയുമ്പോഴേക്കും മാഞ്ഞുപോകുന്നു. എന്നാലും ഉണര്‍ന്നുകിടന്ന് ആലോചിക്കുമ്പോള്‍ ചിലത് സന്തോഷം പകരുന്നതും മറ്റുചിലത് ഭീതിജനകവും ആയിരിക്കും. പ്രേതങ്ങളെയും പിശാചുക്കളെയും സ്വപ്നത്തില്‍കണ്ട് ഞെട്ടിയുണരുന്നവരുണ്ട്. കൊച്ചുകുട്ടികളാണെങ്കില്‍ ഉണര്‍ന്നിരുന്ന് നിലവിളിക്കും. അവര്‍ ഇങ്ങനെയുള്ള സ്വപ്നങ്ങള്‍ കാണുന്നത് അമ്മൂമ്മയും അപ്പൂപ്പനും മൂത്തസഹോദരങ്ങളുമൊക്കെ ഭീതിജനകമായ കഥകള്‍ അവര്‍ക്ക് പറഞ്ഞുകൊടുക്കുന്നതുകൊണ്ടാണ്. കുഞ്ഞുങ്ങള്‍ക്ക് നല്ലകഥകള്‍മാത്രം പറഞ്ഞുകൊടുക്കാന്‍ മുതിര്‍ന്നവര്‍ ശ്രദ്ധിക്കേണ്ടതാണ്. കുട്ടികളായിരിക്കുമ്പോള്‍ ഭയം അവരില്‍ സൃഷ്ടിക്കുന്നതുകൊണ്ടാണ് വലുതാകുമ്പോഴും അവര്‍ ചെറിയകാര്യങ്ങള്‍ കണ്ടുംകേട്ടും ഭയചികിതരാകുന്നത്. അത് പിന്നീട് പല മാനസികരോഗങ്ങള്‍ക്കുവരെ കാരണമാകാറുണ്ട്.

സ്വപ്നത്തില്‍ കണ്ടത് ഫലിക്കുമെന്ന് ചിലര്‍ വിശ്വസിക്കുന്നു. വിവാഹത്തെപറ്റിയോ ഉദ്യോഗക്കയറ്റത്തെപറ്റിയോ മരണത്തെപറ്റിയോ സ്വപ്നംകണ്ട് സന്തോഷിക്കയും ദുഖക്കയും ചെയ്യാറുണ്ട്. പലപ്പോഴും ഇങ്ങനെയുള്ള കാര്യങ്ങള്‍ ആലോചിച്ച് കിടക്കുന്നതുകൊണ്ടടാണ് സ്വപ്നത്തിലും കാണുന്നത്. നമ്മുടെ ഉപബോധമനസിലുള്ള കാര്യങ്ങള്‍ തികട്ടിവരുന്നതാണ് സ്വപ്നങ്ങളായി മാറുന്നത്. നല്ല സ്വപ്നങ്ങള്‍കണ്ട് ഉണരുന്നത്  അന്നത്തെ ദിവസംഉല്ലാസകരമാക്കാന്‍ സഹായിക്കും. കാമുകിയെ സ്വപ്നംകണ്ട് ഉണരുന്ന കൗമാരക്കാരനും ദിവസം നല്ലതുതന്നെ.

സ്വപ്നങ്ങള്‍ പ്രവചിക്കുന്നവരുണ്ട്. അത് കാക്കാത്തിയുടെ കൈനോട്ടംപോലെ ശരിയോ തെറ്റോ ആയിത്തീരാം. ഈജിപ്തിലെ രാജാവായിരുന്ന ഫറവോന്റെ സ്വപ്നം പ്രവചിച്ച ജോസഫിനെപറ്റി ബൈബിളില്‍ പറയുന്നുണ്ട.് ജോസഫിന്റെ പ്രവചനം സത്യമായിതീര്‍ന്നതുകൊണ്ട് സന്തുഷ്ടനായ ഫറവോന്‍ അവനെ രാജ്യത്തിന്റെ ഗവര്‍ണര്‍ ആക്കിത്തീര്‍ത്തു, രാജ്യത്തിലെ രണ്ടാമന്‍. കഥ ബൈബിളിലെ ഉത്പത്തി അധ്യായത്തില്‍ വായിക്കാവുന്നതാണ്.

എഴുത്തുകാരെ സംബന്ധിച്ചിടത്തോളം ചില സ്വപ്നങ്ങള്‍ അവരുടെ സൃഷ്ടിക്ക് വിഷയമായി തീരാറുണ്ടെന്ന് പറയപ്പെടുന്നു. ചിലരൊക്കെ അങ്ങനെ അവകാശപ്പെടാറുണ്ട്. സത്യമാണോ അതോ പൊഴിവാക്ക് പറയുകയാണോയെന്ന് അറിയില്ല.

ചിലമനുഷ്യരെ സ്വപ്നജീവികളെന്നുവിളിച്ച് നമ്മള്‍ ആക്ഷേപിക്കാറില്ലേ. യധാര്‍ഥത്തില്‍ അവരാണ് ജീവിതം ആസ്വദിക്കുന്നവര്‍. ജീവിത യാധര്‍ധ്യങ്ങള്‍ അവരെ അലട്ടുന്നില്ല, നാളയെപറ്റി അവര്‍ ചിന്തിക്കുന്നില്ല, ഓമര്‍ ഖയ്യാമിന്റെ അനുയായികള്‍ ആണവര്‍. നമ്മളില്‍ പലരും നാളയെ ഓര്‍ത്ത് ജീവിതം കോഞ്ഞാട്ടയാക്കുന്നവരാണ്. മഴയും വെയിലുംകൊള്ളാതെ കിടക്കാന്‍ നല്ലൊരുവീടും മൂന്നുനേരം കഴിക്കാന്‍ ആഹാരവും ഉണ്ടെങ്കില്‍ എന്തിനാണ് അയല്‍ക്കാരന്റെ മണിമാളികപോലൊന്ന് തനിക്കില്ലല്ലോയെന്ന് ഓര്‍ത്തുവിഷമിക്കുന്നത്. അവന്‍ ഗള്‍ഫില്‍ പോയിക്കിടന്ന് ജീവിതം നരകമാക്കി സമ്പാദിച്ച് ഉണ്ടാക്കിയതാണ് മണിമാളിക. അതേസമയം നീ സന്തോഷകരവും സമാധാനപരവുമായ ജീവിതംനയിച്ച് നിന്റെ കൊച്ചുവീട്ടില്‍ കിടന്നുറങ്ങുന്നു. നീയല്ലേ സംതൃപ്തന്‍?

നാട്ടിലായിരുന്നപ്പോള്‍  ഒരിക്കള്‍ ധനവാനായ ഒരാളുടെവീട്ടില്‍ പോകാനിടയായി. പുറമെനിന്ന് നോക്കുമ്പോള്‍ മനോഹരമായവീട്. പക്ഷെ, അകത്തുകയറിയപ്പോള്‍ എത്രയും പെട്ടന്ന് പുറത്തിറങ്ങിയാല്‍ മതിയെന്നായി. അത്രക്ക് വൃത്തിഹീനമായിരുന്നു അതിനുള്ളില്‍. ഉച്ചക്കുകഴിച്ച ആഹാരത്തിന്റെ അവശിഷ്ടങ്ങളും പാത്രങ്ങളും ഡൈനിങ്ങ് ടേബിളില്‍നിന്ന് മറ്റിയിട്ടില്ല. ആ വീട്ടില്‍നിന്ന് ഒരുഗ്‌ളാസ്സ് വെള്ളംപോലും കുടിക്കാന്‍ ഞാന്‍ ഇഷ്ടപ്പെട്ടില്ല. അവിടെ കഴിയുന്നവര്‍ സംതൃപ്തരല്ല എന്ന് അവരുടെ മുഖഭാവം വെളിപ്പെടുത്തി. അവര്‍ക്ക് ചിരിക്കാന്‍ അറിയില്ലായിരുന്നു.

പിന്നീടൊരിക്കല്‍ എന്റെ വീട്ടില്‍ മെയ്ക്കാടുപണിക്കുവരുന്ന തുളസിയെ വിളിക്കാന്‍ അവന്റെ വീട്ടില്‍ പോയിരുന്നു. ഹരിജനായ അവന്റെ കൊച്ചുവീട് മണ്‍ഭിത്തികെട്ടിയ ഓലമേഞ്ഞ കുടിലായിരുന്നു. രാവിലെതന്നെ വീട്ടുമുറ്റം തൂത്ത്‌വൃത്തിയാക്കിയിരിക്കുന്നു. ഏതാനും കാട്ടുപൂക്കള്‍കൊണ്ട് ചെറിയൊരു പൂക്കളവും ഉണ്ടാക്കിയിരിക്കുന്നു. അവന്റെ മകള്‍ ഉണ്ടാക്കിയ പൂക്കളമാണെന്ന് പറഞ്ഞു. എനിക്കിരിക്കാന്‍ ചാണകം മെഴുകിയ തറയില്‍ ഒരു തകിട്ട് ഇട്ടുതന്നു. വിസമ്മതം പ്രകടിപ്പിക്കാതെ ഞാനതില്‍ ഇരുന്ന് വിശേഷങ്ങള്‍ ചോദിച്ചു. ചാണകം മെഴുകിയ തറയാണെങ്കിലും നല്ലവൃത്തി. സന്തോഷകരമായ കുടുംബമാണ് അതെന്ന് ഞാന്‍ മനസിലാക്കി. തുളസിക്കും ഭാര്യക്കും വലിയ ആഗ്രഹങ്ങളൊന്നും ഇല്ല. ചില്ലറജോലികള്‍ചെയ്ത് അവര്‍ സമാധാനത്തോടെ ജീവിക്കുന്നു. നല്ല സ്വപ്നങ്ങള്‍ അവര്‍ കാണാറുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞന്‍ കുടിക്കുമോയെന്ന് ആശങ്കിച്ചായിരിക്കും അവര്‍ ചായവേണോ എന്ന് ചോദിക്കാഞ്ഞത്. തന്നിരുന്നെങ്കില്‍ സന്തോഷത്തോടെ ഞാനത് കുടിക്കുമായിരുന്നു.

ജീവിതത്തിലെ സ്വപ്നങ്ങളെ പറ്റിയാണ് പറഞ്ഞുവന്നത്. വലിയ സ്വപ്നങ്ങള്‍ നല്ലതുതന്നെ. ഞാന്‍കണ്ട പണക്കാരന്റെ സ്വപ്നംപോലെ ആകരുതെന്നുമാത്രം. അയാളുടേതിനെക്കാള്‍ തുളസിയുടെ സ്വപ്നമല്ലേ നല്ലത്?
സ്വപ്നങ്ങള്‍ സ്വപ്നങ്ങളെ, നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ എന്ന് വയലാര്‍ പാടിയത് എത്ര ആനന്ദകരം..

സാം നിലമ്പള്ളില്‍.
samnilampallil@gmail.com


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക