Image

സഖാവ് തോപ്പില്‍ ഭാസിയുടെ സഹധർമ്മിണിക്കു പ്രണാമം (രതീദേവി)

Published on 15 July, 2021
സഖാവ് തോപ്പില്‍ ഭാസിയുടെ  സഹധർമ്മിണിക്കു  പ്രണാമം (രതീദേവി)
പലപ്പോഴും  ആ  വീട്ടിൽ സഖാവ്   ഉള്ളപ്പോൾ പോകുമായിരുന്നു . അന്നെല്ലാം ഈ  അമ്മയോട്  വർത്തമാനം   പറഞ്ഞിരുന്നിട്ടുണ്ട്  .

സഖാവ്  തോപ്പിൽ  ഭാസിയുടെ   ശവസംസ്കാര  ചടങ്ങിൽ  ഞാൻ  പങ്കെടുത്തിരുന്നു . അന്ന്  ആ   അമ്മയുടെ കൈകളിൽ  തലോടിയിരുന്നതോർക്കുന്നു. ഞാനും   കുഞ്ഞുണ്ണി  മാഷുംകൂടി  പോയിരുന്നു. അന്ന്  ഭക്ഷണം   കഴിപ്പിച്ചാണ് വിട്ടത്.

കോട്ടയത്തു വച്ചു നടന്ന  ഇപ്റ്റ യുടെ (ഇന്ത്യന്‍ പീപ്പിള്‍ തിയെറ്ററി ന്‍റെ സംസ്ഥാനസമ്മേളനം). കെ പി എ സി യിലെ കേശവന്‍ പോറ്റി സാര്‍ ഉള്‍പെടെ എല്ലാവരും അതില്‍ പങ്കെടുത്തിരുന്നു. സമ്മേളനം കഴിഞ്ഞു മടക്ക യാത്ര കെപിഎസി യുടെ  വണ്ടിയില്‍  ഞാനും ഉണ്ടായിരുന്നു.    

ഇത്തരം യാത്രയില്‍  ഞാന്‍ സഖാവ് തോപ്പില്‍ഭാസിയുടെ  അടുത്തായിരിക്കും ഇരിക്കുക. കാരണം കൃത്രിമ കാലിന്‍റെ പരിപാലനം മിക്കപോഴും. എനിക്കായിരുന്നു. അന്നും അങ്ങനെ ആയിരുന്നു. ആ യാത്രയിലാണ് . ശുരനാട് സമരത്തെ കുറിച്ചു ദീര്‍ഘമായി സംസാരിച്ചത്. ശുരനാടിനടുത്തുള്ള സ്ഥലമായിരുന്നു താമരകുളവും വള്ളികുന്നവും. ആ സമരത്തിലെ ധീരന്മാര്‍ക്ക് ഒളിത്താവളങ്ങള്‍ തരപെടുത്തി കൊടുക്കുന്ന  അപകടകരമായ ജോലി എന്‍റെ അപ്പനായിരുന്നു . അന്നു മുതലാണ് സഖാവ് തോപ്പില്‍ ഭാസിയും എന്‍റെ അപ്പനും തമ്മില്‍ അറിയുന്നത്. അതിനു ശേഷം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കുമ്പോള്‍ എന്‍റെ അപ്പനും ഒളിവില്‍ പോയി.  ഈ കഥകള്‍ സഖാവ് വിശദമായി ആ യാത്രയില്‍ വിവരിച്ചുപറഞ്ഞു തന്നു . വെളുപ്പാന്‍ കാലത്ത്   കെ പി എ സി യുടെ വണ്ടി എന്‍റെ  വീടിനു മുന്നില്‍ വന്നു നിന്നു. ഹോണ്‍ അടിച്ചു. അപ്പന്‍ ഇറങ്ങി വന്നു.ഇവര്‍ തമ്മില്‍ ലാല്‍ സലാം  പറഞ്ഞു പിരിഞ്ഞു. ഇതെല്ലാം ഇന്നലെയെന്ന പോലെ ഓര്‍ക്കുന്നു.

ഈയവസരത്തില്‍ വിദുരമായ ഒരു ഭുഖണ്ഡത്തിലിരുന്നു ഇതെഴുതുമ്പോള്‍ , ഈ ഓര്‍മ്മകള്‍ക്ക് അമ്മിണിയമ്മയുമായി യാതൊരു ബന്ധവുമില്ല. പക്ഷെ  സഖാവ് തോപ്പില്‍ ഭാസിയുമായി ബന്ധമുള്ളതു കൊണ്ടു എഴുതി പോയതാണ്.
 
ഈയവസരത്തില്‍  കെ പി എ സിയുടെ സെക്രട്ടറിയും എന്‍റെ സുഹൃത്തുമായ അഡ്വ; ഷാജഹാന്‍ എഴുതിയ അനുസ്മരണം ചുവടെ ചേര്‍ക്കുന്നു.

വര്‍ഷം 1948. എണ്ണക്കാട്ട് ഗ്രാമത്തിൽ കുട്ടി എന്ന കുടിയാൻ്റെ കൊട്ടിൽ  പൊളിക്കാൻ ഗ്രാമത്തിൽ തമ്പുരാൻ സിൽബന്ധികളെ അയച്ചു. അതിനെ എതിർത്ത കർഷക തൊഴിലാളികളെ പോലീസ് പിടിച്ചുകെട്ടി, അറവ്മാടുകളെ പോലെ തെരുവിലൂടെ അടിച്ചു നടത്തിച്ചു ലോക്കപ്പിൽ എറിഞ്ഞു. തൊഴിലാളികളെ പിന്തുണച്ചത് കമ്മ്യൂണിസ്റ്റുകളായ ശങ്കരനാരായണൻ തമ്പിയും കുടുംബവുമാണെന്ന്  പോലീസ് കണ്ടെത്തി. തുടർന്ന് ശങ്കരനാരയണൻ തമ്പി, സഹോദരങ്ങളായ ഡോ. രാമകൃഷ്ണൻ തമ്പി, രാജശേഖരൻ തമ്പി, വേലായുധൻ തമ്പി, രാധമ്മ തങ്കച്ചി എന്നിവർ ഒളിവിൽ പോയി.

തമ്പി സാറിന്റെ മാതാവും പിതാവ് എണ്ണക്കാട്ട് കൊട്ടാരത്തിലെ രാമ വർമ്മ രാജാവും പല്ലനയിലെ പാണ്ഡവത്തു വീട്ടിലേക്ക് താമസം മാറ്റി.  പല്ലനയിലെ കോൺഗ്രസ്സുകാരും  മറ്റു ജന്മികളും കുടി ആ കുടുംബത്തിന് വീട്ടുവിലക്ക്   കല്പിച്ചു. അവരെ മറ്റു വീടുകളിൽ കയറ്റരുത്, അവർക്കു സാധനങ്ങൾ കൊടുക്കരുത് എന്നൊക്കെയായിരുന്നു നിരോധനം. ആ ദുരിതകാലത്തു വീട്ടുകാർക്കും വിശന്ന് വലഞ്ഞു എത്തുന്ന ഒളിവിലെ സഖാക്കൾക്കും  ഭക്ഷണം ഒരുക്കിയത് 12  വയസ്സുള്ള ഒരു പെൺകുട്ടിയായിരുന്നു. പറമ്പിൽ അടർന്നു വീഴുന്ന നാളീകേരം പെറുക്കി കുട്ടയിലാക്കി മൈലുകളോളം ചുമന്നു കൊണ്ട് പോയി വിറ്റാണ് ഈ കുട്ടി വീട്ടുസാധനങ്ങൾ വാങ്ങിയിരുന്നത്. ശങ്കരനാരായണൻ  തമ്പിയുടെ സഹോദരീപുത്രി അമ്മിണിയമ്മ ആയിരുന്നു ആ കൊച്ചുമിടുക്കി.

മാതുലന്മാരെല്ലാം ഒളിവിൽ. മാതൃസഹോദരി സുഭദ്രാമ്മ തങ്കച്ചി ജയിലിൽ. പോലീസിന്റെ തുടർച്ചയായ വീട് പരിശോധന. ജന്മിമാരുടെയും സംഘത്തിന്റെയും  അവഹേളനം. ഇവയൊക്കെ ധാരാളമായിരുന്നു അമ്മിണിയമ്മയെ കമ്മ്യൂണിസ്റ്റാക്കാൻ. ശൂരനാട് കേസിൽ ഒളിവിൽ പോയ ഭാസിയെകൊണ്ട് അമ്മിണിയമ്മയെ കെട്ടിക്കാൻ ശങ്കരനാരായണൻ തമ്പി ആഗ്രഹിച്ചു. അതിന് അമ്മിണിയമ്മയും സമ്മതം മൂളി. ഒളിവിലിരുന്നു തന്നെ വിവാഹം നടത്തി - പാതിരാത്രിയിൽ. താലികെട്ട് കഴിഞ്ഞു തോപ്പിൽ ഭാസി വീണ്ടും ഒളിവിലേക്ക് മടങ്ങി. 

"ഏതപകടവും ഏതവസരത്തിലും  സംഭവിക്കാവുന്ന ഒരാളാണ്. എനിക്ക് എന്ത് വന്നാലും, ഞാൻ നശിച്ചാലും, അങ്ങനെ ഒരാശ ഉണ്ടെങ്കിൽ സാധിച്ചു കൊള്ളട്ടെ എന്ന് ഞാൻ കരുതി" - തന്റെ കല്ല്യാണക്കാര്യത്തെ  അങ്ങനെയാണ് അമ്മിണിയമ്മ കണ്ടത്. തിരുവിതാംകൂർ  പോലീസ് 1000 രൂപ തലക്ക് വിലയിട്ട തോപ്പിൽ ഭാസി എന്ന ‘ഭീകര കമ്മ്യൂണിസ്റ്റിനെ’ ധൈര്യപൂർവം വരിച്ച അമ്മിണിയമ്മ നമ്മെ വിട്ടുപിരിഞ്ഞു. മരിക്കുന്നതുവരെ ഉറച്ച കമ്മ്യൂണിസ്റ്റ്, ചാഞ്ചാട്ടമില്ലാത്ത വിപ്ലവബോധം, അതായിരുന്നു സ: അമ്മിണിയമ്മ 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക