Image

'രാജാ' സുഷയറിന് വിട ചൊല്ലുമ്പോള്‍ (ദല്‍ഹികത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 15 July, 2021
'രാജാ' സുഷയറിന് വിട ചൊല്ലുമ്പോള്‍ (ദല്‍ഹികത്ത് : പി.വി.തോമസ്)
മുന്‍ ഹിമാചല്‍ മുഖ്യമന്ത്രി വീരഭദ്രസിംങ്ങ്(87) ജൂലൈ എട്ടിന് നിര്യാതനായി. കോവിഡ് അനന്തര പ്രശ്‌നങ്ങളാണ് കാരണം. ഇദ്ദേഹം ഹിമാലന്‍ രാഷ്ട്രീയത്തിലെ ഒരു അതികായന്‍ ആയിരുന്നു. ഹിമാചല്‍ പ്രദേശിലെ രാംപൂര്‍ പ്രദേശത്തെ സുഷയര്‍ രാജകുടുംബാംഗവും പാരമ്പര്യം അനുസരിച്ച് പരമ്പരയിലെ രാജാവും ആയിരുന്നു. അദ്ദേഹത്തിന്റെ മരണവേളയില്‍ ഈ ഓര്‍മ്മക്കുറിപ്പ് എഴുതുന്നത് ഒരു മുഖ്യമന്ത്രിയും ഒരു മാധ്യമപ്രവര്‍ത്തകനും തമ്മിലുണ്ടായ ഒരു ഏറ്റുമുട്ടലിന്റെ കഥപറയുവാനും ജനാധിപത്യപ്രകാരം അത് എങ്ങനെ പരിഹരിച്ചുവെന്നും രേഖപ്പെടുത്തുവാനാണ്. ഇതില്‍ ഉള്‍പ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ ഈ ലേഖകന്‍ തന്നെയാണ്. മാധ്യമപ്രവര്‍ത്തകരെ നിസാരം പ്രകോപനത്തിന്റെ പേരില്‍ രാജ്യദ്രോഹ-ഭീകരവാദനിയമങ്ങള്‍ അനുസരിച്ച് ജയിലില്‍ അടക്കുന്ന ഈ കാലത്ത് ഇത് ഒരു ഓര്‍മ്മപ്പെടുത്തലും ആണ്.

1985 ആണ് കാലം. ഞാന്‍ അന്ന് സിംലയില്‍ ഒരു മാധ്യമപ്രവര്‍ത്തകനായി ജോലി ചെയ്യുകയായിരുന്നു. ഡിസംബര്‍ മുപ്പതിനോ മുപ്പത്തി ഒന്നിനോ രാത്രി പതിനൊന്നരയ്ക്ക് അടുത്ത് എന്റെ ടെലിഫോണ്‍ ശബ്ദിച്ചു. മുഖ്യമന്ത്രി വീരഭദ്രസിംങ്ങിന്റെ വസതിയില്‍ നിന്നും ആണ് വിൡക്കുന്നതെന്നും മുഖ്യമന്ത്രിക്ക് എന്നോട് സംസാരിക്കുവാനുണ്ടെന്നും വിളിച്ചയാള്‍ പറഞ്ഞു. മുഖ്യമന്ത്രി ബോംബെയ്ക്കുപോയിരിക്കുകയാണെന്നും അവിടെ നിന്നും കോണ്‍ഗ്രസിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് ശേഷം ഈ ദിവസങ്ങളില്‍ മടങ്ങിവരുമെന്നും എനിക്കറിയാമായിരുന്നു. ഞാന്‍ മുഖ്യനായി കാതോര്‍ത്തു. അദ്ദേഹം ടെലിഫോണില്‍ വന്ന് സ്വയം പരിചയപ്പെടുത്തി. സ്വരം അത്ര സുഖകരമായിരുന്നില്ല. അതിനാല്‍ എന്തോ പന്തികേട് ഞാന്‍ മണത്തു. എന്റെ ഒരു സ്റ്റോറിയെ പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു പ്രസ്തുത റിപ്പോര്‍ട്ട് ഞാന്‍ ആണോ എഴുതിയതെന്ന്. പ്രത്യുത്തരമായി ഞാന്‍ പറഞ്ഞു അത് ഒരു ബൈലൈന്‍ സ്റ്റോറി ആണല്ലോ. അപ്പോള്‍ വ്യക്തമാണല്ലോ. പിന്നീട് നടന്നത് ഒരു പൊട്ടിത്തെറി ആയിരുന്നു. സ്റ്റോറി തെറ്റാണെന്നും ആരോ അദ്ദേഹത്തെ തേജോവധം ചെയ്യുവാന്‍ മനഃപ്പൂര്‍വ്വം പ്ലാന്‍ ചെയ്തതാണെന്നും ഇതിനെതിരെ നിയമനടപടി എടുക്കുമെന്നും ഭീഷണിപ്പെടുത്തി.  ഞാന്‍ എല്ലാം കേട്ടുനിന്നു. ഒടുവില്‍ ചോദിച്ചു എന്റെ സ്‌റ്റോറിയില്‍ എ്ന്താണ് തെറ്റ്? അതു ചൂണ്ടിക്കാണിച്ചാല്‍ പ്രസിദ്ധീകരിക്കാം. ഉടനെ അദ്ദേഹം പറഞ്ഞു താങ്കളുടെ റിപ്പോര്‍ട്ടില്‍ പറയുന്ന ദല്‍ഹിയിലെ മഥുരറോഡിലെ ആ കെട്ടിടത്തിന്റെ നമ്പര്‍ അതു തന്നെ ആണോ? അല്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ ഒരു ചെറിയ തെറ്റിന് ആ സ്റ്റോറിയുടെ യാഥാര്‍ത്ഥ്യത്തെ ഖണ്ഡിക്കുവാന്‍ സാധിക്കുകയില്ലെന്ന് ഞാന്‍ വാദിച്ചു. ഉടനെ അദ്ദേഹം അലറിവിളിച്ചു. 'ഐ വില്‍ ത്രോ യൂ ഔട്ട്.' എന്നെ പുറത്തെറിയുമെന്ന്. എന്നിട്ട് അദ്ദേഹം പൊടുന്നനെ ഫോണ്‍ വിച്ഛേദിച്ചു.

സിംലയിലെ ഡിസംബറിലെ ആ തണുപ്പു കാലത്ത് പോലും ഞാന്‍ വിയര്‍ത്തുപോയി. എന്തുചെയ്യണം? ഇതിനെ എങ്ങനെ പ്രതിരോധിക്കും. ആ രാത്രിയില്‍ എന്തും സംഭിവിക്കാം. പോലീസ് വരാം അറസ്റ്റു ചെയ്യാം അങ്ങനെ എന്തും. സ്‌റ്റോറി ശരിയാണെന്ന് എനിക്ക് അറിയാം. ഞാന്‍ അത് മള്‍ട്ടിപ്പിള്‍ സോഴ്‌സുകളിലൂടെ തിട്ടപ്പെടുത്തിയതാണ്. മുഖ്യമന്ത്രിക്ക് സ്റ്റോറിയുടെ സത്യാവസ്ഥയെ ഖണ്ഡിക്കുവാനായില്ല ഒരു വീട്ട് നമ്പറിലെ തെറ്റ് മാത്രം അല്ലാതെ. അദ്ദേഹം ഇളകി വശാകുവാന്‍ കാരണം സ്റ്റോറിയുടെ കുന്തമുന നീളുന്നത് അദ്ദേഹത്തിലേക്ക് ആണെന്നതു കാരണം ആ ണെന്ന് എനിക്കറിയാം.

സ്റ്റോറി ഇതാണ്. വീരഭദ്രസിംങ്ങ് കേന്ദ്രത്തില്‍ വ്യവസായ വകുപ്പിന്റെ സഹമന്ത്രിയായിരുന്ന കാലത്ത് ദല്‍ഹിയിലെ മഥുര റോഡിലെ ഔദ്യോഗിക വസതി അദ്ദേഹം അതിനുശേഷം ഹിമാചല്‍ പ്രദേശിലെ മുഖ്യമന്ത്രി ആയപ്പോഴും വിട്ടു കൊടുത്തില്ല. പകരം സംസ്ഥാന ടൂറിസം മന്ത്രാലയത്തെക്കൊണ്ട്  അത് ഹോസ്പിറ്റാലിറ്റി വിഭാഗത്തില്‍പ്പെടുത്തി വാടകക്ക് എടുപ്പിച്ചു. എന്തായിരുന്നു അദ്ദേഹത്തിന് മഥുരറോഡിലെ ഈ വസതിയോടുള്ള തീര്‍ക്കുവാനാകാത്ത ബന്ധം? ഇതായിരുന്നു ചോദ്യം. ഒപ്പം എന്തിന് ഇതിനായി സംസ്ഥാന ഗവണ്‍മെന്റിന്റെ ഫണ്ട് ദുരുപയോഗപ്പെടുത്തി എന്നും. കാരണം ഹോസ്പിറ്റാലിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് ഇത് വാടകയ്ക്ക് എടുത്തെങ്കിലും വീട് ഉപയോഗിച്ചിരുന്നത് വീരഭദ്രസിംങ്ങിന്റെ സ്വകാര്യ ആവശ്യത്തിനുവേണ്ടി ആയിരുന്നു. ഈ വീട് അദ്ദേഹത്തിന്റെ ഒരു സ്വകാര്യത ആയിരുന്നു. ഭാര്യ മരിച്ചുപോയ സിംങ്ങ് 1986-ലാണ് വീണ്ടും വിവാഹം കഴിച്ചത്. ഇതായിരുന്നു അദ്ദേഹത്തിന്റെ സംഗമ കേന്ദ്രം. അദ്ദേഹം വിവാഹം ചെയ്ത പ്രതിഭസിംങ്ങ് ഒരു രാജകുടുംബാംഗം ആയിരുന്നു. അവര്‍ രണ്ട് പ്രാവശ്യം എം.പി.യും ആയി പില്‍ക്കാലത്ത്.

അപ്പോള്‍ മുഖ്യമന്ത്രി കോപിച്ചിരിക്കുകയാണ്. രാത്രി നിര്‍ണ്ണായകം ആണ്. എന്തും സംഭവിക്കാം. രാജ്യദ്രോഹകുറ്റമോ ഭീകരവാദമോ എന്തും. ആദ്യം ഒരു ലൈറ്റനിംങ്ങ് കോള്‍ ബുക്ക് ചെയ്ത് ഓഫീസില്‍ എഡിറ്ററെ വിളിച്ചറിയിച്ചു. ധൈര്യമായിട്ടിരിക്കുവാന്‍ അദ്ദേഹം പറഞ്ഞു. അടുത്തത് സിംലയിലെ മറ്റ് മാധ്യമപ്രവര്‍ത്തകര്‍. അവരെ വിൡുന്നത് പാതിരാത്രിയിലാണ്. അതിനാല്‍ രണ്ടു മൂന്നുപേരെ മാത്രം വിൡു. അവരും ഈ സ്റ്റോറി വായിച്ചതായിരുന്നു. അതിലെ വാസ്തവിതയും അറിയാമായിരുന്നു അവര്‍ക്ക്.  ധൈര്യമായിട്ടിരിക്കുവാന്‍ പറഞ്ഞു. അവരുടെ പ്രധാനപ്പെട്ട ഒരു പോയിന്റ് കേരളത്തില്‍ നിന്നും ജോലിചെയ്യുവാന്‍ ഇവിടെ എത്തിയ നിന്നെ എങ്ങനെ എടുത്തു പുറത്തെറിയുമെന്ന് മുഖ്യമന്ത്രിക്ക് പറയുവാന്‍ സാധിക്കും? ഭരണഘടന വിരുദ്ധം ആണ്. ഇന്‍ഡ്യയില്‍ എവിടെയും പോയി താമസിക്കുവാനും ജോലി ചെയ്യുവാനും ഒരു പൗരനുള്ള അവകാശം ഇന്‍ഡ്യന്‍ ഭരണഘടന ഉറപ്പ് നല്‍കിയിട്ടുള്ളതാണ്.
എല്ലാവരുമായി സംസാരിച്ച് കഴിഞ്ഞ് എന്തിനു തയ്യാറായി ഉറങ്ങാന്‍ കിടന്നപ്പോള്‍ ഞാന്‍ ആലോചിച്ചു: 'ഐ വില്‍ ത്രോ യൂ ഔട്ട്' എന്നതുകൊണ്ട് എന്താണ് വീരഭദ്രസിംങ്ങ്  ഉദ്ദേശിച്ചത്? സംസ്ഥാനത്തു നിന്നും പുറത്താക്കും എന്നാണോ അതോ എന്റെ ഫ്‌ളാറ്റില്‍ നിന്നും പുറത്താക്കുമെന്നാണോ? കാരണം ഞാന്‍ താമസിച്ചിരുന്ന മാള്‍ റോഡിലുള്ള യു.എസ്. ക്ലബാ(യുണൈറ്റഡ് സര്‍വ്വീസസ് ക്ലബ്) ഗവണ്‍മെന്റ് വക ആയിരുന്നു. ഗവണ്‍മെന്റ് അക്രഡിറ്റഡ് കറസ്‌പോണ്ടന്റ് എന്ന നിലയില്‍ എനിക്ക് ലഭിച്ചതായിരുന്നു അത്. ഏതായാലും വിഷയം ഫ്‌ളാറ്റില്‍ ഒതുങ്ങിയില്ല. അത് സംസ്ഥാനത്തിലേക്ക് വ്യാപിച്ചു. രാത്രിയില്‍ ഒന്നും സംഭവിച്ചില്ല.

അതിരാവിലെ മുഖ്യമന്ത്രിയുടെ ആത്മസുഹൃത്തായ ഒരു മാധ്യമപ്രവര്‍ത്തകന്‍ ഫോണ്‍ ചെയ്തു. അദ്ദേഹം വിവരം അന്വേഷിച്ചു. എന്നിട്ടു പറഞ്ഞു വീരഭദ്രസിംങ്ങ് പത്തുമണിക്ക് സെക്രട്ടറിയേറ്റിലുള്ള അദ്ദേഹത്തിന്റെ ഓഫീസിലേക്ക് എന്നെ വിളിച്ചിട്ടുണ്ടെന്ന്. ഇതും മറ്റ് മാധ്യമസുഹൃത്തുക്കളെ അറിയിച്ചു. എല്ലാവരും ഒത്തു മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തി. അദ്ദേഹത്തിന്റെ ക്ഷോഭം എല്ലാം പമ്പ കടന്നിരുന്നു. താങ്കളെപ്പോലുള്ള സുഹൃത്തുക്കള്‍ ഇങ്ങനെ ഒക്കെ എഴുതിയാല്‍ ഞാന്‍ അപ്പ്‌സെറ്റ് ആയിപ്പോവുകയില്ലെ? ക്ഷമിക്കണം. അദ്ദേഹം മാപ്പു പറഞ്ഞു. ആ വിഷയം അവിടെ അവസാനിച്ചു. എന്നിട്ടും അത് അവിടെ ക്ലോസ് ചെയ്യുന്നതിതുപകരം മാധ്യമസുഹൃത്തുക്കള്‍ എന്റെ അഭിപ്രായം ചോദിച്ചു. ഇത് തല്‍ക്കാലം ഇവിടെ തീരട്ടെ. എല്ലാവരും സമ്മതിച്ചു.

 ഞാന്‍ സിംല വിട്ടതിനു ശേഷവും പലപ്പോഴും വീരഭദ്രസിംങ്ങിനെ കണ്ടിട്ടുണ്ട്. അപ്പോഴെല്ലാം അദ്ദേഹം വളരെ ഹൃദ്യമായി പെരുമാറിയിരുന്നു. എന്റെ കര്‍മ്മസഞ്ചാരപഥം അദ്ദേഹം ഔത്സുക്യത്തോടെ ചോദിച്ച് അറിയുമായിരുന്നു. ഒരിക്കല്‍ പാര്‍ലിമെന്റ് ക്യാന്റീനില്‍ ഞാന്‍ ഭക്ഷണം കഴിക്കുകയായിരുന്നു. നല്ല തെരക്കാണ്. സീറ്റ് കാലിയാകുന്നതു നോക്കി എം.പി.മാരും മാധ്യമപ്രവര്‍ത്തകരും ജാഗ്രതയോടെ കാത്തുനില്‍ക്കുകയാണ് സാധ്യതയുള്ള കസേരകളുടെ പിറകില്‍. എന്റെ പിറകിലും ആരോ നില്‍ക്കുന്നത് എനിക്ക് ഇടം കണ്ണിലൂടെ കാണാമായിരുന്നു. അത് ആരായാലും വളരെ ക്ഷമയോടെ ഞാന്‍ എഴുന്നേല്‍ക്കുന്നത് കാത്തു നില്‍ക്കുകയായിരുന്നുവെന്ന് എനിക്ക് അറിയാമായിരുന്നു. ഞാന്‍ തല ഉയര്‍ത്തി നോക്കി ആരാണെന്നറിയുവാന്‍. അത് വീരഭദ്രസിംങ്ങ് ആയിരുന്നു. പച്ച ബോര്‍ഡറുള്ള ഹിമാചലികുളു ക്യാപ്പും ധരിച്ച് ചിരിച്ചുകൊണ്ട് അദ്ദേഹം എന്റെ തോളില്‍ തട്ടി. ഭക്ഷണം കഴിഞ്ഞ് അദ്ദേഹത്തിനായി സ്ഥലം ഒഴിവാക്കി. നന്ദി പറഞ്ഞ് കുശലം ചോദിച്ച് അദ്ദേഹം ഇരുന്നു. പിന്നെ ഞങ്ങള്‍ തമ്മില്‍ കണ്ടിട്ടില്ല. വിവാദങ്ങളും അഴിമതികളും അദ്ദേഹത്തിന് ഒപ്പം ഉണ്ടായിരുന്നു. വീരഭദ്രസിംങ്ങ് ഹിമാചല്‍ പ്രദേശിന്റെ പിതാവ് എന്നറിയപ്പെടുന്ന യശവന്ത്‌സിംങ്ങ് പര്‍മാറിനെപോലെ ജനസമ്മതിനേടിയ ഒരു നേതാവ് ആയിരുന്നു. ഠാക്കൂര്‍ രാം ലാല്‍,  സുഖറാമ്, ശാന്തകുമാര്‍(ബി.ജെ.പി.) ഇരുവരും നേതൃനിരയില്‍ മുമ്പന്മാര്‍ ആണ്. വീരഭദ്രസിംങ്ങ് ആറുപ്രാവശ്യം ഹിമാചല്‍ പ്രദേശിന്റെ മുഖ്യമന്ത്രി ആയിരുന്നു. ഇത് റെക്കോര്‍ഡ് ആണ്. അദ്ദേഹം ഒമ്പതുതവണ നിയമസഭ അംഗം ആയിരുന്നു. അഞ്ച് പ്രാവശ്യം എം.പി.യും. 1962-ല്‍ ആദ്യ തവണ പാര്‍ലിമെന്റില്‍ (ലോകസഭ) എത്തുന്ന അദ്ദേഹം പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും ഇന്ദിരഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും വി.വി.നരസിംഹറാവുവിന്റെയും മന്‍ മോഹന്‍സിംങ്ങിന്റെയും സഹപ്രവര്‍ത്തകന്‍ ആയിരുന്നു. സിംങ്ങ് മൂന്നു പ്രാവശ്യം കേന്ദ്രമന്ത്രി ആയിരുന്നു. രാജാസാബിന്റെ സിംലയിലെ ജൂക്കുമൂലയിലെ സ്വകാര്യ വസതിയായ ഹോളി(Holly) ലോഡ്ജിലും രാംപൂറിലെ കുടുംബ കൊട്ടാരമായ പദാം പാലസിലും ജോലിയുടെ ഭാഗമായി സന്ദര്‍ശിക്കുവാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. ഇന്‍ഡ്യയിലെ ആദ്യത്തെ പബ്ലിക് സ്‌ക്കൂളായ സിംലയിലെ ബിഷപ്പ് കോട്ടണ്‍ സ്‌ക്കൂളിലും ദല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളേജിലും വിദ്യാഭ്യാസം നിര്‍വ്വഹിച്ച സിംങ്ങ് രാജകൊട്ടാരത്തില്‍ നിന്നും ജനാധിപത്യത്തിന്റെ വീഥിയിലേക്ക് കടന്നുവന്ന ജനകീയന്‍ ആയിരുന്നു. സുഷയിലെ ആ പഴയ രാജാവിന് വിട.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക