Image

ഉദയസൂര്യന്റെ നാട്ടിലെ ജലപാതം (ആൻ മേരി)

Published on 13 July, 2021
ഉദയസൂര്യന്റെ നാട്ടിലെ ജലപാതം (ആൻ മേരി)
അവർണ്ണനീയമാം വിധം മനോഹരമാണ് അരുണാചൽപ്രദേശിന്റെ പ്രകൃതി ഭംഗി. അംബരചുംബികളായ മലനിരകളും , ഇടതൂർന്ന വനാന്തരങ്ങളും , ഉത്തുംഗങ്ങളായ ജലപാതങ്ങളും ഈ അതിർത്തി സംസ്ഥാനത്തെ മറ്റു പ്രദേശങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമാക്കുന്നു.

അരുണാചലിലെ മൂന്നാമത്തെ വലിയ വെള്ളച്ചാട്ടമായ സിർക്കി ജലപാതം (Sirki waterfall ) ഞങ്ങൾ വസിക്കുന്ന പങ്കിനിൽ (Pangin ) നിന്ന് ഏതാണ്ട് അറുപത് കിലോമീറ്റർ മാത്രം അകലെയാണുള്ളത്. യാത്രയത്രയും വളഞ്ഞുപുളഞ്ഞു കിടക്കുന്ന മലമ്പാതകളിലൂടെയാണെന്നതിനാൽ ഇത്രയും ദൂരം പിന്നിടാൻ ഒന്നര മണിക്കൂറിലധികം എടുക്കും. പുതുതായി പണി കഴിഞ്ഞ ഹൈവേ ആയതിനാലാണ് ഇത്രയും എളുപ്പം. വർഷങ്ങൾക്ക് മുൻപ്, ഞങ്ങൾ ആദ്യമായി ഇവിടെയെത്തുമ്പോൾ പാസിഘട്ട് നിന്നും പങ്കിനിലേക്കുള്ള 85 കിലോമീറ്റർ പിന്നിട്ടിരുന്നത് അഞ്ചു മണിക്കൂർ കൊണ്ടായിരുന്നു. റോഡിന്റെ അവസ്ഥ അത്ര മോശമായിരുന്നു. കൊടുംകാടിനു നടുവിലൂടെ പേരിനുമാത്രമുള്ള, പൊട്ടിപ്പൊളിഞ്ഞ, കുണ്ടും കുഴിയും നിറഞ്ഞ പാതയിലൂടെയുള്ള യാത്ര ഏറെ ദുരിതം നിറഞ്ഞതായിരുന്നു. ഇന്നിപ്പോൾ സ്ഥിതി വളരെ മെച്ചപ്പെട്ടു. വീതിയുള്ള നല്ല റോഡ്. പട്ടണത്തിലേക്കുള്ള ദൂരം 70 കിലോമീറ്ററുകളായി കുറഞ്ഞു.  രണ്ട് മണിക്കൂർ കൊണ്ട് പാസിഘട്ട് എത്തിച്ചേരാം.  വിശാലമായ നീല വാനക്കാഴ്ചകളും ആകാശം മുട്ടുന്ന നീല മലനിരകളും കാടിന്റെ പച്ചപ്പും മനം കുളിർപ്പിക്കുന്ന സിയാങ് നദിയുടെ സൗന്ദര്യവും യാത്രയിലുടനീളം ഒപ്പമുണ്ടാവും.  യാത്രാ മദ്ധ്യേ സിർക്കിയും, അതിവിശാലമായി പരന്നൊഴുകുന്ന സിയാങ്ങിന്റെയും, മുഴുവൻ pasighat പട്ടണത്തിന്റെയും ദൃശ്യം അതിമനോഹരാം വിധത്തിൽ വരച്ചുവെച്ച ബോഡാക് (Bodak) വ്യൂ പോയിന്റും സന്ദർശിക്കുകയുമാവാം.

 കഴിഞ്ഞ രണ്ടു മാസങ്ങളായി നീളുന്ന ഏകാന്തവാസത്തിൽ നിന്നും ഒരു ബ്രേക്ക് എടുത്ത് ഞങ്ങൾ സിർക്കി ജലപാതം കാണാതായി യാത്ര തിരിച്ചു. രാവിലെ ഏതാണ്ട് ഒമ്പതരയോടു കൂടി യാത്ര തുടങ്ങി. മഴയും വെയിലുമില്ലാത്ത നല്ല കാലാവസ്ഥയായിരുന്നത് കൊണ്ട് സിർക്കി കാണാനുള്ള ഏറ്റവും നല്ല സമയം ഇതു തന്നെ എന്ന് ഞങ്ങൾ തീരുമാനിച്ചു. മലഞ്ചെരുവുകളിലൂടെ വളഞ്ഞുപുളഞ്ഞുള്ള യാത്രയാണെങ്കിലും. റോഡ്  നല്ലതായിരുന്നത് കൊണ്ട് യാത്ര വലിയ മുഷിപ്പുണ്ടാക്കിയില്ല. എന്നാൽ ഏതാണ്ട് ഒരു മണിക്കൂർ
പിന്നിട്ടപ്പോഴേക്കും കാലാവസ്ഥ പൊടുന്നനെ മാറി. ചാറ്റൽ മഴ വീണു തുടങ്ങി. ക്രമേണ മഴ ശക്തി പ്രാപിച്ചു. പങ്കിനിൽ നിന്നും എതാണ്ട് നാല്പത് കിലോമീറ്ററുകൾക്കപ്പുറം ബീസ് മൈൽ (Twenty mile) എന്ന സ്ഥലത്തെത്തിയപ്പോഴേക്കും മഴ ശക്തിപ്രാപിച്ചു. കനത്ത മൂടൽമഞ്ഞ് മാർഗ്ഗ തടസ്സമുണ്ടാക്കാനാരംഭിച്ചു. വാഹനത്തിനു മുന്നിൽ ഏതാണ്ട് മൂന്ന് നാല് മീറ്ററിനപ്പുറം റോഡ് മഞ്ഞു മറക്കുള്ളിൽ അവ്യക്തമായി. എതിരെ വരുന്ന വാഹനത്തിന്റെ ഫോഗ് ലൈറ്റുകൾ പോലും വളരെ അടുത്തെത്തിയതിന് ശേഷം മാത്രമാണ് കാഴ്ചയിൽ പെട്ടത്. സമുദനിരപ്പിൽ നിന്നും ആയിരക്കണക്കിന് അടി ഉയത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം പൊതുവെ മഴക്ക് പേര് കേട്ടതാണ്.. പങ്കിനിൽ നിന്നും ഞങ്ങൾ പുപ്പെടുമ്പോൾ പ്രകൃതി ദേവിക്കുണ്ടായിരുന്ന തെളിച്ചവും മുഖ പ്രസാദവും എത്ര പെട്ടന്നാണ് അപത്യക്ഷമായത്. എതാണ്ട് പതിനഞ്ചു മിനിട്ട് നേരം കനത്ത കോടമഞ്ഞിനിടയിലൂടെ  യാത്ര ചെയ്തു. ഈയവസ്ഥയിൽ വാട്ടർ ഫാൾ സന്ദർശിക്കുക ബുദ്ധിയല്ല എന്ന് തോന്നി. കാലാവസ്ഥ വളരെ മോശം . എന്തായാലും നല്ലൊരു ദൂരം കടന്നു കഴിഞ്ഞിരുന്നതിനാൽ മടങ്ങിപ്പോവാനും തോന്നിയില്ല. നേരെ പട്ടണത്തിലേക്ക് പോവാമെന്ന് തീരുമാനിച്ചു യാത്ര തുടർന്നു. സിർക്കിയുടെ താഴ്‌വാരത്തിൽ എത്തിച്ചേർന്നപ്പോഴും മഴ നിലച്ചിരുന്നില്ല. പ്രതീക്ഷിച്ചതു പോലെത്തന്നെ വാഹനങ്ങളോ ആളുകളോ അവിടെങ്ങും ഉണ്ടായിരുന്നില്ല. ഇത്തരം മോശമായ കാലാവസ്ഥയിൽ വനത്തിനുള്ളിലേക്ക് കടക്കാൻ ആരും താല്പര്യപ്പെടുകയില്ല. ഞങ്ങൾ യാത്ര തുടർന്നു. സിർക്കിയിൽ നിന്ന് പന്ത്രണ്ടു കിലോമീറ്റർ ദൂരമപ്പുറം പാസിഘട്ട്  ടൗൺ ..  റാണി വില്ലേജ് കടന്നതോട് കൂടി മൂന്നു വശങ്ങളിലും മലനിരകളാൽ ചുറ്റപ്പെട്ട് പരന്നൊഴുകുന്ന സിയാങ് നദിയുടെ സമതലപ്രദേശമായ പാസിഘട്ട് പ്രത്യക്ഷമായി.

അരുണാചൽ പ്രദേശിലെ ഏറ്റവും പഴക്കമുള്ള പട്ടണമാണ് പാസിഘട്ട്. 1911 ൽ ബ്രിട്ടീഷ്‌ രാജിനാൽ സ്ഥാപിതമായ ഈ ടൗൺ  ഇക്കഴിഞ്ഞ 2011 ൽ അതിജീവനത്തിന്റെ നൂറ് വർഷം തികച്ചു. ഗോത്രവർഗ്ഗക്കാർ വസിക്കുന്ന അബോർ കുന്നുകളുടെയും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെയും മൊത്തത്തിലുള്ള ഭരണക്രമീകരണം എളുപ്പമാക്കുവാനായുള്ള ഭരണസിരാ കേന്ദ്രമായാണ് ഈ ടൗൺ സ്ഥാപിക്കപ്പെട്ടത്. വിദേശികളുടെ കടന്നുകയറ്റത്തിനെതിരെ "ആദി"കളുടെ ചെറുത്തു നില്പ് ശക്തമാവുകയും വില്യംസൺ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥന്റെ കൊലപാതകത്തിന് ശേഷം (ഇത് ആദി സമുദായത്തിന്റെ ചരിത്രത്തിലെ ഒരു നാഴികകല്ലാണ്. ഇതിനെ കുറിച്ച് പിന്നീട് വിശദമായി പറയാം ) ആംഗ്ലോ- അബോർ യുദ്ധം ആരംഭിക്കുകയും ചെയ്ത സാഹചര്യത്തിൽ ഇതുപോലൊരു ഉറപ്പുള്ള ഭരണസംവിധാനം ബ്രിട്ടീഷ് ഭരണാധികാരികൾക്ക് അത്യാവശ്യമായിരുന്നു.  ഇന്നും,
അരുണാചലിലെ വളരെ പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നാണ് പാസിഘട്ട്. ഇന്നും, ഈ
ഇരുപത്തിഒന്നാം നൂറ്റാണ്ടിലും വികസനവും ഗതാഗത സൗകര്യങ്ങളും നാമമാത്രമായ
ഇതുപോലൊരു പ്രദേശത്ത് നൂറു വർഷങ്ങൾക്കു മുൻപ് ബ്രിട്ടീഷുകാർ എത്തിപ്പെട്ടു എന്നുള്ളത് തീർത്തും അതിശയകരമായ വസ്തുത തന്നെയാണ്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ അവർ സ്ഥാപിച്ചിട്ടുണ്ട്. പങ്കിനിലുള്ള ഗവ. ഹയർ സെക്കന്ററി സ്കൂൾ 1946 ൽ
സ്ഥാപിതമായതാണ്. അതായത് സ്വാതന്ത്ര്യലബ്ധിക്ക് മുൻപ്. ഉൾഗ്രാമങ്ങളിൽ
വസിക്കുന്ന തൊണ്ണൂറു വയസ്സു കഴിഞ്ഞ വൃദ്ധൻമാർ ശുദ്ധമായ ഇംഗ്ലീഷ് സംസാരിക്കുന്നത് കേട്ട് ഞാൻ വിസ്മയിച്ചു പോയിട്ടുണ്ട്. പഴയ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ മെച്ചം.  പാസിഘട്ട് വികസത്തിന്റെ പാതയിലേക്ക് കാലൂന്നിയത് തീർച്ചയായും ബ്രിട്ടീഷ്കാരുടെ വരവോടുകൂടിയാണ്.  സംസ്ഥാനത്തെ
തന്നെ ആദ്യത്തെ എയർ ഫീൽഡ് , ആദ്യ അഗ്രികൾച്ചർ ഇൻസ്റ്റിറ്റ്യൂട്ട് , ആൾ ഇന്ത്യ റേഡിയോ സ്റ്റേഷൻ എന്നിവ സ്ഥാപിതമായത് പാസി ഘട്ടിലാണ്.  അരുണാചലിലെ ആദ്യത്തെ കോളജ് ആയ ജവഹർലാൽ നെഹ്റു കോളജ് 1964 ൽ പാസി ഘട്ടിലാണ് സ്ഥാപിക്കപ്പെട്ടത്. അരുണാചലിലെ പ്രധാന ഗോത്രവർഗ്ഗങ്ങളിലൊന്നായ "ആദി"കളാണ് (Adi) ഇവിടെ അധിവസിക്കുന്നത്.  ബൃഹത്തായ സിയാങ് നദിയോട് ചേർന്നു കിടക്കുന്ന ഈ സമതലപ്രദേശത്ത് ഏതാണ്ട് 25000 ത്തോളമാണ് ജനസംഖ്യ .ബ്രിട്ടീഷ്കാരാൽ സ്ഥാപിതമായ കെട്ടിടങ്ങളും ചില ഓഫീസുകൾ പോലും യാതൊരു മാറ്റവും കൂടാതെ ഇന്നും നിലനിൽക്കുന്നു. പുതുതലമുറ, വിദേശ സംസ്കാരം അന്ധമായി പിൻതുടരുന്ന തൊഴിച്ചാൽ വികസനം ഇക്കൂട്ടർക്ക് അലർജിയാണെന്ന് തോന്നും.  വർഷങ്ങൾക്ക് മുൻപ് ഞാൻ കണ്ട എലോങ്, പാസിഘട്ട് പട്ടണങ്ങൾപതിനഞ്ചു വർഷങ്ങൾക്കിപ്പുറവും വലിയ മാറ്റങ്ങളൊന്നും കൂടാതെ അതേപടിയുണ്ട് ഇപ്പോഴും. ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക്  അരുണാചൽ അതിർത്തി കടക്കാൻ ILP (Inner Line permit) നിർബന്ധമാണെന്നതും, ഒരു തരം വിദേശി വിരുദ്ധ മനോഭാവം ഇന്നും ഇവർ മനസ്സിൽ സൂക്ഷിക്കുന്നതും ഈ മലനാടിന്റെ വികസനത്തിന് തടസ്സമാവുന്നു.

പാസിഘട്ട് ടൗണിൽ ഞങ്ങൾ എത്തിച്ചേർന്നപ്പോഴേക്കും കാലാവസ്ഥ വീണ്ടുംമാറിയിരുന്നു. മഴയെല്ലാം മാറി തെളിഞ്ഞ ആകാശം, വിശാലമായൊരു നീലജലാശയം പോലെ കാണപ്പെട്ടു.  സൂര്യതാപത്താൽ സിയാങ് നദിയിലെ കുഞ്ഞലകൾ ഉരുക്കിയ വെള്ളി
പോലെ വെട്ടിത്തിളങ്ങി.  അൽപനേരം മുൻപ്  മഴ ആർത്തലച്ചു പെയ്തതും മലനിരകളിലെങ്ങും കോട മൂടിയതും വെറും സ്വപ്നം മാത്രമായിരുന്നു എന്ന് തോന്നി.  എന്തായാലും ഉച്ചച്ചൂടിൽ ഉരുകാൻ നിൽക്കാതെ അത്യാവശ്യസാധനങ്ങൾ വേഗത്തിൽ വാങ്ങി ഞങ്ങൾ വണ്ടിയിൽ വച്ചു. കോവിഡിനെയും വൈറസിനെയുമൊന്നും ഞങ്ങൾക്ക് ഭയമില്ല എന്ന മട്ടിൽ ജനങ്ങൾ, പ്രത്യേകിച്ചും യുവാക്കൾ, മാസ്ക്
പോലും ധരിക്കാതെ ചുറ്റിക്കറങ്ങുന്നുണ്ടായിരുന്നു. "മാസ്‌ക്കെവിടെ..? " എന്ന ട്രാഫിക് പോലീസിന്റെ ചോദ്യത്തിന് , "വഴിയിൽ വീണു പോയി" എന്ന പുഛച്ചിരിയോടെ ഒരു യുവാവ് തന്റെ പെൺ സുഹൃത്തിനൊപ്പം ബൈക്കിൽ പാഞ്ഞു പോയി.  മാസ്ക് മുഖത്തോട് കൂടുതൽ ചേർത്തു വച്ചും അകലം
പാലിച്ചുo  കൈകൾ തുരുതുരാ സാനിറ്റൈസർ ഉപയോഗിച്ചു ശുദ്ധിയാക്കിയും വേഗത്തിൽ ഷോപിംഗ് കഴിച്ച് ഞങ്ങൾ യാത്ര തിരിച്ചു . മടക്കയാത്രയിൽ ടൗൺ കടന്നതോടു കൂടിത്തന്നെ മുന്നിലായി ദൂരെ ആകാശം മുട്ടുന്ന ഗിരിശ്യംഗങ്ങളിലൊന്നിൽ ആ അത്ഭുത കാഴ്ച കാണായി. തഴച്ചുവളരുന്ന കൂറ്റൻ
വൃക്ഷലതാദികൾക്കിടയിലൂടെ ഉരുകിയൊലിക്കുന്ന വെള്ളിനീരുറവ - സിർക്കി ജലപാതം.....!!

സിർക്കി ജലപാതം
=================
മാസ്മരിക സൗന്ദര്യം തുളുമ്പിനിൽക്കുന്ന ജലപാതങ്ങൾ നിരവധിയുണ്ട് അരുണാചൽ പ്രദേശിൽ . ഇവിടുത്തെ ഏറ്റവും ഉയരം കൂടിയ ജലപാതമാണ് നുറാനാങ് (Nuranang Falls). തവാങ് പ്രവിശ്യയിലെ സേലാതടാകത്തിൽ നിന്നു ൽഭവിച്ച് , നൂറ് മീറ്റർ ഉയരത്തിൽ നിന്നും തവാങ് നദിയിലേക്ക് തലകുത്തി വീഴുന്ന ഈ ജലധാരയുടെ കാഴ്ച ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ടതു തന്നെയാണ്.  യുംകാങ് (yum khang) ജില്ലയിലുള്ള ബാപ് തങ് കാങ് (Bap theng kang ) പാതമാണ് രണ്ടാം സ്ഥാനത്ത്.  സിർക്കി പാതങ്ങൾ മൂന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നു. ഇവിടെ, ഏതാണ്ട് 45  മീറ്ററുകളോളം
ഉയരത്തിൽ നിന്നും ഹുങ്കാരവത്തോടെ ജലം താഴേക്ക്  കുതിച്ചുചാടുകയാണ്. ഈജലപാതത്തെ രണ്ട് തട്ടുകളിലായാണ് പ്രകൃതി ക്രമീകരിച്ചിരിക്കുന്നത്.മുകളിലത്തേതും ഉയരം കൂടിയതുമായ ആദ്യ പാതമാണ് ദൂരെ നിന്നുംപ്രത്യക്ഷമാവുന്നത്.  കീഴ്ഭാഗത്തുള്ള രണ്ടാമത്തെ തട്ട് ദൂരക്കാഴ്ചക്ക്സാദ്ധ്യമല്ലാത്ത വിധം ഇടതൂർന്ന വനാന്തരത്തിൽഒളിപ്പിക്കപ്പെട്ടിരിക്കയാണ്.  പാസിഘട്ട് നിന്നും യാത്ര തിരിച്ചുകഴിഞ്ഞാൽ ഓരോ വളവ് തിരിഞ്ഞു വരുമ്പോഴും ഗംഭീരമായ വെള്ളച്ചാട്ടത്തിന്റെകാഴ്ച കാണാവുന്നതാണ്. എത്രയോ വർഷങ്ങളായി, അങ്ങോട്ടുമിങ്ങോട്ടുമുള്ളയാത്രക്കിടയിൽ  എത്രയോ തവണ കണ്ടിരിക്കുന്നു ഈ പാതത്തിന്റെ വിദൂര ദൃശ്യം.എന്നാൽ ആ കാഴ്ച ആദ്യമായി അടുത്തു കാണാൻ പോവുകയാണ് എന്ന ചിന്ത മനംകുളുർപ്പിച്ചു. പാറക്കെട്ടുകൾക്ക് മുകളിൽ നിന്നും താഴെ ഭൂമിയിലേക്ക്ആർത്തലച്ച് വന്നു വീഴുന്ന ജലപാതങ്ങളുടെ മാസ്മരിക കാഴ്ച ഏത്കഠിനഹൃദയന്റെയും മനസ്സിളക്കാൻ പര്യാപ്തമാണല്ലോ.

ഇരുപത് മിനുട്ടിനകം ഞങ്ങൾ സിർക്കിയുടെ അടിവാരത്തിൽ എത്തിച്ചേർന്നു.മൂന്ന് നാല് കാറുകളും അഞ്ചോ ആറോ ബൈക്കുകളും പാർക്കിംഗ് ഏരിയയിൽഉണ്ടായിരുന്നു. മുൻപ് ഇവിടെ പാർക്കിംഗിനായി ഫീയും മറ്റുംനൽകേണ്ടിയിരുന്നു.. എന്നാൽ കോവിഡ് സാഹചര്യവും സന്ദർശകരുടെ ദൗർലഭ്യവും
കാരണമാവാം അങ്ങിനെ ആരും അവിടെ ഉണ്ടായിരുന്നില്ല. വനത്തിന്റെഅന്തർഭാഗത്തായി അധികമാരുടെയും കണ്ണിൽപ്പെടാതെ ഇക്കണ്ട കാലമത്രയുംഒളിച്ചിരുന്ന താഴെയുള്ള ജലപാതം ശ്രദ്ധിക്കപ്പെടുന്നതും സന്ദർശകർക്കായിപ്രകൃത്യാ തുറന്നു കൊടുക്കപ്പെടുന്നതും ഹൈവേയുടെ നിർമ്മാണത്തിന് ശേഷമാണ്.സന്ദർശകർ വലിയ തോതിൽ ഈ പ്രദേശത്തേക്ക് എത്തിച്ചേരാൻ തുടങ്ങിയിട്ട്ഏതാണ്ട് മൂന്നു വർഷങ്ങൾ മാത്രമേ ആയിട്ടുള്ളു. ഇപ്പോൾ മഹാമാരിയുടെപശ്ചാത്തലത്തിൽ സന്ദർശകരുടെ എണ്ണം വളരെ കുറവ്. ഇതൊക്കെയാണെങ്കിലുംവെള്ളച്ചാട്ടത്തിനെക്കുറിച്ചുള്ള എന്തെങ്കിലും വിവരങ്ങളോ എന്തിന്, ഒരുചൂണ്ടുപലക പോലുമോ ഇപ്രദേശത്തെങ്ങുമില്ല. ആവശ്യക്കാർ സ്വയം അന്വേഷിച്ചുകണ്ടുപിടിച്ചു കൊള്ളണം.  വണ്ടി പാർക്ക് ചെയ്ത് ഞങ്ങളിറങ്ങി.പാറക്കെട്ടുകളിലൂടെ പൊട്ടിച്ചിതറി ഒഴുകിയിറങ്ങുന്ന കാട്ടാറിന്റെ കളകളാരവം കാറ്റിനൊപ്പം കർണങ്ങളിൽ  വന്നലക്കുന്നുണ്ടായിരുന്നു.  സിർക്കിയുടെ താഴെയുള്ള പാതത്തിലേക്ക് അവിടെ നിന്നും ഏതാണ്ട് പത്തുമിനുട്ട് വനത്തിലൂടെ ഉള്ളിലേക്ക് നടക്കണം. കുറച്ചു ദൂരം കോൺക്രീറ്റ് നടപ്പാതയുണ്ട്. ഹൈവേയുടെ നിർമ്മാണ സമയത്തു തന്നെയാവാം അവ നിർമ്മിക്കപ്പെട്ടത്. അതു കഴിഞ്ഞാൽ പിന്നെ കൊടും വനം തന്നെ. പാതക്കു സമാന്തരമായി വലിയൊരു പൈപ്പ് ലൈൻ മുകളിലേക്ക് പോകുന്നുണ്ട്.
വെള്ളച്ചാട്ടത്തിന് താഴെ സാമാന്യം വലിയൊരു ജല സംഭരണിയുമുണ്ട്.പച്ചിലപ്പടർപ്പുകളും കാട്ടുവള്ളികളും  , പാതക്ക് കുറുകെ ദയയില്ലാതെ വീണുകിടക്കുന്ന പാഴ്മരങ്ങളും വേണ്ടുവോളം മാർഗ്ഗ തടസ്സം സൃഷ്ടിക്കുന്ന,കഷ്ടിച്ച് ഒരാൾക്ക് മാത്രം നടന്നു പോകാവുന്ന കാട്ടുപാതയിലൂടെയുള്ള യാത്രക്ലേശകരം തന്നെ.  എന്നാൽ അതിലേറെ എന്നെ ബുദ്ധിമുട്ടിച്ചതുംഭയപ്പെടുത്തിയതും വഴിയിൽ പതുങ്ങിയിരിക്കുന്ന, രക്തദാഹികളായ  ജോക്കുകളാണ്. നൂറുകണക്കിന് അട്ടകൾ...  അരുണാചലിന്റെ പ്രാന്തപ്രദേശങ്ങളിലൂടെ യാത്രചെയ്യുന്ന ഏതൊരു സഞ്ചാരിയുടെയും പേടിസ്വപ്നം.. നനഞ്ഞകാട്ടുവഴിയിലൂടെയുള്ള ആ അഞ്ച് മിനുട്ട് നടത്തത്തിനിടയിൽ എന്റെ പാവംകാലുകളിൽ കടിച്ചു തൂങ്ങിയത് അഞ്ചും മൂന്നും എട്ട് രക്ത പിശാചുക്കളാണ്.

ദുർഘടമായ പാതയിലൂടെ ഇഴഞ്ഞു വലിഞ്ഞും മുട്ടൻ പാറക്കല്ലുകൾക്കുമുകളിൽകൂടി കയറിയിറങ്ങിയും ഞങ്ങൾ താഴെയുള്ള ജലപാതത്തിനരികിലെത്തി. മുകളിലുള്ള ആദ്യ പാതത്തിന്റെ ദർശനം സാധ്യമാവണമെങ്കിൽ വനത്തിലൂടെ ഒരുമണിക്കൂർ കൂടി മുകളിലേക്ക് സഞ്ചരിക്കണം. നല്ല മെയ് വഴക്കവുംമനസാന്നിദ്ധ്യവുമുള്ളവർക്കേ അത് സാധ്യമാവൂ. സിർക്കിയിലെത്തുന്ന അധികംആളുകളും താഴെയുള്ള വെള്ളച്ചാട്ടം കണ്ട് മടങ്ങാറാണ് പതിവ്. വഴുവഴുപ്പുള്ളപാറക്കെട്ടുകളിലൂടെ മുകളിലേക്കുള്ള  യാത്ര ഏറെ കഠിനകരമാണ് എന്നതാണ്കാരണം.  മുകളിലെ ജലപാതത്തിലേക്കുള്ള യാത്ര മറ്റൊരു ദിവസമാവാം എന്ന്ഞങ്ങളും തീരുമാനിച്ചു. തല്ക്കാലം താഴേയുള്ള ജലധാര കണ്ട് സായൂജ്യമടയാംഎന്ന് വെച്ചു.  അനന്യമായ കാഴ്ച തന്നെയായിരുന്നു അത്. വിശാലമായ ഒരുപാറകെട്ടിന്റെ മുകളിലൂടെ, നിരന്തരമായ ഇരമ്പലോടെ അനുസ്യൂതം പ്രവഹിക്കുന്നജലധാര. വർഷകാലമായതിനാൽ വലിയ ധാരാളിത്തത്തിലും ശക്തിയിലുമാണ് ജലം താഴേക്ക്പതിച്ചിരുന്നത്. പതനത്തിന്റെ ശക്തിയിൽ ചിതറിത്തെറിക്കുന്ന ആയിരമായിരംജലകണങ്ങൾ ഹിമവർഷം പോലെ അന്തരീക്ഷത്തിലെങ്ങും തങ്ങിനിന്നിരുന്നു.അതിമനോഹരം..! അവർണ്ണനീയം..!  ഞങ്ങൾക്ക് മുൻപേ അവിടെയെത്തിയിരുന്ന ഒരു"'ആദി" കുടുംബം  കുളിയും ഭക്ഷണവുമെല്ലാം കഴിഞ്ഞ് തിരിച്ചു പോവാനായി വട്ടംകൂട്ടുകയായിരുന്നു. ഞങ്ങൾക്ക് പിൻപേ വന്ന മൂന്ന് യുവാക്കൾ ജലധാരയിൽകളിച്ചു തിമിർക്കുന്നുണ്ടായിരുന്നു. ജലപാതത്തിന്റെ പശ്ചാത്തലത്തിൽചേർന്നുനിന്നുകൊണ്ട് ഒരു സെൽഫിയെടുക്കാൻ കഷ്ടപ്പെടുന്ന ഞങ്ങളെ കണ്ട്അതിലൊരു യുവാവ് സേവനസന്നദ്ധനായി മുന്നോട്ടുവന്ന് ധാരാളം ചിത്രങ്ങളെടുത്തുതന്നു.  ഇവിടുത്തെ ഗോത്ര വർഗ്ഗക്കാർക്കിടയിൽ സാധരണമല്ലാത്ത ആ സൗഹൃദ
മനോഭാവം ജലധാരയോടൊപ്പം മനം കുളുർപ്പിച്ചു.  എത്ര സമയം നോക്കി നിന്നാലുംമതിയാവില്ല. മിഴിനീർ പോലെ തെളിഞ്ഞ ജലം. അടിത്തട്ടിൽ പളുങ്കുമണികൾ പോലെ
ഉരുളൻ കല്ലുകൾ.  അല്പനേരം കൂടി ആകാഴ്ചകൾ കണ്ടു നിന്ന ശേഷംമനസ്സില്ലാമനസ്സോടെ, എന്നാൽ വീണ്ടും വരാമല്ലോ എന്ന ചിന്തയോടെ  ഞങ്ങൾതിരിച്ച് കാടിറങ്ങി.

എത്തിച്ചേരാൻ : കേരളത്തിൽ നിന്നും കൊച്ചി - ഡിബ്രുഗഡ് ഫ്ലൈറ്റിൽ മൂന്ന്മണിക്കൂർ യാത്രയിൽ അസ്സാമിലെ ഡിബ്രൂഗഡിൽ എത്താം. അവിടെനിന്നുംപാസിഘട്ടിലേക്ക് ആറു മണിക്കൂർ യാത്ര .

കൊച്ചിൻ - ഗ്വാഹട്ടി എക്സ്പ്രസ്സിൽ മൂന്നു ദിവസത്തെ യാത്രയിൽഗ്വാഹട്ടിയിലെത്തി അവിടെ നിന്നും ജുനായ്, മൂർക്കോങ് സെലക്ക്സ്റ്റേഷനിലേക്ക് ഒരു രാത്രി യാത്രയുണ്ട്. ജുനയിൽ നിന്നും പാസിഘട്ടിലേക്ക്ഒരു മണിക്കൂർ യാത്ര.

ഓർക്കുക : I LP നിർബന്ധം.

ഉദയസൂര്യന്റെ നാട്ടിലെ ജലപാതം (ആൻ മേരി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക