Image

മനുഷ്യബന്ധങ്ങളെ രൂപാന്തരപ്പെടുത്തിയ തേജസ്സ്-(ഡോ.പോള്‍ മണലില്‍)

ഡോ.പോള്‍ മണലില്‍ Published on 12 July, 2021
മനുഷ്യബന്ധങ്ങളെ രൂപാന്തരപ്പെടുത്തിയ തേജസ്സ്-(ഡോ.പോള്‍ മണലില്‍)
ഭാരതത്തിലെ ക്രൈസ്തവസഭകളില്‍ ഏറ്റവും പുരാതനമായ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ എട്ടാമത്തെ കാതോലിക്കാ ആയിരുന്നു കാലം ചെയ്ത പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ. ആദിമനൂറ്റാണ്ടുകളില്‍ കേരളത്തില്‍ ഇണക്കമുള്ള സമൂഹമായി നിലനിന്നിരുന്ന ക്രിസ്തുമതവിശ്്വാസികള്‍ ഒരു തദ്ദേശീയ സഭയായി രൂപാന്തരം പ്രാപിച്ചപ്പോള്‍ അതിനെ നയിച്ച ജാതിത്തലവന്മാരുടെ പാരമ്പര്യത്തില്‍ നിന്നും ഉരുത്തിരിഞ്ഞ നേതൃപരമ്പരയുടെ മഹിമയറിഞ്ഞ നായകനായിരുന്നു മലങ്കര മെത്രാപ്പോലീത്ത കൂടിയായിരുന്ന പരിശുദ്ധ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. കേരള ചരിത്രത്തിന്റെ ഏടുകള്‍ പരിശോധിക്കുമ്പോള്‍ നസ്‌റാണി സമൂഹത്തെ നയിച്ചിരുന്ന ജാതിത്തലവന്മാരുടെ ജനാധിപത്യപരമായ വളര്‍ച്ചാ വികാസമാണ് ഇപ്പോള്‍ കാതോലിക്കേറ്റിലും മലങ്കര മെത്രാപ്പോലീത്തായിലും എത്തിനില്‍ക്കുന്ന സ്ഥാനം. ജാതിത്തലവന്മാരില്‍ നിന്നും അര്‍ക്കദിയാക്കോന്‍ പാരമ്പര്യത്തിലേക്കും മാര്‍ത്തോമ്മാ മെത്രാന്‍ പാരമ്പര്യത്തിലേക്കും മലങ്കര മെത്രാപ്പോലീത്താ പാരമ്പര്യത്തിലേക്കും കാതോലിക്കേറ്റ് പാരമ്പര്യത്തിലേക്കും തദ്ദേശീയ സഭയായ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ വളര്‍ന്നപ്പോള്‍ അതൊരു ഭാരതസഭയായി വികസിച്ച് ഒരു ദേശീയസഭയായും ലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങളിലേക്കും വ്യാപിച്ച് ഒരു ലോകസഭയായും പരിണമിക്കുകയും ചെയ്തു. അതിന്റെ തലവനായിരുന്നു കാലം ചെയ്ത പൗലോസ് ദ്വിതീയന്‍ ബാവാ.

ക്രിസ്തു ശിഷ്യന്മാരില്‍ ഒരാളായിരുന്ന തോമ്മാശ്ലീഹായുടെ പാരമ്പര്യത്തില്‍ വളര്‍ന്നുവന്ന ഓര്‍ത്തഡോക്‌സ് സഭയുടെ മൗലിക സിദ്ധിയായ സ്വാതന്ത്ര്യത്തെ മറ്റൊരു വിദേശീയ ശക്തികള്‍ക്കും അടിയറവ് വയ്ക്കാതെ തന്റെ സഭയെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിച്ച പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ കഴിഞ്ഞ പത്തുവര്‍ഷത്തെ ത്യാഗോജ്വലമായ കര്‍മ്മകാണ്ഡത്തില്‍ അസാധാരണമായ ധീരത പുലര്‍ത്തിയ നായകനായിരുന്നു. മലങ്കരസഭയുടെ ആത്മീയവും ഭൗതീകവുമായ അധികാരങ്ങള്‍ മലങ്കരസഭയില്‍ തന്നെ നിലനിര്‍ത്തുന്ന പാരമ്പര്യത്തെ മുറുകെപ്പിടിച്ചുകൊണ്ടായിരുന്നു തന്റെ ഭരണകാലത്തു പൗലോസ് ദ്വിതീയന്‍ പ്രതിസന്ധികളെയും വെല്ലുവിളികളെയും അഭിമുഖീകരിച്ചത്.

മലങ്കര നസ്‌റാണികളുടെ മാര്‍ത്തോമ്മ പാരമ്പര്യം മാത്രമല്ല വിശ്വാസത്തിന്റെയും ആചാരത്തിന്റെയും ജീവിതത്തിന്റെയും തനിമയും പൗലോസ് ദ്വിതീയന്‍ അരക്കിട്ടുറപ്പിച്ചു. മലങ്കരസഭയുടെ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായ കാതോലിക്കേറ്റിന്റെ ശതാബ്ദി ആഘോഷിക്കാന്‍ മാത്രമല്ല, അതിനു മുമ്പു നൂറ്റാണ്ടുകളായി മലങ്കനസ്‌റാണികള്‍ സ്വീകരിച്ചുവന്നിരുന്ന തദ്ദേശീയ സ്വാതന്ത്ര്യത്തിന്റെ അമരത്വം പിടിച്ചുനിര്‍ത്താനും 2010 നവംബര്‍ ഒന്നിനു കാതോലിക്കാ സ്ഥാമേറ്റ പൗലോസ് ദ്വീതീയന്‍ തന്റെ ഭരണകാലത്തു പ്രതിജ്ഞാബന്ധനായി. തന്റെ മുന്‍ഗാമിയായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് ഒന്നാമനില്‍ നിന്നും ഹസ്താഭീഷിക്തനാകുമ്പോള്‍ ആ പുണ്യപുരുഷന്‍ തന്റെ പിന്‍ഗാമിയോട് മന്ത്രിച്ചതു, 'സ്വര്‍ഗത്തിന്റെ താക്കോല്‍ ഞാന്‍ നിനക്കു തരുന്നു' എന്നായിരുന്നു. ആ താക്കോല്‍ കഴിഞ്ഞ പത്തുസംവത്സരങ്ങള്‍ സത്യത്തിന്റെ വാതില്‍ തുറക്കാന്‍ മാത്രമേ അദ്ദേഹം ഉപയോഗിച്ചുള്ളൂ.

മലങ്കര സഭയെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ വെല്ലുവിളികളെ നേരിടാന്‍ ഉതകുന്ന ദര്‍ശങ്ങളുമായിട്ടാണ് മാര്‍ത്തോമ്മാ ശ്ലീഹായുടെ പാരസ്ത്യ സിംഹാസനത്തില്‍ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ആരൂഢനായത്. മലങ്കര മെത്രാപ്പോലീത്തായുടെയും പൗരസ്ത്യ കാതോലിക്കായുടെയും ആസ്ഥാനമായ കോട്ടയത്തേക്ക് പൗലോസ് ദ്വിതീയന്‍ ആഗതനായത് നസ്‌റാണികളുടെ കോട്ടയായ കുന്നംകുളത്തു നിന്നായിരുന്നു. ഇതിനു മുമ്പ് മലങ്കര മെത്രാപ്പോലീത്തായായി പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് ഒന്നാമനും പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് അഞ്ചാമനും കുന്നംകുളത്തു നിന്നും കോട്ടയത്തു വന്നിട്ടുണ്ടെങ്കിലും മലങ്കര മെത്രാപ്പോലീത്താ സ്ഥാനവും കാതോലിക്കാസ്ഥാനവും ഒന്നിച്ചു സ്വീകരിച്ചുകൊണ്ട് സഭയെ നയിക്കാനുള്ള സൗഭാഗ്യം കുന്നംകുളം പഴഞ്ഞിമങ്ങാട് കൊള്ളന്തൂര്‍ കെ.പി. ഐപ്പിന്റെയും കുഞ്ഞീറ്റയുടെയും പുത്രനായി 1946 ഓഗസ്റ്റ് 30 നു ജനിച്ച കെ.ഐ.പോള്‍ എന്ന പൗലോസ് ദ്വിതീയനു ലഭിച്ചു. സഭയെ ശുദ്ധീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പൗലോസ് ദ്വിതീയന്‍ തന്റെ ഭരണചക്രം തിരിച്ചത്. സഭയില്‍ നൈതികമായ സമാധാനം ഉണ്ടാക്കണമെന്ന സ്വപ്‌നമായിരുന്നു തന്റെ ശുദ്ധീകരണ പ്രക്രിയയിലെ മുഖ്യപദ്ധതിയായി അദ്ദേഹം വിഭാവനം ചെയ്തത്. അതിനുവേണ്ടി ഒറ്റയ്ക്കു പൊരുതാനും അപ്രിയ സത്യങ്ങള്‍ വ്യക്തമാക്കാനും പൗലോസ് ദ്വിതീയന്‍ ധീരത കാട്ടി. ഭരണകൂടത്തില്‍ നിന്നും നീതി ലഭിക്കുന്നില്ലെന്നു മനസ്സിലാക്കി കോലഞ്ചേരിയില്‍ എട്ടുദിവസം നിരാഹാരസത്യാഗ്രഹം നടത്താനും കാതോലിക്കാ സ്ഥാനത്തിരുന്നുകൊണ്ട് അദ്ദേഹം രംഗത്തുവന്നു.

കര്‍ഷകകുടുംബത്തില്‍ ജനിച്ച താന്‍ വൈദീകവൃത്തിയിലേക്കു കടന്നുവന്നതു 'ദൈവത്തിന്റെ പദ്ധതി' പ്രകാരമാണെന്നു പൗലോസ് ദ്വീതീയന്‍ പറഞ്ഞിട്ടുണ്ട്. കോട്ടയം വൈദീക സെമിനാരിയിലെ വേദശാസ്ത്രപഠനത്തിനു ശേഷം വിദ്യാര്‍്തഥികളുടെ ഇടയില്‍ പ്രവര്‍ത്തിച്ചുകൊണ്ടാണ് പൗലോസ് ദ്വിതീയന്‍ സഭാസപര്യ തുടങ്ങിയത്. ഇരുപത്തിയാറാം വയസില്‍ സന്ന്യാസപ്പട്ടം സ്വീകരിച്ച കെ.ഐ.പോള്‍ കുറെക്കാലം കോട്ടയത്തു വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ഹോസ്റ്റലില്‍ കുട്ടികളുടെ മെസ് വാര്‍ഡനായിരുന്നു. കുട്ടികള്‍ക്കു ഭക്ഷണം വിളമ്പിക്കൊടുക്കാനും വിദ്യാര്‍ത്ഥിപ്രസ്ഥാനത്തിന്റെ ആസ്ഥാനത്തു വരുന്നവരെ സല്‍ക്കരിക്കാനും ഇഷ്ടപ്പെട്ടിരുന്ന ഡീക്കന്‍ പോളിനെ അന്ന് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ഒരു വേദിയിലോ അതിന്റെ മുന്‍നിരയിലോ ആരും കണ്ടിരുന്നില്ല. അണിയറയില്‍ നിന്നും പ്രവര്‍ത്തിക്കാനും ആരവങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാനും ശ്രദ്ധിച്ചിരുന്ന ഡീക്കന്‍ പോളിനു 1972-ല്‍ ഇരുപത്തിയേഴാം വയസില്‍ യൂഹാനോന്‍ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായില്‍ നിന്നും വൈദീകപട്ടം ലഭിച്ചു. എറണാകുളം പള്ളിയില്‍ സഹവികാരിയായി എ്ട്ടുവര്‍ഷം പ്രവര്‍ത്തിച്ച അദ്ദേഹത്തെ മുപ്പത്തിയാറാം വയസ്സില്‍ മെത്രാനായി തിരഞ്ഞെടുത്തു. സഭയില്‍ മെത്രാനാകാനുള്ള പ്രായം നാല്പതു വയസ്സായിരിക്കെ, ഫാദര്‍ പോളിനെ തേടി ദൈവവിളി എത്തുകയായിരുന്നു. 'ദൈവം എന്നോടൊപ്പമുണ്ടെന്ന ആത്മവിശ്വാസമാണ് ആകെയുള്ള കൈമുതല്‍' എന്നായിരുന്നു പൗലോസ് മാര്‍ മിലിത്തിയോസ് എന്ന പേരില്‍ 1985-ല്‍ മെത്രാന്‍പട്ടം സ്വീകരിച്ച അദ്ദേഹത്തിന്റെ കാഴ്ചപ്പാട്.

മലങ്കര സഭയില്‍ വിപ്ലവകരമായ ഒരു കാല്‍വയ്പ് നടത്തിക്കൊണ്ടായിരുന്നു പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തന്റെ ഭരണം സമാരംഭിച്ചത്. പള്ളിപൊതുയോഗങ്ങളില്‍ 21 വയസ് പൂര്‍ത്തിയായ വനിതകള്‍ക്കു പൂര്‍ണ്ണപ്രാതിനിധ്യം നല്‍കിക്കൊണ്ട് 2011-ല്‍ അദ്ദേഹം സഭയുടെ ഭരണഘടന ഭേദഗതി ചെയ്തു. അതോടെ ഇടവക തലത്തില്‍ സെക്രട്ടറി, കൈക്കാരന്‍, മാനേജിംഗ് കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങള്‍ക്കും വനിതകള്‍ അവകാശികളായി. പൗലോസ് ദ്വിതീയന്റെ കര്‍മ്മമേഖല സഭയില്‍ സമാധാനം ഉറപ്പാക്കാനുള്ള ഉദ്യമങ്ങളോടെ മുമ്പോട്ട് നീങ്ങിയെങ്കിലും സഭയ്ക്കു അനുകൂലമായി ലഭിച്ച കോടതിവിധികള്‍ രാഷ്ട്രീയത്തില്‍ മുങ്ങിയതോടെ സമാധാന ശ്രമങ്ങള്‍ മന്ദഗതിയിലായതു അദ്ദേഹത്തെ വേദനിപ്പിച്ചു. മലങ്കരസഭയുടെ സ്വാതന്ത്ര്യത്തെയും തദ്ദേശീയതയെയും നിരസിക്കാനുള്ള സാഹചര്യത്തെ പ്രതിരോധിക്കാനുള്ള പ്രാര്‍ത്ഥനയിലും ഉപവാസത്തിലുമാണ് അദ്ദേഹം പിന്നെ ഏറെ സമയം ചിലവഴിച്ചത്. ഞാലിയാകുഴി ദയറായില്‍ ദിവസങ്ങളോളം അദ്ദേഹം മൗന വ്രതത്തില്‍ ഇരുന്നു. അതിന്റെ കരുത്തിലാണ് പൗലോസ് ദ്വിതീയന്‍ സഭയെ നയിച്ചത്. ഇദ്ദേഹത്തിന്റെ കാലത്തു ലോകത്തിലെ വിവിധ സഭകളുമായി ഊഷ്മളമായ ബന്ധം സ്ഥാപിക്കാനുള്ള അവസരമുണ്ടായി. മലങ്കരസഭയുടെ സ്വത്വം വിശ്വസഭകളില്‍ എത്തിക്കാനുള്ള പൗലോസ് ദ്വീതീയന്റെ  ഉദ്യമങ്ങള്‍ ഇക്കാലത്തു സഫലമായി. കോസ്റ്റിക്  സഭയിലെ പോപ്പ് ആയ തെവോദോസ് ദ്വിതീയന്റെ സ്ഥാനാരോഹണത്തില്‍ പങ്കാളിയാകാന്‍ 2012-ല്‍ ഈജിപ്റ്റിലും എത്യോപ്യന്‍ പാത്രിയര്‍ക്കീസ് ആബൂനാ മത്ഥ്യാസിന്റെ സ്ഥാനാരോഹണത്തില്‍ പങ്കെടുക്കാന്‍ 2013-ല്‍ എത്യോപ്യയിലും അദ്ദേഹം എത്തി.

അര്‍മ്മേനിയന്‍ വംശഹത്യയില്‍ വധിക്കപ്പെട്ടവരെ വിശുദ്ധരായി പ്രഖ്യാപിക്കുന്ന ശുശ്രൂഷയില്‍ പങ്കെടുക്കാന്‍ 2015-ല്‍ അര്‍മ്മേനിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ സുപ്രീം കാതോലിക്കാ കരേക്കിന്‍ ദ്വിതീയന്‍ ഇദ്ദേഹത്തെ ക്ഷണിക്കുകയുണ്ടായി. ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭകളുടെ തലവന്മാരുമായി പൗലോസ് ദ്വിതീയന്‍ അന്ന് നടത്തിയ ചര്‍ച്ചകളില്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസും പങ്കെടുത്തിരുന്നു. നിലച്ചുപോയ ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് കൂട്ടായ്മയുടെ പുനരുദ്ധാരണത്തിനു അതു തുടക്കം കുറിച്ചു. സിസിലിയാവിലെ അര്‍മ്മീനിയന്‍ കാതോലിക്കാ 2015-ല്‍ ലെബനനില്‍ നടത്തിയ മൂറോന്‍ കൂദാശയിലും പൗലോസ് ദ്വിതീയന്‍ പങ്കെടുത്തു. അതേ വര്‍ഷം അന്ത്യോഖ്യന്‍ സുറിയാനി കത്തോലിക്കാ പാത്രിയര്‍ക്കീസ് ഇദ്ദേഹത്തെ ലബാനോനില്‍ വച്ചു സ്വീകരിച്ചതും 2014 ല്‍ കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പ് ഇംഗ്ലണ്ടിലെ ലാംബത്ത് കൊട്ടാരത്തില്‍ വച്ചു സ്വീകരിച്ചതും 2019-ല്‍ ജര്‍മ്മനിയിലെ ഇവാന്‍ജലിക്കല്‍ സഭകള്‍ മാര്‍ട്ടിന്‍ലൂതറിന്റെ മതനവീകരണത്തിന്റെ 500-ാം വാര്‍ഷികത്തിനു ക്ഷണിച്ചതും മലങ്കര സഭയുടെ അന്തര്‍സഭാ ബന്ധങ്ങള്‍ക്കു പുതുജീവന്‍ പ്രദാനം ചെയ്തു. 2013-ല്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ അതിഥിയായി പൗലോസ് ദ്വിതീയന്‍ വത്തിക്കാനില്‍ എത്തി. രണ്ടുദിവസത്തെ താമസത്തിനു ശേഷം രാവിലെ അഞ്ചര മണിക്കു മടങ്ങിയപ്പോള്‍ വത്തിക്കാനിലെ പ്രോട്ടോക്കോള്‍ ലംഘിച്ചുകൊണ്ട് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് യാത്രയാക്കാന്‍ ഇറങ്ങി വന്നതു പൗലോസ് ദ്വിതീയന്റെ പ്രകാശപൂര്‍ണ്ണമായ വ്യക്തിത്വത്തെ സൂചിപ്പിക്കുന്നു. ഇപ്രകാരം ഭാരത്തിലെ ഈ സഭയുടെ കീര്‍ത്തി പൗലോസ് ദ്വിതീയന്‍ ലോകമെങ്ങും വ്യാപിപ്പിച്ചു.

സൂര്യതേജസ് പോലെ വിളങ്ങിയ ആ മുഖത്തു കളിയാടിയിരുന്നതു ദൈവീകമായ തേജസ്‌ക്കരണത്തിന്റെ പ്രതിഫലനമായിരുന്നു. ആര്‍ദ്രതയും കനിവും ആ വ്യക്തിത്വത്തിന്റെ ചോദനകളായിരുന്നു. പൗലോസ് ദ്വിതീയന്റെ മനുഷ്യസ്‌നേഹത്തിന്റെ പ്രതീകമാണ് പരുമലയില്‍ അദ്ദേഹം സ്ഥാപിച്ച ക്യാന്‍സര്‍ സെന്റര്‍. 2016-ല്‍ പ്രവര്‍ത്തനം തുടങ്ങിയ കേരളത്തിലെ ഏറ്റവും വലിയ ക്യാന്‍സര്‍ സെന്ററില്‍ വേദനിക്കുന്ന എത്രയോ ആളുകള്‍ക്കു പൗലോസ് ദ്വിതീയന്‍ കാരുണ്യം പകര്‍ന്നു. നിര്‍ദ്ദനരായ ക്യാന്‍സര്‍ രോഗികള്‍ക്കു 'സ്‌നേഹസ്പര്‍ശം' എന്നൊരു പദ്ധതി അദ്ദേഹം തുടങ്ങി. പൗലോസ് ദ്വിതീയന്‍ എഴുതിയ 'മരുഭൂമിയിലെ വിരുന്നുഭോജനം' എന്ന പുസ്തകത്തില്‍ ക്രിസ്തുവിന്റെ ഉദാത്ത ഭാവമായ മനസ്സലിവിനെപ്പറ്റി സൂചിപ്പിച്ചിട്ടുണ്ട്. മനസ്സലിവുള്ള ഒരു ആധ്യാത്മിക പുരുഷനായിരുന്നു പൗലോസ് ദ്വിതീയന്‍. 'വചനം വിടരുന്നു', 'വിനയസ്മിതം', 'നിഷ്‌കളങ്കതയുടെ സൗന്ദര്യം', 'അനുഭവങ്ങള്‍ ധ്യാനങ്ങള്‍' എന്നിങ്ങനെയുള്ള അദ്ദേഹത്തിന്റെ മറ്റു രചനകളുടെയും അടിസ്ഥാനരസവും ഈ മനസ്സലിവിന്റെ അനുഭവമാണ് പ്രദാനം ചെയ്യുന്നത്. ഒരു ആത്മീയനായകനായി നിലകൊള്ളുമ്പോള്‍ മനുഷ്യബന്ധങ്ങളുടെ സമസ്തമേഖലകളെയും രൂപാന്തരപ്പെടുത്തുവാന്‍ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാക്ക് കഴിഞ്ഞതാണ് അദ്ദേഹത്തിന്റെ ജീവിതവിജയം. അത്തരമൊരു മഹാതേജ്ജസ്സിനെയാണ് നമുക്കിപ്പോള്‍ നഷ്ടമായിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക