Image

ഒരിടത്തേക്ക് ; ഒരിക്കൽ കൂടി (കഥ: രമണി അമ്മാൾ)

Published on 12 July, 2021
ഒരിടത്തേക്ക് ; ഒരിക്കൽ കൂടി (കഥ: രമണി അമ്മാൾ)
ജംഗ്ഷനിൽ ബസ്സിറങ്ങുമ്പോൾ നാലുപാടും ശ്രദ്ധിച്ചു....
ഞാനറിയുന്നവർ,
എന്നെ അറിയുന്നവർ 
ആരെങ്കിലും...
ആർക്കും ആരേയും പെട്ടെന്നു തിരിച്ചറിയാതിരിക്കാൻ
കാലത്തിന്റെ കൈവിരുത്..
ഈ നാട്ടിൽ
ഇപ്പോഴെനിക്കാരുമില്ല;
ഒരിടത്ത് നിന്നു വന്നുകയറി
മറ്റൊരിടത്ത് ഇറങ്ങിപ്പോകേണ്ടിവരുന്ന
ജീവിതത്തിന്റെ ഇടത്താവളം മാത്രം..
അമ്മയുടെ മരണം കഴിഞ്ഞ്
അധികം വൈകാതെ 
വീടും പറമ്പും വിറ്റ്,  കാശ് സഹോദരങ്ങൾക്ക് തുല്യമായിട്ടു പകുത്തു.
കണക്കു പറയാനൊന്നും നിന്നില്ല, 
ഞാൻ ചെയ്തതു മുഴുവൻ
കടമയും കടപ്പാടുമല്ലേ, കണക്കു പറയേണ്ട. അവരുടെ മനോഭാവം..
വർഷങ്ങൾ പലതു കഴിഞ്ഞു. പിന്നീടൊരിക്കൽപ്പോലും ഇതുവഴി വന്നിട്ടില്ല. 
ജോയിച്ചാന്റെ വീട്ടിലെ രണ്ടു കല്യാണങ്ങൾക്കും ക്ഷണിച്ചിരുന്നു...
ഒരറ്റത്തുനിന്നു മറ്റൊരറ്റംവരെ....മടിച്ചു...
അവസാന ഊഴക്കാരി,
എല്ലാവരുടേയും എല്ലാംകഴിഞ്ഞിട്ടേ അവനവനെക്കുറിച്ചു ചിന്തിക്കാവൂ...!
പിന്നെയെപ്പൊഴോ ഞാനും ഭാര്യയായി, അമ്മയായി, ഇപ്പോൾ അമ്മൂമ്മയും..
ജീവിതത്തിന്റെ ദശാസന്ധികൾ..
നാളുകളായിട്ട്,  തനിച്ചൊരു വീട്ടിൽ...മക്കൾ, 
അവർക്ക് അവരുടെ
കുടുംബം...ജീവിതം..
ആരുടേയും കുറ്റമല്ല.. 
ഉറക്കം അകന്നുനിന്ന ഒരുരാത്രിയിൽ
ഒരുൾവിളിപോലെ തോന്നിയതാണ്.
ബാല്യവും, കൗമാരവും, യൗവ്വനത്തിന്റെ പകുതിയും കഴിച്ചുകൂട്ടിയ
നാട്ടിലേക്ക് ഒന്നു പോയി വരാൻ...അവിടമൊക്കെ ഒരുവട്ടം ഒന്നു കണ്ടിട്ടുപോരാൻ...
അതിരാവിലെ പുറപ്പെട്ടു, ആരോടും ചോദിക്കാനും പറയാനും നിന്നില്ല....
കടുത്ത ചോദ്യങ്ങളുടെ ഘോഷയാത്രകളുണ്ടാവും.
തിരികെ വന്നിട്ടാവട്ടെ..
കിട്ടിയ വിലയ്ക്കു വിറ്റ  വീട്, വാങ്ങിച്ചവർ 
അന്നേ കുത്തിയിടിച്ചു കോൺക്രീറ്റു സൗധം ഉയർത്തിയിട്ടുണ്ടാവും..
മുറ്റത്തെ കിണർ അതേപടി  അവിടെ കാണുമെന്നകാര്യത്തിൽ ഉറപ്പുണ്ട്..
കൊടും വരൾച്ചയിലും ഉറവ വറ്റാത്ത കിണർ
ആ നാട്ടിലെ ചുരുക്കംചില
കുടിവെളള ശ്രോതസ്സുകളിലൊന്നായിരുന്നുവല്ലോ..
വീടും പറമ്പും കച്ചവടമാക്കുമ്പോൾ, അമ്മ എവിടുന്നോ കൊണ്ടുവന്നു നട്ട റമ്പൂട്ടാൻ മരത്തിൽ കായ പിടിക്കാൻ തുടങ്ങിയിരുന്നു.
താഴത്തെ തൊടിയിലെ
തൈമാവിൽ, പൂക്കാറായെന്ന് ഓർമ്മിപ്പിക്കാൻ  തളിരിലകളും..
അമ്മയുടെ ജീവശ്വാസമായിരുന്നു ആ
മണ്ണ്....പക്ഷേ നിത്യനിദ്രയ്ക്കു വേദിയായത് ഇളയമകളുടെ പുരയിടം.
അവസാനനാളുകളിൽ അമ്മ, അവളുടെ
അടുത്തായിരുന്നല്ലോ. മുകളിലേക്കിഴഞ്ഞു കയറുംപോലെ തോന്നുമായിരുന്ന റോഡ്  ലെവലാക്കി വളവുകൾ നികത്തി വീതിയും കൂട്ടിയിട്ടുണ്ട്.
കാലാന്തര  മാറ്റങ്ങളുടെ അനിവാര്യത.
പഴമയുടെ  തിരുശേഷിപ്പ് എന്തെങ്കിലുമുണ്ടോ....? .
ചായക്കട നിന്ന സ്ഥാനത്ത്
വലിയ നിലക്കെട്ടിടം
."കെ.ആർ.ബേക്കറി.."
ടെക്സ്റ്റൈൽ ഷോപ്പിനോടുചേർന്ന് ജെൻസ് 
ബ്യൂട്ടി പാർലർ..!
റോഡരികിലുണ്ടായിരുന്ന
വൻമരങ്ങൾക്കിന്നും  നിത്യയൗവ്വനം അത്ഭുതമാവുന്നു..
വെട്ടിമുറിച്ചിട്ടില്ല..
കടപുഴകിവീണിട്ടില്ല.
കോളേജിലേക്ക് പോകാൻ രാവിലത്തെ "അൽ-അമാൻ" ബസു കാത്തുനിന്ന പലചരക്കുകടയുടെ വരാന്ത... മുലയ്ക്ക് വെറും തറയിൽ ഇട്ടിരുന്ന ഉപ്പുചാക്കിന്മേൽ ചാവാലിപ്പട്ടിയുടെ മൂത്രമൊഴിക്കൽ..
പലചരക്കുകടയോട്  ചേർന്ന മുറി സ്വർണ്ണപ്പണിക്കാരൻ പ്രസാദിന്റേതായിരുന്നു.
നീണ്ടു മെലിഞ്ഞ് ഇരുനിറത്തിൽ സുമുഖനായ ചെറുപ്പക്കാരൻ..  
ടൗണിൽ സ്വർണ്ണക്കടകൾ മൂന്നാലെണ്ണമുളളപ്പോൾ
എന്തിനിവിടെയിങ്ങനെയൊരു കടയെന്നു തോന്നിയിട്ടുണ്ട്.
പ്രസാദിന്റെയടുത്ത് മാലയുടെ ഒടിഞ്ഞ കൊളുത്തു നന്നാക്കാനോ
കമ്മലിന്റെ കളഞ്ഞുപോയ ആണിക്കു പകരമുണ്ടാക്കാനോ
ടൗണീന്ന് വാങ്ങിയ  കമ്മലിടാൻ കാതുകുത്താനോ
വല്ലപ്പോഴെങ്കിലും ആരെങ്കിലും വന്നാലായി.
വെളളിയാഭരണങ്ങളുടെ
കുറച്ചു ശേഖരം ചെറിയ കണ്ണാടിപ്പെട്ടിയിലുളളത് വിറ്റുപോകാറുണ്ടെന്നു തോന്നി.
എല്ലാവരും അവനവന്റെ കുലത്തൊഴിലുകൾ മറന്ന് മറ്റുജോലികൾ
ചെയ്തുകൊണ്ടിരിക്കുമ്പോൾ ഈ ചെറുപ്പക്കാരൻ മാത്രമെന്തേ ഇങ്ങനെയെന്നു ചിന്തിച്ചിട്ടുണ്ട്.
ഒരു മൂന്നു കിലോമീറ്റർ യാത്രയുണ്ട് ലക്ഷ്യമെത്താൻ...
ഓട്ടോറിക്ഷയിൽ കയറിയിരിക്കുമ്പോൾ ഓർത്തു..
എന്തിനായിരുന്നീ യാത്ര....ഉടൻതന്നെ തിരിച്ചുപോകാൻ...!
വീട്ടുപടിക്കൽ ഓട്ടോ വന്നുനിന്നതുകൊണ്ടാവും
കതകു കുറ്റിയെടുക്കുന്ന ശബ്ദം.. ജോയിച്ചാന്റെ മൂത്തമകൾ എൽസി.. ഇവൾക്കിത്രേം പ്രായമായോ...?
"ആരാ..." എവിടുന്നാ..." അവൾ മുറ്റത്തേക്കിറങ്ങി..
"പണ്ട് ഈ വീടുനിൽക്കുന്ന സ്ഥലം ഞങ്ങടെയാരുന്നു."
"അശ്ശോ....പാർവ്വതിയമ്മച്ചിയല്യോ...വന്നാട്ടേ...
അമ്മച്ചി കൊടുത്തോര്ടെ കയ്യീന്ന് ഞങ്ങളിവിടമിങ്ങു വാങ്ങിയാരുന്നു."
" മോളേ..നല്ല ദാഹം... കുടിക്കാനിത്തിരി തണുത്തവെളളം വേണം.. "
അമ്മച്ചി വന്നകാലിൽ നിൽക്കാതെ അകത്തേക്കു വരൂ.."
വീടീന് പ്രത്യേകിച്ച് ഒരു മാറ്റവും വരുത്തിയിട്ടില്ല..മുറ്റത്തെ
ചെമ്മൺ ചരലുകളും അതുപോലെ.. 
കപ്പിയും കയറുമായി കിണറും..
തണുത്തവെളളം തൊട്ടിയിൽ കോരിയെടുത്ത് ആർത്തിയോടെ കുടിച്ചു മുഖം കഴുകിയപ്പോഴേക്കും
എൽസിയുടെ ചായഗ്ഗ്ളാസ് ടീപ്പോയിൽ റഡി. 
ഓട്ടോക്കാരൻ സമയബോധമുളളവൻ, ഒന്നു ഹോണടിച്ചു. 
"അമ്മച്ചീടെ മക്കളൊക്കെ..? എടുപിടീന്നു വസ്തുവിറ്റ് ഇവിടുന്നു പോയേപ്പിന്നെ ആരും ഈ വഴിയേ വന്നിട്ടില്ലല്ലോ.."
"അപ്പച്ചനും അമ്മച്ചീം ഒരു ചേട്ടായീം  പോയിട്ടു വർഷങ്ങളായി..
പെങ്ങമ്മാരെ കെട്ടിച്ചയച്ചിട്ട് വേറൊരാങ്ങള കുടുംബവീടങ്ങെടുത്തു..
ഇത്രേം യാത്ര ചെയ്ത് ഇങ്ങോട്ടായിട്ടുമാത്രം വന്നതാണോ അമ്മച്ചി..?
അങ്ങനാണെങ്കിൽ ഇന്നിനി പോകേണ്ടാ.."
"മക്കൾ അന്വേഷിക്കും മോളേ....പോണം.."
എൽസിയോടു യാത്രപറഞ്ഞിറങ്ങുമ്പോൾ
വീണ്ടും ചിന്തിച്ചു..
കാലങ്ങൾക്കുശേഷം എന്തിനായിരുന്നു ഈ യാത്ര..
ഇവിടെയായിരുന്നുവോ ആത്മാവിന്റെ തിരിനാളങ്ങൾ കെടാതെ ജ്വലിച്ചു നിന്നിരുന്നത്..!



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക