Image

ചൂണ്ട (കവിത: വേണുനമ്പ്യാര്‍)

വേണുനമ്പ്യാര്‍ Published on 12 July, 2021
 ചൂണ്ട (കവിത:  വേണുനമ്പ്യാര്‍)
ഇക്കരയിലിരുന്ന്
ഞാന്‍ ചൂണ്ടയിടുകയാണ്

മറുകരയില്‍
നീയും

എന്റെ ചൂണ്ടയില്‍ കുടുങ്ങിയത്
ഒരു ശിശുവിന്റെ തരുണാസ്ഥികൂടം

നിന്റേതില്‍  
വെള്ളാരംകണ്ണുകളും  സ്വര്‍ണത്തലമുടിയും ഉള്ള  
ഒരു പാവക്കുട്ടിയാണോ  കുടുങ്ങിയത്

വളരെ വര്‍ഷങ്ങള്‍ വേണ്ടി വന്നു
ജീവിതം കരകളില്ലാത്ത  ഒരു നദിയാണെന്ന്
തിരിച്ചറിയാന്‍  

നദിക്കു മീതെ നടന്നു
നമുക്കൊന്ന്  പരസ്പരം കണ്ടുമുട്ടാന്‍  
കഴിഞ്ഞിരുന്നില്ല

എങ്കിലും  
നിന്റെ നിലവിളി ഞാന്‍ കേട്ടിരുന്നു
എന്റെ വിളി നീയും

കാറ്റിന്റെ ചിറകുകളില്‍
നമ്മള്‍ ജീവാക്ഷരങ്ങള്‍ കൈമാറിയിരുന്നു.

നമുക്കിടയില്‍
മുറിച്ചുകടക്കാനാകാത്ത  
ഒഴുക്കായിരുന്നുവല്ലോ  

ചില നേരങ്ങളില്‍ നമ്മളിട്ട ചൂണ്ടകള്‍
നമ്മളെത്തന്നെ  പിടിച്ചു കുലുക്കുമായിരുന്നു
പാളിച്ചകളെ,   തിരുത്താന്‍  അസാധ്യമായ
അനുഭവമായി കരുതി നമ്മള്‍  കൊണ്ടു  നടന്നു.
 
ജീവിതംകൊണ്ടിന്നിര കോര്‍ക്കുമ്പോള്‍
ഞാനും നീയും ഓര്‍ക്കില്ല
നാളെയുടെ അഗ്‌നിശയ്യയില്‍
വേട്ടയാടപ്പെടുന്നതാരെന്ന്!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക