Image

ഇരുണ്ടവൾ (കവിത: ഡോ. വീനസ്)

Published on 11 July, 2021
ഇരുണ്ടവൾ (കവിത: ഡോ. വീനസ്)
ആവൃതമാകുമെൻ മുഖപടം ഒരു മാത്ര
നീക്കി ഞാൻവദനത്തിൽ  ചൂഴ്ന്നു നോക്കേ,
ഉള്ളുരുക്കത്തിൻ്റെ നോവിലെൻകണ്ണിലെ
തിരിവെട്ടമാകെയണഞ്ഞിരുന്നു,
മനസ്സിൻ്റെഅറകളന്നാകെ നിരാശതൻ
അന്ധകാരത്താൽ കറുത്തിരുന്നു,
മുന്നിലെ വീഥികളൊക്കെയും കൂർത്ത മുൾ -
വീണു പരന്നു കിടന്നിരുന്നു ,
കർണ്ണങ്ങൾ, സ്നേഹശബ്ദങ്ങൾ ശ്രവിക്കാതെ ,
ഒരു വിളി കേൾക്കാൻ കൊതിച്ചിരുന്നു,
ചേതനയിലാകെ നിരാശച്ചിലന്തികൾ
കൂട്ടമായ് വലനെയ്തുപാർത്തിരുന്നു ,
പാദങ്ങൾ രണ്ടുമുൾവലിവിൻ്റെ ചങ്ങല
ക്കെട്ടിനാൽ ബന്ധിതമായിരുന്നു ,
വാക്കുകളാകെ മറന്നപോൽ നാവെൻ്റെ
വായിൽ തളർന്നു കിടന്നിരുന്നു ,
ഇരുളുപോലാകെ കറുത്തവൾ
എന്നൊരുനാമമെൻ പേരുമറച്ചിരുന്നു,

വെൺമയാർന്നഴകാർന്നസോദരർക്കിടയിൽ ഞാൻ
ഇരുളുപോൽ വൈരൂപ്യമാർന്നു നിന്നു,
ഒറ്റപ്പെടുത്തലിൻ നോവിലും സോദരർ
ഉച്ചത്തിലാർത്തുചിരിച്ചിരുന്നു,
നീയെൻ്റെ ഗർഭത്തിലെങ്ങനെയുരുവായി
എന്നു മാതാവുര ചെയ്തിരുന്നു.

അഴകല്ലവ്യക്തിതൻഅളവുകോലെന്നോതി
താതൻ അന്നെന്നോടു ചേർന്നു നിന്നു,
വിദ്യയാം വൈഡൂര്യ, വൈര രേണുകളെൻ
മെയ്യിൽ വിതറിയെൻ ചാരെ നിന്നു.
നിറവാർന്ന വ്യക്തിത്വമാകണം എൻ മേന്മ
എന്നെൻ്റെ കാതിൽ പറഞ്ഞിരുന്നു.
ഉയരെയാകാശം ലാക്കാക്കിപ്പറക്കുവാൻ
ചിറകിന്നു ശക്തി പകർന്നിരുന്നു.

ഇന്നു ഞാൻ നേട്ടത്തിൻ കൊടുമുടി കയറുമ്പോൾ
വൈരൂപ്യമെല്ലാം അകന്നുവത്രേ!
ആത്മപ്രകാശത്തിൻ ജ്യോതിയിൽ എൻദേഹ -
ഇരുളിമയാകെ മറഞ്ഞുവത്രേ!
ഇന്നു ഞാനുരുവിടുംവാക്കുകൾ - കുളിരാർന്ന-
തെന്നൽ പോൽ തഴുകിത്തലോടുമത്രേ!
നൈരാശ്യ ഗർത്തത്തിലാഴ്ന്നുപതിച്ച -
വർക്കാശതൻ നെയ്ത്തിരി നാളമത്രേ!


ഇരുണ്ടവൾ (കവിത: ഡോ. വീനസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക