Image

പ്രതിരോധമാർഗങ്ങൾ, അപൂർവമായവ (കവിത ജയശ്രീ, കഥാമത്സരം -131)

Published on 10 July, 2021
പ്രതിരോധമാർഗങ്ങൾ, അപൂർവമായവ (കവിത ജയശ്രീ,  കഥാമത്സരം -131)
ബസ്സ് നീങ്ങിത്തുടങ്ങിയപ്പോൾ അജീഷിന് എന്തെന്നില്ലാത്ത സന്തോഷം തോന്നി. തീരെ ചെറിയ കുട്ടിയായിരിക്കുമ്പോൾ അമ്മയോടൊപ്പം അച്ഛന്റെ മടിയിലിരുന്ന് മുണ്ടക്കയത്തെ മാമനെയും മാമിയെയും ഇടയ്ക്കിടെ കാണാൻ പോകാറുള്ളത് ഓർമ്മ വന്നു. അന്നൊന്നും വീട്ടിൽ വഴക്കിന്റെ ലാഞ്ചന പോലും ഉണ്ടായിരുന്നില്ല. അനിയത്തി ഉണ്ടായതോടെയാണ് വീട്ടിൽ വഴക്കുകൾ നിത്യസംഭവമായത്.
 
മാറാരോഗവുമായി ജനിച്ച അനിയത്തിയെ അച്ഛന് വെറുപ്പായിരുന്നു. അമ്മയുടെ അകന്ന ഏതോ ബന്ധുവിനും അങ്ങിനെയൊരു രോഗം ഉണ്ടായിരുന്നെന്ന് അച്ഛനെ ആരോ ധരിപ്പിച്ചു. അങ്ങനെയൊരു സംഭവം  കേട്ടിട്ടു പോലുമില്ലായിരുന്നു. പക്ഷേ ഇങ്ങനെയൊരു മകൾ തനിക്കുണ്ടായത് അമ്മയുടെ  ഉത്തരവാദിത്തമാണെന്ന് അച്ഛൻ തീർത്തും വിശ്വസിച്ചു. 
 
കട്ടിലിൽ തന്നെ കിടന്ന്  ജീവിതം കഴിക്കുന്ന അനിയത്തിയോട് അച്ഛന്റെ വെറുപ്പ് കൂടിക്കൂടി വന്നു.  അതിനും കൂടി പരിഹാരമായി അമ്മ അവളെ സ്നേഹിച്ചു. തനിക്കു പോലും അതിൽ ദേഷ്യമുണ്ടായിട്ടുണ്ട്. അതിന്റെ പ്രതികരണമായി അച്ഛനും അമ്മയും വഴക്കിടുമ്പോൾ അമ്മയെ ദേഷ്യപ്പെടുത്താനായി അച്ഛന്റെ ഭാഗം പിടിക്കുമായിരുന്നു.
 
കുറച്ചൊക്കെ അറിവുണ്ടായി തുടങ്ങിയപ്പോൾ, പലതിനേയും കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായി. അനിയത്തിയോടും അമ്മയോടും കാണിച്ചതിലോക്കെ വിഷമം തോന്നി. 
 
പക്ഷെ അപ്പോഴേയ്ക്കും അനിയത്തി പോയിരുന്നു. മൂന്നാമത്തെ വയസ്സിൽ അവൾ രോഗത്തിന് പൂർണ്ണമായും കീഴടങ്ങി. അതിനു മുൻപേ തന്നെ അച്ഛനും വീടുപേക്ഷിച്ചു മറ്റെങ്ങോ  പോയി. വേറെ ആരെയോ വിവാഹം കഴിച്ചെന്നൊക്കെ പിന്നീട് അറിഞ്ഞു.
 
ഇതൊക്കെയാണ് ജീവിതത്തെ ചിട്ടപ്പെടുത്തിയത്. അനിയത്തിയോട് കാണിക്കാൻ മറന്ന സ്നേഹമാണ് പിന്നീട് ജീവനുള്ള എന്തിനെയും ആരാധിക്കാൻ പഠിപ്പിച്ചത്. കുറെയൊക്കെ അമ്മയുടെ സ്വഭാവം പകുത്തു കിട്ടിയിട്ടുമുണ്ട്.
 
കോളേജിൽ നടന്ന പ്രശ്നം അങ്ങിനെയായിരുന്നു. ഒരു അധ്യാപകനിൽ നിന്നും തനിക്കുണ്ടായ അനുഭവം കരഞ്ഞുകൊണ്ട് അവന്തി പറയുമ്പോൾ ലതികയും കൂടെയുണ്ടായിരുന്നു. അവന്തി പൊട്ടിക്കരയുമ്പോൾ അവളെ ചേർത്ത് നിർത്തണമെന്നും കണ്ണീർ തുടയ്ക്കണമെന്നുമൊക്കെ തോന്നി. പക്ഷെ ലതിക അതൊക്കെ ചെയ്യുന്നുണ്ടായിരുന്നു.  കണ്ടപ്പോൾ മനസ്സിന് തൃപ്തി തോന്നി. താൻ കണ്ടെത്തിയ ആൾ എല്ലാ രീതിയിലും തനിക്ക് ചേരും.
 
ലതികയെ  കണ്ടെത്തിയതും അങ്ങനെയൊരു സാഹചര്യത്തിൽ വെച്ചായിരുന്നു. ഫുട്ബാൾ പ്രാക്ടീസ് കഴിഞ്ഞ് സ്റ്റേഡിയത്തിൽ നിന്നിറങ്ങുമ്പോൾ സ്റ്റേഡിയത്തിന്റെ മതിലിനു പുറത്ത് വിചിത്രമായ ഒരു ശബ്ദം കേട്ടു . അടുത്ത് ചെന്ന് നോക്കുമ്പോൾ ജീൻസും ടോപ്പുമൊക്കെയിട്ടൊരു സുന്ദരി മുട്ടുകാലിൽ നിന്ന് ഒരു തെരുവ് പട്ടിയെ തീറ്റാൻ ശ്രമിക്കുകയാണ്. അത് തിന്നാനൊട്ടു കൂട്ടക്കുന്നുമില്ല.
 
"അതിനു വേണ്ടായിരിക്കും. വിശപ്പുള്ള മനുഷ്യന് പച്ച വെള്ളം കൊടുക്കില്ല. തെരുവിൽ കിടക്കുന്ന പട്ടിയെ പ്രേമിക്കും. ഫോട്ടോ എടുത്ത് പോസ്റ്റ് ചെയ്യും. അതിനെ ശല്യപ്പെടുത്താതെ വേറെ പണി നോക്ക് പെണ്ണേ"
 
 
സാധാരണ ആ രീതിയിൽ പെൺകുട്ടികളോട് സംസാരിക്കുന്നതല്ല. അവളുടെ വേഷവും ഭാവവും സൗന്ദര്യവും ആ  രംഗത്തിന് തീരെ ചേരുന്നില്ല എന്ന് തോന്നി. അന്നത്തെ ഗെയിം തോറ്റതിന്റെ കലിപ്പും ഉണ്ടായിരുന്നു.
 
ഒരു കാവാസാക്കി അടുത്തിരുപ്പുണ്ട്. അവളുടെ ബോയ് ഫ്രണ്ട് അവിടെയെങ്ങാനും ഉണ്ടാവും എന്നും ഭയന്നു. 
 
"വിശപ്പുള്ള മനുഷ്യർക്കും ഉണ്ട്" എന്ന് പറഞ്ഞ് അവൾ ബാഗിൽ നിന്നും ബിസ്കറ്റ് എടുത്ത് തനിക്ക് നേരെ നീട്ടി 
 
കളി കഴിഞ്ഞപ്പോഴേ കുടല് കരിയാൻ തുടങ്ങിയിരുന്നു. അതുകൊണ്ടു രണ്ടാമതൊന്നു ചിന്തിക്കാതെ പെട്ടെന്ന് കൈനീട്ടി അത് വാങ്ങി.
 
കയ്യിൽ വാങ്ങി കഴിഞ്ഞപ്പോഴാണ് ചമ്മിയത്. ഛേ അവൾ കണക്കിന് മറുപടി തന്നുകളഞ്ഞല്ലോ. തലയും കുത്തി അതിൽ വീഴുകയും ചെയ്തു. ഉള്ളിലെ ആൺ ശൗര്യം പിടഞ്ഞെണീറ്റു. എന്തെങ്കിലും ചെയ്ത് മുഖം രക്ഷിക്കണം.
 
"പിന്നേ എന്റെ പട്ടിക്ക് വേണം" എന്നൊക്കെ അമ്മയുടെ വായിൽ  നിന്ന് കേട്ടത് ഓര്മയിലെത്തി 
 
"താങ്ക്യൂ സുശീലാ ദാമോദരൻ" എന്ന് മനസ്സിൽ പറഞ്ഞു
 
പിന്നെ മടിച്ചില്ല ബിസ്കറ്റിന്റെ കവറു പൊട്ടിച്ച് ഒരെണ്ണമെടുത്ത് ആ പട്ടിക്ക് കൊടുത്തു. 
 
അത് ചാടിയെണീറ്റപ്പോൾ കടിക്കാനാണെന്നു തോന്നി. അത് ബിസ്കറ്റിനു നേരെ മുഖംനീട്ടി. നാവുകൊണ്ട് രുചിച്ചു. പിന്നെ സൂക്ഷിച്ചു അത് കയ്യിൽ നിന്നും കപ്പിയെടുത്ത് തറയിലിട്ട് മെല്ലെ ചെറിയ ചെറിയ കഷണങ്ങളായി കടിച്ച് തിന്നാൻ തുടങ്ങി.
 
"ഓ, ആർ യു റ്റൂ   എ ഡോഗ് ലവർ."
 
നല്ല ഇമ്പമുള്ള ശബ്ദം. 
 
സുന്ദരിയായ അവളെ നോക്കിയപ്പോൾ ചുണ്ടിൽ ഒരു പുഞ്ചിരിയും ഉള്ളിൽ ഒരു കൃസൃതിയും വന്നു. പോയാലൊരു വാക്ക് കിട്ടിയാലൊരു ആന എന്നാണല്ലോ 
 
അവളെ നോക്കി ചിരിച്ചപ്പോൾ അവൾ സംശയത്തോടെ തുറിച്ച് നോക്കി. ടോപ്പ് വലിച്ച് നേരെയിട്ടു 
 
"യെസ് "
 
പിന്നെ ധൈര്യം സംഭരിച്ച് കൂട്ടിച്ചേർത്തു
 
"ഐ ലവ് യു"
 
അവൾ ബാഗ് വീശി ഒരടി തന്നു. പിന്നെ ആ തമാശ ആസ്വാദിച്ച് ചിരിച്ചു. 
 
ഇതിനിടയിൽ എപ്പോഴോ പട്ടി ആ ബിസ്കറ്റ് കവറോടെ സ്വന്തമാക്കിയിരുന്നു. പട്ടി ഉപേക്ഷിച്ച ചോറ് അവളെടുത്ത് കാക്കയ്ക്ക് വിതറി. പട്ടി അത് തിന്നാൻ കാക്കയെ സമ്മതിക്കുന്നില്ല. അവൾ പട്ടിയെ ഓടിച്ചു. അത് ബിസ്കറ്റിന്റെ കവറുമായി ഓടി മറഞ്ഞു.
 
അവൾ ടിഷ്യൂ പേപ്പറെടുത്ത് കൈ തുടച്ചു. പിന്നെ അതുമായി വേസ്റ്റ് ബിന്നിനടുത്തേയ്ക്ക് നടന്നു. നല്ല താളമുള്ള ചലനങ്ങൾ. നല്ല ദേഹവടിവും. 
 
തിരിച്ചു വന്നു ഷേക്ക് ഹാൻഡ് തന്നു 
 
"ഹായ്, ഐ ആം ലതിക. ലതിക പി ആർ . പി ആർ ഫോർ പ്രഭാകർ രാമു. മൈ ഡാഡ്. സെയിം കോളേജ്. ഐ ഹാവ് സീൻ യു പ്ലെയിങ് ക്രിക്കറ്റ്."
 
മനസ്സിൽ സന്തോഷമാണോ ഒരു ഉൾക്കിടിലമാണോ തോന്നിയതെന്നറിഞ്ഞു കൂടാ. ഒന്ന് വിയർത്തു.
 
മനപ്പൂർവം മലയാളത്തിൽ മറുപടി കൊടുത്തു.
 
"ഞാൻ അജീഷ് എസ്. സുലോചനയുടെ എസ് . എന്റെ  അമ്മ."
 
അവൾ കൈ വീശിക്കൊണ്ട് ബൈക്കിനടുത്തേയ്ക്ക് നടന്നു. അത് സ്റ്റാർട്ട് ചെയ്ത് പറന്നു പോയി.
 
അടുത്ത ദിവസം ആ പട്ടി അവിടെ തന്നെ ഉണ്ടായിരുന്നു. ഉച്ചയ്ക്ക് കഴിച്ചതിന്റെ ബാക്കി പാത്രത്തിൽ തന്നെ വെച്ചിരുന്നത് അതിന് കൊടുത്തു. കയ്യിൽ ബിസ്കറ്റ് ഉണ്ടോ എന്ന് അത് ഒന്ന് നോക്കി. പിന്നെ ചോറ് കപ്പിത്തിന്നാൻ തുടങ്ങി. ലതികയെ അന്നും അടുത്ത ദിവസവും കണ്ടില്ല. കോളേജിലും ശ്രദ്ധിച്ചിരുന്നു. കണ്ടിരുന്നില്ല.
 
മൂന്നാം ദിവസം കോളേജിൽ വെച്ച് ദൂരെ നിന്ന് ഒന്ന് കണ്ടു. ഓടിച്ചെല്ലാനുള്ള ധൈര്യം ഉണ്ടായില്ല.
 
പക്ഷേ അന്ന് തന്നെ വൈകിട്ട് വീണ്ടും കണ്ടു.
 
സ്റ്റേഡിയത്തിന് പുറത്തു വെച്ച് 
 
മധുരയിൽ എന്തിനോ പോയതായിരുന്നു. പട്ടിക്ക് ആഹാരം കൊടുത്തിട്ട് അവിടെ നിന്ന് ഏറെ നേരം സംസാരിച്ചു.
 
"രണ്ടു ദിവസം ഇതിനാഹാരം കൊണ്ടു കൊടുത്തു അല്ലേ"
 
"അമ്മ തന്നു വിട്ടു."
 
"ഓ, ഷീ റ്റൂ ഈസ്  കൂൾ  ലൈക്ക് യൂ ?"
 
അമ്മയെ കുറിച്ച് ലതികയോട് അന്ന് വേണ്ടതിലധികം  പറഞ്ഞു
 
അടുത്ത ദിവസം കോളേജിൽ വെച്ച് വീണ്ടും. അധികം താമസിയാതെ കോളേജിൽ ഒരു പ്രണയകഥ കൂടി പറഞ്ഞുപടർന്നു.
 
അങ്ങിനെയൊരു ദിവസമാണ് അവന്തികയെയും കൂട്ടി അവൾ വരുന്നത്.
 
അവന്തിക  കൂടെ ഉണ്ടായിരുന്നപ്പോൾ അവൾ പെരുമാറിയത് പോലെയല്ല അന്ന് വൈകിട്ട് സ്റ്റേഡിയത്തിന് പുറത്ത് വെച്ച് കണ്ടപ്പോൾ  പെരുമാറിയത്.
 
"കാര്യമൊക്കെ ഉള്ളതാ. ബട്ട് ഡോണ്ട് ട്രസ്റ്റ് ഹെർ മച്ച്."
 
അവളോട് 'ശരി' എന്ന് പറഞ്ഞെങ്കിലും മനുഷ്യസഹജമായ അസൂയ അവൾക്കും ഉണ്ടെന്ന് തോന്നി.
 
അമ്മയോട് പറഞ്ഞപ്പോൾ അമ്മ ഒന്നും പറഞ്ഞില്ല. എന്ത് ചെയ്യണം എന്ന് ചോദിച്ചപ്പോൾ. നിന്നെയല്ലല്ലോ അയാൾ ഉപദ്രവിച്ചത്. ആ പെണ്ണിനെയല്ലേ. അവളല്ലേ പരാതി കൊടുക്കേണ്ടത് എന്ന് മാത്രം പറഞ്ഞു.
 
അപ്പോഴാണ് അത് ശരിയെന്നു തോന്നിയത്. ലതിക പറഞ്ഞത് തന്നെയാണല്ലോ മറ്റൊരു രീതിയിൽ അമ്മയും പറഞ്ഞത് എന്ന് മനസ്സിലാക്കിയപ്പോൾ ഒരു സന്തോഷം.
 
പക്ഷേ അടുത്തദിവസം ഉച്ചയ്ക്ക് കഴിക്കാനുള്ളതും പട്ടിക്ക് കൊടുക്കാനുള്ളതും പ്രേത്യേകം പ്രത്യേകം പത്രങ്ങളിലാക്കി തരുമ്പോൾ 'അമ്മ വീണ്ടും ഞെട്ടിച്ചു.
 
"പിന്നേ, ആ പെണ്ണിനെ കൊണ്ട് പരാതി കൊടുപ്പിക്കാൻ മറക്കണ്ട."
 
ശോ, പത്താം ക്‌ളാസ്സ് മാത്രം പാസ്സായ അമ്മ തന്നെയും ലതികയെയും തോൽപ്പിച്ചിരിക്കുന്നു. അതാണ് ശരി. പരാതി കൊടുക്കേണ്ടത് അവന്തികയാണ്. അത് ചെയ്യിക്കേണ്ടത് മറ്റുള്ളവരാണ്.
 
പരാതി കൊടുപ്പിക്കാൻ അവന്തികയോടൊപ്പം ലതികയും വേറെ കുറേ കുട്ടികളും വന്നു. പ്രിൻസിപ്പൽ വഴങ്ങിയില്ല. ഒരു ദിവസം എല്ലാരും ചേർന്ന് ക്‌ളാസ് ബഹിഷ്കരിച്ചു.
 
അടുത്തദിവസം അവന്തിക ടി സി വാങ്ങിപ്പോയി. പരാതിയും പിൻവലിച്ചു.
 
അതേ മാനേജ്‌മന്റ് വക ബി എഡ് കോളേജിൽ അഡ്മിഷൻ കിട്ടിയത്രേ. നല്ല ക്രയവിക്രയം. പോകുന്നതിനു മുൻപ് ഒന്ന് കണ്ടു രണ്ടു പറയണമെന്നുണ്ടായിരുന്നു. അത് സംഭവിച്ചില്ല. 
 
പക്ഷേ ലതിക മുന്നറിയിപ്പ് തന്നത് പോലെയായി കാര്യങ്ങൾ. അനാവശ്യമായി പ്രശ്നമുണ്ടാക്കിയതിന് സസ്പെന്ഷൻ കിട്ടി. രക്ഷകര്താക്കളെയും കൂട്ടി പ്രിൻസിപ്പലിനെ കാണണമെന്ന്. അമ്മ മാത്രം  ചെന്നാൽ പോരാ.
 
തന്നെ അറിയാവുന്ന ആരോ ആണ് അതിനു പിന്നിലെന്ന് വ്യക്തമായി.
 
അച്ഛൻ രഹസ്യമായി വേറെ വിവാഹം കഴിച്ചെങ്കിലും അമ്മ വിവാഹമോചനം നേടിയിരുന്നില്ല. സിംഗിൾ പേരന്റ് എന്ന് പറഞ്ഞ് ഒഴിയാനൊക്കില്ല. അച്ഛനെ കൂട്ടി വന്നേ കഴിയൂ.
 
വീട് വിട്ടു പോയതിൽ പിന്നെ മൂന്നോ നാലോ തവണയാണ് അച്ഛനോട് ആകെ സംസാരിച്ചത്.  അതും ഫോണിൽ മാത്രം. അത്രയും തവണയാണ് മോനേ എന്ന വിളി കേട്ട ഓർമ്മയുള്ളതും.
 
അമ്മയോട്  പറയാതെയാണ് ഇപ്പോൾ അച്ഛനെ കാണാൻ പോകുന്നത്. കോളേജിൽ വരെ ഒന്ന് വരണമെന്ന് പറയാൻ മാത്രം. പക്ഷെ അത് ഫോണിൽ പറഞ്ഞാലും മതിയായിരുന്നു. അത് മാത്രമല്ല മനസ്സിലുള്ളതെന്ന്  ഇപ്പോൾ തോന്നുന്നു. അറിയാതെ ഒരാഗ്രഹം മനസ്സിൽ ഉണ്ടായിരുന്നിരിക്കാം. അങ്ങനെയാണല്ലോ മനസ്സ്. 
 
അച്ഛനെ വീണ്ടും ഒന്ന് കാണണം എന്ന് മനസ്സിൽ തോന്നിയത് ലതികയുടെ വീട്ടിൽ അവളുടെ അച്ഛന്റെ ജന്മദിനാഘോഷങ്ങൾക്ക് ചെന്നപ്പോഴാണ്. ലതികയുടെ ഒരനിയനും ചെറുതിലേ മരിച്ചുപോയതാണ്.
 
ഇപ്പോഴാണെങ്കിൽ ആശുപത്രിയിൽ ചെന്നാൽ അച്ഛനെ കാണാം. അദ്ദേഹത്തിന്റെ രണ്ടാം  ഭാര്യ ആശുപത്രിയിലാണ്. വീട്ടിൽ പോകുന്നത് ഒഴിവാക്കാം. പഠനം തുടരുന്ന കാര്യമായതുകൊണ്ടു അച്ഛൻ വരാതിരിക്കില്ല. വന്നില്ലെങ്കിലും ഈ കാരണം പറഞ്ഞ് നേരിട്ടൊന്ന് കാണാം. അതെങ്കിലും നടക്കുമല്ലോ.
 
ആശുപത്രിയിലെ മുറി കണ്ടെത്താൻ പ്രയാസമുണ്ടായില്ല. കതകിനു മുട്ടിയപ്പോൾ നേഴ്സ് ആണെന്ന് കരുതി "യെസ് മാഡം" എന്ന് പറഞ്ഞാണ് അച്ഛൻ കതകു തുറന്നത്. വേറെ ആരും വരാനുണ്ടാവില്ല.
 
വാതിൽ തുറന്നതും അച്ഛന്റെ മുഖത്തു ആദ്യം ഒരു പുഞ്ചിരി വിടർന്നു. പിന്നെ തിരിഞ്ഞ് അമ്മയെ നോക്കി. വീണ്ടും  മുഖം തിരിച്ചപ്പോൾ ആ മുഖത്തെ ഭാവമാകെ നിമിഷനേരം കൊണ്ട് മാറിയിരിക്കുന്നു.
 
അകത്തേയ്ക്ക് കയറാൻ അനുവദിക്കും മുൻപ് കുട്ടികളെ കാന്റീനിലേയ്ക്ക് പറഞ്ഞു വിടുന്നു മൂത്ത ആൺകുട്ടി. പ്ലസ്‌ ടുവിൽ ആയിരിക്കും. ഇളയ പെൺകുട്ടി മരിച്ചുപോയ അനിയത്തിയെ പോലെ അച്ഛന്റെ തനി സ്വരൂപം. അവൾ മുഖത്തുനോക്കിയപ്പോൾ ഉടലിലൂടെ ഒരു പെരുപ്പ് കടന്നു പോയി. ജന്മജന്മാന്തരങ്ങൾക്ക് അപ്പുറത്തു നിന്ന് ആരോ സാകൂതം നോക്കുന്ന പോലെ. 
 
അകത്തു കയറിയ ഉടനെ അച്ഛൻ വാതിലടച്ചു കുറ്റിയിട്ടു. പിന്നെ ഓർക്കാപ്പുറത്തായിരുന്ന അടി വീണത്. ഒരടിക്കുതന്നെ താഴെ വീണുപോയി. പിന്നെ നിർദയം ചവിട്ടുകരയായിരുന്നു. ഉടുപ്പിൽ പിടിച്ച് വലിച്ചു പൊക്കിയപ്പോൾ ഉടുപ്പ് രണ്ടായി കീറി. കയ്യിൽ കിട്ടിയ ഒരു കഷണം അച്ഛൻ വലിച്ചെറിഞ്ഞു. 
 
"കൂത്തിച്ചി മോനേ! ആരെ കാണാനാടാ പട്ടീ നിന്നെ ഇങ്ങോട്ടു കെട്ടിയെടുത്തെ. കടന്നോണം. എന്റെ അടുത്തെങ്ങാണം ഇനി വന്നാൽ കഴുവേറീ കുത്തി കൊടല് ഞാനെടുക്കും."
 
തിരിച്ചാക്രമിക്കുവാൻ തക്ക വണ്ണം ഒരു തടിസ്റ്റൂൾ കയ്യിൽ കിട്ടിയതാണ്.  അതൊന്നു ഉയർത്തി =. അയാളുടെ ഭാര്യ  ഭാര്യ കട്ടിലിൽ എഴുനേറ്റിരുന്ന് നിലവിളി തുടങ്ങി. കയ്യിലിരുന്ന സ്ടൂളിലേയ്ക്ക് അയാളും ദയനീയമായി നോക്കി. അത് കണ്ടപ്പോൾ സ്റ്റൂൾ താഴെവെയ്ക്കാൻ തോന്നി.
 
അപ്പോഴേയ്ക്കും നേഴ്സ് ഓടി വന്നു. പിന്നെ അവിടെ നിന്നില്ല.
 
നേഴ്‌സിനെ തള്ളി മാറ്റി പുറത്തെത്തി. കാന്റീനിനടുത്ത് ഐസ് ക്രീം നുണഞ്ഞുകൊണ്ട് തന്റെ അർദ്ധസഹോദരങ്ങൾ. ഭാഗ്യം ചെയ്തവർ.
 
ബസിലിരുന്നു മടങ്ങുമ്പോൾ ഒരു ചിന്തയെ മനസ്സിലുള്ളൂ. 
 
അമ്മയോട് എന്ത് പറയും. ആരോടോ അടിയും വഴക്കും ഉണ്ടാക്കാൻ പോയി എന്നേ അമ്മ കരുതൂ. വീണതിൽ പറ്റിയതാണെന്നൊന്നും കള്ളം പറഞ്ഞു രക്ഷപെടാനൊക്കില്ല. 
 
മറ്റെല്ലാം മനസ്സിൽ നിന്നും മാഞ്ഞുപോയിരിക്കുന്നു. അച്ഛനും അച്ഛന്റെ ആൾക്കാരും തന്റെ ലോകത്ത് ഇനിയില്ല. ഒരിക്കൽ കയ്യിൽ വന്നു വീഴും. അപ്പോൾ ഈ കണക്കൊക്കെ തീർക്കണം.
 
വീട്ടിൽ ചെന്നപ്പോൾ അമ്മയില്ല. കയ്യും കാലും കഴുകാനായി കിണറ്റിൽ നിന്നും വെള്ളം കോരുമ്പോഴേ അമ്മ വന്നു. 
 
ഉള്ളതെല്ലാം തുറന്നു പറഞ്ഞു. കുറെ നേരം അമ്മ കെട്ടിപ്പിടിച്ചു കരഞ്ഞു. 
 
പിന്നെ ഉടുപ്പ് ഊരി മാറ്റി. ദേഹത്തെ മുറിവുകളിൽ തലോടി.
 
കണ്ണ് തുടച്ചുകൊണ്ട് അമ്മ പറഞ്ഞു.
 
"ഞാൻ നിന്റെ കോളേജിൽ പോയതാ. പ്രിൻസിപ്പലിനെ കണ്ടു. കാര്യമൊക്കെ പറഞ്ഞു. മാപ്പെഴുതി  കൊടുത്തില്ല. സാറിന്റെ മകൾക്ക് നാളെ ഇങ്ങനെയൊരു പ്രശ്നം ഉണ്ടായാലും എന്റെ മോൻ ഇത് പോലെ മാത്രമേ പെരുമാറൂ. അങ്ങനെയേ ഞാൻ അവനെ പഠിപ്പിച്ചിട്ടുള്ളു എന്ന് പറഞ്ഞു. എനിക്കെന്റെ കുഞ്ഞിന് കൊടുക്കാൻ അതിലും വലുതൊന്നുമില്ലെന്നും പറഞ്ഞു. അയാളുടെ മനസ്സ് മാറി. നിന്റെ കാര്യം പരിഗണിക്കാമെന്ന് പറഞ്ഞു. അതുപോര തിരിച്ചെടുക്കണമെന്ന് ഞാൻ പറഞ്ഞു. ആരെയൊക്കെയോ വിളിച്ചു ചോദിച്ചു. എന്നിട്ട് ഒടുവിൽ തിരിച്ചെടുക്കാമെന്നു പറഞ്ഞു. എനിക്ക് ചായയൊക്കെ വരുത്തി തന്നിട്ടാ വിട്ടത്.  സത്യത്തെ നമ്മൾ രക്ഷിച്ചാൽ സത്യം നമ്മളെ കൈവിടില്ല മോനേ."
 
പുശ്ചത്തോടെ ഞാനൊന്നു മൂളി. 
 
"സത്യത്തിന്റെ വില! അതിന്ന് ചവിട്ടു കിട്ടിയപ്പോ മനസ്സിലായി. ഞാൻ ഇനിയും ഒന്ന് ചെന്ന് കാണുന്നുണ്ട്. ആ സ്ത്രീയുടെ അസുഖമൊന്നു മാറട്ടെ." അവർ അവിടെ കിടന്നു തന്നെ തീർന്നു പോകണേ എന്നായിരുന്നു മനസ്സിൽ.
 
"ഇനി കാണാനൊന്നും പോകേണ്ട. അയാളൊരു പാവമാ. നട്ടെല്ലില്ല്ലാതെ പിറന്നവൻ. ആരേലും പറയുന്നത് കേട്ടാണ് അയാൾ ഓരോന്നൊക്കെ ചെയ്യുന്നത്. അവരോടൊക്കെ നമ്മൾ വഴക്കിനു പോയാൽ നമ്മുക്ക് പിന്നെന്തു വില?"
ശരിയാണ്. ആ സ്ത്രീയെ ബോധ്യപ്പെടുത്താനാണ് അയാൾ അങ്ങനെ പെരുമാറിയതെന്ന് അപ്പോഴേ തോന്നിയിരുന്നു. 
 
മനസ്സിൽ ഒരു വിഗ്രഹം ഉടഞ്ഞുവീണു വീണ്ടും ചെളിയായി മാറുന്നു.
 
മറ്റൊരു വിഗ്രഹം തങ്കപ്രഭയോടെ ശോഭിക്കുന്നു. 
 
അജീഷ് എസ് എന്നല്ല അജീഷ് സുലോചന എന്ന് തന്നെയാണ് എന്റെ പേര്
 
പ്രതിരോധങ്ങൾക്കും സ്നേഹത്തിന്റെ വഴിയാകാം എന്ന് വിശ്വസിക്കുന്ന സുലോചന എന്ന ദേവത.
 
അപ്പൂപ്പൻ അറിഞ്ഞിട്ടു പേരാണ്. എന്ത് ഭംഗിയാണ് ആ കണ്ണുകൾക്ക്.
 
സ്നേഹം കൊണ്ട് മയ്യെഴുതിയ കരിംകൂവളക്കണ്ണുകൾ.
--------------------
കവിത ജയശ്രീ. 
തിരുവനതപുരം സ്വദേശി. MBAയ്ക്ക് ശേഷം ഇൻഫോസിലെ ജോലി വിട്ട് യു.കെ.യിൽ പഠനം പൂർത്തിയാക്കി ചലച്ചിത്ര രംഗത്ത് എഴുത്തും സംവിധാനവും തുടരുന്നു. ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ കഥ കവിത ഓർമ്മക്കുറിപ്പുകൾ എന്നിവ എഴുതാറുണ്ട്. 
സൗഹൃദം, സംഗീതം, റൈഡുകൾ,  ജീവകാരുണ്യപ്രവർത്തനങ്ങൾ, യാത്ര എന്നിവ ഏറെ ഇഷ്ടം.
Join WhatsApp News
Sreekumar K 2021-07-12 14:00:39
OMG, what a powerful story! So well written. Amazing. Deserves 10 out of 10. Sure to make your eyes go wet.
Sreekumar K 2021-08-15 13:43:32
https://m.facebook.com/groups/2394204313975535/permalink/4487748571287755/?sfnsn=wiwspmo&ref=share
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക