Image

സ്നേഹവും കരുതലും വേണം: പല ആത്മഹത്യകളും തടയാൻ കഴിഞ്ഞേക്കും (ശ്രീകുമാർ ഉണ്ണിത്താൻ)

Published on 10 July, 2021
സ്നേഹവും കരുതലും വേണം: പല ആത്മഹത്യകളും തടയാൻ കഴിഞ്ഞേക്കും (ശ്രീകുമാർ ഉണ്ണിത്താൻ)
ആത്മഹത്യയില്‍ അഭയം തേടുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. ഓരോ ദിവസത്തെ  പത്രവാർത്തകളിൽ നിന്നും ഇത്  ദിവസവും കൂടിക്കൂടി  വരുന്നതായി കാണുന്നു. ഒരു പകർച്ചവ്യാധി പോലെ ആത്മഹത്യ നമ്മുടെ സമൂഹത്തിൽ  പടരുന്നു.  നിനച്ചിരിക്കാതെ കടന്നുവന്ന ചില പ്രതിസന്ധികളെ, വേദനകളെ, വിഷാദങ്ങളെ അതിജീവിക്കാനാകാതെ ജീവിതത്തോട് തോറ്റ് പലരും
പാതിവഴിയില്‍ മടങ്ങിപ്പോകുന്ന കാഴ്ചയാണ് നാം കാണുന്നത്. അങ്ങനെ  കാലം തെറ്റി നഷ്ടമാകുന്ന  ഈ പ്രതിഭകള്‍ നമ്മളോടൊപ്പം  ഈ  ഭൂമിയിൽ ജീവിച്ചു കൊതി തീരുന്നതിന്  മുൻപേ മറ്റേതോ ലോകത്തേക്ക്‌ പറന്ന് അകലുന്നു. കാരണങ്ങള്‍ എന്തൊക്കെ തന്നെയായാലും ആത്മഹത്യാനിരക്ക് ദിനംപ്രതി കൂടിവരുന്നത് വസ്തുതയാണ്.

ഓരോ 40 സെക്കന്റിലും ലോകത്തെമ്പാടും ഒരു ആത്മഹത്യയെങ്കിലും സംഭവിക്കുന്നുഎന്ന് കണക്കുകള്‍. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ആത്മഹത്യ ചെയ്യുന്നത് ഇന്ത്യയിലാണ് എന്നും  പറയപ്പെടുന്നു. ഇന്ത്യയില്‍ തന്നെ കേരളത്തിലാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യ.  എന്തു കൊണ്ടാവാം  സാക്ഷര കേരളത്തിൽ ഇത്രയുമധികം ആത്മഹത്യകൾ? എന്താണ് ഇതിനു കാരണം ?

സകല ജീവിതാഭിലാഷങ്ങളും പ്രത്യാശകളും കൈവിട്ട്,  ജീവിതത്തിന്റെ  മനോഹാരിത ഉപേക്ഷിച്ച്,  മരണം പരിഹാരമായി തെരെഞ്ഞുടുക്കുബോൾ  ജീവിതത്തിൽ തോറ്റു
പോയി എന്നൊരു തോന്നലാവാം അവരെ  മരണത്തിലേക്ക് തള്ളിവിടുന്നത്. ജീവിതത്തോടുള്ള വിരക്തി, നിരാശ, വികാരങ്ങളെ നിയന്ത്രിക്കാതെ വരിക, വേണ്ടപ്പെട്ടവരുമായുള്ള പ്രശ്നങ്ങള്‍ എന്നിങ്ങനെ നിരവധി കാരണങ്ങള്‍ ഓരോ ആത്മഹത്യയ്ക്കും പിന്നിലുണ്ട്.

ആരോടും ഒന്നും പറയാതെ പെട്ടെന്നൊരുനാള്‍ എല്ലാത്തിനോടും വിടപറഞ്ഞു പോകുക. ഓരോ ആത്മഹത്യക്കു പിന്നിലും കാരണങ്ങള്‍ പലതാകാം.  മാനസികവും ശാരീരികവുമായ
അസ്വസ്ഥതകൾ, ലഹരിവസ്തുക്കളുടെ ദുരുപയോഗം, കുടുംബ പ്രശ്നങ്ങൾ, സമ്മർദ്ദങ്ങൾ, വ്യക്തിപരമായ പ്രശ്നങ്ങൾ അങ്ങനെ   സാമൂഹികവും സംസ്കാരികവും. ജീവശാസ്ത്രപരവും, മനഃശാസ്ത്രപരവുമായ നിരവധി കാരണങ്ങള്‍ മരണത്തിന്റെ ഇരുണ്ട അഗാധതകള്‍ തേടിപ്പോകാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നു.

പരസ്പര വിരുദ്ധമായ വൈകാരിക നിലപാടുകളുള്ള ആളുകളാണ് ആത്മഹത്യ ചെയ്യുന്നതിൽ ഭൂരിഭാഗവുമെന്ന് പൊതുവെ പറയപ്പെടുന്നു. തനിക്ക് ആരുമില്ല, അല്ലെങ്കില്‍
താന്‍ ഇനി ജീവിച്ചിട്ട് കാര്യമില്ല എന്ന തോന്നലിലാണ് ഭൂരിഭാഗം ആത്മഹത്യകളും നടക്കുന്നത്. കൗമാരക്കാരിലും ആത്മഹത്യാ പ്രവണത കൂടുതൽ ആയി കാണപ്പെടുന്നു . പരീക്ഷക്ക്  മാർക്ക് കുറഞ്ഞാൽ പോലും കുട്ടികൾ ആത്മഹത്യ ചെയ്യുന്നത്  കാണാം.

ഒരാളുടെ ആത്മഹത്യ ആയാളിലൂടെ മാത്രം അവസാനിക്കുന്ന ഒന്നല്ല, അയാളുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒട്ടേറെപ്പേരെക്കൂടി അത് തീവ്രമായി ബാധിക്കുന്നു. അതുകൊണ്ടുതന്നെ  ആത്മഹത്യ തടയേണ്ടുന്നത് സമൂഹത്തിന്റെ കുടി ആവശ്യമാണ്. ഒരാള്‍ ആത്മഹത്യ ചെയ്തതിനു ശേഷം അയാളെച്ചൊല്ലി ദു:ഖിച്ചതു കൊണ്ടോ ആത്മഹത്യയുടെ കാരണം കണ്ടെത്തിയതു കൊണ്ടോ പ്രയോജനമില്ലല്ലോ?

ആത്മഹത്യകളെ തടയാന്‍ നമുക്ക് എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോ? തീര്‍ച്ചയായും സാധിക്കും എന്നാണ് വിദദ്ധ അഭിപ്രായം . ഒരല്‍പം കരുതലും ശ്രദ്ധയുമാണ്‌ ഇതിനാവശ്യം. നമുക്കിടയിലുള്ള ഒരാളിലെ മാറ്റങ്ങളെ ഏറ്റവും പെട്ടെന്നു കണ്ടെത്താന്‍ സാധിക്കുന്നത്‌ നമുക്കു തന്നെയാണ്. അവര്‍ നമ്മുടെ കുട്ടികൾ ആവാം, കുടുംബാംഗങ്ങളാകാം, സുഹൃത്തുക്കളാകാം, സഹപ്രവര്‍ത്തകരാകാം. അവരിലെ ചെറിയ മാറ്റങ്ങൾ പോലും  തിരിച്ചറിയാൻ നമുക്ക് കഴിയും.

പല ആത്മഹത്യകളും  പെട്ടന്ന് ഉണ്ടാകുന്ന കോപത്തിൽ നിന്നായിരിക്കും സംഭവിക്കുക. എന്നാൽ മറ്റുചിലർക്ക്   അവർ  കടന്നു പോയ ഏറെകാലത്തെ
ദുരിതങ്ങളും,  പ്രയാസങ്ങളും പ്രതിസന്ധികളും ഒക്കെ കാരണമാകാം. പലപ്പോഴുംജീവിതത്തിലെ പ്രതിസന്ധികൾ തരണം ചെയ്യാൻ കഴിയാതെ വരുബോൾ    ആത്മഹത്യയിൽ ശരണം പ്രാപിക്കുകയായിരിക്കും .

ഇതുപോലെ നമുക്കു ചുറ്റും, നമ്മുടെ കുടുംബത്തിലോ അല്ലെങ്കിൽ  സുഹൃദ് വലയങ്ങളിലോ ഈ  മാനസികാവസ്ഥയിൽ  കടന്നു പോകുന്നവർ ഉണ്ടാകാം . ഇങ്ങനെയുള്ളവർ  പറയുന്നത്  കേള്‍ക്കുക എന്നതാണ് നമുക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യം. വിഷമങ്ങളും സങ്കടങ്ങളും ആരോടെങ്കിലുമൊക്കെ പങ്കുവെക്കാന്‍ കഴിഞ്ഞാല്‍ തന്നെ ചിലപ്പോള്‍ ആത്മഹത്യാ ചിന്തകള്‍ അവരില്‍ നിന്ന് അകന്നു പോയേക്കും.

പരാജയങ്ങൾ  ഉണ്ടാകുബോൾ  പലരും  മരണത്തെയാണ് ആശ്രയിക്കുന്നത്.  പ്രതിസന്ധി ഘട്ടങ്ങളില്‍, സമ്മര്‍ദ്ദങ്ങളുടെ സമയത്ത് തികച്ചും വൈകാരികമായി മാത്രമേ നമുക്ക് കാര്യങ്ങളെ കാണാന്‍ സാധിക്കുകയുള്ളൂ. ആ സമയത്ത് യുക്തിചിന്ത ശരിയായി പ്രവര്‍ത്തിക്കണമെന്നില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ അവരെ മനസ്സിലാക്കാനും അവരോട് സംസാരിക്കാനുമൊക്കെ കഴിഞ്ഞാല്‍ അവരുടെ പ്രയാസങ്ങള്‍ക്ക് അല്‍പം ആശ്വാസം ലഭിക്കും. അങ്ങനെ ആത്മഹത്യാ ചിന്തകള്‍ മനസ്സില്‍ നിന്ന് അകലാന്‍ അത്തരം പുനര്‍ചിന്തനങ്ങള്‍ സഹായിച്ചേക്കും.

ആർക്കെങ്കിലും  ഒരു പ്രയാസമോ ദുരിതമോ വന്നുകഴിഞ്ഞാൽ നമ്മളിൽ പലരും അവരെ കുറ്റപ്പെടുത്തുന്നത് കാണാം. അവളുടെ അല്ലെങ്കിൽ അവന്റെ കുഴപ്പങ്ങൾ കൊണ്ടാണ് ഇതെല്ലാം സംഭവിച്ചത്, പിന്നെ ഒരു  സാമൂഹിക വിചാരണ തന്നെ ആരംഭിക്കുകയാണ്.  അതിന്  സമൂഹം പല കാരണങ്ങൾ തന്നെ കണ്ടു പിടിക്കും. അവരുടെ  കുറ്റവും കുറവുമെല്ലാം ഈ   വിചാരണകളിൽ  ചർച്ച ചർച്ചചെയ്യപെടും. പലരും ഈ  സാമൂഹ്യ വിചാരണകളെ ഭയക്കുന്നു.  അവസരം കിട്ടുമ്പോഴൊക്കെ  നാം അവരെ ഉപദേശിക്കുന്നതല്ലാതെ അവര്‍ക്ക് പറയാനുള്ളത് പലപ്പോഴും നമ്മൾ കേള്‍ക്കാറില്ല.

പലപ്പോഴും സങ്കടങ്ങളും വിഷമങ്ങളും സുഹൃത്തുക്കളോടോ പ്രിയപ്പെട്ടവരോടോ തുറന്നു പറയുബോൾ തന്നെ  അവർക്ക്  പകുതി ആശ്വാസം കിട്ടും. എല്ലാ പ്രയാസങ്ങളും തുറന്നുപറഞ്ഞ് കരയാന്‍ പ്രിയപ്പെട്ട ഒരാളുടെ ചുമലുണ്ടാകുന്നതു തന്നെയാണ് ജീവിതത്തിലെ പ്രധാന നേട്ടം. നമ്മുടെ സങ്കടങ്ങൾ  നമുക്ക് ഷെയർ  ചെയ്യാൻ  കഴിയാതെ വന്നാൽ അത് മനസ്സിൽ കിടന്ന് ഒരു  ഭുകമ്പം  പോലെ പൊട്ടിത്തെറിക്കും. മനുഷ്യന്റെ ഈ പൊട്ടിത്തെറി ആത്മഹത്യയോ അല്ലെങ്കിൽ  മറ്റു അപകടങ്ങളോ ആയിരിക്കുമെന്നു മാത്രം.

വിഷമിച്ചിരിക്കുന്ന ഒരാള്‍ക്ക്  ആരോടെങ്കിലും ഒന്ന്  മനസ്സു തുറന്നാൽ അതു വലിയ ആശ്വാസമായേക്കാം. ആ തുറന്നുപറച്ചില്‍ മതിയാകും അവരെ ആത്മഹത്യകളിൽ നിന്നും  പുറത്തുകൊണ്ടു വരാന്‍.  തുറന്നുള്ള സംസാരങ്ങള്‍ക്ക് ഒരുപരിധി വരെ ആത്മഹത്യകളെ തടയാന്‍ സാധിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

ജീവിതത്തിൽ തോറ്റു പോയവരല്ല  ആത്മഹത്യ ചെയ്യുന്നത് മറിച്ചു ആരൊക്കയോ കുടി തോൽപ്പിച്ചവരാണ്. ഇനിയും നമുക്ക് ആരെയും തോൽപ്പിച്ച് ആർക്കും മരണം വാങ്ങി കൊടുക്കേണ്ട . നമുക്ക്  മറ്റുള്ളവരോട്  സ്നേഹവും കരുതലും ആയാൽ  പല ആത്മഹത്യകളും  തടയാൻ കഴിഞ്ഞേക്കും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക