Image

ഉണരുന്ന പ്രഭാതങ്ങള്‍ (കഥ: സിസില്‍ മാത്യു കുടിലില്‍)

Published on 10 July, 2021
ഉണരുന്ന പ്രഭാതങ്ങള്‍ (കഥ: സിസില്‍ മാത്യു കുടിലില്‍)
അല്പം മാത്രം തണുപ്പുള്ള പ്രഭാതത്തില്‍ മുറിയിലെ ജനലഴികളില്‍ പിടിച്ച് ദൂരേക്ക് നോക്കി നില്‍ക്കും. ചിലപ്പോള്‍ മഴ പനിച്ചു പെയ്യുന്ന പുലരികളിലായിരിക്കും. ചെറു മഴത്തുള്ളികള്‍ ഇലകളില്‍ വീണു താങ്ങാനാവാതെ, അവ നനുത്ത മണ്ണിലേക്ക് വീഴുന്നതും നോക്കി. മറ്റു ചിലപ്പോള്‍ തണുപ്പുള്ള പ്രഭാതത്തില്‍ ഗുല്‍മോഹര്‍ വീണുകിടക്കുന്ന വഴിത്താരയിലൂടെ കുറെ ദൂരം നടക്കും. ഉദയാംബരത്തിലേക്ക് കണ്ണുംനട്ട് സുഷുപ്തിയില്‍ നിന്നുണരുന്ന പുലരിയിലേക്ക് നോക്കി അങ്ങനങ്ങിരിക്കും. സൂര്യന്റെ പ്രഭാതകിരണങ്ങള്‍ അവളുടെ തുടുത്ത കവിളുകളില്‍ തട്ടി തിളങ്ങുമായിരുന്നു. പുറത്തേക്ക് പോകാത്ത പ്രഭാതത്തില്‍ ജനലരികിലെ കട്ടിലില്‍ കിടന്നു പുതപ്പിനെയും പുണര്‍ന്ന്, തണുത്ത പ്രഭാതങ്ങളെ നോക്കി കാണും. ചില ദിവസങ്ങളില്‍ പ്രഭാത രശ്മികള്‍ ജനലഴികള്‍ക്കിടയിലൂടെ പുതപ്പിനുള്ളിലേക്ക് ഇറങ്ങുമ്പോഴായിരിക്കും ഉണരുക. നല്ല തണുപ്പുള്ള പുലരികളില്‍ പുതപ്പിനുള്ളില്‍ സ്വപ്നതല്പത്തില്‍ ഉറങ്ങാന്‍ ഈ പ്രായത്തിലുള്ള ഏതൊരു പെണ്‍കുട്ടിയും മോഹിക്കും. പക്ഷെ ഷാര്‍ലറ്റ് അതിലേറെ പ്രഭാതങ്ങളെ സ്‌നേഹിച്ചിരുന്നു. ചിത്രശലഭത്തിന്റെ ചുംബനം കൊതിക്കുന്ന പനിനീര്‍ പുഷ്പ്പത്തെപ്പോലെ ആ തരളിത മനസ്സില്‍ പ്രഭാതങ്ങള്‍ നിറഞ്ഞു നില്‍ക്കും.

അങ്ങനെ ഒരോ പൊന്‍പുലരികളും അവള്‍ നോക്കി കാണും. ഒരോ പുല്‍ക്കൊടിയിലും വൈര്യം പതിച്ചു കടന്നുപോകുന്ന സൂര്യാംശു. ഉദയസൂര്യന്‍ പല ഭാവങ്ങളിലായിരുന്നു ഷാര്‍ലറ്റിന്റെ മനസ്സില്‍, ചിലപ്പോള്‍ രൗദ്രഭാവത്തിലും മറ്റൊരിക്കല്‍ വജ്ര ശോഭയോടുകൂടി പിന്നെ കുങ്കുമപ്പൊട്ടിന്റെ വിനയ ഭാവത്തില്‍, മറ്റു ചിലപ്പോള്‍ കാര്‍മേഘങ്ങളാല്‍ മൂടിയ വിഷാദഭാവ പശ്ചാത്തലത്തില്‍, അങ്ങനെ പ്രാഭാതങ്ങള്‍ അവള്‍ക്കേറെ ഇഷ്ടമായിരുന്നു. മഞ്ഞുകണങ്ങളില്‍ സൂര്യകിരണങ്ങളുടെ സ്പര്‍ശനത്താല്‍ ഉരുകി ഇല്ലാതാകുന്ന പോലെ... അവളുടെ ദുഃഖങ്ങളെല്ലാം പ്രകൃതിയില്‍ അലിഞ്ഞില്ലാതാകും. ശരിക്കും അങ്ങനെ തന്നെയായിരുന്നു അവളാഗ്രഹിച്ചതും... അവളുടെ മനസ്സും....
 
ഈ നീലഗിരിക്കുന്നില്‍, തണുത്ത സായാഹ്നങ്ങളിലെ അസ്തമയങ്ങള്‍ക്കും വല്ലാത്ത നിറക്കാഴ്ചയാണ്. കുളിച്ച് മുടികളില്‍ ഈറനണിഞ്ഞ ശാലീന സുന്ദരിയെ പോലെ... മിഴികളെ അവിസ്മരണീയമാക്കുന്ന കാഴ്ച. ആരെയും മോഹിപ്പിക്കുന്ന സൗന്ദര്യം. പ്രഭാതത്തില്‍ വളഞ്ഞു കിടക്കുന്ന വഴികളിലൂടെ കുറെ ദൂരം നടന്ന് കുന്നിന്‍ മുകളില്‍ പോയി ഇരുന്ന ശേഷം വീട്ടിലേക്ക് നടക്കും. നടന്നു പോകുന്ന വഴിയുടെ അങ്ങേയറ്റത്ത് മൈതാനത്തില്‍ കുറേ ആണ്‍കുട്ടികള്‍ ടീഷര്‍ട്ടും ബെര്‍മുഡയുമിട്ട് പന്തുകളിക്കുന്നതു കാണാം. അല്പനേരം നിന്നുകാണും. അവിടമാകെ ആണ്‍കുട്ടികളുടെ ഒച്ചയും ബഹളവും നിറഞ്ഞു നില്‍ക്കും. ഷാര്‍ലറ്റ് ഇന്നാകാഴ്ചകളെല്ലാം ആസ്വദിച്ചു തുടങ്ങി. മരങ്ങളോടും പൂക്കളോടും കുശലം പറഞ്ഞു തിരികെ വീട്ടിലേക്ക്, നടന്നു പോകവേ പൂമണവും ഉള്ളിലൊതുക്കി എവിടെ നിന്നോ മന്ദമായി വന്നൊരു തെന്നല്‍ അവളുടെ ചെം ചൊടികളില്‍ മുത്തമിട്ട് കടന്നുപോയി. സുഗന്ധവാഹിനിയായ ഇളം തെന്നല്‍ പോലും അവളെ സ്‌നേഹിച്ചു തുടങ്ങിയിരിക്കുന്നു. ഷാര്‍ലറ്റ് വീട്ടിലെത്തിയാലും മെഴ്‌സിയാന്റി ഉറക്കമുണര്‍ന്നിട്ടുണ്ടാവില്ല. അല്ലേലും ആന്റി വൈകിയെ ഉണരു. ഹോസ്പിറ്റലിലെ തിരക്കുകള്‍ കാരണം മിക്കപ്പോഴും വളരെ വൈകിയാണ് വീട്ടില്‍ വരുന്നത്. നടന്നും ഓടിയും ഈ തണുപ്പത്തു പോലും വിയര്‍പ്പു മണികള്‍ അവളുടെ മേനിയില്‍ പറ്റിച്ചേര്‍ന്നിരുന്നു. കുളിച്ചു ഫ്രഷായി പുതിയൊരു പ്രഭാതത്തിന് സ്വാഗതമരുളിക്കൊണ്ട് കിച്ചണിലേക്ക് കയറും. ഷാര്‍ലറ്റ് കോഫി ഉണ്ടാക്കി ചെല്ലുമ്പോഴാണ് ആന്റി മിക്കപ്പോഴും ഉണരാറുള്ളത്. ശരിക്കും ആന്റിക്ക് ഈ ഭൂമിയില്‍ ഞാന്‍ മാത്രമേയുള്ളു. ഷാര്‍ലറ്റ് ചിന്തിക്കും. ഹസ്ബന്‍ഡ് ഡോ. തോമസ് മരിച്ചതില്‍ പിന്നെ ആ വീട്ടില്‍ രണ്ട് ജോലിക്കാര്‍ക്കൊപ്പമാണ് മേഴ്‌സിയാന്റി. അങ്ങനെ ഞാനും മേഴ്‌സിയാന്റിയൊടൊപ്പമായിട്ട് നാല് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു.

"ഗുഡ്‌മോണിങ് ആന്‍റി" പ്രഭാതത്തില്‍ ആന്റിയെ വിഷ് ചെയ്തുകൊണ്ട് കട്ടിലിനരികില്‍ ഇരിക്കും. അവളുടെ കുട്ടിത്തം നിറഞ്ഞ സംസാരം കേള്‍ക്കാന്‍ ഡോക്ടര്‍ മേഴ്‌സിക്ക് വളരെ ഇഷ്ടമാണ്.

"ഇന്ന് എങ്ങോട്ടായിരുന്നു യാത്ര, നീലക്കുറിഞ്ഞികള്‍ പൂത്തു നില്‍ക്കുന്ന താഴ്വരയിലേക്കോ... അതോ അരുവിക്കരയിലെ വെള്ളച്ചാട്ടങ്ങള്‍ക്കരികിലൂടെ മാരിയമ്മന്‍ കോവിലിലേക്കോ...?'' സ്‌നേഹത്തോടെ മേഴ്‌സിയാന്റി ചോദിക്കും.

"ഇന്നു ഞാന്‍ അവടെയൊന്നുമല്ല ആന്‍റ്റി പോയത്, ഇന്ന് കുറേ നടന്നു. തടാകക്കരയിലെ മൈതാനത്ത് കുറച്ചാണ്‍കുട്ടികള്‍ പന്തു കളിക്കുന്നുണ്ടല്ലോ..., അതും കണ്ട് കുറേ നേരം നിന്നു.'' ഷാര്‍ലറ്റ് അല്പം കുസൃതി നിറഞ്ഞ ചിരിയോടുകൂടി പറഞ്ഞു.

"വളര്‍ന്നു വല്യ പെണ്ണായെന്നൊരു ചിന്തപോലുമില്ല. ഇങ്ങനെ കളിച്ചു നടന്നാ മതി ' മേഴ്‌സിയാന്റി പറയും.

"മൈതാനത്ത് കളിക്കുന്ന കുട്ടികളില്‍ സജിത്ത് ഉണ്ടായിരുന്നോ...?'' മേഴ്‌സിയാന്റിയുടെ ആ ചോദ്യത്തില്‍ ഷാര്‍ലറ്റിന്റെ മുഖത്ത് ലജ്ജകള്‍ നിഴലിച്ചു കാണാമായിരുന്നു. ഒരു പ്രണയത്തിലേക്ക് ഷാര്‍ലറ്റ് വഴുതി വീണിരുന്നോ എന്ന് ഡോക്ടര്‍ക്ക് തെല്ല് സംശയം. ഡോക്ടര്‍ ജോര്‍ജ്ജിന്റെയും ശാലിനിയുടെയും കൂടെ സജിത്ത് പലപ്പോഴും വീട്ടില്‍ വന്നിട്ടുണ്ട്. മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ ഡിഗ്രി പൂര്‍ത്തിയാക്കി പപ്പയുടെയും മമ്മിയുടെയും കൂടെ നില്‍ക്കുമ്പോഴാണ് ഷാര്‍ലറ്റിനെ പരിചയപ്പെടുന്നത്. ആ പരിചയമൊരു പ്രണയബന്ധത്തിലേക്ക് മാറുകയായിരുന്നു. ഷാര്‍ലറ്റിന്റെ കുസൃതി നിറഞ്ഞ ചിരി കാണുമ്പോള്‍ തന്നെ വല്ലാത്ത സന്തോഷമാണ് ഡോക്ടര്‍ മേഴ്‌സിക്ക്. മുമ്പൊരിക്കലും അവളിങ്ങനെ ചിരിച്ചു കണ്ടിട്ടില്ല. ഈ ഏകാന്തതയില്‍ നിന്ന് മാറി പ്രഭാതത്തില്‍ ഇങ്ങനെയുള്ള നടത്തങ്ങള്‍, ചില ശീലങ്ങള്‍ ഷാര്‍ലറ്റിനെ കൂടുതല്‍ കോണ്‍ഫിഡന്‍സ് വരുത്തും. ഡോക്ടറുടെ ഒരു ട്രീറ്റ്‌മെന്റിന്റെ ഭാഗവുമാണിത്. ദീര്‍ഘ കാലത്തെ ഒറ്റപ്പെടലും ഏകാന്തതയും, ആ അവസ്ഥയില്‍ നിന്ന് മാറി വരാന്‍ അല്പം സമയം എടുക്കും. അത് ഡോക്ടര്‍ മേഴ്‌സി മാത്യുവിന് നന്നായി അറിയാം.

സ്‌നേഹിക്കാന്‍ മാത്രം അറിയാവുന്ന മേഴ്‌സിയാന്റി. അത്രയേറെ വാല്‍ത്സല്യം നിറഞ്ഞ വാക്കുകളായിരുന്നു മേഴ്‌സിയാന്റിയുടേത്. മോളെ എന്നു മാത്രം എന്നെ വിളിക്കുന്ന മേഴ്‌സിയാന്റി. അങ്ങനൊരു വിളി കേള്‍ക്കാന്‍ എത്ര നാളുകളായി ആഗ്രഹിക്കുന്നതായിരുന്നു. ഒഴിവു സമയങ്ങളില്‍ ഷാര്‍ലറ്റ് ഓര്‍ക്കും. ഹോസ്പ്പിറ്റലില്‍ പോകുന്ന ദിവസങ്ങളില്‍ ഷാര്‍ലറ്റ് വീട്ടില്‍ തന്നെയായിരിക്കും. ഷാര്‍ലറ്റിനെ കൂട്ടി ഡോക്ടര്‍ ഹോസ്പ്പിറ്റലില്‍ പോകാന്‍ താല്പര്യപ്പെടില്ല. അവിടുത്തെ ഏകാന്തത ഷാര്‍ലറ്റിനെ ഒരിക്കലെങ്കിലും പിന്നോട്ടു കൊണ്ടുപോയാല്‍, അങ്ങനൊരവസ്ഥ ഇനി ഓര്‍ക്കാന്‍ കൂടി വയ്യ. സ്വന്തമെന്നു പറയാന്‍ ആരുമില്ലാതിരുന്ന ഇരുവരുടെയും ഇടയില്‍ അഗാധമായ സ്‌നേഹബന്ധം നിലനിന്നിരുന്നു.

ഒരിക്കല്‍ എല്ലാവരുമുള്ള സന്തുഷ്ട കുടുംബമായിരുന്നു ഡോക്ടര്‍ മേഴ്‌സിയുടേത്. ഭര്‍ത്താവ് ഡോ. തോമസും ഏക മകന്‍ ജോയലുമായി സന്തോഷത്തോടെ കഴിഞ്ഞ നാളുകള്‍. മകന്‍ അമേരിക്കയിലേക്ക് ഉപരിപഠനത്തിന് പോയതില്‍ പിന്നാണ് അവരുടെ ജീവിതത്തില്‍ താളപ്പിഴകള്‍ സംഭവിച്ചത്. പിച്ചവെച്ചു നടന്ന പ്രായം മുതല്‍ അമ്മയുടെ കൈയും പിടിച്ചു നടന്ന മകന്‍. അവനില്‍ പെട്ടന്നൊരു മാറ്റം അവര്‍ക്ക് ഉള്‍ക്കൊള്ളുന്നതിലും അപ്പുറമായിരുന്നു.

ഒരു അമേരിക്കകാരിയുമായി അടുത്തപ്പോഴും പിന്നീടവളെ വിവാഹം കഴിച്ചപ്പോഴുമൊക്കെ ഞങ്ങള്‍ എതിര്‍പ്പുകളൊന്നും പറഞ്ഞില്ല. എന്നിട്ടും.... എന്നിട്ടും.... അവന്റെ ജീവിതത്തില്‍ മാറ്റം വരുമെന്ന് ചിന്തകളില്‍ പോലുമില്ലായിരുന്നു. പപ്പയെയും മമ്മിയെയും അവനു വേണ്ടാതെയായി... പിന്നെ അവന്‍ ഒരിക്കല്‍ പോലും ഈ നാട്ടിലേക്ക് വന്നില്ല. തനിച്ചായ ജീവിതം. ഏക മകന്‍ അതും ഇത്ര ചെറുപ്പത്തില്‍ എന്തിനായിരിക്കും അവന്‍ ഞങ്ങളെ ഉപേക്ഷിച്ചത്...? അവന്റെതായ ലോകം തേടി... ഏങ്ങോട്ടോ... ലോകത്തിന്റെ വിശാലതയില്‍ ബന്ധങ്ങള്‍ക്ക് വിലയില്ലാതെയായി. പല ചോദ്യങ്ങളും ഞങ്ങളോട് തന്നെ ചോദിച്ചു തുടങ്ങി. ഒരു ചോദ്യചിഹ്നം പോലെയായി ഞങ്ങളുടെ ജീവിതം. ഈ തണുത്ത അന്തരീക്ഷത്തില്‍ പോലും അവരുടെ മനസ്സുകള്‍ ഉരുകുകയായിരുന്നു, പുത്ര വിയോഗത്താല്‍. അങ്ങനെ വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു.

പതിയെ പതിയെ ഓര്‍മ്മകളുടെ ഇതളുകള്‍ കൊഴിഞ്ഞു വീണിരുന്നു, പിന്നീടൊരിക്കല്‍ പോലും പുനര്‍ജനിക്കാനാകാതെ മണ്ണില്‍ ലയിച്ചു ചേര്‍ന്നിരുന്നു. തമ്മില്‍ തമ്മില്‍ സാന്ത്വനിപ്പിച്ച് ദിവസങ്ങള്‍ കടന്നുപോയി. ഒരു സന്ധ്യാനേരത്തായിരുന്നു ഭര്‍ത്താവിന്റെ പെട്ടെന്നുള്ള വിയോഗം. ആ വിയോഗം ഡോക്ടര്‍ മേഴ്‌സിയെ വല്ലാതെ തളര്‍ത്തിയിരുന്നു. പിന്നീടുള്ള ദിവസങ്ങള്‍ ശരിക്കും ശൂന്യതയിലൂടെയാണ് കടന്നുപോയത്. ഷാര്‍ലറ്റിന്റെ വരവോട് കൂടിയാണ് ഈ വീടൊന്ന് ഉണര്‍ന്നത്.

ഹോസ്പിറ്റലിലെ സൈക്യാട്രി വിഭാഗം മേധാവിയായിരുന്നു ഡോക്ടര്‍ മേഴ്‌സി മാത്യു. വിഭ്രാന്തിയുടെ ആദ്യ ഘട്ടങ്ങളില്‍ ഡോക്ടര്‍ മേഴ്‌സി മാത്യുവിന്റെ ട്രീറ്റ്‌മെന്റിലായിരുന്നു ഷാര്‍ലറ്റ്. മറ്റു രോഗികളോടൊന്നും തോന്നാത്ത സ്‌നേഹം എന്നോട് എങ്ങനെ തോന്നി. ഷാര്‍ലറ്റ് പലപ്പോഴും ചിന്തിക്കും. തന്റെ മനസ്സിനേറ്റ വൈകല്യങ്ങളില്‍ മേഴ്‌സിയാന്റി എന്നും ഒരു തണലായിരുന്നു. ഒരു പക്ഷെ ഞാനിവിടെ എത്തിയില്ലായിരുന്നെങ്കില്‍ ആ ഇരുണ്ട വീട്ടില്‍ എന്നേക്കുമായി ഒടുങ്ങുമായിരുന്നു. അല്ലെങ്കില്‍ മെന്റല്‍ ഹോസ്പ്പിറ്റലിന്റെ ഏതെങ്കിലും അകത്തളങ്ങളില്‍ നാല്‍പ്പതു പേരില്‍ ഒരാളായി ജീവിതം മുഴുവനും...ഹൊ ആലോചിക്കുമ്പോള്‍ പേടിയാകുന്നു.

ജീവിതത്തിലെ അന്ധകാരത്തില്‍ നിന്നായിരുന്നു ഷാര്‍ലറ്റ് ഇവിടേക്ക് എത്തപ്പെട്ടത്. ഭൂതകാലങ്ങളില്‍ അവളുടെ ബാല്യവും കൗമാരവുമെല്ലാം ആഡംബരം മണക്കുന്ന അന്ധകാരത്തിലേക്ക് തള്ളപ്പെട്ടുപോയിരുന്നു. ശരിക്കും ആഡംബരം നിറഞ്ഞ ജീവിതം. പക്ഷെ അവിടൊരിക്കലും അവള്‍ക്ക് സമാധാനമില്ലായിരുന്നു. ഏകാന്തതയുടെ ദിനരാത്രങ്ങളായിരുന്നു അവിടെ. പലപ്പോഴും അവ്യക്തമായൊരു ഭയം അവളെ പിന്തുടരുന്നുണ്ടായിരുന്നു. ആകുലപ്പെട്ട മനസ്സുമായി വീടിനുള്ളില്‍, ആ നിശ്ശബ്ദ ലോകത്ത് ഏകയായി.... ചാറ്റല്‍ മഴയുടെ നനുത്ത ശബ്ദങ്ങളും, നിലാവുളള രാവിന്റെ നിശ്ശബ്ദതയും, പ്രഭാതത്തിലെ പക്ഷികളുടെ ആരവവും, വീട്ടുമുറ്റത്തെ പനിനീര്‍ ചാമ്പയുടെ ചുവട്ടില്‍ മണ്ണില്‍ പറ്റിച്ചേര്‍ന്നു കിടക്കുന്ന പര്‍പ്പിള്‍ പൂക്കളുമൊന്നും അവളുടെ മനസ്സില്‍ കൗമാരത്തിന്റെ വര്‍ണ്ണങ്ങള്‍ വിതറിയിട്ടില്ലായിരുന്നു. ഒരിക്കല്‍ പോലും ഇതിന്റെയൊന്നും മോഹിപ്പിക്കുന്ന സൗന്ദര്യം മനസ്സില്‍ പതിഞ്ഞിട്ടില്ലായിരുന്നു.

ഷാര്‍ലറ്റിന്റെ പ്ലസ് ടു കാലഘട്ടം. സാധാരണ പെണ്‍കുട്ടികള്‍ക്കുണ്ടാവുന്ന പ്രണയ ബന്ധങ്ങളൊന്നും ഷാര്‍ലറ്റിന്റെ ജീവിതത്തില്‍ സ്പര്‍ശിച്ചിട്ടില്ലായിരുന്നു. ഷാര്‍ലറ്റ് പലപ്പോഴും മൂകമായാണ് കാണപ്പെട്ടത്. ഈ പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ ആഗ്രഹിക്കുന്ന പോലെ പല വര്‍ണ്ണങ്ങളുള്ള ഉടുപ്പുകളൊന്നും അവള്‍ ആഗ്രഹിച്ചിരുന്നില്ല. അവളുടെ വികാരങ്ങളെല്ലാം അന്ധകാരം നിറഞ്ഞ ആ ബംഗ്ലാവില്‍, ഒരിക്കലും അഴിയാനാവാത്ത വിധം ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ടിരുന്നു. വീടിനുള്ളിലെ നാലു ചുവരുകളില്‍ ആരോടും മിണ്ടാതെ ഏകയായി
രുന്ന് നിശ്ശബ്ദത ആസ്വദിക്കും.

വര്‍ഷങ്ങള്‍ക്കു മുമ്പേ നാട്ടിലെ ആ വലിയ വീട്ടില്‍ ഭയത്തോടിരുന്ന നാളുകള്‍.... ഓര്‍ത്തു പോയി എന്റെ കൗമാര കാലം. ദിവസവും മദ്യപിച്ചെത്തുന്ന പപ്പായുടെ കുത്തഴിഞ്ഞ ജീവിതം... മമ്മിയുമായി കലഹിക്കാത്ത ദിവസങ്ങള്‍ വിരളമായിരുന്നു. പാതിരാത്രിയില്‍ കയറി വരുന്ന പപ്പ... ദേഷ്യത്തോടെ വാതില്‍ തുറക്കുന്ന മമ്മി... പിന്നെയുണ്ടാകുന്ന വഴക്ക്. ഭയപ്പെടുത്തുന്ന ഏകാന്തതയില്‍ എന്റെ മുറിയില്‍ ഉറങ്ങാതെ കിടക്കുന്ന ഞാന്‍. എനിക്ക് കൂട്ടായി മൗനവും പുറത്ത് കട്ടപിടിച്ച ഇരുട്ടും മാത്രം. ഒരിക്കല്‍ പോലും സ്‌നേഹത്തോടെ ഒരു വാക്കുപോലും പപ്പായില്‍ നിന്ന് ഉണ്ടായിട്ടില്ല. അന്യസ്ത്രീ ബന്ധത്തെപ്പറ്റി പപ്പായുമായി നിരന്തരം വഴക്കിടുന്ന മമ്മി....ഒരു നോവുന്ന ഓര്‍മ്മയായി മാറിയിരുന്നു.

മദ്യപിക്കാത്ത നേരങ്ങളില്‍ എസ്റ്റേറ്റിലെ കണക്കുകള്‍ നോക്കുകയായിരിക്കും പപ്പ. ഒന്നിനും ഒരു കുറവുണ്ടായിരുന്നില്ല. ആ വലിയ വീട്ടില്‍ ആഡംബരത്തിന്റെയും ഏകാന്തതയുടെയും തടവറയില്‍ നീറുന്ന മനസ്സുമായി ഞാന്‍. എന്റെ മനസ്സില്‍ ഈ വീടൊരു ശവക്കല്ലറയായിരുന്നു. ശൂന്യതയില്‍ ഏകരായ ആത്മാക്കള്‍ വസിക്കുന്ന ആഡംബരം മണക്കുന്ന ശവക്കല്ലറ. ഈ ചുവരുകള്‍ തീര്‍ത്ത ഏകാന്തതയില്‍, നിശ്ശബ്ദതയ്ക്ക് കനം കൂടി വന്നു. പ്ലസ്ടു കഴിഞ്ഞാണ് ഞാന്‍ കൂടുതല്‍ ചിന്തിക്കാന്‍ തുടങ്ങിയത്. പപ്പായുമായുള്ള കലഹത്തില്‍ മമ്മി പലപ്പോഴും സമനിലവിട്ട് പെരുമാറുമായിരുന്നു. അമിതമായി മദ്യപിക്കുന്ന രാത്രികളില്‍ വഴക്കില്‍ കലാശിച്ച് മമ്മിയെ ഒരുപാട് തല്ലുമായിരുന്നു. ഒരോ രാത്രികളും മനസ്സില്‍ ദുഃഖത്തിന്റെ നൂതന വിത്തുകള്‍ പാകിയായിരിക്കും അവസാനിക്കുക.

അങ്ങനെ ദിവസങ്ങള്‍ കഴിയും തോറും പപ്പായുടെ മദ്യപാനം കൂടി വന്നു. വീടിനു പുറത്തായിരുന്ന മദ്യപസദസ്സ് പിന്നെപ്പിന്നെ വീട്ടില്‍ തന്നെയായി. വീട്ടുമുറ്റത്തിരുന്ന് സുഹൃത്തുക്കളുമൊത്ത് മദ്യപാനം. ഒരോ ദിവസങ്ങളിലും അട്ടഹാസവും അസഭ്യം പറച്ചിലും ഗ്ലാസ്സുകള്‍ പൊട്ടി ചിതറുന്ന ശബ്ദങ്ങളും, അങ്ങനെ പാതിരാത്രിയോളം നീണ്ടു പോകും. ഒഴിഞ്ഞ കുപ്പികളും പൊട്ടിയ ഗ്ലാസുകളും ചിതറിക്കിടക്കുന്ന ചിപ്സ്സുകളും. ഹോ...പലപ്പോഴും ബോധം മറയുന്നതുവരെ കുടിക്കുമായിരുന്ന പപ്പയെ താങ്ങി പിടിച്ചു കൊണ്ടാണ് മമ്മി വീടിലുള്ളിലേക്ക് കയറുന്നത്. പപ്പയുടെ ചില സുഹൃത്തുക്കളുടെ നോട്ടങ്ങള്‍ മമ്മിയിലും എന്നിലേക്കും ആയി തുടങ്ങി. അങ്ങനെ ദിവസങ്ങള്‍ പലതു കഴിഞ്ഞു.

ഒരിക്കല്‍ മദ്യപസദസ് കഴിഞ്ഞ് പപ്പായുടെ സുഹൃത്ത് മമ്മിയെ കയറി പിടിച്ച സംഭവമുണ്ടായി. ആ സംഭവം മമ്മിയെ ഒരുപാട് തളര്‍ത്തിയിരുന്നു. സ്വന്തം വീടിന്റെ ഉള്ളകങ്ങളില്‍ പോലും സുരക്ഷിതത്വമില്ലായ്മ... പലപ്പോഴും അവരുടെ അഭിമാനബോധം നശിക്കുന്നതായി തോന്നി. ജീവിതത്തില്‍ ഈയൊരവസ്ഥ ഒരു സ്ത്രീകളിലും ഉണ്ടാകല്ലേ എന്നു പ്രാര്‍ത്ഥിച്ചു. ഒരോ ദിവസം കഴിയുമ്പോഴും കാര്യങ്ങള്‍ കൂടുതല്‍ വഷളായി വന്നു. ഒരു സന്ധ്യാനേരത്ത് പപ്പാ ഒരു സ്ത്രീക്കൊപ്പം വീട്ടില്‍ വന്നു. ആ രാത്രിയില്‍ പപ്പായും മമ്മിയും വളരെ നേരം വഴക്കിട്ടു. പിന്നീടുള്ള രാത്രിയില്‍ പല തവണ ഇത്തരം അനുഭവങ്ങളുണ്ടായി. സ്വന്തം വീട്ടില്‍ പോലും അന്യരായി മാറിയതു പോലെ. ഒരു രാത്രിയില്‍ പതിവു പോലെ പപ്പായുമായുള്ള വഴക്കിന് ശേഷം ഉറങ്ങിയ മമ്മി പിന്നീടൊരിക്കലും ഉണര്‍ന്നില്ല. അമിതമായ അളവില്‍ ഉറക്കഗുളിക കഴിച്ച് മമ്മി എന്നന്നേക്കുമായി ഈ ജീവിതം അവസാനിപ്പിച്ചു. ആ ദൃശ്യങ്ങള്‍ എന്റെ മനസ്സില്‍ ഒരിക്കലും മായാത്ത മുറിവേല്‍പ്പിച്ചായിരുന്നു കടന്നു പോയത്. ഇരുട്ട് വ്യാപിച്ച ആ കാഴ്ചയില്‍ നിന്ന് മുക്തി നേടാന്‍ ഷാര്‍ലറ്റിനു കഴിഞ്ഞില്ല. മഞ്ഞുമൂടിയ അവ്യക്തമായ കാഴ്ചകളായിരിന്നു പലപ്പോഴും. ആ കാഴ്ച പോലെയായിരുന്നു ഷാര്‍ലറ്റിന്റെ ഓര്‍മ്മകള്‍. ഷാര്‍ലറ്റ് കൂടുതല്‍ നേരവും മൗനത്തിലായിരിക്കും. ആ മൗനം മനസ്സിന്റെ നിയന്ത്രണങ്ങളെല്ലാം നഷ്ടപ്പെട്ട് ഇരുട്ടിന്റെ അടിത്തട്ടിലേക്ക് വീണു പോകുന്നതായിരുന്നു. ഒഴുക്കില്‍പ്പെട്ട ആറ്റുവഞ്ചിയെ പോലെ ചിതറിപ്പോയ മനസ്സ് ദിശാബോധമില്ലാതെ എങ്ങോട്ടോ അലയുകയായിരുന്നു, ദിക്കറിയാതെ...

പിന്നെ ശൂന്യമായ ഒറ്റപ്പെട്ട ദിനങ്ങള്‍, മനോനില തെറ്റിയ കുറെ ആളുകളുടെ കൂടെ ഷാര്‍ലറ്റും. ചിതറി കിടന്ന മനസ്സിനെ ഏകമായൊരു ബിന്ദുവില്‍ കേന്ദ്രീകരിക്കാനുള്ള ശ്രമം. ആ ശ്രമം വിജയം കണ്ടെത്തുമോ എന്നു പറയാനാവില്ല. ഷാര്‍ലറ്റിനെ ഡോക്ടര്‍ക്ക് എന്തെന്നില്ലാതെ ഇഷ്ടമായിരുന്നു. താരുണ്യം തുളുമ്പിയ ശരീരം. ഏതൊരാളെയും മോഹിപ്പിക്കുന്ന സൗന്ദര്യം. നിറങ്ങളില്‍ നീരാടുന്ന പ്രായത്തില്‍ ഈ കുട്ടിക്ക് ഇങ്ങനൊരു അവസ്ഥ വരാന്‍ കാരണം...? ഷാര്‍ലറ്റിന്റെ കാര്യത്തില്‍ ഡോ. മേഴ്‌സിക്ക് മറ്റു രോഗികളോടൊന്നും തോന്നാത്ത പ്രത്യേക താല്പര്യമായിരുന്നു. ഏറെ നാളുകളിലെ ട്രീറ്റ്‌മെന്റിന് ശേഷം ഷാര്‍ലറ്റിന്റെ ജീവിതത്തില്‍ മാറ്റങ്ങളുണ്ടായി. പിന്നീടൊരിക്കലും ആ വീട്ടിലേക്ക് തിരികെ പോകാന്‍ തോന്നിയില്ല. മമ്മിയില്ലാത്ത വീട്ടില്‍ എന്തിനു പോകണം...? ആ ഇരുണ്ട അകത്തളങ്ങളില്‍ ഏകയായി.... ഇനി ഒരിക്കല്‍ക്കൂടി എന്റെ മനസ്സിനെ...ആലോചിക്കുമ്പോള്‍ പേടിയാകുന്നു. ആരോരുമില്ലാത്ത ഡോക്ടര്‍ക്ക് ഷാര്‍ലറ്റ് ഒരു കൂട്ടായിരുന്നു.

ജീവിതത്തില്‍ മുമ്പുണ്ടായ സംഭവങ്ങള്‍ സജിത്തുമായി ഷെയറു ചെയ്യുമ്പോള്‍ പലപ്പോഴും ഷാര്‍ലറ്റിന്റെ മിഴികളില്‍ ഈറനണിയും. സജിത്ത് കാണുന്നതിന് മുമ്പ് ഷാളുകൊണ്ട് മിഴികള്‍ തുടയ്ക്കുമായിരുന്നു. എങ്കിലും ആരോടെങ്കിലും ഒന്നു തുറന്നു പറയുന്നത് മനസ്സിനൊരാശ്വാസമായിരിക്കും, അതും ഹൃദയത്തില്‍ ഇഷ്ടം തോന്നിയ ഒരാളോട് പറയുമ്പോള്‍... കൂടുതല്‍... ആദ്യമായാണ് ഷാര്‍ലറ്റ് ഒരു പ്രണയ ബന്ധത്തിലൂടെ കടന്നുപോകുന്നത്. പ്രണയാര്‍ദ്രമായ ഒരോ നിമിഷങ്ങളും അവളാസ്വദിക്കുകയായിരുന്നു. പ്രഭാതത്തിലുള്ള അവരുടെ ഒത്തുചേരലുകള്‍ പലപ്പോഴും തടാകക്കരയിലും വഴിയരികിലെ മരച്ചുവട്ടിലുമായി നീണ്ടുപോകും. ഒരോ പ്രഭാതത്തിലും മൈതാനത്ത് കളിക്കുന്നവരുടെ കൂട്ടത്തില്‍ സജിത്തിനായി അകലങ്ങളിലേക്ക് മിഴികള്‍ അയക്കും. ഒരോ നിമിഷവും പ്രണയത്തിന്റെ ആഴങ്ങളിലേക്ക് ഇരുവരും വീണുപോയിരുന്നു. നീലഗിരിയുടെ തണുത്ത പ്രഭാതങ്ങള്‍ അവര്‍ക്കു വേണ്ടിയുള്ളതായി തോന്നിപോകും. ഉദിച്ച സൂര്യനും വിടര്‍ന്ന പുഷ്പങ്ങളും കലപില ചിലയ്ക്കുന്ന കിളികളുമൊക്കെ അവരുടെ അഗാത പ്രണയത്തില്‍ പലപ്പോഴും ലജ്ജിച്ചു പോകുമായിരുന്നു. ഒരു കൗമാരക്കാരുടെ പ്രണയ സ്വപ്നങ്ങളെല്ലാം സാക്ഷാത്കരിക്കുന്നതായിരുന്നു അവരുടെ പ്രണയം.

ഇരുവരുടെയും പ്രണയത്തെ അത്യന്തം ആശങ്കകളോടെയാണ് ഡോക്ടര്‍ മേഴ്‌സി കണ്ടത്.  പലപ്പോഴും ചിന്തിക്കും. ഇവരുടെ ബന്ധത്തിന് ഒരു വിള്ളല്‍ വീണാല്‍ ഷാര്‍ലറ്റ് വീണ്ടും പഴയ ജീവിതത്തിലേക്ക് തള്ളപ്പെട്ടു പോകും, അതൊരിക്കലും ഓര്‍ക്കാന്‍കൂടി വയ്യ. ഭൂതകാല ജീവിതത്തില്‍ കയ്‌പ്പേറിയ അനുഭവത്തിലൂടെയാണ് ഷാര്‍ലറ്റ് സഞ്ചരിച്ചിട്ടുള്ളത്. ഒരുപാട് അനുഭവിച്ചു. കൗമാരത്തിലെ നനുത്ത സ്വപ്നങ്ങളെല്ലാം ആഡംബരം നിറഞ്ഞ വീടിന്റെ അറകളില്‍ അടക്കം ചെയ്തിരുന്നു. ഒരിക്കലും ഉണരാത്ത മോഹങ്ങളായി. ആ മോഹങ്ങളെയാണ് വീണ്ടും ഉണര്‍ത്തിയിരിക്കുന്നത്.

കടുത്ത വേനലില്‍ ഉണങ്ങി വാടി നില്‍ക്കുന്ന പൂച്ചെടി. പുതുമഴയില്‍ മതി വരുവോളം നനഞ്ഞാസ്വദിച്ച് പുതിയ ലോകത്തിലേക്കുള്ള ഉയര്‍ത്തെഴുന്നേല്‍പ്പ്. പിന്നെ തുടരെത്തുടരെ പെരുമഴക്കാലം. വീണ്ടുമൊരു പൂക്കാലത്തിനായി കൊതിക്കുന്ന പൂച്ചെടി, മഴക്കാലം അവസാനിക്കുന്നത് ഒരു വസന്തകാലത്തെ വരവേറ്റുകൊണ്ടായിരിക്കും. ചിത്രശലഭങ്ങളുടെയും കരിവണ്ടുകളുടെയും സ്പര്‍ശനം ആവോളം ആസ്വദിച്ചു. പ്രകൃതിയിലെ സൗന്ദര്യവും സുഗന്ധവാഹിയായ ഇളം തെന്നലും വശ്യഗന്ധവുമെല്ലാം അനുഭവിച്ചു തീരുന്നതിന് മുമ്പ് ആ ചെടി വെട്ടിമാറ്റപ്പെട്ട അവസ്ഥ വന്നാല്‍... പിന്നെ ദുഃഖത്തിന്റെ കാണാതീരങ്ങളിലേക്ക് ഒഴുക്കായിരിക്കും. ഒരിക്കല്‍ പോലും തീരത്തണയാതെ... എങ്ങോ പോയി മറയും. ഭാരമില്ലാതെ പ്രപഞ്ചത്തിലെ ജീവ വായുവില്‍ അലിഞ്ഞു ചേരും... പിന്നീട് അനന്തതയിലേക്ക്... മരണമില്ലാതെ... യുഗങ്ങളോളം...അനിര്‍വചനീയമായ ആനന്ദം തന്നെയായിരിക്കും. ഷാര്‍ലറ്റിന്റെ ജീവതത്തിലെ വസന്തകാലം വിരിഞ്ഞിരിക്കുകയാണ്. പുലര്‍ക്കാലങ്ങളില്‍ കൂടുതല്‍ ആവേശത്തോടെ ഉണരും. സജിത്തിനോടൊപ്പം നടന്ന് ഉണരുന്ന പ്രഭാതങ്ങളെ നോക്കി കാണും.

"ഇവിടെത്ത് തണുത്ത സായാഹ്നങ്ങള്‍ പോലെ ശാന്തമായിരിക്കുന്നു ഇപ്പോഴെന്റെ മനസ്സ്. സജിത്ത് എന്നോടൊപ്പം ആയിരിക്കുമ്പോള്‍ കൂടുതല്‍ സുരക്ഷിതമായതു പോലെ... ഭൂതകാലത്തിന്റെ ഓര്‍മ്മകളെല്ലാം ഈ പ്രകൃതിയില്‍ അലിഞ്ഞില്ലാതാകുന്നു. ഈയൊരവസ്ഥ ഏതൊരാളിലൂടെയും കടന്നുപോകുമ്പോള്‍ എന്തെന്നില്ലാത്ത ഒരനുഭൂതി ആയിരിക്കും. അവാച്യമായ അനുഭൂതി...'' തണുത്ത സായാഹ്നങ്ങളില്‍, നീലഗിരിയിലെ പച്ചപ്പട്ടു വിരിച്ച മൊട്ടക്കുന്നില്‍ സജിത്തിന്റെ തോളത്തു ചാരിയിരുന്ന് കൊഴിഞ്ഞുവീഴുന്ന പൂക്കളെ നോക്കികൊണ്ട് ഷാര്‍ലറ്റ് പറയും.

നിശ്ശബ്ദമായി, നിശ്ചലമായി ഉറങ്ങുന്ന തടാകത്തിലേക്ക് ചെറിയ കല്ലുകള്‍ വീഴുമ്പോഴുണ്ടാകുന്ന നിഷ്കളങ്ക സ്വരം പോലെ സജിത്ത് എന്നില്‍ പടര്‍ന്നിരുന്നു. എന്നിലെ ആഴങ്ങളിലേക്ക്... ആ നിമിഷങ്ങള്‍ ഒരിക്കലും മായാത്ത അനുഭൂതിയായി മാറും. ആ അനുഭൂതിയില്‍ ഞാന്‍ ലയിച്ചു ചേരും. നീലഗിരിയുടെ ഹരിതഭംഗിയില്‍ ഇരുവരും യുവത്വത്തിന്റെ പ്രസരിപ്പില്‍ ഇണ പിരിയാത്ത കുരുവികളെ പോലെ പറന്നു നടന്നു. സുഹൃത്തുക്കള്‍ ഏറെയുള്ള സജിത്ത് പലപ്പോഴും അവരുമായി യാത്രയിലായിരിക്കും. മിക്കപ്പോഴും ലോങ്ങ് റൈഡിനും പോകുമായിരുന്നു. അതൊരു ഹരമായിരുന്നു സജിത്തിന്. അഞ്ചും ആറും ദിവസം കഴിഞ്ഞായിരിക്കും മിക്കവാറും വീട്ടില്‍ വരുന്നത്. അത്രയും ദിവസങ്ങള്‍ വലിയൊരു കാലയളവായി ഷാര്‍ലറ്റിന് തോന്നും.

ഒരിക്കല്‍ സജിത്ത് പറഞ്ഞു. ""ഇന്നു ഞാനൊരു നീണ്ട റൈഡിനു പോകുകയാണ്... ഒന്നു രണ്ടു സ്റ്റേറ്റുകള്‍ കടന്നുള്ള യാത്ര. ഒരാഴ്ച കഴിഞ്ഞേ ഇനി ഇവിടെ വരികയുള്ളു.''
""ഒന്നു കാണണമെങ്കില്‍ എത്ര നാള്‍ കാത്തിരിക്കണം.'' നിറമിഴികളോടെ ഷാര്‍ലറ്റ് ചോദിക്കും. എങ്കിലും സജിത്തിന്റെ മുഖത്ത് ഒരു ചെറു ചിരി മായാതെ നില്‍ക്കും. സജിത്തിന്റെ മാറോടു ചേര്‍ത്തു നിര്‍ത്തുമ്പോള്‍, ഷാര്‍ലറ്റിന് അല്പം ആശ്വാസമാകും. സജിത്തില്‍ നിന്നുള്ള സ്‌നേഹചുംബനങ്ങള്‍ അവളില്‍ കൂടുതല്‍ കരുത്തേകും.

ഒരു സായാഹ്നനത്തില്‍ മുറ്റത്തൊരു കാര്‍ വന്നു നിന്ന ശബ്ദം കേട്ടാണ് അല്പം മയങ്ങിപ്പോയ ഷാര്‍ലറ്റ് ഉണര്‍ന്നത്. നടന്ന് മുന്നിലെ ഹാളിലേക്ക് വന്നപ്പോള്‍ മേഴ്‌സിയാന്റിയുമായി സംസാരിച്ചിരിക്കുന്ന പപ്പായെയാണ് കണ്ടത്...! വര്‍ഷങ്ങള്‍ക്കു ശേഷമുള്ള കാഴ്ച. നിര്‍വികാര ഭാവമായിരുന്നു ഷാര്‍ലറ്റിന്റെ മുഖത്ത്. പപ്പ ഒരുപാട് മാറിയിരിക്കുന്നു. രൂപത്തിലും ഭാവത്തിലുമെല്ലാം.... അന്നത്തെ ആ സംഭവത്തിന് ശേഷം മദ്യാപാനമെല്ലാം പൂര്‍ണ്ണമായും ഉപേക്ഷിച്ചിരുന്നു. ഷാര്‍ലറ്റിനെ കണ്ട മാത്രയില്‍ കുറ്റബോധം ആ മുഖത്ത് നിഴലിച്ചു കാണാമായിരുന്നു. കുത്തഴിഞ്ഞ ആ ജീവിതത്തില്‍ നഷ്ടങ്ങള്‍ മാത്രമായിരുന്നു എനിക്കു സമ്മാനിച്ചത്. ജീവിതത്തിന്റെ വിലപ്പെട്ട സമയങ്ങള്‍ മൗനത്തിന്റെ തടവറയിലായിരുന്നു. നഷ്ടപ്പെട്ട ആ നിമിഷങ്ങള്‍... ഒരിക്കലും തിരികെ വരാത്ത ആ നിമിഷങ്ങള്‍... ഓര്‍ക്കുമ്പോള്‍... ഹൊ. അന്നൊരുപാടു നേരം പപ്പ എന്നോട് സംസാരിച്ചു. ആദ്യമായാണ് പപ്പ എന്നോട് ഇത്രയും നേരം സംസാരിക്കുന്നത്.  സംസാരിക്കുന്നതിനിടയില്‍ കണ്ണുകളില്‍ കുറ്റബോധം കൊണ്ട് നീര്‍ത്തുള്ളികള്‍ നിറഞ്ഞു നിന്നു. മാനസാന്തരം വന്നൊരു പുതുമനുഷ്യനായ് മാറിയ പോലെ ഷാര്‍ലറ്റിന് തോന്നി. ഇനിയുള്ള കാലം മകളുടെ കൂടെ ജീവിക്കണമെന്നാണ് ആഗ്രഹം. എന്നെ കൂട്ടിക്കൊണ്ടു പോകുകയാണ് പപ്പയുടെ വരവിന്റെ ലക്ഷ്യം.

ഷാര്‍ലറ്റ് ശരിക്കും ധര്‍മ്മസങ്കടത്തിലായി. ഒരു ഭാഗത്ത് അത്രമേല്‍ ഇഷ്ടപ്പെടുന്ന സജിത്തും മേഴ്‌സിയാന്റിയും മറുഭാഗത്ത് മകളുടെ സ്‌നേഹത്തിനായി കൊതിക്കുന്ന പിതാവ്. ഏതൊരു പെണ്‍കുട്ടിയും പിതാവിന്റെ വാത്സല്യത്തിനായ് ഒരുപാട് കൊതിക്കും. എന്റെ ഭൂതകാലത്ത് അങ്ങനൊരു സ്‌നേഹം ആഗ്രഹിച്ചിട്ടുണ്ടെങ്കിലും അതൊരിക്കലും നടക്കാത്ത സ്വപ്നമായി മാറുകയായിരുന്നു. അടുത്താഴ്ച വന്നു കൊണ്ടുപോകുമെന്ന് പറഞ്ഞാണ് പപ്പാ അവിടെനിന്ന് പോയത്. ആ രാത്രിയില്‍ ഷാര്‍ലറ്റിന് ഉറങ്ങാന്‍ കഴിഞ്ഞില്ല. സജിത്തിനോട് ഒരു വാക്കുപോലും പറയാതെ പോകണം എന്നറിഞ്ഞപ്പോള്‍ സങ്കടത്തിലായി. സജിത്തിനോടൊപ്പമുള്ള ഒരോ സുവര്‍ണ്ണ നിമിഷങ്ങളും ഓര്‍മ്മയില്‍ നിറഞ്ഞു നിന്നു. സജിത്തിനെ ആദ്യമായി കണ്ട നാളുകള്‍... പ്രണയത്തിന്റെ ചുഴിയില്‍പ്പെട്ട നിമിഷങ്ങള്‍...

പുലര്‍കാലങ്ങളില്‍ ഉണര്‍ന്ന്, ഏറെനേരം നടന്ന ശേഷം വിശ്രമിക്കാന്‍ വേണ്ടി ഞങ്ങള്‍ തടാകക്കരയിലേക്ക് പോകും. ബൊഗൈന്‍ വില്ലകളുടെ പൂക്കള്‍ വീണു നിറഞ്ഞ തടാകത്തിനരികിലെ നെല്ലിമരച്ചുവട്ടില്‍ ഇരിക്കും. നീലിഗിരിയിലെ മഞ്ഞുമൂടിയ താഴ്വരയിലെ മനോഹരമായ തടാകം. ഞങ്ങളുടെ പ്രതിബിംബം തടാകത്തിലെ വെള്ളത്തില്‍ തെളിഞ്ഞു കാണാം. ഇവിടെ വല്ലാത്തൊരു നിശ്ശബ്ദതയാണ്...! ഉണരാത്ത നിശ്ശബ്ദത. തടാകത്തിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന മരക്കൊമ്പില്‍ നിന്നും പഴുത്ത നെല്ലിയ്ക്കകള്‍ വെള്ളത്തിലേക്ക് വീണ് ഇടയ്‌ക്കൊക്കെ നിശ്ശബ്ദതയെ ഉണര്‍ത്തികൊണ്ടിരുന്നു. ഒരിക്കല്‍ മള്‍ബറിച്ചെടിയുടെ അരികില്‍, നിറഞ്ഞു നില്‍ക്കുന്ന മള്‍ബറിപ്പഴങ്ങളെ സാക്ഷി നിര്‍ത്തി, മഞ്ഞുമേഘങ്ങള്‍ ഒഴുകിനടക്കുന്ന പ്രഭാതത്തിലായിരുന്നു സജിത്ത് എന്നെ ആദ്യമായി ചുംബിച്ചത്. മള്‍ബറിപ്പഴങ്ങള്‍, ചൊടികളില്‍ ചായം പുരട്ടിയതുപോലെ ആ ചുംബനങ്ങള്‍ എന്റെ അധരങ്ങളെ ചുവപ്പാക്കി മാറ്റി. അല്പം പരിഭ്രമിച്ചെങ്കിലും സജിത്തിലേക്ക് കൂടുതല്‍ ചേര്‍ത്ത് നിര്‍ത്തി എനിക്ക് ധൈര്യം പകര്‍ന്നു. പലപ്പോഴും സജിത്തിന്റെ പ്രണയചുംബനങ്ങള്‍ സിന്ദൂര കിരണങ്ങളായി എന്നെ തഴുകിയിരുന്നു. ആ ചുംബനങ്ങള്‍ സജിത്തിലേക്ക് കൂടുതല്‍ അടുപ്പിച്ചു. അങ്ങനെ എത്രയോ ദിനങ്ങള്‍ കടന്നുപോയി. അങ്ങനെ ഉറങ്ങാതെ ഒരോന്നും ഓര്‍ത്ത് പുലരാറായപ്പോള്‍ എപ്പഴോ ഉറങ്ങിപ്പോയി.
 
ദിവസങ്ങള്‍ പലത് കടന്നു പോയി. അന്നൊരു ശനിയാഴ്ചയായിരുന്നു. വീട്ടിലേക്ക് പോകാനായി തയാറെടുപ്പുകള്‍ നടത്തുകയായിരുന്നു ഷാര്‍ലറ്റ്. മേഴ്‌സിയാന്റിയെയും സജിത്തിനെയും വിട്ട് പോകുന്നതില്‍ തെല്ലു സങ്കടം മുഖത്തു കാണാമായിരുന്നെങ്കിലും പിതാവിന്റെ സ്‌നേഹവാത്സല്യത്തിനു മുമ്പില്‍ തോറ്റു പോകുന്ന മകളായി സ്വയം മാറിയിരുന്നു. ബ്രേക്ക്ഫാസ്റ്റിനായി ഭക്ഷണം കിച്ചണില്‍ തയ്യാറാക്കുമ്പോഴായിരുന്നു ഒരു ഫോണ്‍ കാള്‍ വന്നത്. മേഴ്‌സിയാന്റിയായിരുന്നു ഫോണ്‍ എടുത്തത്. കൂട്ടക്കരച്ചിലായിരുന്നു അങ്ങേത്തലയ്ക്കല്‍. റൈഡിനു പോയ അഞ്ചു സുഹൃത്തുകളില്‍ രണ്ടു പേര്‍ തടാകത്തില്‍ കുളിക്കാനിറങ്ങിയപ്പോള്‍ മുങ്ങി മരിച്ചു എന്ന വാര്‍ത്ത, ആ രണ്ടു പേരില്‍ സജിത്തുമുണ്ടായിരുന്നെന്ന് വളരെ ദു:ഖത്തോടെയാണ് അറിയാന്‍ കഴിഞ്ഞത്. ഡോക്ടര്‍ മേഴ്‌സി ആ വാര്‍ത്തയില്‍ സ്തബ്ദമായി നിന്നു. അപ്രതീക്ഷമായി കേട്ട വാര്‍ത്തയില്‍ നിമിഷങ്ങളോളം ഷാര്‍ലറ്റ് തരിച്ചു പോയി. ആയിരം തീവണ്ടികളുടെ ഇരമ്പല്‍ കാതുകളില്‍ അലയടിച്ചു കൊണ്ടിരുന്നു. കാതടപ്പിക്കുന്ന ആ ഇരമ്പലില്‍ ചുറ്റിനുമുള്ള കാഴ്ചകള്‍ മങ്ങി വരുന്നതായി തോന്നി. ശരീരത്തിനു ഭാരമില്ലാത്ത അവസ്ഥ. ജനലഴികളില്‍ പിടിച്ചിട്ടും കണ്ണില്‍ ഇരുട്ട് വ്യാപിച്ച് ബോധം മറഞ്ഞു. ഡോക്ടര്‍ മേഴ്‌സി താങ്ങി പിടിച്ച് ഷാര്‍ലറ്റിനെ ബെഡിലേക്ക് കിടത്തി.

ആര്‍ക്കും ഉള്‍ക്കൊള്‍ള്ളാന്‍ കഴിയാത്തതായിരുന്നു ആ ദു:ഖവാര്‍ത്ത. മകളെക്കൂട്ടി കൊണ്ടു പോകാന്‍ വന്ന പിതാവ് കണ്ടത്, മെന്റല്‍ ഹോസ്പ്പിറ്റലിന്റെ സെല്ലില്‍ ആരോടും ഒന്നും മിണ്ടാതെ അലസമായി കിടക്കുന്ന മുടിച്ചുരുളുമായി ശൂന്യതയിലേക്ക് നോക്കി എന്തൊക്കെയോ പറയുന്ന മറ്റൊരു ഷാര്‍ലറ്റിനെ ആയിരുന്നു. ആരെയും കണ്ടാല്‍ മനസ്സിലാക്കാന്‍ സാധിക്കാത്ത വിധമായിത്തീര്‍ന്നിരുന്നു. നിശ്ശബ്ദമായുള്ള ഷാര്‍ലറ്റിന്റെ ജീവിതത്തില്‍ സജിത്തിന്റെ സാമിപ്യം സപ്തസ്വരങ്ങളായി തഴുകിയിരുന്നു. ഉണരുന്ന പ്രഭാതങ്ങളെ അവളേറെ സ്‌നേഹിച്ചിരുന്നു. ആ സ്വരങ്ങളെയും പ്രഭാതങ്ങളെയുമാണ് കാലം അവളില്‍ നിന്നും അടര്‍ത്തിയെടുത്തിരിക്കുന്നത്. ഓര്‍മ്മകളില്‍ ഇരുട്ടു വീണ കുറെ മനുഷ്യരുടെ ഇടയില്‍ ഏകയായി. മൂകമായി ഉറങ്ങുന്ന മനസ്സില്‍ വര്‍ണ്ണങ്ങളില്ല, ഉണരുന്ന പ്രഭാതങ്ങളില്ല, നിലാവുള്ള സന്ധ്യകളില്ല... കനം പിടിച്ച അന്ധകാരം മനസ്സിന്റെ ആഴങ്ങളിലേക്ക് വീണു പോയിരുന്നു. ആ മനസ്സിലേക്ക് പ്രകാശകണങ്ങള്‍ വീഴാന്‍ എത്ര നാള്‍ വേണം. ഇരുവരും കാത്തിരുന്നു. ഷാര്‍ലറ്റിന്റെ മനസ്സില്‍ വീണ്ടും പ്രഭാതങ്ങള്‍ വിടരാന്‍, ഉണരുന്ന പ്രഭാതങ്ങളായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക