Image

കഥയെഴുത്ത് (ദീപ ബി നായര്‍ (അമ്മു)

Published on 10 July, 2021
കഥയെഴുത്ത് (ദീപ ബി നായര്‍ (അമ്മു)
കൃഷ്ണന്‍ എന്നു പേരുള്ള, കിഷന്‍ എന്നു നാട്ടുകാര്‍ വിളിക്കുന്ന ,വീട്ടുകാരുടെ കിച്ചു എന്ന നമ്മുടെ നായകന്‍ രാവിലെ എന്തോ അത്യാവശ്യ കാര്യം പറയാനായി അടുക്കളയില്‍ ചെന്നു. പച്ചക്കറി അരിഞ്ഞു കൊണ്ട് നില്‍ക്കുന്ന ഭാര്യ രോഹിണിയോടായി പറഞ്ഞു, "ഒരു കഥയെഴുത്തു മത്സരം നടക്കുന്നു ഞങ്ങള്‍ സുഹൃത്തുക്കളുടെ കൂട്ടായ്മയില്‍ ", ഒന്നു ചിരിച്ചു കൊണ്ട് അയാള്‍ തുടര്‍ന്നു, "ഞാനും ഒരു എഴുത്തുകാരനാണല്ലോ ", ഭാര്യ തിരിഞ്ഞ് ദഹിക്കാത്ത മട്ടില്‍ കിച്ചുവിനെ നോക്കി, "എന്താ അല്ലേ "?കിച്ചു പുരികം ചുളിച്ചു.... "പിന്നെ ഒരു കാര്യം,എന്നെ ശല്യം ചെയ്യരുത്, എനിക്ക് വിശക്കുമ്പോള്‍ ഞാന്‍ പറയാം". കിച്ചു തന്റെ റൂമിലേക്ക് നടന്നു. ഒരു പേനയും നാലഞ്ചു പേപ്പറുമെടുത്തു എഴുതാനിരുന്നു...

അല്ല, എന്തിനെക്കുറിച്ച് എഴുതണം, അവന്‍ ആലോചനയിലാണ്ടു. കൊറോണയെക്കുറിച്ചാകാം. ലോകം മുഴുവന്‍ നാശം വിതച്ചു കൊണ്ട്, മനുഷ്യരെ മരണത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന കൊറോണയുടെ താണ്ഡവത്തെപ്പറ്റിയുള്ള ഒരു കഥയായാലോ, അതാകുമ്പോ ആനുകാലികവുമാണ്.. വേണ്ട ...ഒട്ടുമിക്ക പേരും അതാകും എഴുതുന്നത്.

അല്ലേല്‍ ഇപ്പോഴും നിലയ്ക്കാത്ത അഭയാര്‍ത്ഥി പ്രവാഹത്തെക്കുറിച്ചായാലോ? യുദ്ധവും, മിസൈലും, രക്തക്കളവും അതിനിടയില്‍ . സ്വന്തം നാടും നഗരവും ഉപേക്ഷിച്ച്, കണ്‍മുന്നില്‍ ജീവിതം കത്തിയമരുന്നത് കണ്ട് പ്രാണനും കൊണ്ട് എവിടേയ്‌ക്കെന്നില്ലാതെ പലായനം ചെയ്യുന്നവര്‍..... അല്ലേല്‍ അതും വേണ്ട, എല്ലാവരും എഴുതിക്കഴിഞ്ഞതല്ലേ...

പ്രവാസികളെക്കുറിച്ചായാലോ? സുഖങ്ങള്‍ വിറ്റ് സ്വപ്നങ്ങള്‍ നേടാനായി മരുഭൂമിയില്‍ ജീവന്റെ മുക്കാല്‍ ഭാഗവും കഴിച്ചുകൂട്ടുന്നവര്‍... ഒന്നിനു പുറകെഒന്നായി വരുന്ന ആവശ്യങ്ങള്‍ നിറവേറ്റിക്കഴിയുമ്പോള്‍ ആര്‍ക്കും വേണ്ടാതെ ,ജീവിക്കേണ്ടി വരുന്ന പാവം മനുഷ്യര്‍... വേണ്ട... കൂട്ടായ്മയില്‍ പ്രവാസികളുമുണ്ട്, അവരെ ഞാനായിട്ട് വിഷമിപ്പിക്കണ്ട.

ലോട്ടറി ടിക്കറ്റ് വിറ്റ് നടന്നിരുന്ന അന്ധരായ ഭാര്യാഭര്‍ത്താക്കന്മാരുടെ കഥയായാലോ? ഭാഗ്യം വിറ്റ് ഭാഗ്യം കാത്തു കഴിഞ്ഞിരുന്ന ദമ്പതികള്‍. നാളെയാണ്.....നാളെയാണ് എന്ന ഉച്ചഭാഷിണിയും, മുഷിഞ്ഞ വസ്ത്രങ്ങളുമായി ഓരോ യാത്രികരുടേയും മുന്നില്‍ ലോട്ടറി ടിക്കറ്റുമായി നടന്നിരുന്ന അവരെപ്പറ്റി എഴുതാം.. അല്ലെങ്കില്‍ വേണ്ട... അതൊക്കെ ഒരു പാട് പഴയ കഥകള്‍....

നമ്മുടെ നാടിനെക്കുറിച്ചായാലോ? ആ ഗ്രാമീണ ഭംഗിയും, ഹരിതാഭയും, വാസുവണ്ണന്റെ പീടികയും, ചുമടുതാങ്ങിയും, തോടും, പാടങ്ങളും ആഹാ..... അല്ലേല്‍ വേണ്ട, ഇതൊക്കെ മുന്നേ എഴുതിക്കഴിഞ്ഞതാണ്. കുറേ യാഥാസ്ഥിതികരുണ്ട് സൗഹൃദക്കൂട്ടായ്മയില്‍, അവര്‍ക്ക് 'നൊസ്റ്റു' പിടിക്കത്തില്ല.

വടക്കേതിലെ ഭ്രാന്തിയമ്മയുടെ കഥ എഴുതിയാലോ? എന്നോ എവിടെയോ കളഞ്ഞു പോയ മനസും, കീറി മുറിക്കപ്പെട്ട ഹൃദയവും, കണ്ടാല്‍ പേടിപ്പെടുത്തുന്ന രൂപവും,എല്ലാവരാലും പരിഹാസപാത്രമായി തീരുന്ന അവരുടെ കഥ എഴുതാം... അല്ലെങ്കില്‍ വേണ്ട, അവരുടെ കഥ ഈ നാട്ടിലെ എല്ലാവര്‍ക്കുമറിയാവുന്നതാണ്
 ഒട്ടും ശരിയാവില്ല.

ഇവിടുത്തെ അമ്പലത്തിന് പുറകിലായി ആളു താമസമില്ലാതെ നശിച്ചുപോയ ഒരു പഴയ ഇല്ലമുണ്ട്. കാടുപിടിച്ചു കിടക്കുന്ന ആ പ്രേതാലയത്തെക്കുറിച്ചായാലോ? പണ്ടെങ്ങോ കുടുംബത്തോടെ ആത്മഹത്യ ചെയ്ത അവരുടെ കഥകളും,അമാവാസി രാത്രിയില്‍ അവിടെ നിന്നുമുയരുന്ന അപശബ്ദങ്ങളെക്കുറിച്ചുമായാലോ.... വേണ്ട അല്ലെങ്കില്‍ മരിച്ചു പോയവരെ എന്തിനാ തിരിച്ചുവിളിക്കുന്നത്?

ഇന്ന് നാട്ടില്‍ നടക്കുന്ന പൊളിട്രിക്ക്‌സിനെക്കുറിച്ചായാലോ? എതിരാളികളെ എങ്ങനെയും താറടിച്ചു കാണിക്കുന്ന ഒരു കൂട്ടമാളുകള്‍.. നാം കൊടുക്കുന്ന നികുതി കൊണ്ട് നമുക്ക് വേണ്ടി ഓരോന്നു നിര്‍മ്മിച്ച് അതും സ്വന്തം പേരിലാക്കുന്ന വീരന്മാരെപ്പറ്റിയോ? വേണ്ട ... അതു കൂട്ടുകാര്‍ തമ്മിലൊരു ഇഷ്ടക്കേടിന് ഇടയാക്കും..

ഏറ്റവും നല്ലത് സ്കൂള്‍ ജീവിതത്തെക്കുറിച്ചെഴുതാം.. അതാകുമ്പോള്‍ ഒരു പാടുണ്ട്. കൂടെ പഠിച്ച ഉമയും, അജ്മിയും, പിന്നെ കുറേ നാള്‍ പുറകെ നടന്നിട്ടും ഒന്നു നോക്കാതെ പോയ അനുവും, അവള്‍ക്കായി കൊടുത്തു വിട്ട കത്ത് ആളുമാറിപ്പോയതും, പ്രിയകൂട്ടുകാരന്‍ മനസലിവു തോന്നി അവന്റെ സൈക്കിള്‍ അവളുടെ പുറകെ കറങ്ങി നടക്കാന്‍ തന്നതും.... ആലോചിച്ചപ്പോള്‍ തന്നെ ഒരു കുളിര്.... ദൈവമേ, ആ കഥ ഇവളെങ്ങാനും വായിച്ചാല്‍ അതോടെ എന്റെ കഥ തീരും...

ആലോചിച്ചതേയുള്ളു, ഉടനെ കേട്ടു രോഹിണിയുടെ അടുത്തടുത്തു വരുന്ന ശബ്ദം...."നേരം വെളുത്തപ്പോ തുടങ്ങിയതാ, ഒരു പേപ്പറും പേനയും പിടിച്ചു കൊണ്ട്.... ഇതേല്‍ ഒന്നും എഴുതിയില്ലല്ലോ? വച്ചിട്ട് വാ മനുഷ്യാ, വല്ലതും കഴിക്കാം. ഇതുപോലെ  കഥയില്ലാത്ത  ഒരു മനുഷ്യനെയാണല്ലോ ദൈവമേ എനിക്കു കിട്ടിയത്"........ അവള്‍ തലയില്‍ കൈവച്ചുപോയി....



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക