Image

ഇരുപത്തി അഞ്ചു പൈസ ക്വട്ടേഷന്‍ (മൃദുമൊഴി 16: മൃദുല രാമചന്ദ്രന്‍)

Published on 09 July, 2021
ഇരുപത്തി അഞ്ചു പൈസ ക്വട്ടേഷന്‍ (മൃദുമൊഴി 16: മൃദുല രാമചന്ദ്രന്‍)
സ്കൂളില്‍ പഠിക്കുന്ന കാലത്ത് വല്ലപ്പോഴും അനുവദിക്കപ്പെട്ടിട്ടുള്ളആര്‍ഭാടങ്ങളില്‍ ഒന്നായിരുന്നു "പൊതി അച്ചാര്‍" എന്ന് അറിയപ്പെട്ട "ജ്യോതിഅച്ചാര്‍".ഒരു ചതുരന്‍ പ്‌ളാസ്റ്റിക് തുണ്ടില്‍ പൊതിഞ്ഞ, കടുത്ത കാപ്പിപ്പൊടിനിറമുള്ള മുളക് ചാറില്‍ കുളിച്ച രണ്ട് ചെറു നാരങ്ങാ കഷണങ്ങള്‍. അതിനെപൊതിഞ്ഞ് നീലയും, മെറൂണും നിറമുള്ള കടലാസ്.രാവിലെ സ്കൂളിന് മുന്‍പിലുള്ളകടയില്‍ നിന്ന് ഒരെണ്ണം വാങ്ങി ബാഗില്‍ ഇട്ടാല്‍, ഓരോ പിരീഡിനും ഒടുക്കം ബാഗ്തുറക്കുമ്പോഴും കൊതി വരും.ഉച്ചക്ക് ഉണ്ണാന്‍ വട്ടം കൂടുമ്പോള്‍ രണ്ട് കഷണംനാരങ്ങ തുണ്ട് തുണ്ടായി മുറിഞ്ഞു ചങ്ങാതികൂട്ടം മുഴുവന്‍ രുചിക്കും.

അന്‍പത് പൈസയാണ് ഒരു ജ്യോതി അച്ചാറിന്റെ വില.ഇടയ്ക്ക് മാത്രം കിട്ടുന്ന ഈഅന്‍പത് പൈസ അച്ചാറിന്റെ കൊതി നിറഞ്ഞ ആഹ്ലാദം ഇടയ്ക്ക് ,അച്ചാറിനെക്കാള്‍വലിയ ചില അത്യാവശ്യങ്ങള്‍ക്ക്,വഴി മാറ്റി ചിലവ് ചെയ്യാറുണ്ട്.അച്ചാര്‍വാങ്ങിക്കാന്‍ തരുന്ന അന്‍പത് പൈസയില്‍ ഇരുപത്തി അഞ്ചു പൈസ ഭഗവതിക്കും,ഇരുപത്തി അഞ്ചു പൈസ സ്കൂളിന്റെ മുന്‍പിലെ കപ്പേളയിലും ഇട്ട് ദൈവത്തിന് ചിലകുഞ്ഞു ക്വട്ടേഷനുകള്‍ കൊടുക്കാറുണ്ട്.

കണക്ക് കഌസ് പരീക്ഷ വെച്ച കാര്യം ടീച്ചര്‍ അത്ഭുതകരമാം വണ്ണം മറന്ന്‌പോകാന്‍, നോക്കി വച്ച ഉത്തര കടലാസ് കെട്ട് ടീച്ചര്‍ വീട്ടില്‍ തന്നെ വച്ചുമറക്കാന്‍, വീട്ടിലേക്ക് രാത്രി സൂക്ഷിക്കാന്‍ തന്ന് വിട്ട  ക്‌ളാസ്സിന്റെസ്വന്തം ചൂരല്‍ വടി എടുക്കാന്‍ മറന്ന ദിവസം ടീച്ചര്‍ ലീവ് എടുക്കാന്‍, പാടത്ത്ട്രാക്റ്റര്‍ ഇറങ്ങുന്ന ദിവസം സ്കൂളില്‍ സമരം വെയ്ക്കാന്‍ ഇങ്ങനെയുള്ളആവശ്യങ്ങള്‍ സാധിപ്പിച്ചു കിട്ടാന്‍ വേണ്ടി ഇരുപത്തി അഞ്ചു പൈസയുടെക്വട്ടേഷനുകള്‍ സദാ ദൈവത്തിന് സമര്‍പ്പിക്കപ്പെട്ടു.
"ഞാന്‍ ദാ ഇത് അങ്ങോട്ട് തരാം, പകരം എനിക്ക് ഇത് ഇങ്ങോട്ട് തരുമോ ?" എന്നു
ചോദിക്കുന്ന മനുഷ്യന്റെ നിഷ്കളങ്കതയായിരിക്കണം ദൈവത്തെ എല്ലാ ദിവസവും
ഏറ്റവും അധികം ചിരിപ്പിക്കുന്നുണ്ടാകുക.



നടക്ക് വയ്ക്കുന്ന നോട്ടും, നാണയവും എണ്ണി നോക്കി തിട്ടപ്പെടുത്തി , ആവച്ച കണക്ക് ഒപ്പിച്ചു മനുഷ്യന് കഷ്ടവും, ഇഷ്ടവും തൂക്കി കൊടുക്കുന്ന ഒരുദൈവത്തിനെ സങ്കല്പിച്ചാല്‍ നമുക്കും ചിരിക്കാന്‍ വകയുണ്ട്.ദൈവവുമായി മനുഷ്യന്‍ നടത്തുന്ന നിശബ്ദ,രഹസ്യ സംഭാഷണങ്ങള്‍ എത്ര കൗതുകമുള്ളത് ആണ്.

ദൈവമല്ലാതെ ആരും കേള്‍ക്കില്ല എന്ന ഉറപ്പില്‍ നാം ഉരുവിടുന്ന ആഗ്രഹങ്ങള്‍, അപേക്ഷകള്‍, സ്വപ്നങ്ങള്‍, ആവലാതികള്‍ , ചില നേരങ്ങളില്‍ ഭീഷണികള്‍.ഇനിയും ചിലനേരങ്ങളില്‍ പ്രലോഭിപ്പിക്കലുകള്‍.....ഇരുപത്തി അഞ്ചു പൈസ നേര്‍ച്ച കൂട്ടില്‍ ഇട്ടിട്ട്, കണക്ക് പരീക്ഷക്ക് ഞാന്‍ജയിക്കും എന്ന ആത്മ വിശ്വാസത്തോടെ പോകുന്ന ഒരു കുട്ടി നമ്മുടെഉള്ളിലുണ്ട്.

തന്റെ ഇരുപത്തി അഞ്ചു പൈസ വഴിപാട്  കിട്ടിയ ഉടനെ, ഒരുചുവന്ന പേനയും എടുത്ത് , അരൂപിയായി, ടീച്ചര്‍ മേശമേല്‍ മടക്കി വച്ചിരിക്കുന്നകണക്ക് പേപ്പറിലെ മാര്‍ക്ക് തിരുത്താന്‍ പോകും ദൈവം എന്ന വിശ്വാസത്തിന്റെആശ്വാസം കൂട്ടുള്ള കുട്ടി.


"ഞാന്‍  ഒരു പതിനായിരം അങ്ങു തന്നേക്കാം, ഈ പ്രമോഷന്‍ എനിക്ക് തന്നെ തരണം"എന്ന് ദൈവവുമായി കരാര്‍ ഉണ്ടാക്കുമ്പോള്‍, ചിലപ്പോള്‍ ഒക്കെ ദൈവം ആ കരാര്‍ ഒപ്പ്‌വയ്ക്കുന്നത് , ഈ ഇരുപത്തി അഞ്ചു പൈസയും കയ്യില്‍ ഒതുക്കി പിടിച്ചു വരുന്നകുട്ടിയെ ഓര്‍ത്ത് ചിരിക്കാന്‍ പറ്റുന്നത് കൊണ്ടാണ് .

വമ്പന്‍ വഴിപാടും,പൂജയും നടത്താന്‍ പാങ്ങില്ലാത്തവര്‍ നടത്തുന്ന "കുളിച്ചുപ്രാര്‍ത്ഥന"യേ കുറിച്ചു ഒരു എം.ടി കഥയില്‍ പറയുന്നുണ്ട്. പണം ഇല്ലെങ്കില്‍,അല്ലെങ്കില്‍ പണം മാത്രം കൊണ്ട് പോരാ എന്ന് തോന്നുമ്പോള്‍ നടത്തുന്ന ചിലപ്രലോഭനങ്ങള്‍...നൂറ്റിയൊന്ന് രൂപയും, കൂടെ ഒരു അന്‍പത് ഏത്തവും,മുട്ടുകുത്തി പ്രാര്‍ത്ഥനയും എന്ന നിലക്ക് ചില പാക്കേജ് പ്രാര്‍ത്ഥനകള്‍.കൊടുത്തതിന്റെ തോത് അനുസരിച്ച് അളക്കുന്നത് മനുഷ്യരല്ലേ?ദൈവമല്ലല്ലോ!

ക്ലാവ് പിടിച്ച, വില കെട്ട ചില ഇരുപത്തി അഞ്ചു പൈസകളെ പള,പളാ മിന്നുന്ന നോട്ടുകള്‍ക്കിടയില്‍ നിന്ന് ദൈവം കണ്ടെടുത്തു മാറ്റി വയ്ക്കുന്നുണ്ട്.വിപണി മൂല്യം ഇല്ലാത്ത ,കച്ചവടത്തിന് കൊള്ളാത്ത ആ നാണയങ്ങള്‍ ദൈവം തന്റെ കൈവെള്ളയില്‍ ഇറുക്കി പിടിക്കുന്നുണ്ട്.



ഇരുപത്തി അഞ്ചു പൈസ ക്വട്ടേഷന്‍ (മൃദുമൊഴി 16: മൃദുല രാമചന്ദ്രന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക