Image

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

ജോബിന്‍സ് തോമസ് Published on 08 July, 2021
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
രാജ്യദ്രോഹക്കേസില്‍ ഐഷ സുല്‍ത്താനയുടെ ലാപ് ടോപ്പ് ലക്ഷദ്വീപ് പോലീസ് പിടിച്ചെടുത്തു. ഇന്നും ഐഷ സുല്‍ത്താനയെ രണ്ട് മണിക്കൂറോളം പോലീസ് ചോദ്യം ചെയ്തു. ഐഷയുടെ സാമ്പത്തീക സ്രോതസ്സില്‍ സംശയങ്ങളുണ്ടെന്ന് പോലീസ് അറിയിച്ചു. തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഐഷ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും ആവശ്യം ഹൈക്കോടതി നിരസിച്ചിരുന്നു ഇതേ തുടര്‍ന്നാണ് അന്വേഷണം കൂടുതല്‍ ഉര്‍ജ്ജിതമാക്കിയത്.
**************************************
സംസ്ഥാനത്ത് 13,772 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 10.83 ആണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ഒരു മണിക്കൂറിനിടെ 1,27,152 സാംപിളുകളാണ് പരിശോധിച്ചത്. കഴഞ്ഞ ദിവസങ്ങളിലുണ്ടായ 142 മരണങ്ങള്‍ കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 
************************************
കേരളത്തില്‍ ആദ്യമായി സിക്ക വൈറസ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. 13 പേരില്‍ നിലവില്‍ ഈ രോഗമുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ സാംപിള്‍ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഈഡിസ് കൊതുകുകള്‍ വഴിയാണ് ഈ രോഗം പടരുന്നത്. ഈ വൈറസ് ബാധയ്ക്ക് പ്രത്യേകിച്ച് ചികിത്സയില്ല. ലക്ഷണങ്ങള്‍ക്കനുസരിച്ചുള്ള ചികിത്സയാണ് നല്‍കുന്നത്. 
****************************************************
പി.വി. ശ്രീനിജന്‍ എംഎല്‍എ യ്ക്കും സിപിഎമ്മിനുമെതിരെ കിറ്റക്‌സ്. കിറ്റക്‌സിനെതിരായ നീക്കങ്ങള്‍ക്ക പിന്നില്‍ ശ്രീനിജനാണെന്നും സിപിഎം ജില്ലാ നേതൃത്വത്തിന്റെ പിന്തുണ ശ്രീനിജനുണ്ടെന്നും സാബു ജേക്കബ് ഒരു മാധ്യമത്തോട് പറഞ്ഞു. താന്‍ ദ്രോഹം ചെയ്തതുപോലെയാണ് വ്യവസായ വകുപ്പ് മന്ത്രിയുടെ പ്രതികരണമെന്നും അദ്ദേഹം ആരോപിച്ചു. 
******************************************
എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ വിവാദ ദല്ലാള്‍ ക്രൈം നന്ദകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനെതിരായ തെളിവുകള്‍ അദ്ദേഹം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറിയതായാണ് വിവരം. ലാവ്‌ലിന്‍ കേസ് അട്ടിമറിക്കാന്‍ രണ്ട് ജഡ്ജിമാര്‍ കൂട്ടു നിന്നെന്നും ഇതിന്റെ പ്രത്യുപകാരമായി അവര്‍ക്ക് സിയാലിന്റെ ഇരുപതിനായിരം ഓഹരികള്‍ നല്‍കിയെന്നുമായിരുന്നു നന്ദകുമാറിന്റെ പരാതി
*******************************
എസ്‌ഐ ആനി ശിവയെ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയില്‍ ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷമണയ്‌ക്കെതിരെ കേസെടുത്തു. ഐടി ആക്ട് പ്രകാരവും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. എരണാകുളം സെന്‍ട്രല്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്. സ്വന്തം ജീവിതം നശിപ്പിച്ചവള്‍ മറ്റുള്ളവരുടെ സംരക്ഷണം എങ്ങനെ ഏറ്റെടുക്കും എന്നായിരുന്നു പ്രധാന ആക്ഷേപം.
**********************************************************
കോവിഡ് ചികിത്സയ്ക്ക് വരുന്ന രോഗികളില്‍ നിന്നും സകാര്യ ആശുപത്രികള്‍ ഈടാക്കേണ്ട റൂം നിരക്ക് സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചു. മൂന്ന് വിഭാഗമായി തിരിച്ചാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. 2645 മുതല്‍ 9776 വരെയാണ് പുതിയ ചികിത്സ നിരക്കുകള്‍. പുതിയ ഉത്തരവ് നടപ്പിലാക്കാന്‍ കോടതി അനുമതി നല്‍കി. 
*****************************
നെടുങ്കണ്ടം തൂക്കുപാലത്ത് വയോധികയെ പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമം. തൂക്കുപാലം പ്രകാശ് ഗ്രാം മനു നിവാസില്‍ ശശീധരന്‍ പിള്ളയുടെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്.  പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിലെത്തിയ സംഘം ഇവരുടെ കട ആക്രമിക്കുകയും ശശീധരന്‍ പിള്ളയുടെ ഭാര്യ തങ്കമണിയെ മര്‍ദ്ദിച്ച ശേഷം പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഇവര്‍ ഓടി രക്ഷപെട്ടു. മര്‍ദ്ദേനമേറ്റ തങ്കമണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക