Image

ദിലീപ് കുമാറിനൊപ്പം ഒരു ദിവസം (ഏബ്രഹാം തോമസ് )

ഏബ്രഹാം തോമസ് Published on 08 July, 2021
ദിലീപ് കുമാറിനൊപ്പം ഒരു ദിവസം (ഏബ്രഹാം തോമസ് )
ഇന്ത്യന്‍ സിനിമയില്‍ അഭിനയത്തിന്റെ അവസാനവാക്കായിരുന്ന നടനും താരവുമായ ദിലീപ്കുമാര്‍  (യൂസഫ് ഖാന്‍) കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. ബോധപൂര്‍വ്വവും അല്ലാതെയും ദിലീപിനെ അനുകരിക്കുകയും വിജയിക്കുകയും പരാജയപ്പെടുകയും ചെയ്തവര്‍ ധാരാളം. പാവങ്ങളുടെ ദിലീപായി അറിയപ്പെട്ടിരുന്ന ബല്‍ദേവ്‌ഖോസ പിന്നീട് എങ്ങോപോയി മറഞ്ഞു. മിനിസ്‌ക്രീനില്‍ ദിലീപിന്‍ഫെ ഭാവാഹാവാദികള്‍ പിന്തുടരുന്ന മുകേഷ്ഖന്ന ഇപ്പോഴും രംഗത്തുണ്ട്.

പഴയകാല പത്രപ്രവര്‍ത്തകര്‍ എഴുപതുകളില്‍ പഴയകഥകള്‍ വിവരിക്കുന്ന കൂട്ടത്തില്‍ പശ്ചിമ ബോംബെയിലെ ബാന്ദ്ര മുതല്‍ അന്ധേരി വരെ ദിലീപ് ഒരു ഉന്തുവണ്ടിയില്‍ പഴങ്ങള്‍ വിറ്റിരുന്ന കഥകള്‍ പറഞ്ഞിരുന്നു. 1944 ല്‍ ജ്വാര്‍ ഭാട്ടയില്‍ നിര്‍മ്മാതാവ് ദേവിക റാണിയാണ് സ്റ്റുഡിയോയില്‍ ചായക്കട നടത്തിയിരുന്ന ദിലീപിന് സിനിമയില്‍ ആദ്യ അവസരം നല്‍കിയത്. ഈ നടന്‍ സ്വന്തം പ്രതിഭ കൊണ്ടും അദ്ധ്വാനം കൊണ്ടും ഉയരങ്ങള്‍ കീഴടക്കി. തന്റെ ചിത്രങ്ങള്‍ കലാപരമായും സാമ്പത്തികമായും വിജയിച്ചപ്പോഴും തിടുക്കത്തില്‍ കരാറുകളഇല്‍ ഒപ്പുവയ്ക്കാന്‍ ദിലീപ് തയ്യാറായില്ല.

ശോകം നിറഞ്ഞ റോളുകള്‍ അവതരിപ്പിച്ച് വിജയിക്കുവാന്‍ കഴിഞ്ഞതോടെ ട്രാജഡികിംഗ് ലേബല്‍ ദിലീപിന് മേല്‍ പതിഞ്ഞു. എന്നാല്‍ മലൈക്കുള്ളന്‍ എന്ന തമിഴ്ചിത്രത്തിന്റെ റീമേക്ക് ആസാദിലും എങ്കവീട്ടുപിള്ളയുടെ മൊഴിമാറ്റം രാം ഔര്‍ ശ്യാമിലും കോഹിന്നൂറിലും എല്ലാം ഫലിതപ്രധാനമായ രംഗങ്ങള്‍ തന്മയത്വമായി അവതരിപ്പിച്ച് പില്‍ക്കാലത്ത് പലരും ആവര്‍ത്തിച്ചിട്ടുണ്ട്. കോഹിന്നൂറിലെ ക്ലാസിക്കല്‍ ഗാനാലാപനവും നൃത്തവും പുരോഗമിക്കുമ്പോള്‍ ആരാധകര്‍ തിരശ്ശീലയിലേയ്ക്ക് നാണ്യവര്‍ഷം നടത്തിയിരുന്നു. മ്ദ്യപിച്ചെത്തുന്ന നായകന്‍(ദിലീപ്) തന്റെ മുഖത്തെ മുറിവുകള്‍ സാങ്കല്പിക കണ്ണാടി നോക്കി പരിചരിക്കുന്നത് പിന്നീട് അമിതാഭ് ബച്ചനും ഷാരൂഖ്ഖാനും തങ്ങളുടെ ചിത്രങ്ങളില്‍ ആവര്‍ത്തിച്ചു.

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മനോഹരവും കാമോദ്വീപവുമായ പ്രണയമായി വിശേഷിപ്പിക്കുന്നത് മുഗളേ ആസമിലെ സലീം(ദിലീപ്)-അനാര്‍ക്കലി(മധുബാല) പ്രണയജോഡിയുടെ അവസാന സമാഗമത്തില്‍ സലീം അനാര്‍ക്കലിയുടെ മുഖത്ത് തൂവല്‍സ്പര്‍ശംനടത്തുന്നതാണ്. യഹൂദിയിലെയും ആസാദിലെയും ദിലീപ്-മീനാകുമാരി, ഗംഗാ ജംനയിലെ ദിലിപാ-വൈജയന്തിമാല പ്രണയരംഗങ്ങളും ഉന്നതനിലവാരം പുലര്‍ത്തുന്നു. വികാരോജ്ജ്വല രംഗങ്ങള്‍ തന്റെ കൈകളില്‍ മറ്റാരെയുംകാള്‍ഭംഗിയായി ശോഭിക്കുമെന്ന് 'ഫിര്‍ കഭി മിലോഗി' യിലെ ചെറിയ റോളില്‍ പോലും ദിലീപ് തെളിയിച്ചു. ആവര്‍ത്തന വിരസമായി മാറാമായിരുന്ന നിയമപാലകനായ അച്ഛന്റെയും കുറ്റവാളിയായ മകന്റെയും കഥ പറഞ്ഞ 'ശക്തി' രക്ഷപ്പെട്ടത് ദിലീപിന്റെയും അമിതാഭിന്റെയും പ്രകടനം മൂലമാണ്. തമിഴില്‍ ശിവാജി ഗണേശന്റെ അമിതാഭിനയം ഏറെ മോശമാക്കിയ അച്ഛന്റെ റോള്‍ തങ്കപ്പതക്കം ഹിന്ദിയിലാക്കിയപ്പോള്‍ രക്ഷച്ചത്. എന്നാല്‍ ശിവാജിയുടെ ത്‌ന്നെ മറ്റൊരു റീമേക്ക് ആയി ഹിന്ദിയിലായപ്പോള്‍ ദിലീപിന്റെ മൂന്ന് റോളുകള്‍ക്ക് പോലും രക്ഷക്കാന്‍ കഴിഞ്ഞില്ല(ബൈരാഗ്).

1979 ലെ ഒരു പ്രഭാതത്തിലെ പിആര്‍ഓ വിളിച്ചു പറഞ്ഞഥ് ബോംബെയിലെ ഗൊറൈ ക്രിക്കീല്‍ മനോജ് കുമാറിന്റെ 'ക്രാന്തി'യുടെ ഷൂട്ടിംഗ് നടക്കുന്ന വിവരം. ഗൊറൈയില്‍ ഒരു വലിയ തടി കപ്പലില്‍ ദിലീപും മനോജും ബ്രിട്ടീഷുകാരായി വേഷമിട്ട ടോം ഓള്‍ട്ടറും ചില നടീനടന്മാരും  മദന്‍പുരിയും മറ്റും ഉണ്ടായിരുന്നു. പത്രക്കാരോട് ക്രാന്തിയുടെ പ്രമേയവും എവിടെ വരെ ഷൂട്ടിംഗ് പുരോഗമിച്ചു എന്നു മനോജ് വിവരിച്ചു. 1857 ല്‍ സംഭവിച്ചത് ബ്രിട്ടീഷ്‌കാര്‍ വിശേഷിപ്പിക്കുന്നതുപോലെ ഒരു ലഹള ആയിരുന്നില്ല, ഒരു വിപ്ലവം ആയിരുന്നു എന്ന് മനോജ് പറഞ്ഞു.

കനുജി അംഗരേ എന്ന വിപ്ലവകാരിയായാണ് ദിലീപ് ക്യാമറയെ അഭിമുഖീകരിച്ചത്. തന്റെ റോളിനെകുറിച്ച് ദിലീപ് വിവരിച്ചു. ശത്രുക്കളാല്‍ കൊല്ലപ്പെടുകയില്ല എന്ന് വരദാനം ലഭിച്ച അംഗരേ ഏറ്റുമുട്ടലുകളില്‍ വിജയിക്കുന്നു. പക്ഷെ മകനെ(മനോജ്)യും കാമുകിയെയും(ഹേമമാലിനിയെയും) ബ്രിട്ടീഷ് സൈന്യം വധിക്കുന്നു.
തന്നെകുറഇച്ച് കൂടുതല്‍ പറയാതെ അക്കാലത്ത് നടന്നു വന്നിരുന്ന ഫുട്‌ബോള്‍ മത്സരങ്ങളിലേയ്ക്ക് ദിലീപ് ശ്രദ്ധ തിരിച്ചു വിട്ടു. ഒരു വിലയ ഫുട്‌ബോള്‍ പ്രേമി ആയിരുന്നു ദിലീപ്. ഇടയ്ക്ക് ബോക്‌സുകളിലെത്തിയ ലഞ്ച് ഞങ്ങള്‍ കഴിച്ചു. ലഞ്ച് കഴിഞ്ഞപ്പോള്‍ തന്റെ പല്ലിനിടയില്‍ കുടുങ്ങഇയ ഭക്ഷണാംശം വിമോചിപ്പിക്കുവാന്‍ ദിലീപ് ശ്രമിക്കുന്നത് ഒരു ഫോട്ടോഗ്രാഫറുടെ ശ്രദ്ധയില്‍പെട്ടു. അയാള്‍ ദൃശ്യം ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നത് ശ്രദ്ധിച്ച ദിലീപ് ഉടനെ അയാളെ വിലക്കി. ലഞ്ചിനു ശേഷം മുകളിലെ തട്ടില്‍ നിന്ന് താഴേയ്ക്ക് ചാടുന്ന ദിലീപിനെയാണ് പകര്‍ത്താനുണ്ടായിരുന്നത്. ഡ്യൂപ് പല തവണ താഴേയ്ക്ക് ചാടി. ഒടുവില്‍ മനോജ് ഓക്കെ പറഞ്ഞു. ഓരോ ഷോട്ടും പല തവണ ടേക്ക് ചെയ്ത് കഴിയുമ്പോഴാണ് മനോജ് ഓകെ പറയുന്നത്.

നാല് മണിയോടെ ദിലീപ് മടങ്ങി. അദ്ദേഹം വിട്ടുപിരിഞ്ഞപ്പോള്‍ അദ്ദേഹത്തോടൊപ്പം ചെലവഴിച്ച ഒരു ദിവസം ഓര്‍ത്തതാണ്. ഇക്കാലത്ത് വളരെയേറെ വിശേഷണങ്ങള്‍ തേടിപിടിച്ചു പലരോടുമൊപ്പം ഇതിഹാസമായി ദിലീപിനെ പോലെയുള്ള കലാകാരന്മാരെ മാത്രമേ വിശേഷിപ്പിക്കുവാന്‍ കഴിയൂ.

ദിലീപ് കുമാറിനൊപ്പം ഒരു ദിവസം (ഏബ്രഹാം തോമസ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക