Image

മധുമതിയുമായി ദിലീപ് കുമാർ കോട്ടയത്തെ കോരിത്തരിപ്പിച്ചു (കുര്യൻ പാമ്പാടി)

Published on 07 July, 2021
മധുമതിയുമായി ദിലീപ് കുമാർ കോട്ടയത്തെ കോരിത്തരിപ്പിച്ചു (കുര്യൻ പാമ്പാടി)
"സുഹാന സഫർ ഔർ യെ മൗസം ഹസി, ഹമേ ദർദ് ഹൈ ഹം കോ ന ജായെ കഹിം" എന്ന മുകേശിന്റെ അനശ്വര ഗാനം ഒഴുകിയെത്തുന്നതിനിടയിൽ ചുവന്ന റോസാപൂക്കളുടെ മാലയണിഞ്ഞു ദിലീപ് കുമാർ കോട്ടയം ആനന്ദ്  തീയറ്റർ ഉദ്‌ഘാടനം ചെയ്യാൻ  ഒരു ബെൻസ് കാറിൽ വന്നിറങ്ങി. ദിലീപിന്റെ മധുമതിയായിരുന്നു ഉദ്ഘാടന ചിത്രം.

മനോരമയിലെ ചെറുപ്പക്കാരനായ റിപ്പോർട്ടർ എന്ന നിലയിൽ ഞാൻ തൊട്ടടുത്ത് നിന്ന്   കണ്ടു. കോട്ടും ടൈയും വേഷം. നെറ്റിയിലേക്ക് തുള്ളി തുളുമ്പുന്ന മുടി വകഞ്ഞു മാറ്റാൻ വിഫല ശ്രമം.  ആ സുന്ദര കളേബരനെ  തൊട്ടു തൊട്ടില്ല എന്ന മട്ടില്ല ഞാൻ കൺകുളുർക്കെ കണ്ടു.

കോട്ടയത്തെ എയർ കണ്ടിഷൻ ചെയ്ത ആദ്യത്തെ തീയറ്റർ തുറക്കുകയായിരുന്നു അന്ന്. നിറഞ്ഞ സദസിൽ ദിലീപ് കുമാർ സുന്ദരമായ ഇംഗ്ലീഷും ഹിന്ദിയും ഇടകലർന്ന ഹൃദ്യമായ പ്രസംഗം ചെയ്തു. കഷ്ടിടിച്ചു പത്തു മിനിറ്റ്. പ്രേം നസീർ ആയിരുന്നു മറ്റൊരു അതിഥി.

മധുമതിയിൽ അഭിനയിക്കുമ്പോൾ ദിലീപ് കുമാറിന് 36 വയസ് പ്രായം. സിനിമയിൽ കത്തി ജ്വലിച്ചു നിൽക്കുന്ന  കാലം.  നാസിക്കിൽ ജനിച്ചു പിതാവിന്റെ പഴത്തോട്ടം  നോക്കി നടത്തിയിരുന്ന കാലത്ത് പുണെ മിലിട്ടറി കാന്റീനിൽ വച്ച് കണ്ട ദേവിക റാണി എന്ന നടി സിനിമയിലേക്ക് പിടിച്ചുയർത്തുകയായിരുന്നു യുസഫ് ഖാൻ എന്ന ആ യുവാവിനെ.

സിനിമയിൽ വന്നപ്പോൾ പേരുമാറ്റി. 'ജ്വാലാ ഭട്ട' ആദ്യ ചിത്രം. ഒന്നിച്ച് അഭിനയിച്ച അമിതാബ് ബച്ചനെപ്പോലെ അരനൂറ്റാണ്ടിലേറെ  ബോളിവുഡ്ഡ്  അടക്കി വാണ പ്രതിഭ.  കിട്ടാത്ത ബഹുമതികൾ ഇല്ല. പത്തുതവണ ഫിലിം ഫെയർ അവാർഡ്. രണ്ടെണ്ണം സമഗ്ര സംഭാവനക്ക്.

പ്രണയിച്ച് കൊതി തീരാത്ത ജീവിതം. ബിമൽ റോയി നിർമിച്ച മധുമതിയിലെ  വൈജയന്തിമാല ഉൾപ്പെടെ അക്കാലത്തെ എല്ലാ താരസുന്ദരിമാരെയും  നായികമാരായി ഘോഷിച്ച നടൻ. കാമിനി കൗശലിനെ പ്രേമിച്ചു പക്ഷെ അപ്പോഴേക്കും അവർ വേറെ വിവാഹം കഴിച്ചിരുന്നു. മധുബാലയെ ഇഷ്ട്ടപെട്ടു. പക്ഷെ സംവിധായകനുമായി കേസ് നടത്തിയപ്പോൾ അങ്ങേരുടെ പക്ഷം പിടിച്ച ദിലീപിൽ നിന്ന് അവർ അകന്നു.

ഒടുവിൽ നാല്പത്തി നാലാം വയസിലാണ് തന്റെ പകുതി പ്രായമുള്ള സൈറ ബാനുവിനെ അദ്ദേഹം വിവാഹം ചെയ്യുന്നത്. കുട്ടികൾ ഇല്ലെങ്കിലും അവർ മാതൃകാദമ്പതിമാരായി 54 വർഷം  ഒന്നിച്ച് സ്നേഹിച്ചു ജീവിച്ചു. അമ്പതാം വിവാഹ വാർഷികത്തിന് ബോളിവുഡിലെ എല്ലാ പ്രമുഖ ഖാൻമാരും--സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ, ആമിർ ഖാൻ-- ഒത്തുകൂടിയിരുന്നു.

സിനിമയുടെ വലിയ പാരമ്പര്യമുള്ള പട്ടണമാണ് കോട്ടയം. അനശ്വര്യ എന്ന് പേര് മാറ്റി സിനിമാസ്കോപ് ചിത്രങ്ങൾ കൊണ്ട് വന്ന പഴയ രാജ്മഹൽ കൂടാതെ സെൻട്രൽ പിപിക്ചേഴ്സിന് കോട്ടയത്തും ചങ്ങനാശേരി യിലുമായി ആറു തീയറ്ററുകൾ ഉണ്ട്.  ബാങ്കർ ആയി തുടങ്ങി സിനിമ വിതരണക്കാരും തീയറ്റർ ഉടമകളും നിര്മ്മാതാക്കളുമായി വളർന്ന മാളിയേക്കൽ കുടുംബമാണ് ഉടമകൾ.

"മാളിയേക്കൽ എംസി മാത്യു ട്രാവൻകൂർ ഓറിയന്റ് ബാങ്ക് നടത്തിയിരുന്ന കാലത്ത് എന്റെ അപ്പൻ എട്ടു പറയിൽ എൻഎക്സ് ജോർജിന്റെ   സുഹൃത്തു ആയിരുന്നു. ഭാര്യയുടെ പേരിൽ ഞങ്ങളുടെ ജിയോ പിക്സ്ച്ചേഴ്‌സിൽ ഓഹരി എടുത്തിരുന്നു," എന്ന് ജിയോ ഉടമയായി എഴുപതു വർഷം തിളങ്ങിയ ജിയോ കുട്ടപ്പൻ എന്ന എൻജി ജോൺ പറയുന്നു.

വിവിധ ഭാഷകളിലായി കുറഞ്ഞത് 900 ചിത്രങ്ങൾ വിതരണം ചെയ്ത കേരളത്തിലെ ഏറ്റവും വലിയ വിതരണ നിർമാണ സ്ഥാപനമാണ് ജിയോ. ഏഴാം കടലിനക്കരെ, തുഷാരം, മീൻ, ഈ നാട്, അബ്‌കാരി യ്‌തുടങ്ങിയ ഇരുപതോളം ചിത്രങ്ങൾ നിർമ്മിച്ചു.

ഇരുനൂറിലേറെ മലയാള ചിത്രങ്ങൾ വിതരണം ചെയ്ത സ്ഥാപനമാണ് സെൻട്രൽ പിക്ചേഴ്സ്. എംസി മാത്യുവിന് ശേഷം മക്കൾ ജോർജ് മാത്യു, രാജു മാത്യു,  തോമസ് മാത്യു  തുടങ്ങിയവർ ഈ രംഗത്തേക്കു കടന്നു. രാജു മാത്യുവിന്റെ സെഞ്ചുറി ഫിലിംസ് ഒരുപാട് മമ്മൂട്ടി, മോഹൻ ലാൽ ചിത്രങ്ങൾ നിർമ്മിച്ച് വിതരണം ചെയ്തു. ജോർജ് മാത്യുവിന്റെ മക്കൾ വിജിയും ഷാജിയും അജിയും   ഇപ്പോഴും സജീവമായി രംഗത്തുണ്ട്.


"സിനിമ ഒരു  ചൂതുകളിയാണ് അതുകൊണ്ടു ഞങ്ങൾ നല്ലകാലത്ത് കുടമടക്കി എന്ന് ജിയോകുട്ടപ്പൻ പറയുമ്പോൾ, നാൽപതു ചിത്രങ്ങൾ കൊണ്ട് രംഗം വിട്ട കോട്ടയം ജൂബിലി പിക് ചേഴ്‌സിന്റെ  ഉടമ ജോയ് തോമസിനു ഒരു ദുഖവും ഇല്ല. മമ്മൂട്ടി, സുമലത,  സുരേഷ് ഗോപി താരങ്ങളായ ന്യൂ ഡൽഹി ഉൾപ്പെടെ കുറെയേറെ പണം വാരി ചിത്രങ്ങൾ നിർമ്മിച്ച സ്ഥാപനമാണ് ജൂബിലി.

ഡെനിസ് ജോസഫ് സംവിധാനം ചെയ്ത ആദ്യചിത്രം വാത്സല്യം ജൂബിലിയുടെതായിരുന്നു. അതിനു  ദേശിയ പുരസ്കാരം ലഭിച്ചു.  . മോഹൻലാൽ ആദ്യമായി നായകൻ ആയ ആട്ടക്കലാശവും ജൂബിലി നിർമ്മിച്ചത്.

പുറത്തിറങ്ങി ആറുപതിറ്റാണ്ടു കഴിഞ്ഞിട്ടും മധുമതിയുടെ പതിനൊന്നു പാട്ടുകളും സിനിമാപ്രേമികളെ  കോരിത്തരിപ്പിക്കുന്നു. ശൈലേന്ദ്രയുടെ മനോഹരമായ  വരികൾക്ക് സംഗീതം പകർന്നത് സലിൽ ചൗധരി. പാടിയവർ മുകേഷ്, മഹമ്മദ് റാഫി, മന്നാഡേ,  ലതാ മങ്കേഷ്‌കർ,  ആശാഭോൺസ്ലെ തുടങ്ങിയവർ.

ദിലീപ് കുമാർ സന്ദർശിച്ച് അരനൂറ്റാണ്ട് കഴഞ്ഞപ്പോൾ കോട്ടയത്തെന്നല്ല കേരളത്തിൽ എവിടെയും ഒരു ഹിന്ദി ചിത്രം കാണണമെങ്കിൽ ഒടിടി  പ്ലാറ്റ് ഫോമേ അവശേഷിക്കുന്നുള്ളൂ. എന്നിരുന്നാലും നെറ്റിലൂടെ അന്നത്തെ അനശ്വര ഗാനങ്ങൾ ആർക്കും ഇപ്പോഴും കേൾക്കാം.

പക്ഷെ 1975ൽ  പാലാ സെന്റ് തോമസ് കോളേജിന്റെ രജത ജൂബിലി വേളയിൽ  അവ സാക്ഷാൽ മഹമ്മദ് റാ ഫിയിൽ നിന്ന് കേൾക്കാൻ കഴിഞ്ഞതു പോലൊരു ദിവ്യാനുഭവം ഇനി എനിക്ക് ഉണ്ടാവില്ല.

മധുമതിയുമായി ദിലീപ് കുമാർ കോട്ടയത്തെ കോരിത്തരിപ്പിച്ചു (കുര്യൻ പാമ്പാടി)
ദിലീപ് കുമാർ--ആനന്ദ് തീയറ്റർ ഉദ്ഘാടനം
മധുമതിയുമായി ദിലീപ് കുമാർ കോട്ടയത്തെ കോരിത്തരിപ്പിച്ചു (കുര്യൻ പാമ്പാടി)
അമ്പത് വർഷത്തെ പ്രണയജോഡികൾ ദിലീപ്-- സൈറ
മധുമതിയുമായി ദിലീപ് കുമാർ കോട്ടയത്തെ കോരിത്തരിപ്പിച്ചു (കുര്യൻ പാമ്പാടി)
ആൽമകഥാ പ്രകാശനം--ധർമേന്ദ്ര, ആമിർ, ബച്ചൻ
മധുമതിയുമായി ദിലീപ് കുമാർ കോട്ടയത്തെ കോരിത്തരിപ്പിച്ചു (കുര്യൻ പാമ്പാടി)
സിനിമയും ഞാനും-- ജിയോയുടെ എൻജി ജോൺ
മധുമതിയുമായി ദിലീപ് കുമാർ കോട്ടയത്തെ കോരിത്തരിപ്പിച്ചു (കുര്യൻ പാമ്പാടി)
ജൂബിലിയുടെ ജോയ് തോമസ് മമ്മൂട്ടിക്കൊപ്പം
മധുമതിയുമായി ദിലീപ് കുമാർ കോട്ടയത്തെ കോരിത്തരിപ്പിച്ചു (കുര്യൻ പാമ്പാടി)
സെൻട്രൽ പിക് ച്ചേഴ്സ്സ് സാരഥികൾ-വിജി, ഷാജി, അജി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക