Image

അടിമകളാക്കപ്പെടുന്ന പെണ്മക്കള്‍ (മാനസി)

Published on 05 July, 2021
അടിമകളാക്കപ്പെടുന്ന പെണ്മക്കള്‍ (മാനസി)

വിസ്മയയുടെ ‘ആത്മഹത്യ’യെക്കുറിച്ചുള്ള വിവരങ്ങള്‍ കൂടുതല്‍ കൂടുതല്‍ അറിഞ്ഞപ്പോള്‍ എന്റെ മനസ്സില്‍ ആദ്യം വന്നത്, ആ അച്ഛനുമമ്മയ്ക്കും വേണം അവര്‍ക്കത് കിട്ടണം അവരതര്‍ഹിക്കുന്നു എന്ന തോന്നലാണ്. എത്ര കണ്ടാലും കൊണ്ടാലും മനുഷ്യര്‍ പഠിക്കില്ലെന്നു വച്ചാല്‍ അത്തരക്കാരെ ദൈവം തമ്പുരാനുപോലും സഹായിക്കാനാവില്ല എന്നുംതോന്നി. മകള്‍ വിവാഹം കഴിഞ്ഞുപോയാല്‍ ഭര്‍തൃവീട്ടിലൊ ഭര്‍ത്താവിനോടൊപ്പമോ അവള്‍ എങ്ങനെ ജീവിക്കുന്നു എന്ന് അച്ഛനുമമ്മയും അന്വേഷിക്കാതിരിക്കാറില്ല. ഭര്‍ത്താവോടൊപ്പമുള്ള ജീവിതം പ്രതീക്ഷിച്ചപോലെയല്ലെങ്കിലും പെണ്‍കുട്ടികള്‍ സാധാരണ നിലയ്ക്ക് അതുടനെയൊന്നും വീട്ടുകാരെ അറിയിക്കാറുമില്ല. “പെണ്ണായാല്‍ കുറച്ചൊക്കെ സഹിക്കേണ്ടി  വരും”, പിന്നെ “പതുക്കെ നേരെയാകും” തുടങ്ങിയ അര്‍ത്ഥശൂന്യവും അടിസ്ഥാനമില്ലാത്തതുമായ, തലമുറകളിലൂടെ കിനിഞ്ഞിറങ്ങിയ ചില ധാരണകളില്‍ തൂങ്ങി, പൂമുഖവാതില്‍ക്കലെ പൂതിങ്കളായി, ഉള്ളില്‍ കയ്പ് നിറച്ചാണെങ്കിലും അവള്‍ നില്‍ക്കും. കാരണം “നല്ല പെണ്ണി”ന്റെ കേട്ടുശീലിച്ച നിര്‍വ്വചനങ്ങള്‍ സാക്ഷാത്ക്കരിക്കാനുള്ള പെടാപാടിലായിരിക്കും ഈ പെണ്‍കുട്ടികള്‍ അപ്പോള്‍. ഭര്‍ത്താവിന്റെ വികൃതമായ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് സഹികെട്ട് അമ്മായിയമ്മയോട് പറയാന്‍ തുനിഞ്ഞ മരുമകളോട്, നിനക്കിതൊക്കെ ‘വിളിച്ചു’ പറയാന്‍ നാണമില്ലേ എന്നായിരുന്നത്രെ അമ്മായിയമ്മ ചോദിച്ചത്.

പ്രശ്‌നം ഉത്ഭവിക്കുന്നത് അവിടെനിന്നാണ്. പത്ത് നാല്പത് കൊല്ലമായി സ്ഥിരം പറഞ്ഞുകൊണ്ടിരിക്കുന്ന വാചകങ്ങള്‍ ഇപ്പോഴും അതേപോലെ ആവര്‍ത്തിക്കേണ്ടി വരുന്നു എനിക്ക് എന്നത്, സ്ത്രീ ജന്മങ്ങളെക്കുറിച്ചുള്ള പഴയ, അബദ്ധജഡിലമായ ധാരണകളുടെ കാര്യത്തില്‍ സമൂഹം ഇപ്പോഴും എവിടെ നില്‍ക്കുന്നു എന്നതിനുള്ള തെളിവാണ്. മുണ്ടിനും  ബ്ലൗസിനും പകരം ജീന്‍സും ടോപ്പുമിടാന്‍ പെണ്‍കുട്ടികളെ “അനുവദി”ക്കുന്നു എന്നല്ലാതെ, അവരുടെ വ്യക്തിത്വത്തെക്കുറിച്ചോ ആഗ്രഹങ്ങളെക്കുറിച്ചോ കഴിവുകളെക്കുറിച്ചോ ഉള്ള സമൂഹ ധാരണകളില്‍ ഇന്നും ഒരു മാറ്റവും കാര്യമായി വന്നിട്ടില്ല എന്നത് വീണ്ടും വീണ്ടും  തെളിയിക്കുന്ന തെരുവുചന്തയാണ് ഇന്നും ഇവിടെ നടക്കുന്ന വിവാഹക്കരാറുകള്‍. പുരുഷന്‍ പുറം ലോകത്തുപോയി “സമ്പാദിച്ച്” കുടുംബത്തെ പോറ്റേണ്ടവനും അവന്റെ “ഇഷ്ടാനുസരണം” കുടുംബത്ത് ജീവിച്ച് കുടുംബത്തെ പരിപാലിക്കേണ്ടവളാണ് സ്ത്രീയെന്നും ഉള്ള, എത്രയോ കാലം പഴക്കമുള്ള ,  അന്നത്തെ സാമൂഹ്യവ്യവസ്ഥിതിയാല്‍ നിര്‍വചിക്കപ്പെട്ട മൂല്യബോധങ്ങള്‍ വച്ചാണ് ഇന്നും സമൂഹം ഈ ആണ്‍ പെണ്‍ പദവികളെ വിലയിരുത്തുന്നത്. അതിന്റെ പ്രത്യക്ഷതെളിവാണ് വിദ്യാഭ്യാസമനുവദിക്കപ്പെടാത്ത, വരുമാനമില്ലാത്ത, പ്രത്യേക ജോലിയില്ലാത്ത ആണിന്റെ ചെലവില്‍ കഴിയുന്ന പരസഹസ്രം ‘വീട്ടമ്മ’മാര്‍ മാത്രമായി കണക്കാക്കപ്പെടുന്ന   സ്ത്രീകള്‍. വീട്ടുജോലികള്‍ക്ക് നിയതമായ യാതൊരു വ്യവസ്ഥകളും - കൃത്യമായ ജോലിസമയമോ ഒഴിവുദിവസങ്ങളോ പ്രതിഫലമോ റിട്ടയര്‍മെന്റോ - ഇല്ലാത്ത ഇന്നത്തെ അംഗീകൃതരീതി ഇതിനോടൊപ്പം കൂട്ടിച്ചേര്‍ത്ത് വായിക്കകൂടിവേണം. 

വീട്ടമ്മയ്ക്ക് ഭക്ഷണവും ഉടുപുടവയും നല്‍കല്‍ പുരുഷന്റെ ചുമതലയായി സമൂഹം അംഗീകരിക്കുന്നു എന്നതാണ് സമൂഹം വീട്ടമ്മയ്ക്ക് നല്‍കുന്ന കോമ്പന്‍സേഷന്‍. ആ കോമ്പന്‍സേഷന്‍ എത്രയെന്നത് നിശ്ചയിക്കുന്നത് ആ വീട്ടിലെ സമ്പാദിക്കുന്ന പുരുഷനാണ്: അത് പുരുഷന്‍ ആ സ്ത്രീയില്‍ കണ്ടെത്തുന്ന ലൈംഗിക സംതൃപ്തിയുമായിക്കൂടി ബന്ധപ്പെട്ടതാണ്. ഏത് മേഖലയായാലും നിയന്ത്രണത്തിന്റെ കടിഞ്ഞാണുകള്‍ ഇന്നും നമ്മുടെ കുടുംബങ്ങളില്‍ പുരുഷന്റെ കൈയിലാണെന്ന, അങ്ങനെ ആയിരിക്കണമെന്ന പരോക്ഷമായാണെങ്കിലും  നിലവിലുള്ള വ്യവസ്ഥ, സ്ത്രീകള്‍ ജോലിചെയ്ത് സമ്പാദിക്കുന്നവരായി തീര്‍ന്നിട്ടും പല കുടുംബങ്ങളിലും യാതൊരു വ്യത്യാസവുമില്ലാതെ - സ്ത്രീയുടെ ഏതു വരുമാനവും പുരുഷന്റെ നിയന്ത്രണത്തിലാവുമെന്ന കാര്യത്തില്‍ പഴയ പോലെ തന്നെ  തുടരുന്നത് നാം എന്നുമുതലോ അനുവര്‍ത്തിച്ചുവരുന്ന, വ്യത്യസ്തമായ സാമൂഹ്യാന്തരീക്ഷത്തില്‍ സമൂഹം എന്നോ തീരുമാനിച്ചുറച്ച ഒരു മൂല്യബോധത്തിന്റെ പിന്‍ബലത്തിലാണ്.

ഇതങ്ങനെയൊന്നുമല്ലെന്നും പല നഗരവല്‍കൃത ‘ആധുനിക’ കുടുംബങ്ങളിലും സ്ത്രീകള്‍ തീരുമാനമെടുക്കുന്നതില്‍ തുല്യ പങ്കാളികളാണെന്നും ഉള്ള വാദത്തെ അഭിസംബോധനചെയ്തുകൊണ്ട് തന്നെയാണ് ഞാനിക്കാര്യം പറയുന്നത്. തൊലിപ്പുറമെയുള്ള ആധുനികതയല്ലാതെ കുടുംബത്തിലെ 2-ാംസ്ഥാനത്തുള്ള സ്ത്രീയുടെ അടിസ്ഥാന പദവിയില്‍ ഇന്നും മാറ്റം വന്നിട്ടില്ല.  മാന്യതയുടെ മുഖംമൂടിയണിഞ്ഞ്  പുറമെ കാണിക്കുന്ന ഉപചാരങ്ങളും, ആധുനിക, പുരോഗമന ചിന്തക്കാരനാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനുള്ള വളരെ ഉപരിപ്ലവമായ കുരുട്ടു സൂത്രങ്ങളും യഥേഷ്ടം ചുറ്റും നമുക്ക് കാണാമെങ്കിലും പെണ്ണിനുള്ള ആ “സ്വാതന്ത്ര്യം” നിലനില്‍ക്കുന്നത്, സമൂഹം ഉറപ്പിച്ചു കല്പിച്ച റോളില്‍ സ്ത്രീ പെരുമാറുമ്പോള്‍ മാത്രമാണ് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. പ്രതീക്ഷിക്കപ്പെടുന്ന ചട്ടക്കൂട്ടില്‍ നിന്ന് ഇത്തിരിയെങ്കിലും കുതറാന്‍ ശ്രമിക്കുന്ന സ്ത്രീകളെ നിഷേധികളും അഹങ്കാരികളും കുലടകളും ആയിട്ടാണ് പൊതുജനം പൊതുവെ വിലയിരുത്താറ്. ആണിനെ അതിന് കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ആ വിലയിരുത്തല്‍, തലമുറകളായി സമൂഹം ആണിനെ അനുവര്‍ത്തിക്കാന്‍ പഠിപ്പിച്ച മൂല്യബോധമാണ്. നിലവിലുള്ള പെരുമാറ്റച്ചട്ടങ്ങള്‍, അടിസ്ഥാനമാക്കുന്നത് എപ്പോഴും സമൂഹത്തില്‍ വേരൂന്നിയ മൂല്യബോധങ്ങളെയാകും. അതത്ര വേഗമൊന്നും മറികടക്കാന്‍ ആണിനായാലും പെണ്ണിനായാലും പറ്റില്ല. ഒഴുക്കിനെതിരെ നീന്താന്‍ ഭൂരിപക്ഷവും തയ്യാറാവില്ല. ആ ഒഴുക്ക് അവനവന് അനൂകൂലമാണെങ്കില്‍ പ്രത്യേകിച്ചും അതാകും സ്ഥിതി.

ഈ ഒഴുക്കിന്റെ ഭാഗമാണ് സ്ത്രീധനം എന്ന “ആവാസ വ്യവസ്ഥ.”. വീട്ടുജോലിചെയ്യാനും കുട്ടികളെ പ്രസവിച്ച് വളര്‍ത്താനും വേണ്ടി  ജോലിക്ക് വയ്ക്കപ്പെടുന്ന സ്ത്രീയ്ക്ക് ഭര്‍തൃവീട്ടില്‍, ഭര്‍ത്താവിനുമുന്നില്‍, ഒരു ചെറിയ പരിധിവരെ ‘മാന്യത’ നേടാനുള്ള ഉപകരണം കൂടിയായാണ് സ്ത്രീധനം  കണക്കാക്കപ്പെടുന്നത്. ബഹുഭൂരിപക്ഷം വീട്ടമ്മമാരും ചെയ്യുന്ന ജോലികള്‍ പ്രത്യേക പരിശീലനമോ പ്രാഗത്ഭ്യമോ വേണ്ടാത്തവയായതിനാല്‍ അത് ചെയ്യുന്ന വ്യക്തിക്ക് അത്ര പ്രാധാന്യമേ വീട്ടിലുണ്ടവൂ. വീട്ടിലെ ജോലിക്കാരി യജമാനന്റെ അനിഷ്ടത്തിന് കാരണമായാല്‍ അവളുടെ ജോലി തെറിക്കും. പിന്നെ, പുതുതായി  വന്നാലും കഥ ഇതൊക്കെതന്നെയാവും എന്ന് ആണിനു ബോധ്യമാകുന്നിടത്ത്  വച്ചാണ്,   സൗകര്യം, മക്കളുണ്ടങ്കില്‍ പ്രത്യേകിച്ചും, നിലവിലുള്ള രീതി തുടര്‍ന്നുപോകുന്നതാണ് എന്ന് ഏത് മനുഷ്യനും കരുതിപോകുന്നത് . ആണ്‍-പെണ്‍ വിവാഹബന്ധത്തില്‍ പൊതുവെ സ്‌നേഹം ബൈ ഡിഫാള്‍ട്ട് നിലനില്‍ക്കുന്നില്ല. അവിടെ സൗകര്യങ്ങളും സാമ്പത്തികവും ആണ് പ്രധാനം. നാല് കാശ് സമ്പാദിക്കാനാവാത്ത ഒന്നിനെ ജീവിതം മുഴുവന്‍ ഞാനെന്തിനേറ്റി നടക്കണം എന്നാണ് ഒരാള്‍ എന്നോട് ഒരിക്കല്‍ ചോദിച്ചത്. “അതിനെനിക്ക് പണം കിട്ടണം! ” അയാള്‍ തറപ്പിച്ചു പറഞ്ഞു. 'അവൾ ചെയ്യുന്ന ജോലിക്കു പകരക്കാരെ കിട്ടാൻ വിഷമമൊന്നുമില്ല' 

സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും നിയമവിരുദ്ധമാണെന്നറിയാഞ്ഞിട്ടൊന്നുമല്ല  അത് പിന്‍തുടരുന്നത് .ബന്ദ് പാടില്ലെന്നു പറഞ്ഞപ്പോള്‍ അത് ഹര്‍ത്താലായതുപോലെ സ്ത്രീധനം, കുട്ടിക്ക് കൊടുക്കുന്ന “സമ്മാന”മായി മാറുന്നു. കാര്യം ഒന്നുതന്നെ എന്ന് ഇരുവശത്തുള്ളവര്‍ക്കും നന്നായറിയാം.

പെണ്ണിന്റെ കഴുത്തില്‍ ഒരു താലി വീണാല്‍ രക്ഷപ്പെട്ടു എന്നാണ് മിക്ക പെണ്‍വീട്ടുകാരുടെയും  ഭാവം. വിവാഹമോചനത്തിന്റെ നൂലാമാലകളും മക്കളും, പുതുതു വന്നാലും വലിയ വ്യത്യാസമില്ലെന്ന തോന്നലും ഒക്കെ ആണ് ഭൂരിപക്ഷം വിവാഹങ്ങളേയും നിലനിര്‍ത്തുന്നത്. സഹികെട്ട്   വീട്ടില്‍ നിന്ന്  ഓടിപ്പോന്നാല്‍ സ്വീകരിക്കാന്‍ സ്വന്തം മാതാപിതാക്കള്‍പോലും തയ്യാറാവില്ല. നിന്റെ വീട് അതാണെന്നും ജീവിതത്തില്‍ വിട്ടുവീഴ്ചകള്‍ വേണ്ടി വരുമെന്നും ആണുങ്ങളായാല്‍ അങ്ങനെയൊക്കെ ചെയ്യുമെന്നും തുടങ്ങിയുള്ള ഉപദേശങ്ങള്‍ മഴപോലെ അവൾക്കു മേൽ  പെയ്യും. സത്യത്തില്‍ ഇവിടെ കാരണം, സാമ്പത്തികത്തേക്കാളൊക്കെ സാമൂഹികമാണ്. ഭര്‍ത്താവുപേക്ഷിച്ച പെണ്ണ് അവന്റെ “എച്ചിലാ”ണ്! പിന്നെ അതാരും തൊടില്ല. പെണ്ണിന്റെ കഴുത്തില്‍ താലികിടക്കുന്നിടത്തോളം അവളെ തീറ്റിപോറ്റേണ്ടത് അവനാണ്! എന്തായാലും അവൾക്കൊരാൾ വേണം പാമ്പായാലും പഴയതുതന്നെ ഭേദം എന്നു കണക്കുകൂട്ടുകയാണ് ഇവിടെ രണ്ടു വീട്ടുകാരും. അല്ലെങ്കില്‍ അതൊരുവലിയ നൂലാമാലയാകും. മക്കളുണ്ടെങ്കിൽ  പെണ്ണും അതുതന്നെ കരുതും.  എത്ര തല്ലിയാലും ചതച്ചാലും അപമാനിച്ചാലും, അവള്‍ അവിടെ ചൊക്ലി പട്ടിയെപോലെ താന്‍ പറഞ്ഞതൊക്കെ കേട്ട് തന്റെ കാല്ക്കല്‍ തന്നെ കിടന്നോളും എന്ന് ഏതു ശരാശരി ഭര്‍ത്താവിനുമറിയാം. തല്ലാനും തൊഴിക്കാനും കൂടെകിടക്കാനും അനുസരിക്കാനും അല്ലെങ്കില്‍ പിന്നെന്തിനാണ് ഭാര്യ?! വിശക്കുമ്പോള്‍ കഴിക്കാനുള്ള ചോറ്, അയാളുടെ കയ്യിലാണെന്ന് അവള്‍ എപ്പോഴും പേടിയോടെ  ഓർമ്മിക്കുന്ന ഒന്നാണ് . എതിര്‍ത്ത് പുറത്തിറങ്ങിയാല്‍ തലക്കുമീതെ ചിതപോലെ കത്തുന്ന വെയില്‍ മാത്രമാവും കൂടെയുണ്ടാവുക. അതിനാല്‍ മരിക്കാന്‍ ധൈര്യമില്ലാത്തവര്‍ ആട്ടും തുപ്പും കൊണ്ട് ജീവിക്കും. ഇത്തിരി ആത്മാഭിമാനമു ണ്ടങ്കില്‍ പോയി ചാവും. സദാ ശ്വാസം മുട്ടി, മരിച്ചതിനു തുല്യമായി ജീവിക്കുന്നതിനേക്കാൾ ഭേദം  അതാണല്ലോ എന്ന്  ചിന്തിച്ചു പോകും. 

ഭര്‍ത്താവിനോട് പിണങ്ങിവന്ന് വീട്ടില്‍ നില്‍ക്കുന്ന മകള്‍ വീടിനപമാനമാണ്. താഴെ അനിയത്തിമാരുണ്ടെങ്കില്‍ അമ്മയും അചഛ്‌നും വിവാഹിതയായ മകളുടെ ദുരിതജീവിതം കണ്ടില്ലെന്നു നടിക്കുകയാണ് മിക്കവാറും പതിവ് . ഒന്നാമത്, ഇനി കൊടുക്കാന്‍ കാശില്ല. രണ്ടമത് “ഇവിടെ” വന്നിട്ടെന്തു ചെയ്യാന്‍? ഏതു പെണ്ണിനും ജീവിത സായൂജ്യം വിവാഹിത എന്ന പദവി ആണെന്ന് സമൂഹം നിശ്ചയിച്ചിരിക്കെ ആ പദവിയില്‍ മകളെ ഇരുത്താന്‍ വേണ്ടി നടത്തുന്ന എന്തും സാധൂകരിക്കപ്പെടുന്നു. പെണ്ണ് സഹിക്കേണ്ടവളാണെന്ന് പറയുക, അച്ഛന്‍ കാശ് കൊടുക്കുക, ചീത്ത കുടുംബമെന്ന് പേര് കേള്‍പ്പിക്കാതിരിക്കുക ,പെണ്ണിന് ഉപജീവനമാര്‍ഗ്ഗം ഉറപ്പാക്കുക തുടങ്ങിയ പല മാനങ്ങളും സ്ത്രീധനം കൊടുക്കുന്നതിനും വാങ്ങുന്നതിനും ഉണ്ട്. പരാതിയില്ലെങ്കില്‍ കേസെടുക്കാനോ ശിക്ഷിക്കാനോ ആവില്ലെന്ന് നിയമവിദഗ്ദരും പോലീസും പറയുന്നു. കാര്യങ്ങള്‍ വഷളാകുമ്പോള്‍ മാത്രമാണ് സ്ത്രീധനം കൊടുത്തകാര്യം പുറത്തുവരുന്നത്. മകള്‍ക്ക് അച്ഛന്‍ കൊടുക്കുന്നത്, വരന്റെ വീട്ടുകാര്‍ ആവശ്യപ്പെട്ട സ്ത്രീധനമായിരിക്കുമെങ്കിലും, അത് അച്ഛന്‍ മകള്‍ക്കു കൊടുത്ത സമ്മാനമല്ലെന്നും അത് വരന്‍ ആവശ്യപ്പെട്ടതാണെന്നും തെളിയിക്കാന്‍ മാര്‍ഗ്ഗങ്ങളില്ല. സ്ത്രീധനം  കൊടുത്ത അച്ഛന്‍, കൊടുക്കുന്നതും ശിക്ഷാര്‍ഹമായതിനാല്‍, ഒരിക്കലും പരാതിപ്പെടില്ല. പിന്നെ ബാക്കി വരുന്നത് ഗാര്‍ഹിക പീഡനക്കേസ് മാത്രമാണ്. ഗാര്‍ഹിക പീഢനം തുടങ്ങും മുന്‍പേ സ്ത്രീധനത്തുക കൊടുത്തുകഴിഞ്ഞിരിക്കുമല്ലോ. അല്ലെങ്കില്‍ വിവാഹം നടക്കില്ല. ഇപ്പോള്‍ പുതിയൊരു പേരുണ്ട് അറേഞ്ചഡ്    ലവ്   മാര്യേജ് എന്നാണ് . എന്നു വച്ചാല്‍ പൂര്‍ണ്ണ ലവ്  ആണെങ്കിലും അറേഞ്ച്ഡ് ആക്കും. കൊടുക്കല്‍ വാങ്ങല്‍ അതേപോലെ നിലനില്‍ക്കുമെന്നര്‍ത്ഥം.

വിവാഹിതയാകാത്ത പെണ്‍കുട്ടി സ്വന്തം വീട്ടില്‍ ഒരു മുടക്കാചരക്കാണെന്നും അവളെ എങ്ങനെയെങ്കിലും “വിറ്റഴിക്കണ”മെന്നും തന്നെയാണ് ഭൂരിപക്ഷത്തിന്റേയും ചിന്താഗതി. സ്വന്തം കാലില്‍ നില്‍ക്കാത്ത സ്ത്രീയെ ''വിറ്റഴിക്ക''യല്ലാതെ ഉപജീവനം ഉറപ്പാക്കാന്‍ വഴിയില്ലെന്ന ധാരണ ചരിത്രാതീതകാലം മുതല്‍ നിലനില്‍ക്കുന്നു എന്നോര്‍ക്കണം. അവിടെ പണത്തിന്റെ കണക്കല്ലാതെ, സ്‌നേഹവും പ്രേമവും ഒന്നുമില്ല. “നിങ്ങള്‍ എത്ര കൊടുക്കും” എന്ന ചോദ്യം സോഫോക്ലിസിന്റെ വാള്‍ പോലെ എല്ലാ അച്ഛന്മാരുടേയും തലക്കുമുകളില്‍ തൂങ്ങുന്നുണ്ട്. സ്ത്രീധനം കൊടുക്കാത്തതിനാല്‍ വിവാഹം നടക്കാതിരിക്കുന്നത് അച്ഛന് കഴിവുകേടും മാനക്കേടുമാണ്. ഇത് പറയുന്നത് (കൊടുക്കാന്‍ കാശില്ലെങ്കില്‍ എന്തിനുണ്ടാക്കി എന്ന്) അമ്മയും മകളും സമൂഹവും ഒരുമിച്ചാണ്. സ്വന്തം സമ്പാദ്യം ഊറ്റിയെടുത്തും വീട് പണയം വച്ചും ഒക്കെ വരന്‍ ആവശ്യപ്പെടുന്ന തുക നല്‍കിയാലും, അത് മകളുടെ സുരക്ഷിതത്വത്തിനോ പിന്നീടങ്ങോട്ടുള്ള ഉപജീവനത്തിനോ യാതൊരു ഗ്യാരന്റിയും നല്‍കുന്നില്ല എന്നാലോചിക്കാവുന്നതേയുള്ളൂ. മാനത്തെറിഞ്ഞ ഒരു വെടി മാത്രമാണ് സ്ത്രീധനത്തുക എന്നര്‍ത്ഥം. ഒരു വലിയ റിസ്‌ക്ക് എടുക്കല്‍. “ബിസിനസ്സ്” “പച്ചപിടിച്ചാ”ല്‍ മകള്‍ രക്ഷപ്പെട്ടേക്കാമെന്ന ആശ മാത്രമാണ് പെണ്‍വീട്ടുകാരുടെ കൈമുതല്‍. 

അതങ്ങനെയേ ആകൂ. സമൂഹ മനസ്സില്‍, തീരെ തുല്യരല്ലാത്ത ണ്ട്  പേര്‍ക്കിടയിലെ കച്ചവടക്കരാര്‍ ആണ് വിവാഹം. പങ്കാളികളില്‍ കൂടുതല്‍ പണം കൈയാളുന്നവന്റെ ചൊല്‍പ്പടിക്ക് നില്‍ക്കുക മാത്രമേ കുറഞ്ഞ മുതല്‍ മുടക്കുള്ളവന് സാധ്യമാകൂ. ഏതു കച്ചവടത്തിലേയും നിയമമാണത്. കുടുംബക്കാര്‍ നിലയും വിലയും നോക്കി നിശ്ചയിക്കുന്ന ദാമ്പത്യങ്ങളില്‍ സ്‌നേഹം, പ്രേമം എന്നിവയൊന്നും ആരും  പ്രതീക്ഷിക്കുന്നില്ല എന്നു മാത്രമല്ല, സ്ത്രീധനംകൊണ്ട് ഒരു സമതുലിതാവസ്ഥ സൃഷ്ടിക്കാമോ എന്നാണ് കുടുംബങ്ങള്‍ നോക്കുന്നതും.

ഈ തത്വത്തെ അട്ടിമറിക്കും വിധം ഒരേപോലെ ജോലിയും ശമ്പളവുമുള്ള ആണും പെണ്ണും തമ്മിലാണ് വിവാഹമെങ്കിലും പെണ്‍വീട്ടുകാര്‍ സ്ത്രീധനം കൊടുക്കണമെന്നതാണ് ‘നിയമം’. ജീവിതം മുഴുവന്‍ ഭര്‍ത്താവിനോടൊപ്പം ചെലവിടേണ്ട സ്ത്രീയ്ക്ക്, തുല്യമായ സാമ്പത്തിക സ്ഥിതി ഉണ്ടെങ്കില്‍പോലും നിലവിലുള്ള സാമൂഹിക മൂല്യബോധങ്ങള്‍ അവരെയും ഭര്‍ത്താവിന് താഴെയുള്ള സ്ഥാനത്തേ കാണൂ. നിയന്ത്രണം പുരുഷന്റെ കയ്യിലാവണമെന്ന് സമൂഹം ശഠിക്കുന്നത് അതുകൊണ്ടാണ്. അതൊരു മൂല്യബോധത്തിന്റെ ബാക്കി പത്രമാണ് എന്നതാണ് കാരണം. കാശിന്റെ ഉടമസ്ഥതയും നിയന്ത്രണവും ആണിനാകണം എന്ന മൂല്യബോധമാണ് സ്ത്രീ സമ്പാദിക്കുന്നവളും തുല്യസാമ്പത്തിക സ്ഥിതി ഉള്ളവളും ആണെങ്കിലും അവള്‍ക്ക് തുല്യത അനുവദിക്കാത്തത്. സ്ത്രീധനമായി കൊടുക്കുന്ന തുകയിലൂടെ ഭര്‍തൃവീട്ടില്‍ എത്തിച്ചേരുന്ന  ് പെണ്‍കുട്ടിക്കവകാശപ്പെട്ട പൈതൃക സ്വത്ത്, ജനിച്ച വീടുമായുള്ള ബന്ധം വേര്‍പ്പെടുത്തി മറ്റൊരു ജീവിതം കെട്ടിപ്പടുക്കാന്‍ അവള്‍ പോകുമ്പോള്‍ അവള്‍ക്ക് കൊടുത്തുവിടുക എന്നതാണല്ലൊ സ്ത്രീധനത്തിന്റെ വിശ്വസിക്കപ്പെടുന്ന  അടിസ്ഥാന തത്വം. പെണ്ണിന് ജനിച്ച വീട്ടില്‍ യാതൊരു സ്വത്തും അവകാശവും ഇല്ലാതാകുന്നത് അതുകൊണ്ടാണ്. (മരുമക്കത്തായത്തില്‍ ഇത് കുറച്ച് വ്യത്യസ്തമാണ്. ജനിച്ച വീട്ടിലെ അവളുടെ അവകാശം കല്യാണത്തോടെ അവസാനിക്കാത്തതിനാലാണ് അവള്‍ക്ക് സ്വന്തം വീട്ടില്‍ വന്ന് താമസിക്കാന്‍ കഴിയുന്ന ഒരു സാമൂഹ്യവ്യവസ്ഥ രൂപപ്പെട്ടത്.) പെണ്ണിന് ജനിച്ച വീട്ടില്‍  അവകാശം ഇല്ലാതായി പോകുന്ന ഇന്നത്തെ പിതൃദായിത്വ വ്യവസ്ഥിതിയില്‍, ഭര്‍തൃവീട്ടില്‍ എത്ര പീഡനങ്ങളുണ്ടായാലും ജനിച്ച വീട്ടിലേക്ക് തിരിച്ചുവരാനുള്ള അവകാശം നിയമപരമായിതന്നെ ഇല്ലാത്തതിനാല്‍ അവിടെ കടിച്ചു തൂങ്ങുകയേ നിവൃത്തിയൂള്ളൂ. ഭര്‍ത്താക്കന്മാര്‍ മുതലാക്കുന്നതും അതാണ്.

സ്ത്രീധനപീഡനങ്ങളുടെ ആണിക്കല്ല് ഇവിടെയാണ് തിരയേണ്ടത്. ഈ സാഹചര്യത്തില്‍, പോകാന്‍ മറ്റൊരിടമില്ലാത്ത സ്ത്രീയ്ക്ക് എത്ര പീഡനമനുഭവിച്ചാലും ജീവിക്കണമെങ്കില്‍ മറ്റൊരു വഴിയില്ല. ഉള്ള ‘മാന്യ’മായ മറ്റൊരോപ്ഷന്‍ മരണം വരിക്കലാണ്. അതാണ് സഹികെട്ട മിക്ക പെണ്‍കുട്ടികളും ചെയ്യുന്നത്. മാന്യമായ ഓപ്ഷന്‍ എന്ന് ഞാന്‍ ബോധപൂര്‍വ്വം തന്നെ പറഞ്ഞതാണ് എന്നോര്‍പ്പിക്കട്ടെ.

പീഡനങ്ങള്‍ പൊറുതിമുട്ടിച്ച വിസ്മയക്ക് ഭര്‍തൃഗൃഹത്തില്‍നിന്ന് സ്വന്തം വീട്ടിലേക്ക് പോകാമായിരുന്നു. പീഡന വിവരങ്ങള്‍ മാതാപിതാക്കളെ അറിയിച്ചപ്പോള്‍ അല്ലെങ്കില്‍ അറിഞ്ഞപ്പോള്‍ (അവര്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു എന്നാണ് അറിഞ്ഞത്) അവര്‍ വിസ്മയയെ ഭര്‍തൃഗൃഹത്തില്‍ നിന്ന് വീട്ടിലേക്ക് വിളിച്ചു കൊണ്ടു വരണമായിരുന്നു. കോടതിയിലൂടെ വിവാഹമോചനം നേടാമായിരുന്നു. ആയുര്‍വേദ ഡോക്ടറാവാനിരുന്ന വിസ്മയയെ സ്വന്തം കാലില്‍ നിന്ന് ജീവിതത്തെ നേരിടാന്‍ സന്നദ്ധയാക്കാമായിരുന്നു. അങ്ങനെയൊരു തീരുമാനം താരതമ്യേന  വിദ്യാഭ്യാസമുള്ള  വിസ്മയക്ക് സ്വയം എടുക്കാമായിരുന്നു. വിദ്യാഭ്യാസവും സാമ്പത്തികസ്ഥിതിയും അനുകൂലമായിരുന്നിട്ടും വിസ്മയയും അവളുടെ മാതാപിതാക്കളും അങ്ങനെയൊരു ഓപ്ഷന്‍ തിരഞ്ഞെടുക്കാഞ്ഞതെന്തേ എന്ന ചോദ്യം വരുമ്പോഴാണ് നിലവിലുള്ള സാമൂഹ്യ മൂല്യബോധങ്ങള്‍ ആ സമൂഹത്തിലെ വ്യക്തികളില്‍ അദൃശ്യമായി ചെലുത്തുന്ന സമ്മര്‍ദങ്ങളുടെ കാഠിന്യം മനസ്സിലാകുക. തല്ലാനും കൊല്ലാനും വരുന്ന ഭര്‍ത്താവായാലും പരസ്യമായി  ഭര്‍ത്താവിനെ തള്ളിപ്പറയുന്നത് കുലീനകളുടെ ലക്ഷണമല്ല എന്ന് ഇന്നും വിശ്വസിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. 

ഒരു ഗാര്‍ഹികപീഡന കേസുമായി ബന്ധപ്പെടേണ്ടി വന്നപ്പോള്‍, കേസ് റജിസ്റ്റര്‍ ചെയ്യാന്‍ കൂട്ടാക്കാതിരുന്ന പോലീസുകാരന്‍ പറഞ്ഞത്; “മാഡം ഇടപെടാന്‍ പോകേ ണ്ട, രണ്ടുമൂന്നു ദിവസം കഴിഞ്ഞാന്‍ അവര്‍ ഒന്നാവും, നമ്മള്‍ പുറത്തുമാകും എന്നാണ്! ” വീട്ടിലെ പുഴുക്കുത്തുകള്‍ വെളിപ്പെടുത്താതിരിക്കുക എന്നതാണ് കുലീനകള്‍ക്കുള്ള അന്ത്യശാസനം. അതിന്റെ ബാക്കിപത്രമാണ് വിവാഹം കഴിഞ്ഞുപോയ പെണ്‍കുട്ടികളെ മുന്‍പറഞ്ഞപോലെ ജനിച്ച വീട്ടില്‍ സ്വീകരിക്കാതിരിക്കുന്നതും. അടിസ്ഥാനം സാമ്പത്തിക കണക്കു കൂട്ടലില്‍ നിന്നുത്ഭവിച്ച സാമൂഹ്യ മൂല്യബോധമാണ് എന്നര്‍ത്ഥം. അവകാശമില്ലാത്തിടത്തേക്കുള്ള തിരിച്ചു പോക്കിനേക്കാള്‍ അഭികാമ്യം മരണമാണ് എന്നാണ് പെണ്‍കുട്ടിയും അപമാനിതരാകുമെന്ന ഭീതി പുലര്‍ത്തുന്ന വീട്ടുകാരും വിചാരിക്കുന്നത്. തിരിച്ചുവന്നോളൂ എന്ന് വീട് അവളോട് പറയില്ല. സാമൂഹിക സന്ദര്‍ഭങ്ങള്‍ എത്രമാത്രം ആഴത്തിലാണ് പരോക്ഷമായാണെങ്കിലും വ്യക്തികളില്‍ പ്രവര്‍ത്തിക്കുന്നത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇത്.

വിവാഹമോചിത എന്നത് നമ്മുടെ സമൂഹം സന്തോഷത്തോടെ അംഗീകരിക്കുന്ന പദവിയല്ല. തെറ്റാരുടേതാണ് എന്ന ചോദ്യമല്ല പ്രധാനം. ഇല മുള്ളില്‍ വീണാലും മുള്ള് ഇലയില്‍ വീണാലും കേട് ഇലയ്ക്കാണ് എന്ന ആപ്തവാക്യം കേട്ടുവളരാത്ത പെണ്‍കുട്ടികളുണ്ടാവില്ല. ആ ‘കേട്’ സാമൂഹ്യവും സാമ്പത്തികവുമാണ്. “ആരു നോക്കും അവളെ” എന്ന ചോദ്യത്തില്‍ അടങ്ങിയ, ആരെങ്കിലും നോക്കേണ്ടവളാണവള്‍ എന്ന വ്യംഗ്യം സ്ത്രീയുടെ കൈകളില്‍ കാലങ്ങളായി വീണുകിടക്കുന്ന കൂച്ചുവിലങ്ങാണ്. മറ്റാരും നോക്കേണ്ട , ഞാന്‍ നോക്കും എന്നെ എന്ന് പറയാനുള്ള സാമ്പത്തികവും മാനസികവും ആയ തന്റേടവും സാഹചര്യവും എന്ന് പെണ്‍കുട്ടികള്‍ ആര്‍ജ്ജിക്കുന്നുവോ അന്നേ, ഇത്തരം മരണങ്ങള്‍ക്ക് അറുതി വരൂ.

ആണിനൊരുജോലി, പെണ്ണിനൊരു കല്യാണം എന്നാണ് നമ്മുടെ ഭൂരിപക്ഷം കുടുംബങ്ങളിലെയും അടിസ്ഥാനചിന്ത. അതായത് ആണിന്റെ ജോലിക്കു പകരമാണ് പെണ്ണിന്റെ സേവിങ്സ്  ബാങ്ക്  ആകാന്‍ ഒരു ഭര്‍ത്താവ്. ഊണിനും ഉടുപുടവയ്ക്കും ഒരു മാര്‍ഗ്ഗം. പണ്ടേ മാധവിക്കുട്ടി, നമ്മുടെ കുടുംബങ്ങളെ വളരെ വിപുലമായ അർത്ഥത്തിൽ ധ്വന്യാത്മകമായി “വേശ്യാലയങ്ങള്‍” എന്നുവിളിച്ചത് അതുകൊണ്ടാണ്.

പുറത്തെ ജോലിയും സ്വന്തം പേരില്‍ സ്വത്തും പെണ്ണിന് നിഷേധിക്കപ്പെട്ടിരുന്ന ഒരു കാലഘട്ടത്തിന്റെയും അതുയര്‍ത്തിയ സാമൂഹ്യമൂല്യബോധത്തിന്റേയും ബാക്കിപത്രമാണ്, ആണിന് ജോലി, പെണ്ണിന് വിവാഹം എന്ന നിലപാടിലേയ്ക്ക് കുടുംബങ്ങളെ നിര്‍ബന്ധപൂര്‍വ്വം നയിക്കുന്നത്. അത് മാറണമെങ്കില്‍ പെണ്ണ് സ്വന്തം കാലില്‍ നില്‍ക്കാന്‍ തക്കവിധം സമ്പാദിക്കാന്‍ തുടങ്ങുകയും അവിവാഹിത, വിവാഹമോചിത എന്നീ പദവികള്‍ പുരാതനമൂല്യബോധങ്ങളുടെ ചുവയില്ലാതെ സമൂഹത്തില്‍ അംഗീകരിക്കപ്പെടുകയും ചെയ്യണം. 

ഏറെക്കുത്തിയാല്‍ ചേരയും കടിക്കും എന്ന പഴമൊഴിപോലെ, പീഢനങ്ങള്‍ അസഹനീയമാകുമ്പോള്‍ അവിടം വിട്ട് സ്വന്തം നിലയ്ക്ക് ഒറ്റക്ക് ജീവിക്കാനുള്ള തയ്യാറെടുപ്പ് പെണ്‍കുട്ടികള്‍ കാണിക്കണം. അതിനാദ്യം വേണ്ടത് സാമ്പത്തിക സ്വാശ്രയത്വമാണ്. ഇന്നത്തെ സാഹചര്യത്തില്‍ അതെളുപ്പമല്ലെങ്കിലും അസാധ്യമല്ല. പെണ്‍കുട്ടികളെ ഈ ചിന്താഗതിയിലേക്ക് കൊണ്ടുവരാനാണ് മാതാപിതാക്കള്‍ കഴിയുമെങ്കില്‍ ശ്രമിക്കേണ്ടത്. പല ചര്‍ച്ചകളിലും കേള്‍ക്കുംപോലെ ആണിനെ പറഞ്ഞു മനസ്സിലാക്കി ഇത് നേടിയെടുക്കാമെന്ന വ്യാമോഹമൊന്നും വേണ്ട. ചൂഷകനോട് ചൂഷണം ചെയ്യരുതെന്ന് പ്രസംഗിക്കുന്നതുപോലെ വ്യര്‍ത്ഥമാണത്. വിസ്മയയെ വീട്ടില്‍ കൊണ്ടുവന്ന് നിര്‍ത്തി (ആരൊക്കെ എതിര്‍ത്താലും) പഠിപ്പ് തുടര്‍ന്ന് സ്വന്തം വരുമാനം ഉറപ്പാക്കാന്‍ ശ്രമിക്കുന്നതിനുപകരം, വിവാഹിതയെന്ന ഗില്‍ട്ട് പതിച്ച കിരീടം മകളുടെ തലയില്‍ നിന്ന് വീഴാതിരിക്കാന്‍ വേണ്ടി   അവളേയും കൂട്ടി നൂല്‍പ്പാലത്തിലൂടെന്നപോലെ നടന്ന ആ മാതാപിതാക്കള്‍ക്ക്, മകളുടെ ദുരിതത്തിന്റെ ആഴം മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെന്നത് ,കുടുംബങ്ങള്‍ക്ക് ഇനിയും ഏറെ ഇക്കാര്യത്തില്‍  മാറി ചിന്തിക്കാനുണ്ടെന്ന്  വെളിപ്പെടുത്തുന്നു .

വിസ്മയ ഒറ്റപ്പെട്ട സംഭവമല്ല. മാതാപിതാക്കളുടെ മനോഭാവവും ഒറ്റപ്പെട്ട സംഭവമല്ല. നമുക്കിടയില്‍ നിലനില്‍ക്കുന്ന മഞ്ഞുമലയുടെ ഒരറ്റം മാത്രമേ നാം ഇതിലൂടെ കാണുന്നുള്ളൂ. കണ്ടിട്ടുള്ളൂ.

വിവാഹത്തിന് മുന്‍പുള്ള കൗണ്‍സിലിങ്ങിന് സൗകര്യമുണ്ടെങ്കിലും ഇന്നും മിക്കകുടുംബങ്ങളും പെണ്‍കുട്ടികളെ അതിന് വിടാറില്ല എന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന കൗണ്‍സിലര്‍മാരുടെ സ്ഥിരം പരാതിയാണ്. ദാമ്പത്യത്തില്‍ സ്‌നേഹമുണ്ടാകാം എന്നല്ലാതെ സ്‌നേഹമുണ്ടാകും എന്ന് പെണ്‍കുട്ടികള്‍ (ആണ്‍കുട്ടികളും) മുന്‍വിധിയെടുക്കരുത്. സ്വഭാവങ്ങള്‍ മാറ്റുരക്കാനുതകുന്ന സന്ദര്‍ഭങ്ങള്‍ തരുന്ന പാഠങ്ങള്‍ ആണും പെണ്ണും കൃത്യമായി മനസ്സിലാക്കേണ്ടണ്ടതാണ് . പരസ്പരം തീരെ പരിചയമില്ലാത്ത രണ്ട് വ്യക്തിത്വങ്ങള്‍ കൂടിക്കഴിയാനൊരുങ്ങുമ്പോള്‍ വിവാഹത്തെക്കുറിച്ചുള്ള തെറ്റായ കാല്പനിക ധാരണകളില്‍ നിന്ന് പ്രായോഗിക പരിഗണനകളിലേക്ക് ഇറങ്ങി വരേണ്ടി വരും. അതിനാണ് കൗണ്‍സിലിങ്ങ് അത്യാവശ്യമാകുന്നത്. പെണ്‍കുട്ടികള്‍ക്ക് അത്യാവശ്യമാണത്. 

ആവര്‍ത്തിച്ചുപറയട്ടെ, സത്രീധന നിരോധന നിയമങ്ങള്‍ ഇല്ലാത്തതല്ല നമ്മുടെ പ്രശ്‌നം. പരാതിയില്ലാതെ നിയമനടപടികളിലേക്ക് കടക്കാന്‍ സാധ്യമല്ലെന്നതാണ്. പല പാശ്ചാത്യരാജ്യങ്ങളിൽ  (അവിടെ ഇപ്പോൾ സ്ത്രീധനം ഇല്ല.) വിവാഹമോചന കേസുകളില്‍ ഭര്‍ത്താവിന്റെ സ്വത്തിന്റെ പകുതിയോളം ഭാര്യക്ക് കൊടുക്കേണ്ടി വരുന്നു. ഇവിടെ സ്ത്രീക്ക്  ജീവനാംശം എന്ന് കോടതി വിധിക്കുന്ന തുക പരിതാപകരമാം വിധം തുഛമാണ്. അത്തരമൊരു സംഖ്യവച്ച് ഒരു വ്യക്തിക്ക് ജീവിതം മുന്നോട്ട് കൊണ്ടുപോകാനാവില്ല. കല്യാണത്തിനുശേഷം, ഭര്‍ത്താവിന്റെ പേരില്‍ മാത്രമായാലും, സമ്പാദിക്കുന്ന സ്ഥാവര ജംഗമ സ്വത്തുക്കളില്‍ ഭാര്യക്ക് അവകാശത്തിനുള്ള അര്‍ഹത ഉറപ്പിക്കുന്ന ഒരു നിയമം സ്ത്രീയ്ക്ക് അനുകൂലമായി പ്രവര്‍ത്തിക്കുമോ എന്ന് ചിന്തിക്കേണ്ടതുണ്ട്  . അല്ലെങ്കില്‍ പീഢനഫലമായാണ് സ്ത്രീ ആത്മഹത്യ ചെയ്തതെന്ന് തെളിയിക്കപ്പെട്ടാല്‍ ഭര്‍ത്താവിന്റെ സ്വത്ത് പൂര്‍ണ്ണമായോ പകുതിയെങ്കിലുമോ  കണ്ട്  കെട്ടാനുള്ള നിയമവും ആത്മഹത്യയിലേക്ക് സ്ത്രീയെ വലിച്ചിഴക്കുന്ന പീഢനങ്ങളെ നിരുത്സാഹപ്പെടുത്തുമോ എന്നും ചിന്തിക്കേണ്ടതുണ്ട് . 

പലരുടേയും സ്വഭാവത്തിന്റെ ഭാഗമാണ് ആര്‍ത്തി എന്നതിനാലും ആര്‍ത്തിയെ മറികടക്കുക എളുപ്പമല്ലാത്തതിനാലും സ്ത്രീധനാര്‍ത്തിയെ കൈകാര്യം ചെയ്യുക അത്ര  എളുപ്പമല്ല. ആ ആര്‍ത്തിയെ പ്രോത്സാഹിപ്പിക്കുന്നത് പെണ്‍മക്കളുടെ താലിച്ചരടിലാണ് തന്റെ സാമ്പത്തിക പ്രൗഢിയും കഴിവും തൂങ്ങി നില്‍ക്കുന്നതെന്ന കുടുംബങ്ങളുടെ ധാരണയുമാണ്. അതിനാല്‍ ഇതിനെ നിയമപരമായിതന്നെ നേരിട്ടേ പറ്റൂ.

വിവാഹം എന്തെന്നുപോലും മനസ്സിലാകാത്ത വെറും പതിനൊന്ന് വയസ്സില്‍ അപരിചിതനായ ഒരാള്‍ക്ക് വിവാഹം കഴിച്ചു കൊടുക്കപ്പെട്ട രഖ്മാബായി എന്ന മഹാരാഷ്ട്രീയ  വനിത പ്രായപൂര്‍ത്തിയായപ്പോള്‍ തനിക്കിഷ്ടമല്ലാത്ത ഭര്‍ത്താവിനൊപ്പം കഴിയാന്‍ വിസമ്മതിച്ചതിന്റെ ഫലമായി പെണ്‍കുട്ടിയുടെ വിവാഹപ്രായവും സമ്മതവും   ഭാരതത്തിലും മറ്റു പാശ്ചാത്യരാജ്യങ്ങളിലും ചര്‍ച്ചാവിഷയമാക്കി, കേസ് വിജയിച്ച് നിയമം പുതുക്കിയെഴുതിച്ച ചരിത്രം നമുക്ക് മുന്നിലുണ്ട്. രഖ്മാബായി (ഇന്ത്യയിലെ ആദ്യത്തെ പ്രാക്റ്റീസിങ്ങ് വനിതാ ഡോക്ടര്‍ ആയിരുന്നു അവര്‍) യുടെ ബൗദ്ധിക പൈതൃകം പിന്‍പറ്റുന്നവരും പറ്റേണ്ടവരും ആണ് ഇവിടത്തെ സ്ത്രീകള്‍ എന്നകൂടി ഈ അവസരത്തിൽ  ഞാന്‍ ഓര്‍മ്മപ്പെടുത്തട്ടെ. സ്വന്തം ജീവിതത്തിന്റെ കടിഞ്ഞാണ്‍, എന്തിന്റെ പേരിലായാലും, മറ്റൊരാളുടെ കൈയില്‍ കൊടുക്കുന്നവര്‍ക്ക് അനുതാപമല്ലാതെ ജീവിതം തിരിച്ചുകിട്ടാന്‍ ഇടയില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക