Image

ആശയഗംഭീരമായ വർത്തമാനങ്ങൾ : ആൻസി സാജൻ

Published on 05 July, 2021
ആശയഗംഭീരമായ വർത്തമാനങ്ങൾ : ആൻസി സാജൻ
കൊല്ലം എം.എൽ എ . മുകേഷ് ,ഒരു പത്താം ക്ളാസ്സുകാരൻ ഫോൺ ചെയ്തപ്പോൾ കയർത്ത് സംസാരിച്ചതും പരിഹസിച്ചതുമായ ശബ്ദസന്ദേശം ഇന്നലെ സോഷ്യൽ മീഡിയയിലും ഓൺലൈൻ ചാനലുകളിലും പിന്നീട് പത്രങ്ങളിലുമൊക്കെ നിറഞ്ഞുനിന്നത് ഒരു മാതിരി എല്ലാവരും കേട്ടും കണ്ടും കാണും. രൂക്ഷമായ എതിർ പ്രതികരണങ്ങളാൽ വലഞ്ഞിട്ടാവണം മുകേഷിന് ലൈവായി വന്ന് കാര്യങ്ങൾ വിശദീകരിക്കേണ്ടി വന്നത്. 
രാഷ്ട്രീയവുമായി ബന്ധപ്പെട്ടവർക്ക് അബദ്ധമോ അഹങ്കാരമോ ആയി എന്തു സംഭവിച്ചാലും അതൊക്കെ എതിർപക്ഷക്കാരുടെ ഗൂഢാലോചനയാണെന്ന് പറയാനാണ് സൗകര്യവും ഇഷ്ടവും. മുകേഷ് സൗമ്യനും മാന്യനുമെന്ന് കരുതിയിട്ടുള്ളവരെ കരുതിയായിരിക്കണം , യൂട്യൂബ് ശേഖരിച്ച് വച്ചിട്ടുള്ള  ചീത്തവിളികൾ നിറഞ്ഞ റെക്കോർഡുകളുടെ ലിങ്കുകളും പങ്കു വെക്കപ്പെടുന്നുണ്ട്.
സിനിമാനടനെന്ന നിലയിൽ പോലും സമൂഹത്തോട് ചില ബാധ്യതകൾ മുകേഷിനുണ്ടെന്ന് നമുക്ക് പറയാം. എന്നാൽ അതിലും എത്രയോ മടങ്ങ് സാമൂഹിക പ്രതിബദ്ധതയുണ്ടാവണം കൊല്ലം എം.എൽ.എ ആയ മുകേഷിന് എന്ന് സാധാരണ ജനം ആഗ്രഹിക്കുന്നത് തടയാൻ ആർക്കെങ്കിലും കഴിയുമെന്ന് തോന്നുന്നില്ല.
പത്രപ്രവർത്തന പരിശീലന  പരിപാടിയുടെ ഭാഗമായി ഒരു മാധ്യമത്തിൽ പ്രവർത്തിക്കുമ്പോഴുണ്ടായ രസകരമായ ഒരോർമ്മ പങ്കു വെക്കാം. മുതിർന്ന പത്രാധിപൻമാർ പ്രസിദ്ധീകരണത്തിനുള്ള മാറ്റർ പരിശോധിക്കുന്നതിനിടയിൽ പറയുന്ന കാര്യമാണ്. 
അന്നത്തെ മുഖ്യമന്ത്രിയുടെ അരപ്പേജ് വരുന്ന പ്രത്യേക അഭിമുഖമാണ്. 
അതിലെ ഹൈലൈറ്റ് വാചകം.
''നാലു തവണ മുഖ്യമന്ത്രി; സമാധാനമെന്തെന്നറിഞ്ഞിട്ടില്ല.."
ആരെങ്കിലും പറഞ്ഞോ ഇതൊക്കെ അനുഭവിക്കാൻ..! 
ഡബിൾ ഇൻവേർട്ടഡ് കോമകൾക്കപ്പുറം പത്രാധിപരുടെ കമന്റ്..
അതു തന്നെ മുകേഷിന്റെ കാര്യത്തിൽ ഇവിടെ ഒന്നൂടെ ഓർക്കാം.
അതുപോലെ , ഈയിടെ വാർത്തകളിൽ നിറഞ്ഞ കേരളപ്പോലീസിലെ ആനി ശിവയെന്ന എസ്.ഐ.യുടെ പ്രബേഷൻ കാലത്ത് വൈക്കം എം.എൽ.എയ്ക്കുണ്ടായെന്ന് പറയപ്പെടുന്ന അസൗകര്യം. ആനിയെ പിന്നീട് ഓഫിസിൽ വിളിച്ചു വരുത്തി കാര്യങ്ങൾ മനസ്സിലാക്കിച്ച് വിട്ടുവെന്നും പലരും പാടിനടക്കുന്നു.
വരുമ്പോൾ ഒന്നിച്ചെന്ന് പറഞ്ഞ പോലെ ഇതിനിടയിൽ തൃശൂർ മേയർക്കുമുണ്ടായി പരിഭവപ്രശ്നം. അദ്ദേഹം സഞ്ചരിക്കുന്ന വഴിയിൽ , കണ്ടാൽ പോലീസ് ഉദ്യോഗസ്‌ഥർ സല്യൂട്ട് അടിക്കുന്നില്ലത്രെ.
ഇതെല്ലാം ചോദിച്ചു വാങ്ങേണ്ടിവരുന്നല്ലോ എന്നത് ഏറെ ഖേദകരം തന്നെ.
നമ്മുടെ നാട്ടിൽ എല്ലാവർക്കും ഇഷ്ടമാണ് സാറേ വിളി. പിന്നെ കാണുന്ന നിമിഷം മറ്റുള്ളവർ എണീക്കുകകൂടി ചെയ്താൽ തൃപ്തി പൂർത്തിയാകും. പുറം രാജ്യങ്ങളിലൊന്നും അങ്ങനെയില്ല എന്ന് കേൾക്കുന്നു.
ഇനി ഫേമസ് ആകാത്ത ചീത്തവിളികൾ ഉണ്ട്. അത് വീട്ടിനുള്ളിൽ തന്നെയാണ്. ഡ്രൈക്ലീൻ ചെയ്ത് വറുത്തപപ്പടം പോലെ പടപടാന്നുള്ള വസ്ത്രങ്ങളുമണിഞ്ഞ് സുഗന്ധനും സുഭഗനുമായി പ്രത്യക്ഷപ്പെടുന്ന ഭർത്താക്കൻമാർ ഭാര്യക്കു നേരെ വിക്ഷേപിക്കുന്ന ഹൈവാട്ട് തെറികളാണത്. മക്കളുടെയും മറ്റുള്ളവരുടെയും മുൻപിൽവച്ചും തെരുവ്ഭാഷ വിളിച്ചു പറഞ്ഞു കളയും.
അതുകേട്ട് മരച്ചുമരവിച്ചു പോകും മിക്ക പെണ്ണുങ്ങളും . അവർ അത് ഫേമസ് ആക്കാനും ധൈര്യപ്പെടില്ല.
രാത്രിവൈകിയും തെറിവിളി തുടർന്ന ഭർത്താവിന്റെ കാര്യം കടലിനക്കരെയുള്ള ഉറ്റ കൂട്ടുകാരിയോട് പറഞ്ഞ് ആശ്വസിക്കാൻ ശ്രമിച്ച ഒരു യുവതിയോട് കൂട്ടുകാരി പറഞ്ഞതെന്തെന്നോ..
'എല്ലാം കണക്കാടീ.. ഇവിടുത്തെ കാലമാടൻ തിരുവനന്തപുരത്തെങ്ങാണ്ട് എൻജിനിയറിംഗ് പഠിച്ചെന്നാ പറയുന്നത്. പക്ഷേ ഇങ്ങേര് എങ്ങാണ്ട് തെറിക്കോളജിലെ പ്രിൻസിപ്പലായിരുന്നെന്നാ എനിക്കു തോന്നുന്നത്. '
ഇത്രയൊക്കെ പറഞ്ഞെന്നുവച്ച് ആരും പരിഭവിക്കരുതേ...
എം.എൽ .എ മാർ എല്ലാവരും മേയർമാ എല്ലാവരും ഒരു പോലെയാണെന്ന് ഇവിടെ പറയുന്നേയില്ല. അതുപോലെ
ഭർത്താക്കന്മാരും ഭാര്യമാരും ഒന്നും ഒരുപോലെയല്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക