റോം: മാര്‍ത്തോമ്മാശ്ലീഹായുടെ ദുക്‌റാനത്തിരുനാളിനോട് അനുബന്ധിച്ച് യൂറോപ്പിലെ സീറോ മലബാര്‍ നേതാക്കളുടെ സമ്മേളനം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ നടത്തുന്നു. ജൂലൈ മൂന്നിന് ഉച്ചയ്ക്ക് ഒന്നിന് (അയര്‍ലന്‍ഡ്-ജിഎംടി) ആരംഭിക്കുന്ന സമ്മേളനം സീറോ മലബാര്‍സഭാ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. ഷംഷാബാദ് രൂപതാ മെത്രാന്‍ മാര്‍ റാഫേല്‍തട്ടില്‍ മുഖ്യപ്രഭാഷണം നടത്തും.
വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലുള്ള സീറോ മലബാര്‍ സഭയുടെ ഇടവകളിലെ മതാധ്യാപകര്‍, ഇടവക കമ്മിറ്റി അംഗങ്ങള്‍, സംഘടനാ നേതാക്കള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് യൂറോപ്പിലെ അപ്പസ്റ്റോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് അറിയിച്ചു.
ഭാരതക്രൈസ്തവരുടെ പിതാവായ മാര്‍ത്തോമ്മാശ്ലീഹായുടെ വിശ്വാസചൈതന്യവും പ്രേഷിതതീക്ഷണതയും ഏറ്റുവാങ്ങാന്‍ ദുക്‌റാനത്തിരുനാളില്‍ നടത്തുന്ന ഈ സമ്മേളനം ഉതകുമെന്ന് അദ്ദേഹം പറഞ്ഞു.