Image

വിയന്നയില്‍ പതിമൂന്നുവയസുകാരിയുടെ കൊലപാതകം: അഭയാര്‍ഥികളുടെ പ്രശ്‌നങ്ങളും നാടുകടത്തലും വീണ്ടും ചര്‍ച്ചയാകുന്നു

Published on 30 June, 2021
വിയന്നയില്‍ പതിമൂന്നുവയസുകാരിയുടെ കൊലപാതകം: അഭയാര്‍ഥികളുടെ പ്രശ്‌നങ്ങളും നാടുകടത്തലും വീണ്ടും ചര്‍ച്ചയാകുന്നു

വിയന്ന: കഴിഞ്ഞ വാരാന്ത്യം നടന്ന 13 വയസുകാരിയുടെ കൊലപാതകം, ഓസ്ട്രയയിലെ അഭയാര്‍ഥികളുടെ വിഷയത്തില്‍ വീണ്ടും കര്‍ശന നിലപാട് കൈക്കൊള്ളാന്‍ ഓസ്ട്രിയയില്‍ സമ്മര്‍ദ്ദമേറുന്നു.

മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തെ അനുശോചനം അറിയിക്കുകയും സംഭവത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും ചെയ്ത ചാന്‍സലര്‍ സെബാസ്റ്റ്യന്‍ കുര്‍സ് കുറ്റകൃത്യങ്ങള്‍ ചെയ്ത അഭയാര്‍ഥികളെ യുദ്ധകാലാടിസ്ഥാനത്തില്‍ നിയമനടപടികള്‍ക്ക് വിധേയമാകുമെന്ന് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.

അഭയാര്‍ഥികളുടെ വിഷയത്തില്‍ ''തന്റെ സ്ഥിരമായ നില തുടരുമെന്ന്'' മാധ്യമങ്ങളുടെ മറുപടിയായി കുര്‍ത്സ് തുറന്നടിച്ചു. നാടുകടത്തല്‍ ഉള്‍പ്പെടെയുള്ള നിയമങ്ങളില്‍ യാതൊരു ഇളവും ഉണ്ടാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചിലര്‍ ഞങ്ങളുടെ അടുത്ത് വന്ന് സംരക്ഷണം തേടുകയും, കിരാതമായ കുറ്റകൃത്യങ്ങള്‍ നടത്തുകയും ചെയ്യുന്നത് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും, കുറ്റവാളികളെ കഠിനമായി ശിക്ഷിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും കുര്‍ത്സ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


സംഭവവുമായി ബന്ധപ്പെട്ട് 16, 18 വയസുള്ള രണ്ട് അഫ്ഗാനിസ്ഥാന്‍ അഭയാര്‍ത്ഥികളെ പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തു. അതേസമയം പെണ്‍കുട്ടിയുടെ മരണത്തില്‍ അവ്യക്തത തുടരുകയാണ്. മരിച്ച പെണ്‍കുട്ടിയുടെ ശരീരത്തില്‍ മയക്കുമരുന്നിന്റെ അളവ് കണ്ടെത്തിയുട്ടുണ്ട്. കൊലപതകത്തില്‍ രണ്ടില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. കഴിഞ്ഞ ശനിയാഴ്ചയാണ് ശരീരത്തില്‍ നിരവധി മുറിവുകളുമായി പതിമൂന്നുകാരിയുടെ മൃതദേഹം വിയന്നയിലെ 22മത്തെ ജില്ലയില്‍ കാണപ്പെട്ടത്.

റിപ്പോര്‍ട്ട്: ജോബി ആന്റണി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക