Image

കോവിഡിന്റെ വകഭേദങ്ങള്‍ നേരിടാന്‍ അസ്ട്രസെനക്കയുടെ വാക്‌സിന്‍ പരീക്ഷണം

Published on 30 June, 2021
കോവിഡിന്റെ വകഭേദങ്ങള്‍ നേരിടാന്‍ അസ്ട്രസെനക്കയുടെ വാക്‌സിന്‍ പരീക്ഷണം


ലണ്ടന്‍: കൊറോണ വൈറസിന്റെ വകഭേദങ്ങളെ നേരിടാന്‍ ബൂസ്‌ററര്‍ വാക്‌സിന്‍ പരീക്ഷണവുമായി അസ്ട്രസെനകയും ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും. ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി കണ്ടെത്തിയ ബീറ്റ വകഭേദത്തിനെതിരെ കൂടുതല്‍ ഫലപ്രദമായ വാക്‌സിന്‍ ഉല്‍പാദിപ്പിക്കാനാണ് പരീക്ഷണം.

ബ്രിട്ടന്‍, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, പോളണ്ട് എന്നിവിടങ്ങളിലെ 2250 പേരിലാണ് പരീക്ഷണം നടക്കുന്നത്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരും വാക്‌സിന്‍ സ്വീകരിക്കാത്തവരും പരീക്ഷണത്തിന്റെ ഭാഗമാകുന്നുണ്ട്. പുതിയ വാക്‌സിന്‍ അസ്ട്രസെനക്കയുടെ നിലവിലെ വാക്‌സിന്റെ സമാന അടിസ്ഥാന ഘടനയുള്ളതാണ്. ബീറ്റ വകഭേദത്തെ നേരിടാനായി സ്‌പൈക്ക് പ്രോട്ടീനില്‍ ജനിതക മാറ്റം വരുത്തിയാണ് പുതിയ ബൂസ്‌ററര്‍ വാക്‌സിന്‍ വികസിപ്പിച്ചത്.

നിലവില്‍ കൊറോണ വൈറസിനെതിരെ ഫലപ്രദമായ നിരവധി വാക്‌സിനുകള്‍ ലഭ്യമാണെങ്കിലും വൈറസിന്റെ ജനിതക വകഭേദങ്ങളെ പ്രതിരോധിക്കാന്‍ ഇതിനനുസൃത മാറ്റങ്ങളുള്ള വാക്‌സിനുകള്‍ ആവശ്യമായി വരും. ഇതിനായാണ് ബൂസ്‌ററര്‍ വാക്‌സിനുകള്‍ വികസിപ്പിക്കുന്നത്. ഇവ വൈറസ് വകഭേദത്തെ ചെറുക്കാന്‍ ഫലപ്രദമാണെന്ന് തെളിയുകയാണെങ്കില്‍, നേരത്തെ വാക്‌സിനെടുത്തവരും പുതിയ ബൂസ്‌ററര്‍ ഡോസ് സ്വീകരിക്കേണ്ടിവരും

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക