Image

ഒരു കൊച്ചു ചിത്രമാണ് ബ്രോ ഡാഡി; പൃഥ്വിരാജ്

Published on 24 June, 2021
ഒരു കൊച്ചു ചിത്രമാണ് ബ്രോ ഡാഡി; പൃഥ്വിരാജ്


ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. അപ്പോഴാണ് ആരാധകരെ ആകാംക്ഷയിലാക്കി മോഹന്‍ലാലിനെ തന്നെ നായകനാക്കി മറ്റൊരു ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നതായി പൃഥ്വിരാജ് പ്രഖ്യാപിച്ചത്. 'ബ്രോ ഡാഡി' എന്നാണ് ചിത്രത്തിന്റെ പേര്. താന്‍ അഭിനയിച്ച പുതിയ ചിത്രം കോള്‍ഡ് കേസിന്റെ പ്രമോഷന്റെ ഭാഗമായി പൃഥ്വിരാജ് ഇന്‍സ്റ്റഗ്രാം ലൈവില്‍ എത്തിയിരുന്നു. അപ്പോള്‍ ആരാധകര്‍ക്ക് അറിയേണ്ടിയിരുന്നത് ബ്രോ ഡാഡി എന്ന ചിത്രത്തെ കുറിച്ച് തന്നെയായിരുന്നു.

ബ്രോ ഡാഡിയെക്കുറിച്ച് പറയൂ എന്നായിരുന്നു ഒരു ആരാധകന്‍ ആവശ്യപ്പെട്ടത്. ഇതിന് 'ഞാന്‍ സംവിധാനം ചെയ്യുന്ന ഒരു ഫണ്‍ഫാമിലി ഫിലിം. അത്രയേ ഉള്ളൂ'  എന്നായിരുന്നു പൃഥ്വിയുടെ മറുപടി. അതിന് പിന്നാലെ 'ബ്രോ ഡാഡി ഒരു ചെറിയ സിനിമയാണ്, മ് മ് കേട്ടിരിക്കണൂ' എന്ന ആരാധകന്റെ കമന്റ് വന്നു, ഇതിന് ചിരിച്ചു കൊണ്ടായിരുന്നു പൃഥ്വിയുടെ പ്രതികരണം. 'സത്യമായിട്ടും ഒരു ചെറിയ സിനിമയാണ് ബ്രോ ഡാഡി. ഇപ്പോഴത്തെ കൊവിഡ് സാഹചര്യങ്ങളിലൊക്കെ നിന്നുകൊണ്ട് ഷൂട്ട് ചെയ്യാന്‍ പറ്റുന്ന ഒരു സിനിമയാണ് അത്'  എന്നായിരുന്നു മറുപടി.

പൃഥ്വിയുടെ ആദ്യ ചിത്രം ലൂസിഫറിനെ കുറിച്ചും താരം പറഞ്ഞത് ഇങ്ങനെയൊക്കെ തന്നെയായിരുന്നു. 'ലൂസിഫര്‍' പ്രത്യേകതകളൊന്നുമില്ലാത്ത ഒരു ചിത്രമെന്നായിരുന്നു പൃഥ്വിരാജ് അന്ന് പറഞ്ഞിരുന്നത്. ചിത്രം പ്രേക്ഷകരെ ഞെട്ടിപ്പിച്ചതോടെ താരത്തിന്റെ വാക്കുകള്‍ ട്രോളുകളില്‍ നിറഞ്ഞിരുന്നു. ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാനെ കുറിച്ചും ആരാധകര്‍ ചോദിച്ചു. എമ്പുരാന്‍ സിനിമയുടെ ജോലികള്‍ തുടങ്ങാന്‍ തന്നെ എല്ലാം തുറക്കുന്ന അവസ്ഥയിലേക്ക് എത്തണം. അതിന്റെ ലൊക്കേഷനൊക്കെ കാണാന്‍ പോവുന്നതിനു തന്നെ യാത്രാവിലക്കുകളൊക്കെ മാറേണ്ടതുണ്ട്. അതിനു വേണ്ടി കാത്തിരിക്കുകയാണെന്നാണ് പൃഥ്വിരാജ് വ്യക്തമാക്കിയത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക