Image

ഐഷാ സുല്‍ത്താനയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് ലക്ഷദ്വീപ് ഭരണകൂടം

ജോബിന്‍സ് തോമസ് Published on 24 June, 2021
ഐഷാ സുല്‍ത്താനയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് ലക്ഷദ്വീപ് ഭരണകൂടം
ചലിത്ര പ്രവര്‍ത്തക ഐഷ സുല്‍ത്താനയ്‌ക്കെതിരെ ആരോപണങ്ങളുമായി ലക്ഷദ്വീപ് ഭരണകൂടം കോടതിയില്‍. കോടതി നല്‍കിയ ഇളവുകള്‍ ഐഷ ദുരുപയോഗം ചെയ്‌തെന്നാണ് ഭരണകൂടം കോടതിയെ അറിയിച്ചത്. ഐഷ ക്വാറന്റീന്‍ നിയമങ്ങള്‍ ലംഘിച്ചതായും ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെന്നും കോടതിയെ അറിയച്ച ഭരണകൂടം ഇതിന്റെ രേഖകളും കോടതിയില്‍ സമര്‍പ്പിച്ചു. 

രാജ്യദ്രോഹക്കേസില്‍ ഇന്നും ഐഷയെ ചോദ്യം ചെയ്ത് വിട്ടയച്ചു. അറസ്റ്റ് ചെയ്യുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും ഇന്നും അറസ്റ്റ് രേഖപ്പെടുത്താന്‍ കവരത്തി പോലീസ് തയ്യാറായില്ല. കഴിഞ്ഞ ദിവസവും എട്ടുമണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. കൊച്ചിയിലേയ്ക്ക് മടങ്ങാനുള്ള അനുവാദവും പോലീസ് ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്. 

ബന്ധുക്കള്‍ ആശുപത്രിയിലായതിനാല്‍ കൊച്ചിയിലേയ്ക്ക് മടങ്ങണമെന്ന ഐഷയുടെ അപേക്ഷ പരിഗണിച്ചാണ് ഇതിന് അനുമതി നല്‍കിയത്. ഐഷയുടെ സാമ്പത്തീക ഇടപാടുകളും ഫോണ്‍കോള്‍ വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. ഒരു ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നായിരുന്നു ഐഷയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തത്. 

ലക്ഷദ്വീപിലെ കോവിഡ് വ്യാപനത്തിന് കാരണം കേന്ദ്രസര്‍ക്കാരിന്റെ ബയോവെപ്പണാണെന്നായിരുന്നു ചര്‍ച്ചയില്‍ ഐഷ പറഞ്ഞത്. ഇതേ തുടര്‍ന്ന് ബിജെപി ലക്ഷദ്വീപ് ഘടകമാണ് പരാതി നല്‍കിയത്. എന്നാല്‍ അത് താന്‍ ബോധപൂര്‍വ്വം നടത്തിയ പ്രസ്താവനയല്ലെന്നും പിന്നീട് തെറ്റു തിരുത്തിയെന്നുമാണ് ഐഷയുടെ വാദം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക