Image

മുരളീധരന്‍ ഇടഞ്ഞത് മുന്നറിയിപ്പോ ?

ജോബിന്‍സ് തോമസ് Published on 24 June, 2021
മുരളീധരന്‍ ഇടഞ്ഞത് മുന്നറിയിപ്പോ ?
ഇന്നലെനടന്ന കെപിസിസി നേതൃയോഗത്തില്‍ പലവിധത്തിലുള്ള വിഷയങ്ങള്‍ ചര്‍ച്ചയായി അയല്‍ക്കൂട്ടം മുതല്‍ 51 അംഗ കമ്മിറ്റിവരെ. എന്നാല്‍ നേമത്ത് ബിജെപിയെ തളയ്ക്കാനെത്തിയ കെ.മുരളീധരന്റെ യോഗത്തിലെ അസാന്നിധ്യമാണ് ഏറ്റവും മാധ്യമശ്രദ്ധ നേടിയത്. 

തലസ്ഥാനത്തുണ്ടായിട്ടും കെ.സുധാകരന്‍ കെപിസിസി പ്രസിഡന്റായി നിയമിതനായശേഷമുള്ള ആദ്യ യോഗത്തില്‍ നിന്നുതന്നെ മുരളീധരന്‍ വിട്ടുനിന്നതാണ് ചര്‍ച്ചയായത്. കാരണമന്വേഷിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ചെറിയ സൗന്ദര്യപ്പിണക്കമാണ് ഈ ബഹിഷ്‌ക്കരണത്തിനെന്നും മനസ്സിലായി. 

കെപിസിസി യോഗം തുടങ്ങുന്നതിന് മുമ്പ്. പ്രസിഡന്റ് കെ.സുധാകരന്‍, ഉമ്മന്‍ചാണ്ടി , ചെന്നിത്തല, മുല്ലപ്പള്ളി എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലേയ്ക്ക് വിളിക്കാത്തതാണ് മുരളീധരനെ ചൊടിപ്പിച്ചത്. ഇതില്‍ രണ്ടുകാര്യങ്ങളാണ് മുരളീധരന് ഇഷ്ടപ്പടാത്തത്. 

ഒന്ന് കാര്യങ്ങള്‍ ഇവര്‍ മാത്രം ചേര്‍ന്ന് തീരുമാനിച്ചശേഷം യോഗത്തില്‍ അവതരിപ്പിക്കാനായിരുന്നെങ്കില്‍ പിന്നെന്താണ് യോഗത്തിന്റെ പ്രസക്തി എന്ന ചോദ്യം അദ്ദേഹം ഉന്നയിക്കുന്നു. രണ്ട് , ഇനി അങ്ങനെ പ്രധാനനേതാക്കള്‍ സമ്മേളിക്കുമ്പോള്‍ തന്നെ ഒഴിവാക്കിയത് താന്‍ അപ്രസക്തനായിട്ടാണോ എന്ന തോന്നല്‍. 

നേമത്തും വടകരയിലും വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ഉണ്ടായിരുന്നത് മുരളീധരനായിരുന്നെന്നും എന്നാല്‍ ആവശ്യം കഴിയുമ്പോള്‍ അവഗണിക്കുന്ന രീതിയാണ് അദ്ദേഹത്തോട് ഇപ്പോളും കോണ്‍ഗ്രസ് നേതൃത്വം സ്വീകരിക്കുന്നതെന്നും മുരളീധരനോടടുപ്പമുള്ളവര്‍ പറയുന്നു. 

തന്നെ വേണ്ട വിധത്തില്‍ പരിഗണിച്ചില്ലെങ്കില്‍ ഇനിയും നിസ്സഹകരണം തുടരുമെന്നും രണ്ടോ മൂന്നോ നേതാക്കള്‍ ചേര്‍ന്ന് കാര്യങ്ങള്‍ തീരുമാനിക്കുന്ന രീതി ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നുമാണ് മുരളീധരന്‍ നല്‍കുന്ന മുന്നറിയിപ്പ്. ഇല്ലാത്തപക്ഷം കേരളത്തിലെ കോണ്‍ഗ്രസില്‍ വിമതശബ്ദമായി താനുണ്ടാകുമെന്നും ഇന്നലത്തെ നിലപാടിലൂടെ മുരളീധരന്‍ വ്യക്തമാക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക