കോഴിക്കോട്: കഴിഞ്ഞ 11 വര്‍ഷത്തിനിടെ സംസ്ഥാന വനിത കമ്മീഷന് കീഴില്‍ ഏറ്റവും കൂടുതല്‍ സ്ത്രീധന പീഡനക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് തിരുവനന്തപുരം ജില്ലയില്‍. 2010 ജനുവരി ഒന്ന് മുതല്‍ 2021 ജൂണ്‍ 23 വരെയുള്ള കണക്കുകള്‍ പ്രകാരം 447 സ്ത്രീധന പീഡനക്കേസുകളാണ് തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 340 കേസുകള്‍ തീര്‍പ്പാക്കിയതായും കമ്മീഷന് പുറത്തുവിട്ട കണക്കുകളില്‍ അവകാശപ്പെടുന്നു.
വനിതാ കമ്മീഷനില്‍ ഇക്കാലയളവില്‍ ഏറ്റവും കൂടുതല്‍ സ്ത്രീപീഡന കേസുകളും ഗാര്‍ഹിക പീഡനക്കേസുകളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നതും തിരുവനന്തപുരം ജില്ലയില്‍ തന്നെയാണ്. യഥാക്രമം 2544,3476 എന്നിങ്ങനെയാണ് ഈ കേസുകളുടെ കണക്ക്. ഇതില്‍ 1565 സ്ത്രീപീഡന കേസുകളും 2569 ഗാര്‍ഹിക പീഡന കേസുകളും കമ്മീഷന് തീര്‍പ്പാക്കുകയും ചെയ്തു. കാസര്‍കോട് ജില്ലയിലാണ് 2010 മുതല്‍ 2021 വരെയുള്ള കാലയളവില്‍ ഏറ്റവും കുറവ് സ്ത്രീധന പീഡനക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്(12). സ്ത്രീപീഡനക്കേസുകളുടെ എണ്ണത്തില്‍ വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്(126).
അതേസമയം, ഇത് വനിത കമ്മീഷന് മുന്നില്‍ വന്ന മാത്രം കേസുകളുടെ എണ്ണമാണ്. പോലീസില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഇതിന്റെ ഇരട്ടിയിലേറെ വരുമെന്നാണ് അധികൃതര്‍ പറയുന്നത്.