Image

ചെര്‍പ്പുളശേരി സംഘം കവര്‍ച്ചാ സംഘമല്ല ക്വട്ടേഷന്‍ സംഘമെന്ന് പുതിയ വിവരം

ജോബിന്‍സ് തോമസ് Published on 23 June, 2021
ചെര്‍പ്പുളശേരി സംഘം കവര്‍ച്ചാ സംഘമല്ല ക്വട്ടേഷന്‍ സംഘമെന്ന് പുതിയ വിവരം
കോഴിക്കോട്ട് രാമനാട്ടുകരയില്‍ വാഹനാപകടത്തില്‍ മരിച്ച് 5 പേരുള്‍പ്പെടെയുള്ള സംഘം കവര്‍ച്ചാ സംഘമല്ല ക്വട്ടേഷന്‍ സംഘമാണെന്ന് പുതിയ വിവരം. ഏറ്റവുമൊടുവില്‍ പുറത്തുവന്ന വിവരം അനുസരിച്ച് ഇവര്‍ കള്ളക്കടത്ത് സ്വര്‍ണ്ണത്തിന് അകമ്പടി സേവിക്കാന്‍ എത്തിയവരാണ്. 

15 പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഈ പ്രവൃത്തിക്ക് വേണ്ടി മാത്രം ഉണ്ടാക്കിയ വാട്‌സപ്പ് ഗ്രൂപ്പിലൂടെയാണ് ഇവര്‍ പരിചയപ്പെടുന്നതുപോലും. ദുബായിലുള്ള മൊയ്ദീന്‍ എന്നയാളാണ് കൊടുവള്ളിയിലെ കള്ളക്കടത്ത് സംഘത്തിനായി സ്വര്‍ണ്ണം അയച്ചത്. 

പല തവണ മൊയ്തീന്‍ ക്യാരിയര്‍മാര്‍വഴി അയച്ച സ്വര്‍ണ്ണങ്ങള്‍ കവര്‍ച്ചാ സംഘങ്ങള്‍ തട്ടിക്കൊണ്ട് പോയിട്ടുണ്ട് . ഈ സാഹചര്യത്തില്‍ സ്വര്‍ണത്തിന് സുരക്ഷയൊരുക്കാന്‍ മൊയദീന്‍ തന്നെയാണ് ചെര്‍പ്പുളശേരി സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയത്. മൂന്നു സംഘങ്ങളായിരുന്നു അന്ന് വിമാനത്താവളത്തിലെത്തിയത്. 

കൊടുവള്ളിയില്‍ നിന്നുള്ള സ്വര്‍ണ്ണ കള്ളക്കടത്ത് സംഘം, ഇതിന് അകമ്പടി സേവിക്കാന്‍ ചെര്‍പ്പുളശേരിയില്‍ നിന്നുള്ള സംഘം. സ്വര്‍ണ്ണം കവര്‍ച്ച ചെയ്യാന്‍ കണ്ണൂരില്‍ നിന്നും അര്‍ജുന്‍ എന്നയാളുടെ നേതൃത്വത്തിലുള്ള സംഘം. കണ്ണൂരില്‍ നിന്നുള്ള സംഘത്തിന്റെ വാഹനം പിന്തുടരുന്നതിനിടയിലാണ് ചെര്‍പ്പുളശേരി സംഘത്തിന്റെ വാഹനം അപകടത്തില്‍ പെട്ടത്. 

കണ്ണൂരില്‍ നിന്നുള്ള കവര്‍ച്ചാ സംഘത്തിന് സ്വര്‍ണ്ണം കൊണ്ടുവരുന്നുണ്ടെന്ന വിവരം നല്‍കിയത് ദുബായില്‍ നിന്നുള്ള ക്യാരിയര്‍ തന്നെയാണെന്നാണ് വിവരം. സ്വര്‍ണ്ണത്തിന് സംരക്ഷണം നല്‍കാന്‍ 25 ലക്ഷം രൂപയുടെ ക്വട്ടേഷനാണ് നല്‍കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക