Image

വീണ്ടും മൂന്നാം മുന്നണിയോ ? പവാറിന്റെ വീട്ടില്‍ യോഗം നടന്നു

ജോബിന്‍സ് തോമസ് Published on 23 June, 2021
വീണ്ടും മൂന്നാം മുന്നണിയോ ? പവാറിന്റെ വീട്ടില്‍ യോഗം നടന്നു
ദേശീയതലത്തില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസിതര പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിച്ച് നടത്തുന്ന മൂന്നാം മുന്നണി നീക്കങ്ങള്‍ സജീവമാകുന്നു. എന്‍സിപി നേതാവ് ശരത്പവാറിന്റെ നേതൃത്വത്തില്‍  ഇന്നലെ നടന്ന യോഗമാണ് ഈ അഭ്യൂഹങ്ങള്‍ക്ക് കൂടുതല്‍ ശക്തിപകരുന്നത്. 

പവാറിന്റെ വസതിയില്‍ ഇന്നലെ നടന്ന യോഗത്തില്‍ യശ്വന്ത് സിന്‍ഹ(തൃണമൂല്‍), നീലോത്പല്‍ ബസു (സിപിഎം), ബിനോയ് വിശ്വം(സിപിഐ), സുശീല്‍ ഗുപ്ത (ആം ആദ്മി പാര്‍ട്ടി), പവന്‍ ശര്‍മ്മ എന്നിവര്‍ക്കു പുറമേ ഗാനരചയിതാവ് ജാവേദ് അക്തര്‍, ജസ്റ്റീസ് എ.പി. ഷാ തുടങ്ങിയവര്‍ പങ്കെടുത്തു. 

എന്നാല്‍ യോഗത്തിന്റെ ഉദ്ദേശ്യം മൂന്നാംമുന്നണി രൂപീകരണമായിരുന്നില്ലെന്നാണ് നേതാക്കള്‍ പറയുന്നത്. പാര്‍ട്ടികളുടെ പേരിലല്ല വ്യക്തിപരമായാണ് നേതാക്കളെ വിളിച്ചതെന്നും കര്‍ഷക സമരം, വിലക്കയറ്റം , ഭരണഘടനാമൂല്ല്യങ്ങളുടെ സംരക്ഷണം എന്നീ വിഷയങ്ങളാണ് യോഗത്തില്‍ ചര്‍ച്ചചെയ്തതെന്നും ഇവര്‍ പറഞ്ഞു. മനീഷ് തീവരിയടക്കം ചില കോണ്‍ഗ്രസ് നേതാക്കളെ ക്ഷണിച്ചിരുന്നെങ്കിലും ഇവര്‍ പങ്കെടുത്തില്ല. 

പങ്കെടുത്ത നേതാക്കള്‍ മൂന്നാം മുന്നണി സാധ്യത തള്ളിക്കളഞ്ഞെങ്കിലും എന്‍സിപി തൃണമൂല്‍ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ പുതിയൊരു സഖ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്. എന്നാല്‍ കോണ്‍ഗ്രസിനെ പൂര്‍ണ്ണമായി ഒഴിവാക്കിക്കൊണ്ടുള്ള ഒരു തീരുമാനത്തിന് സാധ്യതയുമില്ല. 

മൂന്നാം മുന്നണി നീക്കങ്ങള്‍ക്കൊപ്പം സോണിയഗാന്ധിയുടെ പിന്‍ഗാമിയായി ശരത്പവാറിനെ യുപിഎ അധ്യക്ഷ സ്ഥാനത്തേയ്ക്ക് ഉയര്‍ത്തിക്കാട്ടാനുള്ള ശ്രമങ്ങളും ഈ നീക്കങ്ങള്‍ക്ക് പിന്നിലുണ്ട്. എന്നാല്‍ ഈ യോഗത്തെക്കുറിച്ച് രാഹുല്‍ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചിട്ടില്ല. 

മൂന്നാംമുന്നണിയുടെയോ അല്ലെങ്കില്‍ പുതിയ കൂട്ടായ്മയുടേയൊ തുടക്കമാണ് ഈ യോഗമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍ ആദ്യ യോഗത്തില്‍ സീതാറാം യെച്ചൂരി, മമതബാനര്‍ജി, അരവിന്ദ് കേജരിവാള്‍ എന്നിങ്ങനെ ഓരോ പാര്‍ട്ടിയിലെയും പ്രമുഖനേതാക്കളെ മനപൂര്‍വ്വം ഒഴിവാക്കിയതാണെന്നാണ് നിഗമനം.

അടുത്ത് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടികള്‍ക്ക് ശക്തി തെളിയിക്കാനായാല്‍ പ്രമുഖനേതാക്കള്‍ മുന്‍നീരയിലേയ്ക്ക് വരുന്ന സാഹചര്യമുണ്ടാവുകയും ഓരോ സംസ്ഥാനത്തെയും ചെറുകക്ഷികളെവരെ ഉള്‍പ്പെടുത്തി കൂടുതല്‍ വിശാലമായ മുന്നണിരൂപീകരിക്കാനുമാണ് സാധ്യത. 

ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പോ ശേഷമോ സാധരണ തട്ടിക്കൂട്ടുന്നതുപോലെയുള്ള മുന്നണി ശ്രമങ്ങല്‍ വിജയിക്കില്ലെന്നും ഇപ്പോളെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കാനുമാണ് ഇവരുടെ നീക്കം. തെരഞ്ഞെടുപ്പ് പ്രചാരണ വിദഗ്ദരുമായും സര്‍വ്വേ ഏജന്‍സികളുമായും ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും വിവരമുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക