Image

പണം തിരിച്ചടച്ച് വിലാസിനി തടിയൂരി, രാജപ്പന്‍ കേസ് പിന്‍വലിക്കുന്നു

Published on 22 June, 2021
 പണം തിരിച്ചടച്ച് വിലാസിനി തടിയൂരി, രാജപ്പന്‍ കേസ് പിന്‍വലിക്കുന്നു
കുമരകം: സഹോദരി പണം തിരികെ നല്‍കിയതോടെ പ്രധാന മന്ത്രിയുടെ മാന്‍ കി ബാത്തിലൂടെ പ്രശസ്തനായ മഞ്ചാടിക്കല്‍ കെ.എന്‍. രാജപ്പന്‍ നല്‍കിയ കേസ് പിന്‍വലിക്കുന്നു. ദിവസങ്ങള്‍ക്കു മുമ്പാണ് തന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും താനറിയാതെ സഹോദരി വിലാസിനി അഞ്ചു ലക്ഷം രൂപ പിന്‍വലിച്ചെന്നുള്ള പരാതി ജില്ലാ പോലീസ് ചീഫിനു രാജപ്പന്‍ നല്‍കിയത്.

തുടര്‍ന്നു വിലാസിനിയ്ക്കെതിരെ അന്വേഷണം നടത്തിയെന്നും വിലാസിനി ഒളിവില്‍ പോയെന്നും പോലീസ് അറിയിച്ചത്. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം പിന്‍വലിച്ച തുക ബാങ്കില്‍ തിരികെ അടച്ചാണ് വിലാസിനി ഒത്തുതീര്‍പ്പിനു മുതിര്‍ന്നിരിക്കുന്നത്. ഇന്നു രാവിലെ കുമരകം പോലീസ് സ്റ്റേഷനില്‍ നിന്നും പോലീസുകാര്‍ വിലാസിനിയുടെ വീട്ടിലെത്തി അന്വേഷണം നടത്തിയിരുന്നു.

മാന്‍ കി ബാത്തിലൂടെ പ്രധാന മന്ത്രി പ്രശംസിച്ച രാജപ്പനെ തേടി നിരവധി സുമനുകളാണ് സഹായവുമായെത്തിയത്. സഹായം ലഭിച്ച പണം തന്റെ ഫെഡറല്‍ ബാങ്ക് അക്കൗണ്ടിലാണ് രാജപ്പന്‍ നിക്ഷേപിച്ചിരുന്നത്. 19 ലക്ഷം രൂപ തന്റെ അക്കൗണ്ടിലുള്ളതായി കണക്കുകൂട്ടിയിരുന്ന രാജപ്പന്‍ കഴിഞ്ഞ ദിവസം ബാങ്കിലെത്തി അന്വേഷിച്ചപ്പോഴാണ് അഞ്ചു ലക്ഷം രൂപയുടെ കുറവുള്ളതായി അറിയുന്നത്. തുടര്‍ന്നാണ് സഹോദരി വിലാസിനിയാണ് പണം പിന്‍വലിച്ചതെന്ന് തിരിച്ചറിഞ്ഞു.

ഇതു സംബന്ധിച്ചു സഹോദരിയ്ക്കെതിരെ കുമരകം പോലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കി. കേസുമായി രാജപ്പന്‍ മുന്നോട്ടു പോയതോടെ സഹോദരി പണം തിരികെ നല്‍കാന്‍ തയാറാണെന്നു കഴിഞ്ഞ ദിവസം സഹോദരി അറിയിച്ചിരുന്നു. പണം തിരികെ ലഭിച്ചാല്‍ ഒത്തു തീര്‍പ്പിനു തയാറാണെന്നു രാജപ്പനും പറഞ്ഞു.

പണം പിന്‍വലിച്ചതു തന്റെ സ്വകാര്യ ആവശ്യത്തിനല്ലെന്നും രാജപ്പനു സ്വന്തമായി ഒരു വീടും പുരയിടവും ലഭ്യമാക്കാനുമായിരുന്നു എന്നും ലോക്ഡൗണ്‍ ആയതിനാല്‍ സ്ഥലം വാങ്ങലും മറ്റും നടക്കാതെ പോയെന്നുമാണ് വിലാസിനി പറയുന്നത്. ഉന്നത പോലീസ് ഇടപെടല്‍ വന്നതോടെ പണം തിരികെ നിക്ഷേപിച്ചു പണം തിരികെ ലഭിച്ചതുകൊണ്ട് സഹോദരിക്കെതിരെ മറ്റു നിയമ നടപടികള്‍ വേണ്ടന്നും കേസ് അവസാനിപ്പിക്കുകയാണെന്നും രാജപ്പന്‍ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക