Image

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്ത്രീധനം വാങ്ങുന്നത് വിജിലന്‍സ് അന്വേഷണത്തിന് കീഴില്‍ കൊണ്ട് വരണം; കെ സുധാകരന്‍

Published on 22 June, 2021
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്ത്രീധനം വാങ്ങുന്നത് വിജിലന്‍സ് അന്വേഷണത്തിന് കീഴില്‍ കൊണ്ട് വരണം; കെ സുധാകരന്‍
തിരുവനന്തപുരം: ഗാര്‍ഹിക പീഡനത്തിനിരയായ കൊല്ലത്തെ വിസ്മയ എന്ന പെണ്‍കുട്ടിയുടെ അന്ത്യം സമൂഹ മന:സ്സാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും ഇതിലേക്ക് നയിച്ച സംഭവങ്ങളെ കുറിച്ച്‌ അന്വേഷിച്ച്‌ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാര്‍ ആഭ്യന്തര വകുപ്പ് തയ്യാറാകണമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.

വിസ്മയയെ സ്ത്രീധനത്തിന്റെ പേരില്‍ ഉപദ്രവിച്ച ഭര്‍ത്താവ് ഉന്നത വിദ്യാഭ്യാസ യോഗ്യതകളുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. എന്നിട്ടും പരസ്യമായിതന്നെ സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയയെ ഉപദ്രവിച്ചിരുന്നു എന്നത് ഞെട്ടല്‍ ഉളവാക്കുന്ന കാര്യമാണ്.

സ്ത്രീധനത്തിന്റെയോ ഗാര്‍ഹിക പീഡനത്തിന്റെയൊ പേരില്‍ ഇനി ഒരു പെണ്‍കുട്ടി കൂടി ഇല്ലാതാകാതിരിക്കാന്‍ സര്‍ക്കാര്‍ ശക്തമായ ഇടപെടല്‍ നടത്തണം. ഗാര്‍ഹിക പീഡനത്തിനെതിരെ പരാതിപ്പെടുകയും അതിനു ശേഷം ലോക്കല്‍ പോലിസിന്റെയൊ മറ്റൊ സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പ് ആകുകയും ചെയ്ത എല്ലാ കേസുകളും ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പുനരന്വേഷണത്തിന് വിധേയമാക്കണെമെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്ത്രീ ധനം വാങ്ങുന്നത് വിജിലന്‍സ് അന്വേഷണത്തിന് കീഴില്‍ കൊണ്ട് വരികയും ചെയ്യണമെന്ന് സുധാകരന്‍ പറഞ്ഞു.

വിസ്മയയുടെ മരണത്തിന് കാരണക്കാരനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പ്രതിയെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തി, എത്രയും പെട്ടെന്ന് പ്രതിക്ക്/ പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പ് വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. ശ്രീറാം വെങ്കിട്ടരാമനെ പോലെ പണവും സ്വാധീനവും ഉപയോഗിച്ച്‌ നിയമത്തില്‍ നിന്നും രക്ഷപ്പെടാന്‍ വിസ്മയയുടെ ഘാതകരെ അനുവദിക്കരുത്സുധാകരന്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക