America

ഇന്റർ മീഡിയേറ്റ് സിൻഡ്രോം (റസൽ.എം.ടി, കഥാമത്സരം -107)

Published

on

വീഴ്ചയിൽ കൈ തൊട്ടാവാടിയുടെ ഇലകളിൽ തട്ടി. മുള്ളുകൾക്കിടയിലെ ഇലകൾ അകലം മറന്നാശ്ലേഷിച്ചു. സുഷുപ്തി പൂണ്ട  ഇലകൾക്ക് മുകളിൽ തൊട്ടാവാടിക്ക് ഒരു പൂവുണ്ട്. വെള്ള നുരകൾ പൊതിഞ്ഞ ചുവന്ന അണ്ഡമുള്ളത് . ആമാശയം വിട്ട് ആകാശം കാണാനെത്തുന്ന നുരപതകൾ വായയെ വെടിയുമ്പോൾ ചുവന്ന നനവുണ്ടുള്ളിൽ. നിലം തൊട്ട നുരകൾ വേരിലൂടെ തൊട്ടാവാടിയിൽ പൂക്കുന്നു .തളർന്ന മിഴികൾക്കരികിലൂടെ  ഉപ്പുരസം മണ്ണലലിഞ്ഞുചേർന്ന ആത്മാക്കളെ തേടിയിറങ്ങി. കാഴ്ചകൾ പേറി മസ്തിഷ്കം തേടി പോയ ആവേഗങ്ങൾ  ഇട മുറിഞ്ഞെത്തി പിഴക്കുന്നു. വിഷകണങ്ങൾ ദീപരസങ്ങളോട് ചേർന്നു. കൺപോളകളുടെ ഭാരം താങ്ങാനാവുന്നില്ല . അവ അടയാൻ വിട്ടു.  നിദ്ര.

" കുട്ടിച്ചോ  ഉച്ചയുറക്കം പറമ്പിൽ ആക്കിയോ "

പാകമായ കുരുമുളക് തിരിയോടെ മുരിക്കിനെ വിട്ട് മണ്ണിനെ തൊട്ടു. 

"കുട്ടിച്ചാ........."

മറുപടികളില്ലാത്ത അപ്പു അണ്ണന്റെ നിലവിളി കാപ്പിച്ചെടികൾ ഇലകളിലൊളിപ്പിച്ചു..കുട്ടിച്ചന്റെ ദേഹത്തു നിന്നു വമിച്ച മണ്ണെണ്ണ ഗന്ധത്തിൽ നിന്ന് കനലുകൾ പൂത്തു. അഗ്നി അപ്പു അണ്ണന്റെ നെഞ്ചിൽ മുടിയഴിച്ചാടിതുടങ്ങി.

"നേരെ കോട്ടയം വിട്ടോ , കോലഞ്ചേരി വേണ്ട " കുഞ്ഞൂട്ടി പറഞ്ഞു

"പെട്ടന്നാട്ടെ ...." അപ്പു അണ്ണൻ കൂട്ടിച്ചേർത്തു.

അകലെ നഷ്ടഭൂമികയിൽ ആത്മാക്കളുടെ സങ്കീർത്തനം നേർത്ത് വന്നു. ബീഡി ചുരുളുകൾക്കിടയിൽ വള്ളി പൊട്ടിയ ചെരുപ്പിനടിയിൽ തീപ്പെട്ടി കൂടുകൾക്കുള്ളിൽ അവർ സമാധി കൊണ്ടിരുന്നു. നെടുവീർപ്പുകളുടെ താള വൈരുധ്യങ്ങൾ പേറി മുന്നോട്ട് പായുന്ന ജീപ്പിനെ പിന്നിലാക്കി കുട്ടിച്ചൻ പിന്നോട്ട് നടന്നു, സങ്കീർത്തനങ്ങൾ തേടി.

പറമ്പുകൾ പാമ്പുകൾ അപഹരിച്ചു. അവയുടെ പല്ലിൽ  രാഘവൻ നായരുടെ ,  കുര്യച്ചന്റെ , സഹദേവന്റെയെല്ലാം വയറ്റിലെ വിഷം പുനഃർജനിച്ചു, കുട്ടിച്ചന്റെ വരെ. അവരുടെ വിരാമം കുറിച്ച  ഭൂമികയിൽ അവ ഇഴഞ്ഞു നടന്നു. ചിലപ്പോൾ മാത്രമവ മുരിക്കിൻ മുള്ളുകൾക്കിടയിൽ അമർന്നൊന്നാകുന്ന കുരുമുളക് വളളികളായി, ഋതുക്കൾക്കൊപ്പം മണമില്ലാതെ കൊഴിയുന്ന കാപ്പി പൂക്കളായി.    ഒരായുഷ്കാലത്തിന്റെ കർമ്മഗതികൾക്കൊപ്പം സ്വന്തം പറമ്പിൽ അനാഥരായി അലയുന്ന അവയ്ക്കെല്ലാം ഇന്ന് കുട്ടിച്ചന്റെ മുഖമാണ്. മരണവുമായി അവർ നടത്തിയ രഹസ്യവേഴ്ച യുടെ സ്മാരകങ്ങളായി ഇലകൾ കൊഴിഞ്ഞ തൊട്ടാവാടിയിൽ പൂക്കൾ അവശേഷിച്ചു. 

കാഷ്വാലിറ്റിയിലെ ഡ്യൂട്ടി ഡോക്ടർ വൈറ്റൽസ് രേഖപ്പെടുത്തി കേസ് ഷീറ്റ് എഴുതി തുടങ്ങി. കുട്ടിച്ചനുമായി ബന്ധം സ്ഥാപിച്ച പൾസ്  ഓക്സിമീറ്റർ ഹാർട്ട് റേറ്റ് നാൽപ്പത്തി അഞ്ച് എന്ന് കാണിച്ചു.

" സിസ്റ്റർ  , ഒ പി പോയ്സണിംഗ് ആണ്   ഇൻറ്റുബേറ്റ് ചെയ്തിട്ട് അട്രോപ്പിൻ ഇൻഫ്യൂഷൻ സ്റ്റാർട്ട് ചെയ്തോളൂ."

കയ്യിൽ സൂചിമുന തട്ടി സിരയിലെ രക്തമൊരുതുള്ളി നിർഗമിച്ചു. മൃതിയുടെ ഗന്ധമറിഞ്ഞ രക്തക്കുഴലുകൾ ഇരുട്ടിലൊരു പുണ്യാളനായ് കണ്ട് അട്രോപ്പിനിൽ അഭയം തേടി.

"ലീലാമ്മ എന്ത്യേ?" പാപ്പച്ചൻ ചോദിച്ചു.

"പുറത്താ... കരച്ചിലും ബഹളവുമാ..." അപ്പു അണ്ണന്റെ മുഖത്ത് നിസംഗത നിഴലിച്ചു.

" കുട്ടിച്ചനിത് എന്നാത്തിന്റെ കേടാരുന്നു ?

''കടം തന്നെ."

"ഓ പട്ടയം ഒക്കെ വെച്ച് പൈസ എടുത്തോ? ''

"ആം... ജില്ലാ ബാങ്കീന്ന്. "

"എന്നാത്തിനാരുന്നു?"

"ആർക്കറിയാം.''

ലീലാമ്മയുടെ കരച്ചിൽ നിശബ്ദതയെ അവ്യക്തമാക്കി. വാക്കുകൾ മുറിഞ്ഞ് കുഞ്ഞൂട്ടി നിന്നു.

മറുമരുന്നിൽ ദീപരസങ്ങൾ പരതന്ത്ര്യത്തിന്റെ കുരുക്കഴിച്ചു. കുട്ടിച്ചന്റെ ചുണ്ടുകൾക്കിടയിൽ നുരഞ്ഞു പൊന്തിയ കടൽ തിരയൊഴിഞ്ഞ് ശാന്തമായി. മണ്ണെണ്ണഗന്ധം വിഫല ദൗത്യവിലാപങ്ങൾ പേറി കയ്പുകളുടെ പഥേയം ഭക്ഷിച്ച തുടർച്ചകൾ തേടിയിറങ്ങി. മൂന്നാം മണിക്കൂറിൽ ക്രൂശിതന്റെ നയനങ്ങളിലെ വെളിച്ചം മോഷ്ടിക്കപ്പെട്ടു. നനവൊഴിഞ്ഞ മിഴിയുടെ ചക്രവാളങ്ങളിലത് നിലാവായുദിച്ചു. കുട്ടിച്ചൻ അപ്പു അണ്ണന്റെ മുഖത്ത് ചിരി പടരുന്നത് കണ്ടു. മറ്റെന്നോ എന്ന പോലെ അവർ അന്യോന്യം ചിരിച്ചു.

"പേഷ്യന്റ് സ്റ്റേബിളാണ് .വാർഡിലേക്ക് ഷിഫ്റ്റ് ചെയ്തോളൂ"

മെഡിസിൻ വാർഡിൽ നിണമുറഞ്ഞ വ്രണങ്ങളാർന്ന കാലുകളുമായി വേദന കുടിച്ച രണ്ടുപേർക്കിടയിലെ ബെഡ്ഡിലേക്ക് കുട്ടിച്ചനെ മാറ്റി കിടത്തി. നിരായുധമായ വെള്ളിയാഴ്ചയിൽ  വിശ്വാസിയുടെ വയറിനെ ആദ്യമായി   തൊട്ട കയ്പുനീരിൽ ചേർന്ന് സന്ധ്യ സൂര്യനിൽ അസ്തമിച്ചു.

മരണം പൊരുതി തോറ്റ പകലിനപ്പുറം വേദന ചിതറി കിടന്ന മെഡിസിൻ വാർഡിൽ  വെളിച്ചമിറങ്ങി. ഒറ്റുകൊടുക്കപ്പെട്ട ദൈവം തകർന്നടിഞ്ഞുറങ്ങിയ ദിവസം. ഫ്ലാസ്കിൽ ചായയുമായി അപ്പു അണ്ണൻ കയറി വന്നു. 

"എന്നാത്തിനായിരുന്നു കുട്ടിച്ചാ? "

അപ്പു അണ്ണൻ ചോദിച്ചു.

ചുണ്ടുകളിൽ ഉത്തരങ്ങൾ വിരിയാതെ കുട്ടിച്ചന്റെ കണ്ണുകൾ തുറന്ന്  കിടന്ന വാതിലുകളിൽ ഉടക്കി നിന്നു.  അവയുടെ നിയോഗപൂർത്തീകരണമായി ഒരു പെൺകുട്ടി അകത്തേക്ക് കയറി വന്നു. അന്നേ വരെ കുട്ടിച്ചൻ കാണാത്ത വികാരതീവ്രത നീർതുള്ളിയായ്  തീരാൻ മടിച്ച് അവളുടെ മിഴിയിൽ തങ്ങി നിന്നു. ഇന്നത്തെ പുതിയ കുറിപ്പടികൾ കാത്ത് ബെഡിൽ കിടന്ന കേസ് ഷീറ്റെടുത്തവൾ വായിച്ചു തുടങ്ങി.

"ഇവൾടെ പഠിപ്പിന് എടുത്തതാ ലോണ് " നേരം ഏറെ പഴകിയ ചോദ്യത്തിനെ തേടി കുട്ടിച്ചന്റെ   വാക്കുകൾ പിറന്നു.

"അതെന്നാ പ്രൈവറ്റ് മെഡിക്കൽ കോളേജ് ആയാ എഡ്യൂക്കേഷൻ ലോണ് കിട്ടത്തില്ലയോ?"

"തികഞ്ഞില്ല , വർഷം അഞ്ച്, അഞ്ചര ലക്ഷം ഒക്കെ വേണം , അപ്പൊ പട്ടയോം വെച്ചു. "  

" എന്നാലും പട്ടയം ഒക്കെ വെക്കുമ്പോ തിരിച്ചടയ്ക്കാൻ എന്തെങ്കിലും മനസിൽ കാണണ്ടേ കുട്ടിച്ചാ"

"വർഷം പത്തറുപത് തുലാം മുളക് കിട്ടുന്ന പറമ്പല്ലായിരുന്നോ.. ഇങ്ങനെ വിലയിടിയുമെന്ന് ...." 

കർഷക ജീവിതത്തിന്റെ അനിശ്ചിതത്വങ്ങളിൽ തട്ടി നിശബ്ദത പ്രതിഫലിച്ചു. കുരുമുളകിന്റെ ഇറക്കുമതിയിൽ ഗാമയും ചരിത്രവും ചത്തു , വിതച്ചവന്റെ പ്രതീക്ഷകളും.
    
ക്രൂശിതന്റെ വിലാപങ്ങളിൽ നിന്ന് ഉത്ഥിതന്റെ മുറിപ്പാടുകളിലേക്കുണരാൻ ദൈവം ഗാഢനിദ്ര തുടർന്നു. അന്നവൻ വേദനകൾ ഓർമിച്ചില്ല . അവനിൽ വസന്തം കണ്ട കർഷകന്റെ വേരുകൾ ജീർണ്ണിച്ചു . അതിൽ അഭയം പ്രാപിച്ച്‍  തൊട്ടാവാടിയുടെ നിനവുകളിൽ പൂക്കൾ  നിറഞ്ഞു , മരണത്തിന്റെ നിറമുള്ള പൂക്കൾ . ആദി പാപ ഭാരവും പേറി പാമ്പുകൾ പറുദീസ നഷ്ടങ്ങളിൽ ആവർത്തിക്കപ്പെട്ടു. ഒടിഞ്ഞ കശേരുക്കളിൽ കുരുമുളക് വള്ളിക്ക് ആകാശം അന്യമായി. ആദിയെ ബാധിച്ച ഗൃഹണ കാലത്തിൽ നിമിഷങ്ങൾ അവശേഷിച്ചു.

കുട്ടിച്ചൻ മകളെ നോക്കി. ചിന്തകൾ അവളുടെ വാക്കുകളെ അപഹരിച്ചിരുന്നു. ഒ പി പോയ്സണിംഗിന്റെ  ഇന്റർമീഡിയേറ്റ് സിൻഡ്രോം,  ഡിലേയ്ഡ് ന്യൂറോപ്പതി എന്നീ സങ്കീർണതകൾ  അവളുടെ ബോധമണ്ഡലത്തെ വിട്ടൊഴിഞ്ഞില്ല. അപ്പനെന്ന തുടർക്കവിതയുടെ താളം മുറിക്കാൻ കെൽപ്പുള്ള  ഈ പദങ്ങളിൽ മകളുടെ ഈണങ്ങൾ മരവിച്ചു. വെള്ളിയാഴ്ചയുടെ മരണ കോലാഹലങ്ങളിൽ നിന്നൊഴിഞ്ഞ വിഷ ശകലങ്ങളുടെ രസതന്ത്രം, കൊഴുപ്പിൻ കണികകളുമായി അവരുണ്ടാക്കിയ ഊഷ്മള ബന്ധം, കാലക്രമത്തിൽ  വിഭിന്നത നേരിടാവുന്ന അവരുടെ  ജ്ഞാതി ഭാവം ,സ്വതന്ത്രമാക്കപ്പെട്ട വിഷകണങ്ങൾ കരിനിഴൽ വീഴ്ത്തുന്ന നാളെകൾ. സൂഷ്മ ബിന്ദുക്കളുടെ ക്രയവിക്രയങ്ങളിൽ ശനിയാഴ്ചയുടെ പകൽ ഇരുണ്ടു.

കുർബാനയ്ക്കുള്ള മൂന്നാം മണിക്കൊപ്പം പ്രഭാതമുണർന്നു. അപ്പു അണ്ണൻ ഫ്ലാസ്ക് എടുത്ത് പുറത്തേക്ക് നടന്നു. ഇന്നലയുടെ ഭീതികൾക്കൊപ്പം വിഷകണങ്ങൾ സ്വതന്ത്രരാക്കപ്പെട്ടു. കുട്ടിച്ചന്റെ കണ്ണിൽ മഴക്കാലം മടങ്ങിയെത്തി. പിളർന്ന ചുണ്ടുകൾക്കിടയിലെ കടലിൽ വീണ്ടും നുര തിരയടിച്ചു.അയാളുടെ ബോധ തലങ്ങൾ നാഗരൂപം പ്രാപിച്ച് പറമ്പുകൾ തേടിയിറങ്ങി. ഭൂമി മനുഷ്യരുടെ മേലുള്ള അവകാശങ്ങൾ തിരിച്ചുപിടിച്ച്  പണയപ്പെടുത്തിയ പട്ടയങ്ങളുടെ കണക്ക് തീർത്തു. ക്രിസ്തു ഉയിർത്തു.
------------------------

റസൽ എം ടി. മലപ്പുറം ജില്ലയിലെ അരീക്കോട് സ്വദേശി.
ഫൈനൽ ഇയർ MBBS വിദ്യാർത്ഥിയാണ്. കഥ, കവിത രചനകൾ നടത്തുകയും , ചിലത് പ്രസിദ്ധീകരിക്കപെടുകയും ചെയ്തിട്ടുണ്ട്.  സ്റ്റുഡന്റ്‌സ്  മാഗസിൻ  എഡിറ്റർ ആയും പ്രവർത്തിച്ചിട്ടുണ്ട്. 

Facebook Comments

Comments

  1. Unnikrishnan Peramana,

    2021-06-25 11:21:10

    മനോഹരമായ രചന, വായനക്കാരനെ ഒരു പ്രത്യേക തലങ്ങളിലേയ്ക്ക് കൂട്ടി കൊണ്ടു പോകുന്ന ശൈലി. പലപ്പോഴും മനസ്സില്‍ അത് അമ്പരപ്പും അന്ധാളിപ്പും ഉണ്ട്ക്കുന്നിടത്തു കഥാകൃത്തിന്റെ കഴിവും തിളങ്ങുന്നു. ഇനിയും എഴുതി തിളങ്ങുവാന്‍ ദൈവം താങ്കളെ അനുഗ്രഹിക്കട്ടേ..... ഉണ്നികൃഷ്ണന്‍ പേരമന.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

സുകൃതം (ജയശ്രീ പ്രദീപ്, കഥാമത്സരം -172)

പാമ്പും കോണിയും - നിർമ്മല - നോവൽ - 57

മറക്കാനൊരു കാലം (കവിത: ആറ്റുമാലി)

ഡയറിക്കുറിപ്പുകൾ കഥ പറയുമ്പോൾ (കഥ: സിസിൽ മാത്യു കുടിലിൽ)

ആമോദിനി എന്ന ഞാൻ - പുഷ്പമ്മ ചാണ്ടി (നോവൽ , ഭാഗം - 7 )

നമ്പീശ യുവതി, വയസ്സ് 25, ശുദ്ധജാതകം (കഥ: ഷാജന്‍ ആനിത്തോട്ടം)

THE DESTINY (Samgeev)

Bundle (Jayashree Jagannatha)

Seeing (Jaya G Nair)

ജനിയോടു ചോദിച്ചിട്ട് (കഥ: രമണി അമ്മാൾ)

FLOWING TEARS (Poem: Abdul Punnayurkulam)

ഇപ്പോളും വാസനിക്കുന്ന ചെമ്പകം (അഞ്ജന ഉദയകുമാർ, കഥാമത്സരം -171)

ചെറുപഞ്ചിരി (പൗർണ്ണമി. എം. കുമാർ, കഥാമത്സരം -170)

ദയാരഹിതര്‍ (ഷിനോദ് എളവളളി, കഥാമത്സരം -169)

അനന്തത (കവിത: ഡോ. സുനിൽകുമാർ പയിമ്പ്ര )

നഷ്ടപ്പെട്ടവർ ( കവിത : ആൻസി സാജൻ )

ടൈപ്പ് റൈറ്ററും ഒരു വിധവയും (സുലേഖ മേരി ജോർജ്, കഥാമത്സരം -168)

ഉറഞ്ഞുപോയ ഓർമ്മകൾ (കവിത : പുഷ്പമ്മ ചാണ്ടി )

എന്തൊരു വിസ്മയ പ്രതിഭാസം! (കവിത: മാര്‍ഗരറ്റ് ജോസഫ്)

മുറിയുന്ന വീണക്കമ്പികൾ (കവിത: ബാലകൃഷ്ണൻ കെ.കുറ്റിപ്പുറം)

മംസാറിൽ നൂറ് സൂര്യനുദിച്ച   സന്ധ്യാനേരത്ത് (മനോജ് കോടിയത്ത്, കഥാമത്സരം -167)

ഇമോജി (സിജു.വി.പി, കഥാമത്സരം -163)

അഭയാർത്ഥികൾ (നിരഞ്ജൻ അഭി, കഥാമത്സരം -165)

വേര് (ബുഷ്  സെബാസ്റ്റ്യൻ, കഥാമത്സരം -162)

ഉടൽ വേരുകൾ (നിത്യ, കഥാമത്സരം -161)

The invaluable perks of not having a personal room…(Suraj Divakaran)

പുകമറയ്ക്കിടയിലെ വെളിച്ചം (മായാദത്ത്, കഥാമത്സരം -160)

ജന്മാന്തരങ്ങൾക്കിപ്പുറം: കവിത, മിനി സുരേഷ്

ഇള പറഞ്ഞ കഥകൾ (ജിഷ .യു.സി)

അമാവാസിയില്‍ പൂത്ത നിശാഗന്ധി (സോജി ഭാസ്‌കര്‍, കഥാമത്സരം -159)

View More