America

സൈക്കിൾ (സന്തോഷ്‌ ശ്രീധർ, കഥാമത്സരം -106)

Published

on

എന്റെ ജീവിതത്തെ മാറ്റി മറിച്ച ഒന്നായിരുന്നു അത്. 'സ്വന്തം അധ്വാനം കൊണ്ട് നേടുന്നതല്ലാതെ മറ്റാരിൽ നിന്നും ഒന്നും ആഗ്രഹിക്കരുത് എന്ന ഗുണപാഠം' ആയിരുന്നു അച്ഛനിൽ നിന്നും അന്ന് എനിക്ക് കിട്ടിയ പ്രഹരത്തിന്റെ ആകത്തുക. 
 
ഇന്നത്തെ പോലെ ഇന്റർനെറ്റും ഫോണും ഇല്ലാത്ത കാലം ആയതിനാലും വീട്ടിൽ ചടഞ്ഞിരിക്കുന്ന സ്വഭാവം ഇല്ലാത്തതിനാലും രാവിലത്തെ പ്രാതൽ (പഴഞ്ചോറ്) കഴിഞ്ഞാൽ അടുത്തുള്ള ഗ്രൗണ്ടിലേക്ക് വച്ചുപിടിക്കുന്നത് പതിവായിരുന്നു. 
 
വള്ളിപൊട്ടിയ ട്രൗസറ് ഇടതു കൈ കൊണ്ട് ദേഹത്തോട് ചേർത്ത് പിടിച്ച് വലത് കൈ കൊണ്ട് സൈക്കിൾ ടയറുമുരുട്ടി ചെമ്മൺ പാത നിറഞ്ഞ ഇടവഴികളിലൂടെ കിലോമീറ്ററുകളോളം ദൂരം ഓടിയാലും അൽപ്പം പോലും ക്ഷീണം തോന്നാത്ത കാലം.  
 
ഈ സമയമെല്ലാം ടയർ ഉരുട്ടാനുള്ള ഊഴവും കാത്ത് അടുത്തയാൾ ഗ്രൗണ്ടിനോട് ചേർന്നുള്ള അമ്പലത്തിന്റെ സേവ പന്തലിൽ കാത്തിരിപ്പുണ്ടാവും. പ്രധാനമായും എന്റെ കൂട്ടത്തിൽ ഉണ്ടാവുക അയൽക്കാരനായ ഉണ്ണി, ഉണ്ണിയുടെ അനുജൻ കുട്ടൻ പിന്നെ എന്റെ അനുജനും. അടുത്ത ഊഴക്കാരൻ ടയറുമായി പോയി വരുന്നത് വരെ മറ്റുള്ളവർ അവിടെ കാത്തിരിക്കും അതായിരുന്നു പതിവ്. 
 
ആയിടക്കാണ് ഞങ്ങളുടെ നാട്ടിലെ പ്രധാന ചന്തയായ നടക്കാവിൽ സൈക്കിൾ കട നടത്തുന്ന രാഘവൻ മേസ്ത്രിയുടെ കടയിൽ "അര സൈക്കിൾ " രംഗപ്രവേശം ചെയ്തത്. കൗതുകത്തോടെയാണ് ഞങ്ങൾ കുട്ടികൾ അത് നോക്കി കണ്ടത്. പിന്നീടുള്ള രാത്രികളിലെല്ലാം സൈക്കിൾ ആയിരുന്നു സ്വപ്നത്തിൽ നിറയെ. 
 
ഒരു സൈക്കിൾ മാത്രമേ മേസ്ത്രിയുടെ കടയിൽ ഉണ്ടായിരുന്നുള്ളു എന്നതിനാൽ നാട്ടിലുള്ള കുട്ടികൾക്കെല്ലാം സൈക്കിൾ പഠനം ശ്രമകരമായിരുന്നു. 
 
രണ്ടുമൂന്നു മാസങ്ങൾ കഴിഞ്ഞപ്പോഴേക്കും ഒരു സൈക്കിളിന്റെ സ്ഥാനത്ത് മറ്റു രണ്ട് സൈക്കിളുകൾ കൂടി വാങ്ങി മേസ്ത്രി തന്റെ ബിസിനസ് സാമ്രാജ്യം വികസിപ്പിച്ചു. 
 
 
അതോടെ എന്റെ അയൽക്കാരും സഹപാഠികളുമായ കുട്ടികളും സൈക്കിൾ പഠനം തുടങ്ങി. അന്ന് ഇരുപത്തഞ്ച് പൈസ ആയിരുന്നു അര സൈക്കിളിന് ഒരു മണിക്കൂർ വാടക. അത് പിന്നീട് മുപ്പത് പൈസയും, നാൽപ്പത് പൈസയും, അമ്പത് പൈസയുമായി ഡിമാന്റ് അനുസരിച്ച് മേസ്ത്രി വർധിപ്പിച്ചു. ഒപ്പം അര സൈക്കിൾ പഠനം കഴിഞ്ഞവർക്കായി "മുക്കാലി"സൈക്കിളും മേസ്ത്രി രംഗത്തെത്തിച്ചു. 
 
എന്റെ സമപ്രായക്കാരായ ആൺ കുട്ടികളെല്ലാം സൈക്കിൾ ചവിട്ടാൻ പഠിക്കുന്ന കാലമായിരുന്നു അത്. (അന്ന് ഞങ്ങളുടെ ഗ്രാമത്തിൽ പെൺകുട്ടികൾ സൈക്കിൾ ഓടിക്കുക സാധാരണമായിരുന്നില്ല.) ഒഴിവ് ദിനങ്ങളിൽ അടുത്തുള്ള സ്കൂൾ ഗ്രൗണ്ടിലാവും സൈക്കിൾ പഠനം. 
 
കൂട്ടുകാരെല്ലാം സൈക്കിൾ പഠിക്കുന്നത് കണ്ടപ്പോൾ സ്വാഭാവികമായും എന്നിലും അതൊരു മോഹമായി വളർന്നു. 
 
അച്ഛനോട് പറയാനുള്ള പേടി കാരണം അമ്മയെ ചട്ടം കെട്ടി. പല രാത്രികളിലും അമ്മയോട് ശണ്ഠകൂടി. വളരെ നാളത്തെ പിരിമുറുക്കത്തിന് ശേഷമാണ്, ഏഴാം ക്‌ളാസ്സുകാരനായ എന്നെ സൈക്കിൾ പഠിക്കാൻ അച്ഛൻ അനുവദിച്ചത്. 
 
അന്ന് ഒരവധി ദിവസം ആയിരുന്നു. രാവിലെ തന്നെ കൂട്ടുകാരെല്ലാം സൈക്കിൾ ചവിട്ടാനുള്ള തയ്യാറെടുപ്പിലാണ്. രണ്ട് അരസൈക്കിളിനായി ഏഴെട്ട് പേർ. ചിലർ ഉന്തി കയറാൻ ശ്രമിക്കുമ്പോഴേക്കും വീഴുന്നു. മറ്റു ചിലർ ചേര പുളയും പോലെ സൈക്കിൾ സീറ്റിലിരുന്ന് നടുവ് അങ്ങോട്ടുമിങ്ങോട്ടും പുളച്ച് ഒരുവിധം ചവിട്ടുന്നു. 
 
കുറേ നേരം നോക്കി നിന്ന ഞാൻ ദുഃഖാകുലനായി വീട്ടിലേക്ക് തിരികെ ഓടി. അമ്മയോട് സൈക്കിൾ പഠിക്കണം എന്ന് പറഞ്ഞു. നടപ്പില്ല എന്നായപ്പോൾ കരച്ചിലായി. ആ സമയം കിഴക്കേ വഴിയിലൂടെ പോകുകയായിരുന്ന മദനണ്ണൻ അടുത്ത് വന്ന് എന്നോട് കരച്ചിലിന്റെ കാര്യം തിരക്കി. സൈക്കിൾ പഠിക്കണമെന്നും അച്ഛൻ അനുവദിക്കുന്നില്ല എന്നും പറഞ്ഞപ്പോൾ, "മുത്ത് കരയണ്ട മാമൻ വഴിയുണ്ടാക്കാം", എന്നായി മദനണ്ണൻ. 
 
പശുവിന് കാടി കൊടുത്തുകൊണ്ടിരുന്ന അച്ഛന്റെ അടുത്തേക്ക് ചെന്ന് അണ്ണൻ പറഞ്ഞു, "കൊച്ചാട്ട എന്തിനാ അവനെ കരയിക്കുന്നത് അതങ്ങ് സാധിച്ചുകൊടുത്തേക്ക്. " ഒടുവിൽ മദനണ്ണന്റെ നിർബന്ധത്തിന്‌ വഴങ്ങി അച്ഛൻ മൗനാനുവാദം നൽകുകയായിരുന്നു. 
 
അങ്ങനെ മദനണ്ണൻ വാടകക്ക് എടുത്തുകൊണ്ടുവന്ന അരസൈക്കിളിൽ അണ്ണന്റെ ശിഷ്യത്വത്തിൽ ഞാനും സൈക്കിൾ പഠനം തുടങ്ങി. അന്ന് അമ്പത് പൈസ ആയിരുന്നു മണിക്കൂറിന് സൈക്കിൾ വാടക. 
 
ആദ്യ ദിവസത്തെ രണ്ട് മണിക്കൂറിൽ സൈക്കിൾ ചവിട്ടാനാവാതെ നിരാശനായെങ്കിലും രണ്ടാം ദിവസത്തെ ഉദ്യമത്തിൽ നടുവ് നിവർത്തി സൈക്കിൾ ചവിട്ടാം എന്നായി. 
 
അടുത്ത ദിവസങ്ങളിൽ സ്കൂൾ ഉള്ളതിനാൽ സൈക്കിൾ പഠനത്തിനായി അഞ്ച് ദിവസം കാത്തിരിക്കേണ്ടി വന്നു. ആ രാത്രികളിലെല്ലാം സൈക്കിളിൽ പായുന്ന രംഗങ്ങൾ സ്വപ്നം കണ്ട് ശനിയാഴ്ച്ചക്കായി കാത്തിരുന്നു. ശനിയാഴ്ച്ച രാവിലെ തന്നെ മദനണ്ണനെ ശട്ടം കെട്ടി സൈക്കിൾ എടുപ്പിച്ച് കസർത്ത് തുടർന്നു. 
 
ഒരു വിധം സൈക്കിൾ ഓടിക്കാം എന്നായപ്പോൾ പിന്നത്തെ ആഗ്രഹം വലിയ സൈക്കിളിൽ ആയി. 
 
അക്കാലത്ത് ചെമ്മൺ പാത നിറഞ്ഞ ഞങ്ങളുടെ ഗ്രാമത്തിൽ ഏതാനും പേർക്ക് മാത്രമായിരുന്നു സ്വന്തം സൈക്കിൾ ഉണ്ടായിരുന്നത്. അതിൽ ഒന്ന് ഞങ്ങളുടെ അയൽക്കാരനും അമ്മയുടെ ബന്ധുവുമായിരുന്ന ടി. കെ. സാർ ആയിരുന്നു. കച്ചേരി രജിസ്ട്രാർ ആയിരുന്ന സാറിന് 'കേരള അറ്റ്ലസ് 'സൈക്കിളും 'ലാംബി 'സ്കൂട്ടറും ഉണ്ടായിരുന്നു.
 
അതുപോലെ മറ്റൊരാൾ യേശുദാസൻ സാറായിരുന്നു. സാറിന്റെ ഭാര്യ ഡെൽസി സാർ. രണ്ട് പേരും ദൂരെയേതോ സ്കൂളിൽ അദ്ധ്യാപകരായിരുന്നു. സാറിന് ജാവ ബൈക്ക് ഉണ്ടായിരുന്നു. അതിലായിരുന്നു രണ്ട് പേരും സ്കൂളിൽ പോയിരുന്നത്. എല്ലാ ദിവസവും രാവിലെ എട്ടുമണിയോടടുത്ത് ബൈക്ക് സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കേൾക്കുമ്പോൾ തന്നെ റോഡിലേക്കോടി സാറ് പോകുന്നതും കാത്ത് നിൽക്കുക എന്റെ പതിവായിരുന്നു. 
 
പൊടി പറത്തി വരുന്ന ബൈക്കും അതോടിക്കുന്ന ദാസൻ സാറും പിന്നിലായിരിക്കുന്ന ഡെൽസി സാറും ഇന്നും എന്റെ മുന്നിൽ കൗതുകമായി പുഞ്ചിരി പൊഴിച്ച് നിൽക്കുന്നു. 
 
ടി. കെ. സാറ് ജോലിക്ക് പോകുന്നത് സ്കൂട്ടറിൽ ആയതിനാൽ പകൽ സമയം സൈക്കിൾ വിശ്രമത്തിലായിരുന്നു. വളരെ നാളത്തെ ശ്രമഫലമായി ഒരു ദിവസം സൈക്കിൾ എടുത്തുകൊള്ളാൻ സാറ് പറഞ്ഞപ്പോൾ സാമ്രാജ്യം കിട്ടിയ മനോഭാവം ആയിരുന്നു എനിക്ക്. 
 
സൈക്കിളിൽ ആദ്യം അമ്മ വീട്ടിലേക്ക്. കായൽ വാരത്തായിരുന്നു അമ്മ വീട്. ഏഴിയാത്ത് വഴിയിലൂടെ ഒതളൻ കല്ലുകൾ പാകിയ റോഡിൽ സർവ്വ ശക്തിയുമെടുത്ത് സൈക്കിൾ ചവിട്ടി കൂട്ടാക്കിൽ മുക്കും കോനാഴത്ത് മുക്കും കടന്ന് കായൽ വാരത്തേക്ക്. 
 
പുളിമൂട്ടിൽ വീട് കഴിഞ്ഞ് കായൽ വാരത്തേക്ക് ചെങ്കുത്തായ പാത ആയതിനാൽ അല്പം ഭയം തോന്നി സൈക്കിളിൽ നിന്നും ഇറങ്ങി ഉരുട്ടി. 
 
താഴെ നിരപ്പായ സ്ഥലത്തെത്തി വീണ്ടും ഉന്തിക്കേറി സൈക്കിൾ ചവിട്ടി അമ്മാമ്മയുടെ അരികിലേക്ക്. എന്റെ പ്രിയപ്പെട്ട അമ്മാമ്മയെ കുറിച്ച് എത്ര എഴുതിയാലും തീരില്ല. അത്ര സ്നേഹമായിരുന്നു എനിക്കും എന്നോടും. പാവം അമ്മാമ്മ. 
 
അമ്മാമ്മയുടെ വീട്ടിൽ നിന്നും തിരിച്ച് പ്രധാന കവല വഴി വീട്ടിലേക്ക്. വൈകിട്ട് അഞ്ച് മണിയോടെ സാറ് വരുന്നതും നോക്കി ഞാൻ സൈക്കിൾ തിരികെ ഏൽപ്പിച്ച് വീട്ടിലേക്ക് പോന്നു. 
 
അധികം കഴിയും മുമ്പ് വീടിന്റെ മുന്നിൽ സാറിന്റെ പരുക്കൻ ശബ്ദം. "എടീ, നിന്റെ മോൻ എന്റെ സൈക്കിൾ കൊണ്ടിട്ട് ഒടിച്ചു." മുറിക്കകത്ത് ആയിരുന്ന ഞാൻ അച്ഛന്റെ ഉച്ചത്തിലുള്ള വിളികേട്ട് പുറത്തേക്ക് ചെല്ലുമ്പോൾ കണ്ടത്, കലി തുള്ളി നിൽക്കുന്ന സാറിനെയാണ്. സൈക്കിൾ ഒടിച്ചിട്ടില്ല എന്ന് കരഞ്ഞു പറഞ്ഞെങ്കിലും കലിയടങ്ങാതെ സാറ് പറഞ്ഞുകൊണ്ടിരുന്നു, 'നീയാണ്  ഒടിച്ചത് '.
 
പിന്നീട് നടന്നത് പറഞ്ഞറിയിക്കേണ്ടല്ലോ? "നിന്നോട് പറഞ്ഞതാ ആരുടേയും സൈക്കിൾ എടുക്കാൻ പോകരുതെന്ന്," എന്നും പറഞ്ഞുകൊണ്ട് കോപാകുലനായ അച്ഛൻ ചുന്താണി വെട്ടി എന്നെ പൊതിരെ തല്ലി. തടസ്സം നിൽക്കാൻ വന്ന അമ്മയ്ക്കും കിട്ടി രണ്ട്. 
 
എനിക്ക് അടി കിട്ടിയതിൽ കലി അടങ്ങിയ സാറ് തിരികെ പോയി. 
 
പിന്നീട് എപ്പോഴോ അച്ഛൻ സൈക്കിൾ റിപ്പയറുകാരെ വിളിച്ച് വരുത്തി കാണിച്ചു. സീറ്റ് ഒടിഞ്ഞതിനാൽ വെൽഡ് ചെയ്യണം എന്നായി അവർ. അന്ന് നാട്ടിൽ വെൽഡിങ് ഷോപ്പ് ആയിട്ടില്ല അടുത്ത പഞ്ചായത്തിലെ ഉള്ളു. 
 
ആ രാത്രി തന്നെ ഇരുപത്തഞ്ച് രൂപ കൂലി നൽകി സൈക്കിൾ നന്നാക്കി ടി. കെ. സാറിന് തിരികെ നൽകി. അത് എനിക്ക് ഒരു പാഠം ആയിരുന്നു. അന്ന് അച്ഛനിൽ നിന്നും കിട്ടിയ അടിയുടെ പാട് തുടയിൽ നിഴലിച്ച് കിടക്കുന്നത് കാണുമ്പോൾ ഇന്നും ഒരു നൊമ്പരം. 
 
----------------------
സന്തോഷ്‌ ശ്രീധർ. കൊല്ലം   തേവലക്കര  സ്വദേശി 
ഏതാനും ഓൺ ലൈൻ മാഗസിനുകളിലും സോഷ്യൽ മീഡിയയിലും എഴുതുന്നു . സൗദിയിൽ നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്നു                         
                            

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

വാല്മീകിയും നാമ മഹിമയും (തൊടുപുഴ കെ ശങ്കർ, മുംബൈ)

ജീവിതമേ...! ( കവിത : ശിവദാസ് . സി.കെ)

മുഖംമൂടികൾ (ഫൈറൂസ റാളിയ എടച്ചേരി)

സാല്മൻ ജന്മം (ജെയ്സൺ  ജോസഫ്, കഥാമത്സരം -178)

ചെന്താമര (ഗാര്‍ഗി, കഥാമത്സരം -177)

സാന്താക്ലോസ് അപ്പാപ്പൻ (പീറ്റര്‍ ചക്കാലയ്ക്കല്‍, കഥാമത്സരം -176)

ശീലാബതി (ബഹിയ, കഥാമത്സരം -175)

സയനേഡ് (മുഹമ്മദ് അഫ്സൽ വി.എം, കഥാമത്സരം -174)

ഓജോ ബോർഡ് - രാത്രി - മൂന്നുമണി മുതൽ നാലേമുക്കാൽ വരെ ( കവിത : നീത ജോസ്)

തരിശ് (കവിത: സന്ധ്യ എം)

കാർത്ത (ഇള പറഞ്ഞ കഥകൾ -2: ജിഷ യു.സി)

കണ്ടറിയാം കൊണ്ടറിയാം (കവിത: ഉമര്‍ ഫറോഖ്)

വാട്സ്ആപ്പ് ഇല്ലാത്ത ലൈഫ് (രാജൻ കിണറ്റിങ്കര)

ശിലപോലൊരു പെൺമ (വത്സല നിലമ്പൂർ, കഥാമത്സരം -173)

സുകൃതം (ജയശ്രീ പ്രദീപ്, കഥാമത്സരം -172)

പാമ്പും കോണിയും - നിർമ്മല - നോവൽ - 57

മറക്കാനൊരു കാലം (കവിത: ആറ്റുമാലി)

ഡയറിക്കുറിപ്പുകൾ കഥ പറയുമ്പോൾ (കഥ: സിസിൽ മാത്യു കുടിലിൽ)

ആമോദിനി എന്ന ഞാൻ - പുഷ്പമ്മ ചാണ്ടി (നോവൽ , ഭാഗം - 7 )

നമ്പീശ യുവതി, വയസ്സ് 25, ശുദ്ധജാതകം (കഥ: ഷാജന്‍ ആനിത്തോട്ടം)

THE DESTINY (Samgeev)

Bundle (Jayashree Jagannatha)

Seeing (Jaya G Nair)

ജനിയോടു ചോദിച്ചിട്ട് (കഥ: രമണി അമ്മാൾ)

FLOWING TEARS (Poem: Abdul Punnayurkulam)

ഇപ്പോളും വാസനിക്കുന്ന ചെമ്പകം (അഞ്ജന ഉദയകുമാർ, കഥാമത്സരം -171)

ചെറുപഞ്ചിരി (പൗർണ്ണമി. എം. കുമാർ, കഥാമത്സരം -170)

ദയാരഹിതര്‍ (ഷിനോദ് എളവളളി, കഥാമത്സരം -169)

അനന്തത (കവിത: ഡോ. സുനിൽകുമാർ പയിമ്പ്ര )

നഷ്ടപ്പെട്ടവർ ( കവിത : ആൻസി സാജൻ )

View More