Image

നിങ്ങളുടെ കുട്ടികള്‍ ആരാവണമെങ്കില്‍? -അവസാനഭാഗം: പ്രൊഫ(കേണല്‍)ഡോ.കാവുമ്പായി ജനാര്‍ദ്ദനന്‍

പ്രൊഫ(കേണല്‍)ഡോ.കാവുമ്പായി ജനാര്‍ദ്ദനന്‍ Published on 22 June, 2021
നിങ്ങളുടെ കുട്ടികള്‍ ആരാവണമെങ്കില്‍? -അവസാനഭാഗം: പ്രൊഫ(കേണല്‍)ഡോ.കാവുമ്പായി ജനാര്‍ദ്ദനന്‍

9. കൊച്ചു സ്വപ്‌നങ്ങളും ജീവിതലക്ഷ്യവും
കുട്ടികള്‍ക്ക് അവരുടേതായ കൊച്ചു സ്വപ്‌നങ്ങളും ജീവിതലക്ഷ്യങ്ങളും അഭിലാഷങ്ങളും ഉണ്ടായേക്കാം. ജീവിതലക്ഷ്യം തീരുമാനിക്കേണ്ടത് മെട്രിക്കുലേഷനിലെത്തുമ്പോഴാണ്. കുട്ടികളുടെ കൊച്ചുസ്വപ്‌നങ്ങളും ആഗ്രഹങ്ങളും നിറവേറ്റാന്‍ പല രക്ഷിതാക്കളും പാടുപെടാറുണ്ട്. തനിക്ക് ചെറുപ്പത്തില്‍ ലിക്കാത്ത സൗഭാഗ്യങ്ങള്‍ കുട്ടികള്‍ക്കു ലഭിക്കട്ടെ എന്നാണ് പലരും ചിന്തിക്കുക. കുട്ടികള്‍ അനാവശ്യമായ ആഗ്രഹങ്ങള്‍, വേണോ, വേണ്ടേ എന്ന് ചര്‍ച്ച ചെയ്തു തീരുമാനിക്കുന്നതു നല്ലതാണ്. അത്യാവശ്യമുള്ള സാധ്‌നങ്ങള്‍ മാത്രം വാങ്ങിക്കൊടുക്കുന്നതാണ് അത്യുത്തമം.
മാതാപിതാക്കളുടെ ആഗ്രഹം കൊണ്ടു മാത്രം കുട്ടികള്‍ ആരായിത്തീരണമെന്നു തീരുമാനിക്കരുത്. കുട്ടികളുടെ അഭിരുചിയും ആഗ്രഹവും കഴിവും ബുദ്ധിശക്തിയും മറ്റുംനോക്കിയ ശേഷം മാത്രമേ ഭാവിയില്‍ ആരാവണമെന്നു തീരുമാനിക്കാവൂ. വേണ്ടി വന്നാല്‍ ഒരു മനശാസ്ത്രജ്ഞന്റെ സഹായം തേടുന്നതു നല്ലതാണ്. കുട്ടിയെ മനശാസ്ത്രവിശകലനത്തിനുവിധേയമാക്കിയശേഷം ഏറ്റവും നല്ല ജോലിയോ, ജീവിത ലക്ഷയമോ തീരുമാനിക്കാന്‍ പ്രയാസമുണ്ടാവില്ല. ഒരു തവണ ജീവിതലക്ഷ്യം തീരുമാനിച്ചാല്‍ പിന്നെ, ആ ലക്ഷ്യത്തിലെത്തുവാനുള്ള മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കാന്‍ സാധിക്കും. മുതിര്‍ന്നവരുടെ സഹകരണവും സഹായവുമുണ്ടായാല്‍ കഠിനാദ്ധ്വാനം ചെയ്ത ലക്ഷ്യത്തിലെത്താന്‍ പ്രയാസമുണ്ടാവില്ല.

10. സ്‌നേഹശാസനങ്ങള്‍
മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും ശ്രദ്ധക്കുറവുകൊണ്ട് വഴിതെറ്റിപ്പോവുന്ന ഒരുപാടു കുട്ടികളുണ്ട്. കുട്ടികളെ വളരെയധികം സ്‌നേഹിക്കുന്നതും കെട്ടിപ്പിടിച്ച് ആലിംഗനം ചെയ്യുന്നതും ഉമ്മ കൊടുക്കുന്നതും നല്ലതാണ്. പക്ഷേ അവര്‍ തെറ്റു ചെയ്താല്‍, കാണാതെ നടിക്കരുത്. തെറ്റിനുള്ള സ്‌നേഹശാസനങ്ങള്‍ ബുദ്ധിപൂര്‍വ്വം നല്‍കണം. ശിക്ഷ ക്രൂരമാവാതിരിക്കാന്‍ ശ്രദ്ധിക്കണം, ദേഷ്യപ്പെടണം. ദേഷ്യപ്പെടുന്നതില്‍ പരിതപിക്കേണ്ട. നല്ല ഉപദേശത്തോടു കൂടെയാണെന്നു പറഞ്ഞ് പിന്നീടു സമാധാനിപ്പിക്കുകയും ഉപദേശിക്കുകയും ചെയ്യണം. ദേഷ്യപ്പെടലും ശിക്ഷയും ക്രൂരമായതിനാല്‍ കുട്ടികള്‍, എടുത്തുചാട്ടം നടത്തി, ജീവാപായമുണ്ടാക്കുന്ന കടുംകൈകള്‍ ചെയ്ത കഥകളുണ്ട്. അധികം വേദനിപ്പിക്കരുത്, പക്ഷേ വേദന അറിഞ്ഞിരിക്കണം. തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്.

11. മാനസിക പ്രശ്‌നങ്ങള്‍
കുട്ടികളെ അലട്ടുന്ന പ്രധാന കാരണങ്ങള്‍, മാനസിക പ്രശ്‌നങ്ങള്‍ കൊണ്ടാവാന്‍ സാദ്ധ്യതയുണ്ട്. മാനസീക പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയാല്‍ അതു പരിഹരിക്കാന്‍ ശ്രമിക്കണം. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ താഴെ കൊടുക്കുന്നു:
-ആഗ്രഹിച്ച സാധനം കിട്ടാത്ത വിഷമം(ഉദാ: സ്മാര്‍ട്ടുഫോണ്‍ മേടിച്ചുതന്നില്ല), ക്ലാസ്സില്‍ അദ്ധ്യാപകരുടെ ശകാരം, കൂട്ടുകാരോടുള്ള വഴക്ക്, പരീക്ഷയ്ക്ക് മാര്‍ക്കു കുറഞ്ഞ പ്രയാസം, മത്സരത്തില്‍ ജയിക്കാതിരുന്ന മനോവിഷമം എന്നിങ്ങനെ പല കാരണങ്ങള്‍ കൊണ്ട് മാനസിക പ്രശ്‌നങ്ങളുണ്ടാവാം.
-മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്ന കുട്ടികള്‍ക്ക് നിരാശ, ദേഷ്യം, എതിര്‍ക്കാനുള്ള പ്രവണത, അക്രമണോത്സുകതല ഏകാന്ത ലോകത്തേക്കു പോകല്‍, കൂട്ടുകെട്ടില്‍ നിന്നകന്നു നില്‍ക്കുക, ക്ലാസില്‍ പോകാതിരിക്കുക, ഉല്‍കണ്ഠ തുടങ്ങിയവ ഉണ്ടാവാം.
-പുകവലി, മദ്യപാനം, ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം തുടങ്ങിയ ദുഃശീലങ്ങള്‍ തുടങ്ങിയെന്നുവരാം.
-ലൈംഗീക പീഢനമനുഭവിച്ച കുട്ടികള്‍ക്ക് വൈകാരിക പ്രശ്‌നങ്ങളുണ്ടാവും. അതിനാല്‍ വളരെ പക്വമായ ഒരു സമീപനമാണ് രക്ഷിതാക്കളും അദ്ധ്യാപകരും സ്വീകരിക്കേണ്ടത്. വൈകാരിക പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമായ മാനസിക രോഗങ്ങളിലേക്കു വഴിതെളിക്കുന്നതും വിരളമല്ല.
-പ്രേമനൈരാശ്യം  പോലുള്ള പ്രശ്‌നങ്ങള്‍ പ്രായത്തിനനുസരിച്ച് പക്വതയോടെ പറഞ്ഞു മനസ്സിലാക്കേണ്ടിവരും. സ്‌ക്കൂളില്‍നിന്നോ, കൂട്ടുകാരില്‍ നിന്നോ ലൈംഗീക പ്രസിദ്ധീകരണങ്ങളില്‍ നിന്നോ, ഇന്റര്‍നെറ്റില്‍ നിന്നോ ലൈംഗീക കാര്യങ്ങള്‍ അറിയുന്നതിനു മുമ്പേ തന്നെ, യുക്തിപൂര്‍വ്വം ലൈംഗീകമായ അറിവു പറഞ്ഞുകൊടുക്കണം. വേണ്ടിവന്നാല്‍ ഒരു മനശാസ്ത്രജ്ഞ വിദഗ്ധന്റെ സഹായം തേടണം.
-രക്ഷിതാക്കളും അദ്ധ്യാപകരും ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് മാനസിക പ്രശ്‌നങ്ങള്‍ക്ക് ഉചിതമായ നിവാരണം കണ്ടെത്താന്‍ ശ്രമിക്കണം.
-കുട്ടികളോട് മനസ്സു തുറന്നു സംസാരിച്ച്. വേണ്ടപ്പെട്ട ഉപദേശങ്ങളും മാനസിക പ്രശ്‌നങ്ങളെ അതിജീവിക്കാനുള്ള, പ്രേരണയും നല്‍കണം. 'പേടിക്കേണ്ട എല്ലാം ശരിയാവും. നീ മനക്കരുത്തും ബുദ്ധിയുമുള്ള കുട്ടിയാണ്....' എന്നിങ്ങനെ പറഞ്ഞു സമാധാനിപ്പിക്കണം.

12. നേതൃത്വഗുണങ്ങള്‍(Leadership Qualities)
ഒരു ഗ്രൂപ്പിലോ സമൂഹത്തിലോ പ്രവര്‍ത്തിക്കേണ്ടി വരുമ്പോള്‍ ഏറ്റവും ആവശ്യമായ സ്വഭാവ വിശേഷങ്ങളാണ് നേതൃത്വഗുണങ്ങള്‍. ഈ ഗുണവിശേഷമുള്ളവര്‍ക്ക് ഭാവിയില്‍ വലിയവരായിത്തീരാനും നല്ല ജോലി സമ്പാദിക്കാനും സാധിക്കും. ഉദാ: ഇന്ത്യന്‍ സായുധ സേനയില്‍ ഓഫീസറാവണമെങ്കില്‍ നേതൃത്വഗുണങ്ങള്‍ ഉണ്ടായേ പറ്റൂ. കുട്ടികളില്‍ നേതൃത്വഗുണങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ അദ്ധ്യാപകരും രക്ഷിതാക്കളും പരിശ്രമിക്കണം. പ്രധാനപ്പെട്ട 20 നേതൃത്വഗുണങ്ങള്‍ താഴെ പറയുന്നവയാണ്:
-ആത്മവിശ്വാസം
-അച്ചടക്കം
-വിശ്വസ്തത
-ധൈര്യം
-സഹകരണ മനോഭാവം
-തീരുമാനമെടുക്കാനുള്ള കഴിവ്
-ദൃഢനിശ്ചയം
-ബുദ്ധിശക്തി
-അനുസരണ
-കൃത്യനിഷ്ഠ
-സല്‍സ്വഭാവം
-ന്യായവിധിശക്തി
-മനുഷ്യരെ മാനേജുചെയ്യാനുള്ള കഴിവ്
-ശുഭാപ്തിവിശ്വാസം
-ഉത്തരവാദിത്തബോധം
-ചിന്താശേഷി
-മറ്റുള്ളവര്‍ക്ക് മാതൃക
-നല്ല മനോഭാവം
-ആകര്‍ഷകമായ വ്യക്തിത്വം
-അറിവ്
നേതൃത്വഗുണമുള്ള ഒരു നല്ല നേതാവിന്, തന്റെ ഗ്രൂപ്പിലുള്ള അഥവാ സ്ഥാപനത്തിലുള്ള ആള്‍ക്കാരെ എളുപ്പം സ്വാധീനിക്കാനും വിജയത്തിലേക്കു നയിക്കാനും സാധിക്കും. എല്ലാ വിജയഗാഥയുടെയും പിന്നില്‍ നല്ലൊരു നേതാവുണ്ടായിരിക്കും.

13. മത്സരപ്പരീക്ഷകളും ഇഷ്ടപ്പെട്ട ജോലികളും
പ്രധാനപ്പെട്ട ജോലികള്‍ ലഭിക്കണമെങ്കില്‍ അഖിലേന്ത്യാതലത്തിലുള്ള പ്രവേശനപ്പരീക്ഷകള്‍ പാസ്സാവണം. യൂണിയന്‍ പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ പോലുള്ള സംഘടനകളാണ് ദേശീയ തലത്തിലുള്ള പരീക്ഷകള്‍ നടത്തുന്നത്. ഈ അടുത്തകാലം വരെ പല സംഘടനകളും നടത്തുന്ന പരീക്ഷകള്‍ കേവലം ഒരു നാടകമായിരുന്നു. പരീക്ഷാക്കടലാസുകള്‍ കരിഞ്ചന്തയില്‍ വിറ്റതും സ്വകാര്യമായി പൈസ വാങ്ങി പരീക്ഷ എഴുതിച്ചതും കോപ്പി അടിച്ചുപാസ്സായതുമായ പല കാര്യങ്ങളും മാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു. പക്ഷേ  ഇപ്പോള്‍ അതിനെല്ലാം ഒരു പരിധിവരെ നിയന്ത്രണം വന്നിട്ടുണ്ട്.
മത്സരപ്പരീക്ഷകളില്‍ വിജയികളാവാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം:
-സിലബസ്സിനെ ആധാരമാക്കി പഠിക്കുക
- നല്ല പരിശീലനം നല്‍കുന്ന സ്ഥാപനങ്ങളിലൂടെ പരിശീലനം നേടാന്‍ കഴിയും.
-ധാരാളം പരീക്ഷാ സഹായികള്‍ മാര്‍ക്കറ്റിലും ഇന്റര്‍നെറ്റിലും ലഭ്യമാണ്.
-ഇന്റര്‍നെറ്റു വഴിയും പരീക്ഷാകേന്ദ്രങ്ങള്‍ വഴിയും മോഡല്‍ ടെസ്റ്റുകള്‍ നടത്തുന്നുണ്ട്. സ്വന്തമായി വീട്ടില്‍ വെച്ചും ഇത്തരം പരീക്ഷകള്‍ എഴുതി അനുഭവം നേടാം.
-സമയ സരണി ഉണ്ടാക്കി ഉത്സാഹിച്ചുപഠിച്ചാല്‍ വിജയം നേടാന്‍ സാധിക്കും.
പ്രധാനപ്പെട്ട ഏതാനും മത്സരപ്പരീക്ഷകളുടെ വിവരം താഴെ ചേര്‍ക്കുന്നു:
*എഞ്ചിനീയറിംഗ്-JEE-ജോയിന്റ് എഞ്ചിനീയറിംഗ് എക്‌സാമിനേഷന്‍.
*മെഡിക്കല്‍....NEET-നാഷ്ണല്‍ എലിജിബിലിറ്റികം എന്‍ട്രന്‍സ് ടെസ്റ്റ്.
*നിയമം....AILET-ആള്‍ ഇന്ത്യാ ലോ എന്‍ട്രന്‍സ് ടെസ്റ്റ്.
*ഡിഫന്‍സ്....CDSE- കമ്പയിന്റ് ഡിഫന്‍സ് സര്‍വ്വീസസ് എക്‌സാമിനേഷന്‍
*ഡിഫന്‍സ്....NDA&NAE-നാഷ്ണല്‍ ഡിഫന്‍സ് അക്കാദമി & നേവല്‍ അക്കാദമി എക്‌സാമിനേഷന്‍.
*മരിടൈം, നേവി...IMUCET- ഇന്ത്യന്‍ മരിടൈം യൂനിവേഴ്‌സിറ്റി കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ്
*ഫാഷന്‍& ഡിസൈന്‍-NIFT- നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി എന്‍ട്രന്‍സ് ടെസ്റ്റ്.
*സിവില്‍ സര്‍വ്വീസ്-CSE- സിവില്‍ സര്‍വ്വീസസ് എക്‌സാമിനേഷന്‍.(IAS,IPS, IFS) ഇപ്പോള്‍ സാമാന്യം ഭേദപ്പെട്ട ശമ്പളം ലഭിക്കുന്ന ഏതാനും ജോലികള്‍, മത്സരപ്പരീക്ഷയുടെ അടിസ്ഥാനത്തില്‍ ലഭിക്കുന്നവ താഴെ കൊടുക്കുന്നു:
-മാനേജുമെന്റ് ജോലികള്‍
-സിവില്‍ സര്‍വ്വീസുകള്‍(IAS, IPS,IFS)
-മെഡിക്കല്‍(MBBS, DENTAL..._
-CA(ചാര്‍ട്ടസ് എക്കൗണ്ടന്റ്‌സ്)
-വക്കീല്‍
-പയലറ്റ്
-മര്‍ച്ചന്റ് നാവി
-എഞ്ചിനിയറിംഗ്(IT, കപ്യൂട്ടര്‍ സയന്‍സ്)
-പ്രൊഫസര്‍, ലക്ചറര്‍
-ബാങ്ക് ഓഫീസര്‍മാര്‍
-ശാസ്ത്രജ്ഞമാര്‍
അച്ഛനമ്മമാര്‍ക്കു സ്വന്തം കുട്ടികള്‍ ആരാവണമെന്നാണോ ആഗ്രഹം, ആ വിഭാഗത്തിലെത്താനുള്ള ദേശീയ പരീക്ഷകളോ പ്രാദേശിക പരീക്ഷകളോ(ഉദാ: സ്‌ററേറ്റ് പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ പരീക്ഷകള്‍) എഴുതാനുള്ള തയ്യാറെടുപ്പു നടത്തി, പരീക്ഷ എഴുതി വിജയിക്കണം. പരീക്ഷ എഴുതി വിജയിക്കുന്നതുകൊണ്ടു മാത്രം ആ വിഭാഗത്തിലുള്ള കോളേജുകളിലോ, സ്ഥാപനങ്ങളിലോ പ്രവേശനം ലഭിക്കണമെന്നില്ല. പരീക്ഷയ്ക്കു ശേഷം ഇന്റര്‍വ്യൂ, ഗ്രൂപ്പ് ഡിസ്‌കഷന്‍, സൈക്കോളജിക്കല്‍ ടെസ്റ്റ് തുടങ്ങിയവയും പാസ്സാവേണ്ടിവരും. ചില സ്വകാര്യ സ്ഥാപനങ്ങള്‍ ഇവിടെയാണ് പ്രവേശനത്തില്‍ ഭേദഭാവങ്ങള്‍ കാണിക്കുന്നത്. എന്തായാലും വളരെ ഉത്സാഹിച്ച് കഠിനാദ്ധ്വാനം ചെയ്താല്‍ ഭാവിയില്‍ ഭാഗ്യം കടാക്ഷിക്കാതിരിക്കില്ല.
'നിങ്ങളുടെ കുട്ടികള്‍ ആരായിരിക്കണമെങ്കില്‍' എന്ന് അച്ഛനമ്മമാരും അദ്ധ്യാപകരും കുട്ടികളും ചേര്‍ന്നു തീരുമാനിക്കുക. ബുദ്ധിശക്തിയും അഭിരുചിയും സാമ്പത്തികശേഷിയും കഠിനാദ്ധ്വാനവും ഭാഗ്യവുമനുസരിച്ച് സ്വപ്‌നങ്ങളും ജീവിതലക്ഷ്യങ്ങളും സാക്ഷാത്കരിക്കപ്പെടും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക