Image

ലേഖയും ഞാനും വിവാഹിതരായി (കഥ : രമണി അമ്മാൾ )

Published on 22 June, 2021
ലേഖയും ഞാനും വിവാഹിതരായി (കഥ : രമണി അമ്മാൾ )
"ഇത്രേം ധൃതിപിടിച്ച് ഈ കല്യാണം നടത്തിയതെന്തിനാ..?
ആ പെണ്ണിനു വയറ്റിലൊണ്ടാവും..! "
ഇങ്ങനെയൊരു സംസാരമുണ്ടെന്ന് ബിനോജി പറഞ്ഞപ്പോൾ മനോജിനൊരു വല്ലായ്മ..
" അതുകൊണ്ട് നീ, നിന്റെ പെണ്ണിനെ ഉടനെയൊന്നും ഗർഭിണിയാക്കരുതു കേട്ടോ...."  
കല്യാണത്തിനു കൂടിയവർ ലേഖയുടെ അടുത്തും അകലെയുമൊക്കെയായുണ്ട്. നാട്ടുമ്പുറത്തിന്റെ കുശലങ്ങൾ..
അവളുടെ വീടും, നാടും, വീട്ടുകാരുമൊക്കെ അന്വേഷണ
പരിധിയിൽ വരുന്നുണ്ടാവും..
അത്യാവശ്യ സൗകര്യങ്ങൾ മാത്രമുളള പഴക്കമുളള തന്റെ വീട്.  
പുതുക്കിപ്പണിയണം, പെങ്ങടെ കല്യാണം നടത്തണം,  
അതുകഴിഞ്ഞ് ലേഖയെ കൂടെക്കൂട്ടണം, ഇങ്ങനെയായിരുന്നു കണക്കുകൂട്ടൽ..
ജന്മനാ ഇടതുകാലിന് ഒരല്പം നീളക്കുറവുളള പെങ്ങളെ പലരും വന്നു പെണ്ണുകണ്ടിട്ടുപോയി.
ഇട്ടു മൂടാൻ പൊന്നും പണവും കൊടുത്താൽ വേണേൽ കെട്ടാമെന്ന നിലപാടുകാരായിരുന്നു മിക്കവരും.  
"പണവും പണ്ടവുംമാത്രം മോഹിച്ചുവരുന്നവരെ എനിക്കുവേണ്ട." 
അവളും വാശിപിടിച്ചു...
"എത്രനാളെന്നുവച്ചാ.. പെങ്ങളുടെ ഭാവിവരനേയും
കാത്തുളള ഈ ഇരിപ്പ്..?
ഞാനും കാത്തിരിക്കാൻ തുടങ്ങീട്ടു കാലം കുറേയായില്ലേ.. .
.എല്ലാത്തിനും ഒരു പരിധിയുണ്ട്...
സഹപ്രവർത്തകരുടേയും കൂട്ടുകാരുടെയും ചോദ്യങ്ങൾക്കുത്തരം പറഞ്ഞു മടുത്തു..
വീടുവെക്കലും പെങ്ങളുടെ കല്യാണവുമൊക്കെ നമ്മുടെകാര്യംകഴിഞ്ഞും ആകാമല്ലോ...
അല്ലെങ്കിൽത്തന്നെ,
രണ്ടുവീട്ടുകാരുടേം
അനുമതിയോടെ  കല്യാണം നടക്കുമെന്ന 
ഒരുറപ്പുമില്ല..
നമുക്ക് മാര്യേജ് ഇവിടെ റജിസ്റ്റർചെയ്യാം..
വീട്ടുകാർ അറിയുമ്പോൾ
അറിഞ്ഞോട്ടെ.." 
ലേഖയുടെ നിരന്തര നിർബന്ധം..
യുണിവേഴ്സിറ്റി കോളേജിൽ ഒന്നിച്ചുണ്ടായിരുന്ന മുരളി ഇപ്പോൾ താലുക്കാഫീസിലെ ഉദ്യോഗസ്ഥനാണ്.  
അവനും പറഞ്ഞു, "എത്രനാളായി രണ്ടും കൂടി
ജാഥപോലെ നടക്കാൻ തുടങ്ങീട്ട്...
റജിസ്റ്റർ മാര്യേജെങ്കിൽ അങ്ങനെ.
നിങ്ങടെ കല്യാണമൊന്നു നടന്നു കാണണം..
എന്നുവേണമെന്നു തീരുമാനിച്ച് ഓഫീസിലേക്കു വാ..
രണ്ടു സാക്ഷികളേംകൂടി കരുതിക്കോ..."
സെക്ഷനിൽ സുദേവനോടു മാത്രം പറഞ്ഞു.  പെട്ടെന്നുളള തീരുമാനമാണ്....
ലേഖ സ്വൈരം തരുന്നില്ല..
അവൾക്കൊരു ഉറപ്പുവേണമെന്ന്. ഞങ്ങളുടെ മാര്യേജ് റജിസ്റ്റർ ചെയ്യണം
തിങ്കളാഴ്ച ഉച്ചവരെ ലീവെടുക്കണം, കൂടെ വരണം..."
"അതിനു നീ അപേക്ഷയൊക്കെ നേരത്തെ കൊടുത്താരുന്നോ..
നിന്റെ സഹപാഠി
മുരളി താലൂക്കിലുണ്ടല്ലോ..
അല്ലേ.."
റൂംമേറ്റായ ആലീസ്ടീച്ചറിനേയും കൂട്ടിയാണ് ലേഖ വന്നത്.. രണ്ടുപേരും, സാക്ഷികളും റജിസ്റ്ററിൽ ഒപ്പിട്ടു..
താലിയും മാലയും സദ്യവട്ടങ്ങളുമില്ലാതെ എത്ര ലളിതമായി ഒരു വിവാഹ ഉടമ്പടി..!
അഞ്ചുപേരുംകൂടി ആര്യഭവനിൽനിന്ന് ഭക്ഷണവും കഴിച്ചിറങ്ങുമ്പോൾ,
"ഇനിയെങ്ങോട്ടാ രണ്ടുപേരും..?"
മുരളിയുടെ ആകാംക്ഷ..
തമ്മിൽ പിരിയില്ലെന്ന ഒരുറപ്പുമാത്രമായിരുന്നല്ലോ ഈ ഉടമ്പടി..
"രണ്ടുപേരും രണ്ടിടത്തേയ്ക്ക്..
സുദേവിനൊപ്പം ഞാനും
ഓഫീസിലേക്ക്..
ഇവളും ടീച്ചറുംകൂടി
 "വചനം" സിനിമ കാണാൻ  
ആനന്ദിലേക്കും.."
അതീവ രഹസ്യമായിരുന്ന തങ്ങളുടെ വിവാഹ ഉടമ്പടി
പരസ്യമാക്കിയത് ആരായിരിക്കും.? മുരളിയോ ....സുദേവനോ.?
'Legally wedded couples'
എവിടെയെങ്കിലും 
പോയി ഒരു രണ്ടുദിവസം. ചിലവിടാൻ തീരുമാനിച്ചു...
"കന്യാകുമാരി"
ലേഖയുടെ താല്പര്യം..
നാട്ടിൽ നിന്നും ഒരുപാടു ദൂരെ, 
കടൽക്കാറ്റിന്റെ തണുപ്പിൽ,
ഗതിവേഗം കുറച്ചുവന്ന് തീരത്തെ പാറക്കെട്ടുകളെ 
തഴുകി മതിവരാത്ത തിരമാലകളെ നോക്കി
ലേഖയോടു ചേർന്നിരിക്കുമ്പോൾ മറ്റൊന്നും മനസ്സിലില്ല...
ജീവിതം കടലുപോലെ മുന്നിൽ വിശാലം. 
ചെവിച്ചുവട്ടിൽ, പിന്നിൽ ഒരു പരിചിത ശബ്ദം..തോന്നലോ...
."എടാ..മനോജേ...!..ഒരു കളളം കണ്ടുപിടിച്ചപോലെ
തോളത്തുതട്ടി, താഴത്തെ വീട്ടിലെ വിശാൽ...
അവന്റെ കുറച്ചു സുഹൃത്തുക്കളോടൊപ്പം..!. 
നാളെ വീട്ടിലും 
നാട്ടിലും പാട്ടാവും....
ഏതോ ഒരു പെണ്ണിന്റെയൊപ്പം..താൻ..
"പോട്ടേടാ....." 
അല്പം മുന്നോട്ടുനടന്ന് വീണ്ടും അവന്റെ 
തിരിഞ്ഞു നോട്ടം..
ഓഫീസ് ടൈമിൽ അച്ഛന്റെ വിളി സാധാരണമല്ലാത്തതാണ്.
"ഈ ആഴ്ച നീ വീട്ടിലേക്കു വരുമല്ലോ..? വരണം..." 
ഫോൺ കട്ടായി. തിരിച്ചു വിളിക്കാൻ സങ്കോചം..
വിശാൽ അവന്റെ വീട്ടിൽ
പറഞ്ഞുകാണും..
അതുവഴി അച്ഛൻ അറിഞ്ഞിട്ടുണ്ടാവും..!
"ഞാനറിയാതെ നീ പെണ്ണും
കെട്ടി പൊറുതീം തുടങ്ങി, അല്ലേടാ....
മകന്റെ കല്യാണക്കാര്യം വല്ലവനും പറഞ്ഞ് അറിയേണ്ടിവന്നു...
എനിക്കീ നാട്ടിൽ ഒരു വിലേം നിലേമൊക്കയുണ്ട്.
അധികമാരും നിന്റെ ഗാന്ധർവ്വം അറിയുന്നേനുമുമ്പ് നാട്ടുകാരറിഞ്ഞ് 
ചടങ്ങായിട്ട് അതങ്ങ് നടക്കണം....എത്രയും വേഗത്തിൽ.."
വിശാലിൽ നിന്നല്ല അച്ഛനു വിവരം കിട്ടിയതെന്നുറപ്പായി. 
സുദേവനോ...മുരളിയോ...?
എടുപിടീന്നൊരു കല്യാണം..
വീടിനടുത്തുളള ക്ഷേത്രത്തിൽവച്ച്.. ലേഖയുടെ വീട്ടുകാരില്ലാതെ,  സഹപ്രവർത്തകരുടെയും
സുഹൃത്തുക്കളുടേയും ഏതാനും നാട്ടുകാരുടേയും 
സാന്നിദ്ധ്യത്തിൽ..
ആ സുദിനം ഇന്നായിരുന്നു...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക