Image

കൃഷി ശാസ്ത്രജ്ഞൻ ഡോ. ഗിരീഷ് പണിക്കർക്ക് എ.എസ്.എ അവാർഡ് 

Published on 21 June, 2021
കൃഷി ശാസ്ത്രജ്ഞൻ ഡോ. ഗിരീഷ് പണിക്കർക്ക് എ.എസ്.എ അവാർഡ് 

അമേരിക്കൻ സൊസൈറ്റി ഓഫ് അഗ്രോണോമിയുടെ  (ASA) 2020 ലെ ഓർഗാനിക് അച്ചീവ്മെന്റ് അവാർഡിന് മലയാളിയായ കാർഷിക ശാസ്ത്രജ്ഞൻ ഡോ. ഗിരീഷ് പണിക്കർ അർഹനായി. 

മിസിസിപ്പിയിലെ ഫെഡറൽ ഫണ്ടഡ് കൺസർവേഷൻ റിസർച്ച് സെന്റർ ഡയറക്ടറും ഇന്ത്യൻ-അമേരിക്കൻ ഇന്റർനാഷണൽ ചേംബർ ഓഫ് കൊമേഴ്‌സിന്റെ ഉപദേശകനുമായ അദ്ദേഹം  അന്താരാഷ്ട്ര പ്രശസ്തനായ    ജൈവ കൃഷി  വിദഗ്‌ദനാണ്. ആഗോള ജൈവ കാർഷിക സമൂഹത്തിന്റെ  മുന്നേത്തിന് അദ്ദേഹം നൽകിയ  സംഭാവനകൾക്കും  കാർഷിക വിദ്യാഭ്യാസത്തിലും ഗവേഷണത്തിലുമുള്ള നേതൃത്വ മികവിനുമാണ് അംഗീകാരം. ഈ പുരസ്കാരം നേടുന്ന ആദ്യ  ഇന്ത്യൻ ശാസ്ത്രജ്ഞനും ആദ്യ മലയാളിയുമാണ് അദ്ദേഹം.

നൂറിലധികം രാജ്യങ്ങളിലെ അംഗങ്ങളുള്ള ലോകത്തിലെ ഏറ്റവും വലിയ കാർഷിക ശാസ്ത്ര സൊസൈറ്റിയാണ്  അമേരിക്കൻ സൊസൈറ്റി ഓഫ് അഗ്രോണമി.

30 വർഷത്തിലേറെയായി ASA -യിൽ അംഗമായ പണിക്കർ, സൊസൈറ്റി നൽകുന്ന ഏറ്റവും പ്രധാന  അവാർഡുകളിലൊന്ന് ലഭിച്ചതിൽ അഭിമാനിക്കുന്നതായി പറഞ്ഞു.

ഷോർട്ട്‌ലിസ്റ്റ് ചെയ്ത നാല് സ്വീകർത്താക്കളിൽ ഒരാളായിരുന്ന അദ്ദേഹത്തെ, നാമനിർദ്ദേശം ചെയ്യപ്പെട്ട സ്ഥാനാർത്ഥികളിൽ നിന്ന്  ഓൺലൈൻ വോട്ടെടുപ്പിലൂടെ ASA കമ്മ്യൂണിറ്റി വിജയിയായി  തിരഞ്ഞെടുക്കുകയായിരുന്നു. ജൈവ, സുസ്ഥിര കാർഷിക സമ്പ്രദായങ്ങളിൽ ഗവേഷണം നടത്തുന്നതിലാണ് പണിക്കർ എക്കാലവും താല്പര്യമെടുത്തിട്ടുള്ളത്. 

 ഓർഗാനിക് ഗവേഷണരംഗത്തെ  സംഭാവന മാത്രമല്ല, ജൈവ രീതികൾ പഠിക്കാനും ജൈവ ഭക്ഷണം ഉത്പാദിപ്പിക്കാനും പ്രാദേശികമായും ആഗോളമായും വിദ്യാർത്ഥികളെ അഭ്യസിപ്പിക്കുകയും മാനസികമായി സഹായിക്കുകയും ചെയ്തുകൊണ്ടും കാർഷികരംഗത്തിന് അദ്ദേഹം കരുത്തേകി.

മിസിസിപ്പി സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഹോർട്ടികൾച്ചറിൽ  പിഎച്ച്ഡി നേടിയ പണിക്കർ, 2011 ൽ ‘പ്രൈഡ് ഓഫ് ഇന്ത്യ അവാർഡ് (ഭാരത് ഗൗരവ്) കരസ്ഥമാക്കിയിരുന്നു. പ്രവാസി ഇന്ത്യക്കാർക്ക് അവരുടെ അഭിമാനകരമായ സംഭാവന, അർപ്പണബോധം, ശ്രദ്ധേയമായ സേവനങ്ങൾ എന്നിവയ്ക്ക് നല്കിവരുന്നതാണ് ഭാരത് ഗൗരവ് പുരസ്കാരം. 

 ലോകമെമ്പാടുമുള്ള സ്ത്രീകളെ ഓർഗാനിക് അടുക്കളത്തോട്ടങ്ങൾ സ്ഥാപിക്കാൻ സഹായിക്കുകയും വീട്ടുമുറ്റങ്ങൾ ജൈവകൃഷിയിടങ്ങളാക്കി മാറ്റുന്നതിലും പണിക്കർ വഹിച്ചിട്ടുള്ള പങ്ക് ശ്രദ്ധേയമാണ്.

മാതാപിതാക്കൾ: പരേതയായ പങ്കജം പണിക്കർ, സുകുമാര പണിക്കർ  (തിരുവന്തപുരം)  കോഴഞ്ചേരിയിലുള്ള  വി.കെ. പത്മനാഭന്റെ മകൾ റാണിയാണ് ഭാര്യ. ഏക മകൾ: ജെം പണിക്കർ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക