Image

ഇലക്ഷൻ ഇന്ന്: ന്യു യോർക്ക് പുതു ചരിത്രം രചിക്കുമോ? (ജോർജ്ജ് എബ്രഹാം)

Published on 21 June, 2021
ഇലക്ഷൻ ഇന്ന്: ന്യു യോർക്ക്  പുതു ചരിത്രം രചിക്കുമോ?  (ജോർജ്ജ് എബ്രഹാം)

മാസങ്ങൾ നീണ്ട പ്രചാരണത്തിനൊടുവിൽ , ആ ദിവസം അടുത്തിരിക്കുന്നു- ജൂൺ 22. ന്യു യോർക്ക് സിറ്റി മേയറുടെയും കൗൺസിലിന്റെയും ഇലക്ഷൻ. കൂടാതെ സ്റ്റേറ്റിൽ എല്ലായിടത്തും പ്രാദേശിക സ്ഥാപനങ്ങളിലേക്ക് ഇലക്ഷനുണ്ട്.

ന്യു യോർക്ക് സിറ്റി കൗൺസിലിലേക്ക്  ഡിസ്ട്രിക്ട് 23 ൽ നിന്ന്  കോശി തോമസും  ജനവിധി തേടുന്നു.  അദ്ദേഹത്തിന്റെ പ്രചരണ രീതിയോ  മുന്നോട്ടു വയ്ക്കുന്ന നിർദ്ദേശങ്ങളോ   സംഘടനാപാടവമോ  ഒന്നുമല്ല ഇവിടെ നമ്മൾ കണക്കിലെടുക്കേണ്ടത്. മലയാളി എന്ന പരിമിതി അതിജീവിച്ചുകൊണ്ട് അദ്ദേഹം നടത്തുന്ന ധീരമായ പരിശ്രമത്തെ അംഗീകരിച്ചുകൊണ്ട്, അർഹിക്കുന്ന പിന്തുണ നൽകാൻ നാം ഓരോത്തരും ബാധ്യസ്ഥരാണ്. 

വിവിധ ന്യൂനപക്ഷ വിഭാഗങ്ങൾ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാൻ  കൈകോർക്കുന്ന ഈ തിരഞ്ഞെടുപ്പിൽ,  മലയാളികൾ  ഒറ്റക്കെട്ടായി കോശി തോമസിനെ പിന്തുണച്ചില്ലെങ്കിൽ വിജയിക്കുക എളുപ്പല്ല.

ഡിസ്ട്രിക്ട് 23 ൽ പ്രാമുഖ്യമുള്ള ഒരു കമ്മ്യൂണിറ്റിയാണ് മലയാളികളുടേത്. ഏവരും ഉണർന്ന് പ്രവർത്തിച്ചാൽ മാത്രമേ നമുക്ക് ആ കരുത്ത് പ്രകടിപ്പിക്കാൻ സാധിക്കൂ. സിറ്റി കൗൺസിലിൽ ആരാണ് പ്രതിനിധിയായി തീരേണ്ടത് എന്നതിനെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരിക്കണം. വാസ്തവത്തിൽ, അതിനെപ്പറ്റി കൂടുതൽ പേർ ബോധവാന്മാരല്ലെന്ന് തോന്നുന്നു. ഏത് കാര്യം ആരുടെ ഇടപെടലിലൂടെ നടക്കും എന്ന കാര്യത്തിൽ മിക്കവർക്കും അബദ്ധധാരണകളുണ്ട്. 

സിറ്റി കൗൺസിലിൽ നമുക്കിടയിൽ നിന്നൊരാൾ പ്രതിനിധിയായി എത്തിയാലുള്ള മെച്ചവും അതായിരിക്കും. കമ്മ്യൂണിറ്റി നേരിടുന്നതോ കമ്മ്യൂണിറ്റി അംഗങ്ങൾ നേരിടുന്നതോ ആയ പ്രശ്നങ്ങൾ അതിന്റെ തീവ്രത ഉൾക്കൊണ്ടു പരിഹരിക്കാൻ അങ്ങനൊരാൾ ഉണ്ടാകേണ്ടത് വളരെ പ്രധാനമാണ്. ഈ വസ്തുത മനസ്സിലാക്കാനുള്ള രാഷ്ട്രീയ ബോധവും ഉൾക്കാഴ്ചയും പഞ്ചാബികളും ഗുജറാത്തികളും ഉൾപ്പെടെ ഇന്ത്യയിൽ നിന്ന് തന്നെയുള്ള  മറ്റു കമ്മ്യൂണിറ്റികൾക്ക് ഉണ്ട്.  അതാണ്  അവരുടെ ആളെ  വിജയിപ്പിക്കാൻ ഊർജ്ജസ്വലതയോടെ അവർ മുന്നിട്ടിറങ്ങുന്നതിന്റെ കാരണം. ആരാധനാലയങ്ങളിൽ നിന്നും മതനേതാക്കളിൽ നിന്നും അസൂയാവഹമായ പിന്തുണയാണ് അവരുടെ   സ്ഥാനാർത്ഥിക്ക് കിട്ടുന്നത്.   നാളെ അവർക്കൊരു പ്രശ്നം ഉണ്ടായാൽ, അത് ആ പ്രതിനിധി വിചാരിച്ചാൽ പരിഹരിക്കാനാകും എന്നവർ തിരിച്ചറിയുന്നു. 

മതപരമായ പ്രശ്നങ്ങളിലും  വിസ സംബന്ധമായ വിഷയങ്ങളിലും, രാഷ്‌ട്രീയ സ്വാധീനം ഇല്ലാത്തതുകൊണ്ട് മാത്രം, നമ്മളിൽ പലർക്കും പരിഹാരം കണ്ടെത്താൻ കഴിയാതെ വന്നിട്ടുണ്ട്. അത്തരം അനുഭവം ഇനിയും ആവർത്തിക്കാതിരിക്കാൻ, മലയാളിയായ ഒരു പ്രതിനിധി  വേണം. 

ന്യൂയോർക്ക് നഗരത്തിലെ ഏറ്റവും പഴക്കമേറിയ പള്ളികളിലൊന്നിലെ ട്രസ്റ്റി ബോർഡ് അംഗത്തിൽ നിന്ന് ഒരിക്കൽ ഒരു കോൾ ലഭിച്ചത്  ഓർക്കുന്നു. അടിയന്തിരമായി ഒരു പ്രശ്നം പരിഹരിക്കാൻ എന്റെ പരിചയത്തിൽ സെനറ്റർമാരോ  കോൺഗ്രസ് അംഗങ്ങളോ വല്ലതും ഉണ്ടോ എന്നതായിരുന്നു ചോദ്യം. പതിറ്റാണ്ടുകളായിട്ടും സഭയ്ക്ക് യാതൊരു വിധ രാഷ്ട്രീയ സമ്പർക്കവും ഉണ്ടായിരുന്നില്ല എന്നത് ദുഃഖകരമാണെന്ന് ഞാൻ പറഞ്ഞു. അങ്ങനൊരു ബന്ധം ഉണ്ടായിരുന്നെങ്കിൽ, വളരെ വേഗം പരിഹരിക്കാവുന്ന കാര്യമായിരുന്നു അത്. 

രാഷ്ട്രീയത്തോട് പ്രത്യേക മമതയോ പാർട്ടികളോട് പ്രത്യേക ചായ്‌വോ വേണമെന്നല്ല. നമ്മുടെ ജീവിതവും പ്രശ്നപരിഹാരങ്ങളും, രാഷ്ട്രീയക്കാരുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന അടിസ്ഥാനതത്വം ഉൾക്കൊള്ളണം.

രാഷ്ട്രീയ പ്രക്ഷോഭങ്ങൾ, കമ്പോളങ്ങളിലെ സാമ്പത്തികമായ അസ്ഥിരത, നിക്ഷിപ്ത താൽപ്പര്യങ്ങളുടെ പേരിൽ നേരിടേണ്ടി വരുന്ന അധാർമ്മികത എന്നിവയിലൂടെയൊക്കെ കടന്നുപോകുന്ന  കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. സ്വത്വരാഷ്ട്രീയത്തിന്റെ വളർച്ചയ്ക്കും സാക്ഷ്യം വഹിക്കുന്നു, മിക്കപ്പോഴും അതിദേശീയ വാദത്തിന്റെ ഫലമായി അസമത്വത്തിൽ വേരൂന്നിയ സാഹചര്യവും ഉണ്ടാകുന്നു. ഇത് നമ്മൾ ജീവിക്കുന്ന ഒരു പ്രദേശത്തെ  സമ്പദ്വ്യവസ്ഥയെയോ  സുരക്ഷയെയോ  മാത്രമല്ല ബാധിക്കുന്നത്. ജനാധിപത്യം, സ്വാതന്ത്ര്യം, തുല്യനീതി എന്നിവ സംരക്ഷിക്കുന്നതും ഇതുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഇങ്ങനൊരു നിർണായകഘട്ടത്തിൽ നമുക്കുവേണ്ടി വാദിക്കാൻ ഒരാളെ തിരഞ്ഞെടുക്കാൻ അവസരം കൈയിൽ എത്തിനിൽക്കെ കൂടുതൽ എന്താണ് ചിന്തിക്കാനുള്ളത്?

ആൾബലം കൊണ്ടും സാമ്പത്തികപരമായും കോശി തോമസിന്റെ പ്രചരണ പരിപാടികൾ നന്നായി മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചില്ല . നാണക്കേടുണ്ടാക്കുന്നത് മലയാളി സംഘടനകളിൽ നിന്നും  മതനേതാക്കളിൽ നിന്നും നാമമാത്രമായ പിന്തുണയേ ലഭിച്ചിട്ടുള്ളൂ എന്നതാണ് .  

ചരിത്രത്തിൽ ആദ്യമായി ഒരു മലയാളിയുടെ പേര് ലോകത്തെ തന്നെ വലിയ നഗരങ്ങളിൽ ഒന്നിന്റെ പ്രതിനിധി എന്ന നിലയിൽ കുറിക്കാനുള്ള അവസരമാണ് ജൂൺ 22 ന് നടക്കുന്ന തിരഞ്ഞെടുപ്പിലൂടെ ലഭിക്കുന്നത്. നിങ്ങളുടെ വോട്ട് പുതുചരിത്രം കുറിക്കാൻ വേണ്ടി തന്നെ വിനിയോഗിക്കുമെന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.  

Join WhatsApp News
Jojo Thomas 2021-06-21 16:50:12
വളരെ ഗ്രാഹ്യമായി ജോർജ് എബ്രഹാം എഴുതിയ ഈ ലേഖനം മലയാളികൾ ഉൾക്കൊള്ളുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു മലയാളിയെ പ്രബുദ്ധരാക്കാൻ ഇനി മറ്റൊരു ലേഖനത്തിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല മലയാളികൾ ഒന്നിച്ചു നിന്നാൽ നേടിയെടുക്കാവുന്ന പല പൗരാവകാശങ്ങൾ സാധിച്ചെടുക്കുവാൻ ശ്രീ കോശി തോമസിനെ പോലുള്ള നിസ്വാർത്ഥ സാമൂഹ്യ സേവകരെ വിജയിപ്പിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മലയാളി സമൂഹം തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. District 23 മലയാളികളെ ഉണരൂ സമ്മതി ദാന അവകാശം വിനിയോഗിക്കു കോശി തോമസിനെ വിജയിപ്പിക്കു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക