EMALAYALEE SPECIAL

അണ്ഡകടാഹങ്ങൾ ചിറകടിച്ചുണരുമ്പോൾ (രമ പ്രസന്ന പിഷാരടി)

Published

on

പ്രിയ കവി രമേശൻ നായർക്ക്  സ്നേഹാദരങ്ങളോടെ.
 
കോട്ടയത്തെ പ്രശസ്തമായ  തിരുനക്കര മഹാദേവർ ക്ഷേത്രത്തിനരികിലെ  സ്വാമി ഇലക്ട്രിക്കൽസിൽ നിന്ന്  നിന്ന് അമ്മ വാങ്ങിയ പാനാസോണിക് പ്ളയറിൽ ആദ്യം കേട്ട കൃഷ്ണഭക്തിഗാനങ്ങൾ പ്രിയ കവി രമേശൻ നായരുടെതായിരുന്നു.  
 
ശ്രീ രമേശൻ നായർ സാറിൻ്റെ കൃഷ്ണഭക്തിഗാനങ്ങൾ അമ്മ  സ്ഥിരമായി വാങ്ങിയിരുന്നു. ഹൈ ഫൈയുടെ കാലത്തും ഇന്നും  ആ കാസറ്റുകൾ ഭദ്രമായി സൂക്ഷിച്ച് വച്ചിരിക്കുന്നത് അതിൽ നിന്നുയർന്ന് കേട്ട  മനസ്സിനെയും ഹൃദയത്തെയും വിശുദ്ധമാക്കുന്ന അണ്ഡകടാഹത്തിൻ്റെ  പ്രകമ്പനമാണ് 
 
അണ്ഡകടാഹങ്ങൾ
 
 ചിറകടിച്ചുണരുന്നു
 
അഗ്രേ പശ്യാമി.. 
 
എത്രയോ തവണ കേട്ടിരിക്കുന്നു ഈ വരികൾ . 
 
ഭഗവൽ പദാബ്ജ പരാഗത്തിൻ മുന്നിലീ
 
അവനി വെറും മണൽത്തരിയല്ലയോ
 
അലകടലൊരു തുള്ളി വെള്ളം
 
ആകാശം ചെറിയൊരു സുഷിരം
 
വഹ്നി വെറുമൊരു തീപ്പൊരി,
 
വായു വെറുമൊരു നിശ്വാസം..
……..
 
ഭഗവൽ പദാംബുജ സ്മരണയില്ലെങ്കിലീ-
 
ഭക്തി വെറും മഞ്ഞത്തുണിയല്ലയോ
 
വ്രതങ്ങൾ വ്യായാമങ്ങൾ
 
വേദങ്ങൾ വനരോദനങ്ങൾ
 
കർമ്മം വെറും പ്രാണിധർമ്മം
 
തീർത്ഥാടനം ഗജസ്നാനം 
 
 
ഇങ്ങനെയുള്ള വരികളിലൂടെ മനസ്സും ഹൃദയവും പരിശുദ്ധമാകുന്ന അവസ്ഥയിലേയ്ക്കെത്തിക്കുന്ന ഭക്തിഗാനങ്ങളുടെ രചയിതാവിനെ ശിരസാ പ്രണാമം ചെയ്തിരുന്ന കാലമായിരുന്ന് അത്, 
 
മനസ്സിൽ സ്നേഹാദരങ്ങൾ ഉണ്ടായിരുന്നപ്പോഴും ശ്രീ രമേശൻ നായർ എന്ന കവിയെ നേരിൽ കാണാനാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. സ്മൃതിയിടങ്ങളിൽ പുരാണ/ആധുനിക കവിത്രയങ്ങൾ , കവികളായ അക്കിത്തം, ഓ എൻ വി, വയലാർ സുഗതകുമാരി, മധുസൂദനൻ നായർ സാർ, , ഇവരൊക്കെ നിത്യസന്ദർശകരായിരുന്നുവെങ്കിലും ഭക്തിഗാനങ്ങളുടെ കവിയെ,  മനോഹരമായ ഗാനങ്ങൾക്കപ്പുറം എൻ്റെ അറിവില്ലായ്മ ഹേതുവായി കവിതാ വായനയിലേയ്ക്കെടുത്ത് സൂക്ഷിച്ചിരുന്നില്ല. 
 
എഴുത്തിലെ ഹൈബർനേഷൻ എന്ന അലസധ്യാനാവസ്ഥ കഴിഞ്ഞ് ഇരുപത് വർഷങ്ങൾക്കിപ്പുറം വീണ്ടും എഴുതാൻ പരിശ്രമിക്കുന്ന കാലം. എഴുത്തിൻ്റെ ലോകം  ഒരു മിറാജ് എന്ന മരീചിക പോലെ കാണപ്പെട്ട കാലം.. മാറിയ ലോകത്തിൻ്റെ കവിതകൾ, പുതിയ എഴുത്തുകാർ. ഇതിനിടയിലൂടെ നിറയെ അപരിചിതത്വവുമായി ആദ്യപുസ്ത്കം പ്രസിദ്ധീകരിച്ചു. ഓ എൻ വി സാറിനെ കാണാനിടയായതും അനുഗ്രഹം ലഭിച്ചതും ഈ കാലഘട്ടത്തിലാണ്. 
 
2016 ൽ അയനകാലം എന്ന എൻ്റെ കവിത കലാകൗമുദിയിൽ പ്രസിദ്ധീകരിച്ചു. ഈ കവിത ഒരു നിയോഗമായിരുന്നു. ഈ കവിതയാണ് സുഗതകുമാരി ടീച്ചറെ ആദ്യമായി ഫോണിലൂടെ ചൊല്ലി കേൾപ്പിച്ച കവിത.
 
ഈ കവിതയിൽ ഒരു ഭാഗത്ത് ദശപുഷ്പങ്ങളുടെ വർണ്ണനയുണ്ട്
 
മഴയിഴയിലായ് രാമായണത്തിൻ്റെ
 
പഴയ ശീലുകൾ പുതിയ പ്രഭാതങ്ങൾ
 
മിഴിയിലീറനായ് വേർപാട് കാലങ്ങൾ
 
ഇടിമുഴക്കങ്ങൾ അഗ്നിപ്രവേശവും
 
നെടിയ സത്യപ്രകമ്പനാദ്യത്തിൻ്റെ
 
വഴി പിരിയൽ തനിച്ചുള്ള യാത്രകൾ
 
……
 
കറുക മുക്കുറ്റി പൂവാം കുറുന്നില
 
ചെറുള കൃഷ്ണൻ്റെ ക്രാന്തി ഉഴിഞ്ഞയും
 
ഒരു ചെവിയൻ നിലപ്പന, കൈയോന്നി 
 
ഈ കവിത കലാകൗമുദിയിൽ വന്നതിന് ശേഷം കവിത നന്നായി എന്നറിയിച്ച് ചില ഫോൺ കോളുകൾ വന്നു, കവിത വായിച്ച് ഫോൺ കോൾ കിട്ടുക എന്നതൊക്കെ എന്നെ അതിശയിപ്പിച്ചു.  കോട്ടയത്ത് നിന്ന് ശ്രീ ഗിരിജൻ ആചാരി ഫോൺ ചെയ്ത് എന്നെ കവിത ചൊല്ലി കേൾപ്പിച്ചു. കലാകൗമുദിയോട് എനിയ്ക്ക് തീർത്താൽ തീരാത്ത കടപ്പാടുണ്ടായി. അതിന് പിന്നിൽ ഒരു സുമനസ്സുണ്ട്. പേര് പറയാൻ പാടില്ല എന്ന് നിർബന്ധമായും പറഞ്ഞിട്ടുള്ളതിനാൽ ഇവിടെ രേഖപ്പെടുത്തുന്നില്ല . 
 
‘അയനകാലം’ എന്ന കവിത പ്രസിദ്ധീകരിച്ചതിന് ശേഷം എനിയ്ക്ക് വന്ന എന്നെ ഏറ്റവും അതിശയിപ്പിച്ച ഫോൺകോൾ പ്രിയ കവി രമേശൻ നായരുടെതായിരുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത കോളായതിനാലും, മനോഹരങ്ങളായ കവിതകൾ എഴുതിയിരുന്നു എങ്കിലും എൻ്റെ അറിവില്ലായ്മമൂലം ഭക്തകവിയെന്ന് മനസ്സിൽ കരുതിയതിനാലും, കവി എന്നാൽ മധുസൂദനൻ നായർ എന്നൊരു വിശ്വാസമേ അന്നുണ്ടായിരുന്നതിനാലും, മനസ്സിലുണ്ടായ അതിശയത്തിൻ്റെ പ്രതിഫലനത്തിൽ ശ്രദ്ധകുറഞ്ഞതിനാലും   അങ്ങനെയൊരു ഫോൺ വന്നതിൻ്റെ വിഭ്രമത്തിലും എന്നോട് സംസാരിക്കുന്നത് മധുസൂദനൻ സാറാണ് എന്ന് ഞാൻ തെറ്റിദ്ധരിച്ചു.
 
 
 
കവിത നന്നായെന്നും, കവിതയിലെ ദശപുഷ്പ വർണ്ണനയിൽ ചെറുള കൃഷ്ണൻ്റെ കാന്തി എന്നതിനെക്കാൾ ചെറുളയും, കൃഷ്ണകാന്തി എന്ന് തിരുത്തിയാൽ ഒന്ന് കൂടി നന്നാകുമെന്നും രമേശൻ നായർ സാർ പറഞ്ഞു. (കവിത പുസ്തകമാക്കിയപ്പോൾ പ്രിയപ്പെട്ട കവി അനുഗ്രഹിച്ച് പറഞ്ഞ് തന്ന വിധത്തിലാണ് പ്രസിദ്ധീകരിച്ചത്)  അദ്ദേഹത്തിൻ്റെ ഭാര്യയോടും അന്ന് സംസാരിക്കാനായി.  
 
വലിയമനസ്സുകളുടെ ഹൃദയവിശാലത എന്തെന്ന് അന്ന് മനസ്സിലാക്കാനായി.  ഒരു വലിയ കവി എന്നെ വിളിച്ചതിൻ്റെ ആഹ്ളാദത്തിൽ കുറെയേറെ കവിതകൾ കൂടി ഞാൻ എഴുതി. പിന്നീട് മധുസൂദനൻ നായർ സാറിൻ്റെ നമ്പർ എന്ന് പറഞ്ഞ് ഒരു സാംസ്ക്കാരിക പ്രവർത്തകന് രമേശൻ നായർ സാറിൻ്റെ നമ്പർ കൊടുത്തു. അന്നാണ് എന്നെ വിളിച്ചത് രമേശൻ നായർ സാർ ആയിരുന്നു എന്ന് എനിയ്ക്ക് മനസ്സിലായത്. എൻ്റെ അശ്രദ്ധയിൽ, എൻ്റെ പൊട്ടബുദ്ധിയിൽ എനിയ്ക്ക് എന്നോട് തന്നെ നീരസമുണ്ടായ അവസ്ഥയിലായി ഞാൻ. 
 
സത്യത്തിൽ സാറിനോട് ക്ഷമ പറയാൻ പല പ്രാവശ്യം ഫോൺ ചെയ്തെങ്കിലും സാർ തിരക്കിലായതിനാൽ  സംസാരിക്കാനായില്ല .  പിന്നീട് തപസ്യയുടെ പുരസ്ക്കാരം ബാംഗ്ളൂരിലെ പ്രശസ്ത ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്ന കെ കവിതയ്ക്ക് ലഭിച്ചു. അന്ന് ശ്രീ രമേശൻ നായർ സാറായിരുന്നു മുഖ്യാതിഥി. ആശംസകളർപ്പിക്കാൻ എനിയ്ക്കും ക്ഷണമുണ്ടായിരുന്നു. വൈറ്റ് ഫീൽഡിലെ ജോലിസ്ഥലത്ത് നിന്ന് ജാലഹള്ളി വരെയുള്ള ദൂരം മറന്ന് ഇടയ്ക്ക് സമയമുണ്ടാക്കി പോയത് പ്രിയപ്പെട്ട കവിതച്ചേച്ചിയുടെ സാഹിത്യത്തോടുള്ള ആത്മാർത്ഥതയും, സാറിനെ നേരിട്ട് കണ്ട് ക്ഷമ പറയണമെന്നുള്ള മനസ്സിൻ്റെ വിങ്ങ ലുമായിരുന്നു. 
 
ബാംഗ്ളൂരിലെ ജാലഹള്ളിയിലെ കേരളസമാജം ഹോളിൻ്റെ നിറഞ്ഞ സദസ്സിൽ പഴയ കഥ പറഞ്ഞ് സാറിനോട് ഞാൻ ക്ഷമാപണം ചെയ്തു. സാർ നിറഞ്ഞ വാൽസല്യത്തോടെ 'എത്ര മനോഹരമായ കവിതകളാണ് കുട്ടി എഴുതുന്നത്, നന്നായി വരും ' എന്ന് പറഞ്ഞ് അനുഗ്രഹിച്ചു. 
 
പിന്നീട് കേരളത്തിലേയ്ക്ക് യാത്ര പോയപ്പോൾ സാറിനെ കാണണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷെ സാധിച്ചില്ല. പ്രപഞ്ചം ഒരു ഉത്തമസാഹിത്യകാരനെ കൂടി ഭൂമിയിലെ കവിയരങ്ങിൽ നിന്ന് തിരികെ വിളിച്ചിരിക്കുന്നു.
 
കവിതയുടെ മറ്റൊരു അയനകാലം.. അനന്തകാലത്തിലേയ്ക്കുള്ള മടക്കം. പ്രിയ കവിയ്ക്ക് വിടപറയാനാകില്ല എന്ന് വിശ്വസിക്കാം. 
 
അത്രമേൽ മനോഹരമായി പ്രപഞ്ചത്തിൽ  കവിയുടെ  കൈയൊപ്പ് പതിഞ്ഞിരിക്കുന്നു.

Facebook Comments

Comments

  1. girish nair

    2021-06-20 15:50:30

    മലയാളത്തിൻറെ പ്രിയ കവിയും അനുഗ്രഹീത ഗാനരചയിതാവുമായിരുന്ന ശ്രീ എസ് രമേശൻ നായരുടെ "ശതാഭിഷേകം" എന്ന റേഡിയോ നാടകം ഏറെ ശ്രദ്ധ ആകർഷിച്ചിരുന്നു. ഈ നാടകത്തിലൂടെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ കെ കരുണാകരനെ വിമർശിച്ചെന്നപേരിൽ അദ്ദേഹത്തെ ആൻ്റമാനിലേക്ക് സ്ഥലം മാറ്റുകയുണ്ടായി. ഈ നാടകം എന്നും മനസ്സിൽ മായാതെ നിൽക്കുന്നു... നമുക്ക്, നമ്മുടെ മലയാളത്തിന് ഒരു കവിയെകൂടി നഷ്ടമായി. കവികൾക്ക് മരണമില്ലല്ലോ.... നമ്മുടെ മനസ്സിൽ അവർ അമർത്യർ..... പ്രണാമം... ആദരാഞ്ജലികൾ... ആദരാഞ്ജലിക

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

മുംബെയിലെ പ്രവാസം; എഴുത്തിലെ സൗന്ദര്യം (ഇ-മലയാളി അവാര്‍ഡ്-പോപ്പുലര്‍ റൈറ്റര്‍)

പെഗസസ്: എന്തുകൊണ്ട് മോദി-ഷാമാരുടെ വാട്ടര്‍ഗേറ്റ്? (ദല്‍ഹികത്ത് : പി.വി.തോമസ്)

ഓര്‍മ്മകള്‍ ചേരുന്നത് തന്നെയാണ് ജീവിതം: ജോസ് ചെരിപുറം (അഭിമുഖം)

ടോക്യോ--206 രാഷ്ട്രങ്ങൾ, 11,000 താരങ്ങൾ, അവരുടെ ജീവിത സ്വപ്‌നങ്ങൾ (കുര്യൻ പാമ്പാടി)

കുട്ടികള്‍ക്ക് വാക്‌സിന്‍ എപ്പോള്‍ ലഭിക്കും? (ജോര്‍ജ് തുമ്പയില്‍)

മാറ്റങ്ങൾക്കു വിധേയമാവാൻ തയ്യാറാവാതെ സമൂഹത്തിൽ മാറ്റങ്ങൾ പ്രതീക്ഷിക്കരുത്: ജഡ്ജ് കെ.പി ജോർജ്ജ്

എഴുത്തുകാരൻ, ഗുരു, ശാസ്ത്രഞ്ജൻ: ഇ-മലയാളി പയനിയർ അവാർഡ് ജേതാവ് ഡോ. എ.കെ.ബി പിള്ളയുമായി  അഭിമുഖം

കൗസല്യ: ധർമിഷ്ഠയായ സ്ത്രീയുടെ പ്രതീകം (ഡോ.എസ്.രമ,  രാമായണ ചിന്തകൾ - 5) 

രാമായണം - 2 മര്യാദരാമന്‍ (വാസുദേവ് പുളിക്കല്‍)

അഗ്നിശുദ്ധി സീതായനത്തിലൂടെ (ഉമശ്രീ, രാമായണ ചിന്തകൾ -4)

വേണോ ഒരു അമേരിക്കൻ മലയാള സാഹിത്യം? (ഭാഗം – 3**) സുധീർ പണിക്കവീട്ടിൽ

That Black Mole on His Tongue (Sreedevi Krishnan)

പാവക്കൂത്തമ്മാവന്‍ (മിന്നാമിന്നികള്‍ 7: അംബിക മേനോന്‍)

ആരും നിസ്സാരരല്ല (ജോബി ബേബി, കുവൈറ്റ്, രാമായണ ചിന്തകൾ -3)

ഇവിടത്തെ കാറ്റാണ് കാറ്റ്: ഇടുക്കിയിൽ റോഷിയുടെ സുഗന്ധ കൃഷി (കുര്യൻ പാമ്പാടി)

ഹൃദയ പാഥേയം (മൃദുമൊഴി 17: മൃദുല രാമചന്ദ്രൻ)

രാമായണസന്ദേശം (ബീന ബിനിൽ , തൃശൂർ, രാമായണ ചിന്തകൾ -2)

സിബി മാത്യൂസിന്റെ ആത്മകഥയിലെ ഐ.എസ്.ആര്‍.ഒ ചാരക്കേസ്

കിറ്റക്സിന്റെ പ്രശ്നം രാഷ്ട്രീയമാണ്? (ശ്രീകുമാർ ഉണ്ണിത്താൻ)

പരസ്പര ബഹുമാനം (എഴുതാപ്പുറങ്ങള്‍-87: ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)

ബൊഹീമിയൻ ഡയറി- പ്രാഗിന്റയും വിയന്നയുടെയുടെയും ചരിത്ര വഴികളിലൂടെ(ഡോ. സലീമ ഹമീദ് )

പിന്നിട്ട കടമ്പകൾ (അമേരിക്കൻ കുടിയേറ്റ കുറിപ്പുകൾ -3: ഷാജു ജോൺ)

സംക്രാന്തിയും രാമായണ മാസവും (ഗിരിജ ഉദയൻ)

രാമായണം രാമന്റെ യാത്രയാണ് (രാമായണ ചിന്തകൾ 1, മിനി വിശ്വനാഥൻ)

യുഗപുരുഷനു പ്രണാമം, ദീപ്തസ്മരണയില്‍ പരി. കാതോലിക്ക ബാവ (ജോര്‍ജ് തുമ്പയില്‍)

സ്വപ്നങ്ങള്‍ സ്വര്‍ഗ്ഗകുമാരികള്‍ (ലേഖനം: സാം നിലമ്പള്ളില്‍)

Don’t Worry, Be Happy ...About your Bad Memory (Prof.Sreedevi Krishnan)

രാമായണം - 1 : സീതാകാവ്യം (വാസുദേവ് പുളിക്കല്‍ )

ഒന്ന്, രണ്ട്, മൂന്ന് (ജോര്‍ജ് തുമ്പയില്‍)

സഖാവ് തോപ്പില്‍ ഭാസിയുടെ സഹധർമ്മിണിക്കു പ്രണാമം (രതീദേവി)

View More