America

കുടിവെള്ളം (മുയ്യം രാജന്‍, കഥാമത്സരം)

Published

on

 
വെളിയില്‍ ചിരപരിചിതരായ ഒരുപറ്റം ചെറുപ്പക്കാരുടെ ബഹളവും വെപ്രാളവും. പിരിവിനായിരിക്കും. ഞാന്‍ അനുമാനിച്ചു. ശ്രീമതി ഒരുതരം കോപ്രായത്തോടെ അനങ്ങാപ്പാറ മാതിരി ടീവിയ്ക്ക് മുന്നിലിരുന്നു. 
 
മനു, സത്യശീലന്‍, രാജീവന്‍, മുഹമ്മദ്‌... 
 
ഞാന്‍ ആദരപൂര്‍വ്വമവരെഴുന്നേറ്റു. 
 
റിട്ടയറായി സ്ഥലത്തെത്തിയ ശേഷം സര്‍വ്വത്ര തിരക്ക്‌. ഉദ്ഘാടനം, ഉത്സവപ്പിരിവ്‌, അടിപിടി ക്ളാസ്‌ തുടങ്ങി അങ്ങാടിക്കാര്യത്തിനു വരെ കൂട്ട്‌ നില്‍ക്കണമെന്നായിട്ടുണ്ട്‌ ഇപ്പോള്‍. ആവര്‍ത്തന വിരസമെങ്കിലും ക്രമേണ എല്ലാം സഹിക്കാന്‍ പരിശീലിച്ചിരിക്കുന്നു. ചമ്മലിനെ ഒരുവിധത്തില്‍ ഉള്ളിലൊളിപ്പിച്ച്‌  വിനയാന്വിതനായി. 
 
'സകലരുമുണ്ടല്ലോ...എന്താ കാര്യം... ?' 
 
അവര്‍ ആക്രാന്തത്തോടെ പരസ്പരം നോക്കി. 
 
'വെള്ളപ്രശ്നം...കുടിവെള്ളം കോടിപുണ്യം.. ' 
 
രാജീവന്‍ മൌനം ഭഞ്ജിച്ചു. 
 
പുറത്ത്‌ മഴ തിമര്‍ത്താടുമ്പോള്‍ വേനലിലെ കുടിവെള്ളക്കെടുതികള്‍ തീപ്പനിയായുള്ളില്‍ തിളച്ചു. എന്‍റെ വിചാരങ്ങളപ്പോള്‍ കാടു കയറാന്‍ തുടങ്ങി. തെങ്ങിനെ മണ്ഡരിയപഹരിച്ചപ്പോഴാഴാണ് കേര കര്‍ഷകരതിന്‍റെ മഹത്വം മനസ്സിലാക്കാന്‍ ശ്രമം തുടങ്ങിയത്‌. ശേഷമുള്ള കഥ നമുക്കെല്ലാം സുപരിചിതം. തെങ്ങില്‍ കയറാന്‍ ആളില്ലതായി. പിന്നീട് തെങ്ങു കയറാന്‍ യന്ത്രസാമഗ്രികള്‍ കണ്ടെത്താനുള്ള തത്രപ്പാട്‌. വഴിയെ പെണ്ണുങ്ങള്‍ വരെ തെങ്ങില്‍ പാഞ്ഞു കയറുമെന്നായി. എന്തായാലും, നാളികേരത്തിന്‍റെ വില നാട്ടില്‍ നാമമാത്രമായി. ചെന്നൈ, മുംബൈ, കൊല്‍ക്കൊത്ത മുതലായ മഹാനഗരങ്ങളില്‍ ഇളനീര്‍ പാനീയവും നാളികേരോല്‍പ്പന്നങ്ങളും പുതിയ വഴിത്തിരുവുകള്‍ വലവീശിപ്പിടിയ്ക്കുമ്പോള്‍ നമ്മള്‍ നോക്കുകുത്തികളായി നിലകൊണ്ടു. നാട്ടിലെ ടെന്‍ഡര്‍ കോക്കനട്ടിന്‍റെ രുചി മുകരാന്‍ വിദേശിയരെ വരെ കുടിയിറക്കി നോക്കി. ചുട്ടു പൊള്ളുന്ന നട്ടുച്ചകളില്‍ കുടിവെള്ളത്തിനായി എരിപിരി കൊള്ളുന്ന നാം, വെള്ളവണ്ടി വരുന്നതും കാത്ത്‌ പുലരുവോളം ഉറക്കമിളച്ച്‌ കുത്തിയിരിക്കാന്‍ പഠിച്ചു. 
 
'നിങ്ങ ഒന്നും പറഞ്ഞില്ലാ.. ' 
 
'നാനൂറും അഞ്ഞൂറും രൂപ വില കൊടുത്ത്‌ നാലു ലിറ്റര്‍ വെള്ളത്തിന് പരക്കം പായുകയാണ് നമ്മുടെ ജനം... വണ്ടി വെള്ളം കൊള്ളക്കാശിന് വാങ്ങി വരണ്ടുണങ്ങിയ കിണറ്റിലൊഴിച്ച്‌ അത്‌ നാലാഴ്ച്ച ബക്കറ്റ്  കൊണ്ട്‌ കോരിയുപയോഗിക്കാന്‍ നാം പരിശീലനം സിദ്ധിക്കുന്നു.. ' 
 
'ഇപ്പഴാണ് ശരിക്കും നമുക്ക്‌ നാട്ടാരെ സേവിക്കാനുള്ള സുവര്‍ണ്ണാവസരം ..! ജല്‍ ഹീ ജീവന്‍ ഹെ... ജല്‍ ഹെ തോ കല്‍ ഹെ.. ' 
 
മുപ്പത്തി മൂന്നു കോല്‍ ആഴമുള്ള കിണര്‍ കുഴിച്ച എനിക്കിപ്പോഴും മൂന്നാള്‍ക്ക്‌ മുങ്ങിക്കുളിക്കാനുള്ള വെള്ളമുണ്ട്‌... മഹാഭാഗ്യം. ദൈവാനുഗ്രഹം. എന്‍റെ അയല്‍വാസികള്‍ അതിനാല്‍ വെള്ളത്തിന്‍റെ  കാര്യത്തില്‍ സുഭിക്ഷുക്കളായി. 
 
'നമുക്കൊരു ഗ്രാന്‍ഡ് ഓഫര്‍ വന്നിട്ടുണ്ട്‌ സാറെ.. പരമ പുണ്യമെന്നു പരയുന്നതായിരിക്കുമുചിതം.. ' 
 
'എന്താത്‌..?'
 
'കുടിവെള്ളം..! നാട്ടിലും നഗരത്തിലും  പുണ്യതീര്‍ഥമായി സാറിന്‍റെ വക തണ്ണീര്‍ വിതരണ മഹാമഹം... ഈ കൊടുംവരള്‍ച്ചയില്‍ ഇതിനെക്കാളെന്ത്‌ മഹദ്സേവനമാണ് നാട്ടാര്‍ക്കായി നമുക്ക്‌ പങ്കുവയ്ക്കാന്‍ കഴിയുക ? റെയില്‍ നീര്‍, ബിസ്ലേരി, കിങ്ങ്ഫിഷര്‍ മുതലായ മിനറല്‍ വാട്ടര്‍ കുത്തകകളോടാണ് സാറിന്‍റെ ഒന്നാന്തരം കിണര്‍ വെള്ളം മത്സരത്തിന് മുതിരുന്നതെന്നോര്‍ക്കണം... ' 
 
'തൊടിയിലൊരു മോട്ടോര്‍ വച്ചു കൊടുത്താല്‍ സംഗതി കുശാല്‍... അങ്ങനെ ജല വിപ്ളവത്തിന് നമ്മുടെ നാടും വേദിയൊരുക്കുന്നു...' 
 
 
ചെറുപ്പക്കാരില്‍ ആവേശത്തിര ആര്‍ത്തിരമ്പി. ഓര്‍ത്തു നോക്കിയപ്പം സംഗതി കൊള്ളാമെന്നു മാത്രമല്ല അത്യുത്തമം. ഭൂമി തന്ന ജലം. നാട്ടാര്‍ക്ക്‌ വേണ്ടി അത്‌ മഹാമനസ്കതയോടെ പ്രയോജനപ്പെടുത്തുന്നു. ആനന്ദത്തിന്  ഇനിയെന്ത്‌ വേണം? ദിസ്‌ പ്യൂര്‍ ഡ്രിങ്കിങ് വാട്ടര്‍ ഈസ്‌ സ്പോണ്‍സേഡ്‌ ബൈ.... 
 
'വെറുതെ വീട്ടില്‍ കുത്തിയിരിക്കുമ്പോള്‍ നാലു കാശ്‌ കയ്യില്‍ വരും... സാറൊന്നു സമ്മതം മൂളി തന്നാല്‍ മാത്രം മതി. ഞങ്ങള്‍ സകല ഒത്താശകളും ചെയ്ത്‌ തരും... ജല വിപ്ളവത്തിലൂടെ അങ്ങനെ വാഴ്ത്തപ്പെട്ടവനായി മാറുന്നു സാറ്‍`.. '
 
എന്‍റെ ശ്രീമതിക്ക്‌ കാര്യം അത്രയ്ക്കങ്ങ്‌ സുഖിച്ചില്ല. 
 
'സ്വന്തം കിണറ്റിലെ വെള്ളം കോരാന്‍ നാളെ നമുക്ക്‌ അന്യരോട്‌ നേരോം കാലോം ചോദിക്കേണ്ടി വരും... നിങ്ങ പുലിവാലിലാ പിടിമുറുക്കുന്നത്‌ ... ' 
 
'നമ്മള്‍ രണ്ടാള്‍ക്ക്‌ എത്ര വെള്ളം വേണം സുമീ.. ? നമുക്കുള്ളത്‌ വല്യൊരു ബക്കറ്റില്‍ ശേഖരിച്ചാല്‍ കാര്യം കുശാലായില്ലെ.. ' 
 
അങ്ങനെ ഞങ്ങളുടെ കുടിവെള്ള കര്‍മപരിപാടി തകൃതിയായി മുന്നോട്ട്‌... ദയാരഹിതമായ ഇക്കാലത്ത്‌ ഒരിക്കലും വറ്റാത്ത ഒരു കിണര്‍ കിട്ടാക്കനി തന്നെയാണ്. 
 
ഫീച്ചര്‍ എഴുത്തുകാര്‍ ഓടിക്കൂടി. സചിത്ര ലേഖനം പത്രത്താളുകളില്‍ വഴിഞ്ഞൊഴുകി...ജലതരംഗം ... കുടിവെള്ള കുലധര്‍മം വിജയിപ്പൂതാക ! കൊടും വേനല്‍ കൊടുമ്പിരികൊള്ളവെ, ഒരു മൂവന്തിക്ക് മുറ്റത്തൊരു ഒച്ചയും ബഹളവും. ലൈറ്റിട്ട്‌ നോക്കിയപ്പോള്‍ കാലുറയ്ക്കാത്ത ചിലരാണ് നടുമുറ്റത്ത്‌. നാട്ടിന്‍റെ ശാപം. അസമയം. എന്‍റെ  കടക്കണ്ണിലൊരു കൊള്ളിയാന്‍ മിന്നി. കഴുത്തിന് പിന്നിലൂടൊരു കൊടുവാള്‍ പാഞ്ഞതു മാതിരി തോന്നി. ക്വട്ടേഷന്‍ സംഘം കൊടികുത്തി വാഴുന്ന കൊടും കെടുതിക്കാലം. 
 
'ആരാ.. ?' 
 
എന്‍റെ തൊണ്ടയിലെ ഉമിനീര്‍ വറ്റിവരണ്ടു പോയിരുന്നു.
 
'പേടിക്കനൊന്നുമില്ല...ഞങ്ങള്‍ തന്നാ ചേട്ടാ.. ' 
 
അതെ, നമ്മുടെ നാല്‍വര്‍ സംഘം. പക്ഷെ, അവരിപ്പം നാലുകാലിലാണെന്ന്  മാത്രം... 
 
'എന്താ... ഒന്നുമല്ലാത്ത ഈ നേരത്ത്‌.. ' 
 
'ചേട്ടന്‍ വെള്ളം വിറ്റ്‌ കാശുകാരനായപ്പം ഞങ്ങള്‍ക്കുമായൊരു സ്വയം തൊഴില്‍... അതിന്‍റെ നന്ദി  അറിയിക്കാന്‍ ഒന്നോടിയെത്തിയതാ...വെള്ളക്കരാറുകാര്‍ ഞങ്ങളെയൊന്ന് ചെറുതായി സല്‍ക്കരിച്ചു...അതിനൊരു കൃതഞ്ജത ഇപ്പം തന്നെ അറിയിച്ചില്ലെങ്കില്‍ സാറെന്ത്‌ വിചാരിക്കും.. ?' 
 
ഇരുളിന്‍റെ മറവില്‍ നിന്നും രാമു തിരുമുറ്റത്തേക്ക്‌ ഇറങ്ങി വന്ന് എന്‍റെ കാലില്‍ വീഴാന്‍ മുന്നോട്ടാഞ്ഞു. 
 
'കഴിഞ്ഞ ദിവസം സാര്‍ ഘോരഘോരം പ്രസംഗിച്ചതല്ലെ കേരവൃക്ഷത്തെ നമ്മള്‍ വേണ്ട വിധത്തില്‍ സംരക്ഷിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്നില്ല എന്നൊക്കെ... അതിന്‍റെ ക്ഷീണം തീര്‍ക്കാന്‍ ഇന്നെങ്കിലും സാര്‍ ഞങ്ങളോടപ്പം സഹകരിച്ച്‌ ഒന്ന് അണിചേരണം.. ' 
 
മനു അരയില്‍ നിന്നും വലിച്ചൂരിയ വെള്ളപ്പൊതി വിസ്മയം  മുഖത്തിനു നേരെ മെല്ലെ ഉയര്‍ത്തിയപ്പോള്‍ വാസ്തവത്തില്‍ എന്‍റെ കണ്ണുകള്‍ തള്ളിപ്പോയി :കൊടും വേനലിനു ശേഷമുള്ള പ്രളയക്കെടുതി പോലെ നുരഞ്ഞ്‌ പൊന്തുന്ന ഒരു കുപ്പി അന്തിക്കള്ള്!
----------------- 
 
കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പിനടുത്തുള്ള മുയ്യം സ്വദേശി . താമസം പറശ്ശിനിക്കടവിനടുത്ത കോള്‍മൊട്ടയ്ക്ക്‌ . മാതൃഭൂമി, ദേശാഭിമാനി, മനോരമ, മാധ്യമം, ദീപിക , ചന്ദ്രിക, വര്‍ത്തമാനം, കേരളകൌമുദി, തേജസ്‌ , മുതലായ പത്രങ്ങളില്‍ 'മിഡില്‍' എഴുതുന്നു. കഥയ്ക്ക്‌ അഖിലേന്ത്യാതലത്തില്‍ സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്‌ . ഹിന്ദി സാഹിത്യസേവനത്തിന്‌ മദ്ധ്യപ്രദേശില്‍ നിന്നും 'ഹസ്താക്ഷര്‍ സമ്മാനം' ലഭിച്ചു. ആകാശവാണിയിലൂടെ ലളിതഗാനങ്ങളും, കഥകളും പ്രക്ഷേപണം ചെയ്യാറുണ്ട്‌ . 1985 മുതല്‍ കോള്‍ ഇന്ത്യ ലിമിറ്റഡില്‍. ഡെ.മാനേജര്‍ ആയി വിരമിച്ചു. ഭാര്യ : ദീപ, കുട്ടികള്‍ : അങ്കിത, അനഘ.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

വാല്മീകിയും നാമ മഹിമയും (തൊടുപുഴ കെ ശങ്കർ, മുംബൈ)

ജീവിതമേ...! ( കവിത : ശിവദാസ് . സി.കെ)

മുഖംമൂടികൾ (ഫൈറൂസ റാളിയ എടച്ചേരി)

സാല്മൻ ജന്മം (ജെയ്സൺ  ജോസഫ്, കഥാമത്സരം -178)

ചെന്താമര (ഗാര്‍ഗി, കഥാമത്സരം -177)

സാന്താക്ലോസ് അപ്പാപ്പൻ (പീറ്റര്‍ ചക്കാലയ്ക്കല്‍, കഥാമത്സരം -176)

ശീലാബതി (ബഹിയ, കഥാമത്സരം -175)

സയനേഡ് (മുഹമ്മദ് അഫ്സൽ വി.എം, കഥാമത്സരം -174)

ഓജോ ബോർഡ് - രാത്രി - മൂന്നുമണി മുതൽ നാലേമുക്കാൽ വരെ ( കവിത : നീത ജോസ്)

തരിശ് (കവിത: സന്ധ്യ എം)

കാർത്ത (ഇള പറഞ്ഞ കഥകൾ -2: ജിഷ യു.സി)

കണ്ടറിയാം കൊണ്ടറിയാം (കവിത: ഉമര്‍ ഫറോഖ്)

വാട്സ്ആപ്പ് ഇല്ലാത്ത ലൈഫ് (രാജൻ കിണറ്റിങ്കര)

ശിലപോലൊരു പെൺമ (വത്സല നിലമ്പൂർ, കഥാമത്സരം -173)

സുകൃതം (ജയശ്രീ പ്രദീപ്, കഥാമത്സരം -172)

പാമ്പും കോണിയും - നിർമ്മല - നോവൽ - 57

മറക്കാനൊരു കാലം (കവിത: ആറ്റുമാലി)

ഡയറിക്കുറിപ്പുകൾ കഥ പറയുമ്പോൾ (കഥ: സിസിൽ മാത്യു കുടിലിൽ)

ആമോദിനി എന്ന ഞാൻ - പുഷ്പമ്മ ചാണ്ടി (നോവൽ , ഭാഗം - 7 )

നമ്പീശ യുവതി, വയസ്സ് 25, ശുദ്ധജാതകം (കഥ: ഷാജന്‍ ആനിത്തോട്ടം)

THE DESTINY (Samgeev)

Bundle (Jayashree Jagannatha)

Seeing (Jaya G Nair)

ജനിയോടു ചോദിച്ചിട്ട് (കഥ: രമണി അമ്മാൾ)

FLOWING TEARS (Poem: Abdul Punnayurkulam)

ഇപ്പോളും വാസനിക്കുന്ന ചെമ്പകം (അഞ്ജന ഉദയകുമാർ, കഥാമത്സരം -171)

ചെറുപഞ്ചിരി (പൗർണ്ണമി. എം. കുമാർ, കഥാമത്സരം -170)

ദയാരഹിതര്‍ (ഷിനോദ് എളവളളി, കഥാമത്സരം -169)

അനന്തത (കവിത: ഡോ. സുനിൽകുമാർ പയിമ്പ്ര )

നഷ്ടപ്പെട്ടവർ ( കവിത : ആൻസി സാജൻ )

View More