Image

പരാതിപ്പെടാതിരുന്നത് തട്ടിക്കൊണ്ടുപോയാല്‍ നേരിടാനുള്ള സംവിധാനമുണ്ടായിരുന്നതുകൊണ്ട്: എകെ ബാലന്‍

Published on 19 June, 2021
പരാതിപ്പെടാതിരുന്നത് തട്ടിക്കൊണ്ടുപോയാല്‍ നേരിടാനുള്ള സംവിധാനമുണ്ടായിരുന്നതുകൊണ്ട്: എകെ ബാലന്‍
തിരുവനന്തപുരം: ബ്രണ്ണന്‍ കോളേജില്‍ കെ.എസ്.യുവിനെ നശിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയത് കെ സുധാകരനാണെന്ന് മുന്‍മന്ത്രി എകെ ബാലന്‍. കോണ്‍ഗ്രസിന്റെ പ്രതിസന്ധി ഘട്ടത്തില്‍ സുധാകരന്‍ ജനതാ പാര്‍ട്ടിക്കൊപ്പമായിരുന്നു. 18 വര്‍ഷത്തോളം കഴിഞ്ഞാണ് പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയത്. സുധാകരന്റെ തനിസ്വഭാവവും പൊതുസമൂഹം അറിയാനാണ് ചില കാര്യങ്ങള്‍ പറയാന്‍ നിര്‍ബന്ധിതമായതന്നെും സിപിഎമ്മിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ ബാലന്‍ പ്രതികരിച്ചു.

അനാവശ്യ കാര്യങ്ങള്‍ പറഞ്ഞ് വിവാദമുണ്ടാക്കിയതിലൂടെ മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും പ്രതിച്ഛായ ഇല്ലാതാക്കാനുള്ള ശ്രമമാണ് സുധാകരന്‍ നടത്തിയത്. ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞതുകൊണ്ടു മാത്രമല്ല, സമൂഹത്തിന് മുന്നില്‍ പിണറായി ഭീരുവാണെന്നും തന്റെ മുന്നില്‍ നട്ടെല്ലോടെ നില്‍ക്കാനുള്ള ശക്തി പിണറായിക്ക് ഇല്ലെന്നുമുള്ള ജല്‍പനങ്ങള്‍ സുധാകരന്‍ ആവര്‍ത്തിച്ചതോടെയാണ് മറുപടി പറയാന്‍ മുഖ്യമന്ത്രി നിര്‍ബന്ധിക്കപ്പെട്ടത്. മുഖ്യമന്ത്രിക്ക് നല്‍കിയ മറുപടിയിലൂടെ ഒരു കോണ്‍ഗ്രസുകാരനും പ്രതിരോധിക്കാന്‍ പറ്റാത്ത വിധത്തില്‍ അദ്ദേഹം തരംതാഴ്ന്നുപോയെന്നും ബാലന്‍ പറഞ്ഞു.

സുധാകരന്‍ പറഞ്ഞ ബ്രണ്ണന്‍ കോളേജ് ചരിത്രം ശരിയല്ല. 1971ലാണ് മമ്പറം ദിവാകരന്‍ കോളേജില്‍ ചേര്‍ന്നത് എന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍ 196869 കാലഘട്ടത്തില്‍ ഞാന്‍ ബ്രണ്ണന്‍ കോളേജില്‍ ചേര്‍ന്നിരുന്നു. കെഎസ്എഫിന്റെ തലശേരി താലൂക്ക് സെക്രട്ടറിയുമായിരുന്നു. സപ്തകക്ഷി സര്‍ക്കാരിന്റെ കാലഘട്ടമാണ് അന്ന്. വിദ്യാഭ്യാസ മന്ത്രി സിഎച്ച് മുഹമ്മദ് കോയയാണ്. ബ്രണ്ണന്‍ കോളേജ് ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്യാന്‍ വന്ന സി.എച്ചിന് കെഎസ് യുവിന്റെ മുദ്രാവാക്യങ്ങള്‍ കാരണം സംസാരിക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായി. അപ്പോഴാണ് എല്ലാ ശക്തിയുമെടുത്ത് സുധാകരനെ നേരിട്ടതും അദ്ദേഹത്തെ കോളേജ് ചുറ്റിച്ചതും. അന്ന് സുധാകരന്റെ പാന്റ് ഊരി എന്നത് തന്നെയാണ് യാഥാര്‍ഥ്യം.

അതിന്റെ തൊട്ടടുത്ത വര്‍ഷം കോളേജില്‍ കെ.എസ്.യു രണ്ടായി. സുധാകരന്‍ കെ.എസ്.യുവില്‍ നിന്ന് മാറി. എന്‍എസ്ഒയുടെ സംസ്ഥാന പ്രസിഡന്റായി. പിന്നാലെ എസ്എഫ്‌ഐയുടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞ് സുധാകരന്‍ തന്നെ ഹോസ്റ്റലില്‍ വന്ന് കണ്ടിരുന്നു. അതിന് താന്‍ അംഗീകാരവും നല്‍കി. എന്നാല്‍ എസ്എഫ്‌ഐയുടെ ജില്ലാ കമ്മിറ്റിയും കോളേജ് യൂണിറ്റും ഇതിനെ എതിര്‍ത്തു. സുധാകരനാണ് മത്സരിക്കുന്നതെങ്കില്‍ വോട്ട് നല്‍കില്ലെന്ന നിലാപാടെടുത്തതോടെയാണ് താന്‍ തന്നെ മത്സരിച്ചതും ചെയര്‍മാനായതും. ഇതിനായി സുധാകരന്റെ സഹായമുണ്ടായെന്നും അദ്ദേഹം പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക